പലസ്തീൻ അഭയാർത്ഥിയായ യാസറും ലെബനീസ് ക്രൈസ്തവനായ ടോണിയും തമ്മിലുളള വാഗ്വാദം ആഭ്യന്തര യുദ്ധസമാനമായ മാനങ്ങളിലേയ്ക്ക് വളരുന്നതിന്‍റെ അതീവ ഹൃദ്യവും ഉദ്വേഗജനകവുമായ ദൃശ്യാവിഷ്ക്കാരമാണ് ‘ദ് ഇൻസൾട്ട്’ എന്ന സിയാദ് ദവോറിയുടെ ചിത്രം. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധ നേടി ഈ ചലച്ചിത്ര ആവിഷ്ക്കാരം.

എല്ലാ സൂക്ഷ്മ സംഭവങ്ങളുടെയും (macro events) അന്തർധാരയായി വർത്തിക്കുന്ന ഒരു സ്ഥൂല സംഭവം (micro incident) ഉണ്ടാകും. അസ്വസ്ഥമാക്കപ്പെട്ട ഒരു മനസ്സുമുണ്ടാകും. നീതി നിഷേധിക്കപ്പെട്ടവന്‍റെ രോദനമുണ്ടായിരിക്കും. ഇര/ വേട്ടക്കാരൻ, നായകൻ/വില്ലൻ തുടങ്ങിയ പതിവ് വാർപ്പ് മാതൃകകൾ യഥാർത്ഥ​ജീവിതത്തിന്‍റെ സൂക്ഷ്മമായ പ്രതിഫലനങ്ങൾക്ക് ഉപയോഗപ്രദമല്ല എന്ന് ‘ദ് ഇൻസൾട്ട്’ എന്ന ചലച്ചിത്രം വരച്ചു കാണിക്കുന്നു. ദുരന്തം പേറുന്ന മനുഷ്യർ ഇരയായും വേട്ടക്കാരനായും പകർന്നാടുന്ന വൈയ്ക്തികവും സാമൂഹികവുമാകുന്ന അവസ്ഥാന്തരങ്ങളെ കൈയ്യടക്കത്തോടെ ആവിഷ്ക്കരിക്കാൻ സിയാദ് ദവോറിക്ക് കഴിഞ്ഞിട്ടുണ്ട്.

ലബനിലെ ബഹുമത സമൂഹത്തിൽ പലസ്തീൻ അഭയാർത്ഥികൾ സൃഷ്ടിക്കുന്ന ആഘാതം ലബനീസ് ക്രൈസ്തവനായ ടോണിയുടെ വാദങ്ങളിലൂടെ സിനിമ യുക്തിഭദ്രമായി പറഞ്ഞുവെയ്കുന്നു. ‘അഭയാർത്ഥിത്വം’ സ്വത്വത്തിന്‍റെ ഭാഗമായി മാറിയ ഉറച്ച ആത്മബോധവും നീതി ബോധവുമുളള യാസിർ എന്ന പലസ്തീനിയുടെ വികാര വിചാരങ്ങളിലൂടെ സ്വന്തം മണ്ണിൽ നിന്നും പുറത്താക്കപ്പെട്ടവന്‍റെ വേദനയുടെ നഖചിത്രം കാഴ്ച്ചക്കാരിലേയ്ക് മായാത്ത​ ഓർമ്മകളായി പകർന്നു നൽകുന്ന ‘ദ് ഇൻസൾട്ട്’.

അസ്വസ്ഥമാക്കപ്പെട്ട മനസ്സുകളുടെ നേരിയ ഉരസൽ പോലും സാമൂഹിക സംഘർഷമായി മാറുമെന്ന് ​​ഈ​ ചലച്ചിതം നമ്മെ ഓർമ്മിപ്പിക്കുന്നു. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായ കാര്യമാണിത്. മത-ജാതി ധ്വംസനങ്ങളും വർഗീയ കലാപങ്ങളും ചില വാഗ്വാദങ്ങളിൽ നിന്നാണ് ഉയിർകൊള്ളുന്നതെന്ന് വർത്തമാനകാല ഇന്ത്യൻ അവസ്ഥ പലകുറി വ്യക്തമാക്കിയതാണ്.

മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ​സാമൂഹിക ഉത്തരവാദിത്വം കാണിക്കാതെ വൈകാരികമായി പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന്‍റെ ദുരന്തവും ‘ദ് ഇൻസൾട്ട്’ വരച്ചു കാട്ടുന്നു.

വിചാരങ്ങൾക്കും യുക്തിക്കും മേലെ വിശ്വാസങ്ങൾക്കും വികാരങ്ങൾക്കും മേൽക്കൈ ലഭിക്കുന്ന ‘സത്യാന്തര’ സമൂഹത്തിൽ ( പോസ്റ്റ് ട്രൂത്ത് സൊസൈറ്റി) സാമൂഹിക കലാപങ്ങൾ​ എങ്ങനെ ഉയിർക്കൊള്ളുന്നു എന്ന് ഈ​ ചിത്രം സർഗാത്മകമായി പറഞ്ഞുവെയ്ക്കുന്നു. സമകാലീന ലോകത്തിനുളള ഒരു ഉണർത്തുപാട്ടാണ് ‘ദ് ഇൻസൾട്ട്’.

ദുരനുഭവങ്ങൾക്കും മത- വംശീയ സ്വത്വങ്ങൾക്കും മേലെ മാനവീകതയുടെ ഉയിർപ്പും വിജയവും ഹർഷാരവങ്ങളോടയല്ലാതെ സ്വീകരിക്കാൻ കഴിയില്ല. ടോണിയും യാസിറും അതായത് ‘വാദിയും പ്രതിയും’ ഒരുപോലെ കേസിൽ വിജയിച്ച് മാനവീകത ആഘോഷിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ഹൃദ്യമായ കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന ചിത്രമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook