തിരുവനന്തപുരം: മേള അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, പുരസ്കാരങ്ങള്‍ ആര്‍ക്കാകും എന്ന ആകാംഷയിലാണ് സിനിമാ പ്രേമികള്‍. രാജ്യാന്തര ചലച്ചിത്ര മേളയിലെ സുവര്‍ണ്ണ, രജത ചകോരങ്ങള്‍ക്കായി ഇത്തവണ മത്സരിക്കുന്നത് 14 ചിത്രങ്ങളാണ്. ഇതില്‍ രണ്ടു മലയാള ചിത്രങ്ങളുണ്ട് – സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’, പ്രേം ശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടു പേര്‍’. ഇന്ത്യന്‍ സിനിമയില്‍ നിന്നും മത്സര വിഭാഗത്തിലേക്ക് എത്തിയ രണ്ടു ചിത്രങ്ങള്‍, അമിത് മസ്റൂര്‍ക്കര്‍ സംവിധാനം ചെയ്ത ‘ന്യൂട്ടന്‍’, നിളാ മാധബ് പാണ്ഡെ സംവിധാനം ചെയ്ത ‘കഡ്വി ഹവ’ എന്നിവയാണ്. ദൃശ്യം ഫിലിംസ് എന്ന കമ്പനിയുടേതാണ് ഈ രണ്ടു ചിത്രങ്ങളും.

മേളയിലേക്ക് രണ്ടു ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാവും ദൃശ്യം ഫിലംസ് സി ഇ ഓ യുമായ മനീഷ് മുന്ദ്ര പ്രതികരിച്ചു.

‘ദൃശ്യം ഫിലിംസിന് ഇതൊരു വലിയ നേട്ടമാണ്. ഐ എഫ് എഫ്‌ കെ പോലൊരു വലിയ മേളയിലേക്ക് രണ്ടു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്. നേരത്തേയും ഞങ്ങളുടെ ചിത്രങ്ങള്‍ ഐ എഫ് എഫ്‌ കെയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ പ്രതീക്ഷ ഇരട്ടിയാവുന്നു.  ഈ അവസരം നല്‍കിയ മേളയുടെ സംഘാടകര്‍ക്കും ജൂറിക്കും നന്ദി.’, മനീഷ് മുന്ദ്ര ഐ ഇ മലയാളത്തോടു പറഞ്ഞു.

 

രാജ്കുമാര്‍ റാവുവിനെ കേന്ദ്രകഥാപാത്രമാക്കി അമിത് മസ്റൂര്‍ക്കര്‍ സംവിധാനം ചെയ്ത ‘ന്യൂട്ടണ്‍’ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ്. ഛത്തീസ്ഗഢിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് വോട്ടെടുപ്പ് നടത്താനെത്തുന്ന യുവ തെരഞ്ഞെടുപ്പ് ഓഫീസറെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്‍ അമിത് മസ്റൂര്‍ക്കര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. രാജ് കുമാര്‍ റാവു, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടില്‍, എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇത്തവണത്തെത്തെ ഓസ്‌കാര്‍ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ച, നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം രാജ് കുമാര്‍ റാവുവിന്‍റെ മികച്ച പ്രകടനവും സംവിധാന മികവും കൊണ്ട് വേറിട്ട്‌ നില്‍ക്കുന്നതാണ്.

സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറേ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നിളാ മാധബ് പാണ്ഡെ സംവിധാനം ചെയ്ത ‘കഡ്വി ഹവ’ യാണ് രണ്ടാമത്തെ ചിത്രം. കാലാവസ്ഥാ വ്യതിയാനം ഒരു ഗ്രാമത്തെയും, അവിടുത്തെ കാര്‍ഷിക മേഖലയെയും ദൈനംദിന ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്കാരത്തില്‍ സ്പെഷ്യല്‍ മെന്‍ഷന്‍ നേടിയ ചിത്രം കൂടിയാണിത്.

വര്‍ഷങ്ങളുടെ ഗവേഷണത്തിന് ഒടുവില്‍ ഒരുക്കിയ തിരക്കഥ എഴുതിയത് നിതിന്‍ ദീക്ഷിതാണ്. അക്ഷയ് കുമാര്‍ പരിജ, നിളാ മാധബ് പാണ്ഡെ എന്നിവര്‍ ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കളാണ്.

സ്വന്തന്ത്ര സിനിമയ്ക്ക് സ്ഥാനം നല്‍ക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ദൃശ്യം ഫിലിംസിന്‍റെ മുന്‍ കാല ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. രജത് കപൂര്‍ സംവിധാനം ചെയ്ത ‘ആംഖോ ദേഖി’, പ്രശാന്ത്‌ നായര്‍ സംവിധാനം ചെയ്ത ‘ഉമ്രീക്ക’, നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്ത ‘ധനക്ക്’, നീരജ് ഘായ്വാന്‍ സംവിധാനം ചെയ്ത ‘മാസാന്‍’, അനു മേനോന്‍ സംവിധാനം ചെയ്ത ‘വൈറ്റിന്ഗ്’, അതാണു മുഖര്‍ജീ സംവിധാനം ചെയ്ത ‘രുഖ്’ എന്നിവയാണ് ആ ചിത്രങ്ങള്‍.

സന്ധ്യ കെ പി, മാധവി മധുപാല്‍ എന്നിവരുടെ ഇന്‍പുട്ടുകളോട് കൂടി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ