വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേയ്ക്ക് മികച്ച നടിക്കുളള ദേശീയ അവാർഡ് കൊണ്ടു വന്ന സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്നും വെട്ടിമാറ്റി ‘അവൾക്കൊപ്പം’ എന്ന് പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി. പതിമൂന്ന് വർഷങ്ങൾക്കു ശേഷമാണ് മലയാളത്തിന് മികച്ച നടിക്കുളള അവാർഡ് ‘മിന്നാമിനുങ്ങ്’ എന്ന ചലച്ചിത്രത്തിലൂടെ സുരഭി ലക്ഷ്മി നേടികൊടുത്തത്. എന്നാൽ അതിന് ശേഷം നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ആ ചിത്രം പ്രദർശിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, മേളയുടെ ഒരു പരിപാടിയിലും സുരഭി ക്ഷണിതാവുമല്ല. ഡെലിഗേറ്റ് പാസ് ഓൺലൈനിൽ എടുക്കാൻ കഴിയാതെ പോയ ഹതഭാഗ്യരിലൊരാളാണ് ഈ ദേശീയ അവാര്‍ഡ് ജേതാവും.
‘പാഠം ഒന്ന് ഒരു വിലാപം’എന്ന ചലച്ചിത്രത്തിലൂടെ 2003ൽ മീരാ ജാസ്മിൻ മികച്ച നടിക്കുളള ദേശീയ അവാർഡ് കേരളത്തിലേക്ക് കൊണ്ടു വന്നതിനു ശേഷം സുരഭിയിലൂടെ ആയിരുന്നു, ഒരു വ്യാഴവട്ടത്തിനു ശേഷം ഒരു മലയാള നടി അംഗീകരിക്കപ്പെട്ടത്. ഈ മികച്ച നടിയാണ് അക്കാദമിയുടെ അവഗണനക്ക് ഇരയായിരിക്കുന്നത്.
Read More: വിളിക്കാമെന്ന് ചലച്ചിത്ര അക്കാദമി; ഇപ്പോഴാണോ വിളിക്കേണ്ടതെന്ന് സുരഭി
അതേ സമയം വർഷങ്ങൾക്കു മുമ്പ് ദേശീയ അവാർഡ് നേടിയ പ്രകാശ് രാജിനെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയും, സംസ്ഥാന അവാർഡ് നേടിയ നടി രജീഷ വിജയനെ വിളക്കെടുക്കാൻ വിളിക്കുകയും ചെയ്തു. ‘അവൾക്കൊപ്പം’ എന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവള്‍ക്കൊപ്പമെത്താന്‍ ഇനി ഒരുപാട് ദൂരമുണ്ട് എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അക്കാദമി.
കേരള രാജ്യാന്തര ചലച്ചിത്ര മേളയോട് എനിക്ക് പറയാനുള്ളത് എനിക്കൊരു പാസ് തരണം എന്നാണ്’, മേളയില്‍ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു സുരഭി ലക്ഷ്മി ഐ ഇ മലയാളത്തോട് പറഞ്ഞതിങ്ങനെ.
‘ജോലിത്തിരക്ക് പോയിട്ട്, ജോലി തന്നെ കുറവായ ഒരു സമയമാണ്. സിനിമ കാണാമല്ലോ എന്ന് കരുതി ഓണ്‍ലൈന്‍ ആയി പാസ്സിന് ശ്രമിച്ചു, പരാജയപ്പെട്ടു. മണിയന് പിള്ള രാജു ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ ദേശീയ അവാര്‍ഡ് കിട്ടിയ ഒരു നടിയല്ലേ നീ, കമലിനെ വിളിച്ചു പറയൂ, ഒരു പാസ് തരാന്‍ എന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ അദ്ദേഹത്തിനെ വിളിച്ചു. കമല്‍ സര് ഉടനെ തന്നെ അത് ഏര്‍പ്പാടാക്കാം എന്നും അക്കാദമിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ടു വിളിക്കും എന്നും പറഞ്ഞു. ഇത് വരെ ആരും വിളിച്ചില്ല,’ ചലച്ചിത്ര മേള തുടങ്ങി രണ്ടാം ദിവസം സംസാരിക്കുമ്പോൾ സുരഭിയുടെ വാക്കുകളിൽ നിരാശ.
‘ഡിസംബര്‍ 12ന് തിരുവനന്തപുരത്ത് പോകുന്നുണ്ട്. സുഹൃത്തുക്കളുടെ നിര്‍ബന്ധം കാരണം, ‘മിന്നാമിനുങ്ങ്’ എന്ന ചിത്രം മേളയ്ക്ക് സമാന്തരമായി അവിടെ സ്ക്രീന്‍ ചെയ്യുന്നുണ്ട്. അതില്‍ പങ്കെടുക്കാനാണ് പോകുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആ ചിത്രം ഇല്ല. എടുക്കാതിരിക്കാന്‍ ഒരു പാട് കാരണങ്ങളും കാണും. പക്ഷെ വേണമെങ്കില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ ഒരു കാരണം ഉണ്ടായിരുന്നു, കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം കേരളത്തിലേക്ക് കൊണ്ട് വന്ന ഒരു സിനിമയാണ് എന്നുള്ളത് കൊണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തില്‍ അതൊന്നു കാണിക്കാമായിരുന്നു. ആള്ക്കാര് അതിനെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യട്ടെ. കേരളത്തിന് അറുപതു വയസ്സായി, മലയാള സിനിമയ്ക്ക് തൊണ്ണൂറും. ചരിത്രം എവിടെയെങ്കിലും എന്നെയും ആ സിനിമയെയും രേഖപ്പെടുത്തണമല്ലോ,’ അവഗണയുടെ വേദന പേറി മികച്ച നടി ചലച്ചിത്രോത്സവ സംഘാടകരോട് ചോദിക്കുന്നു.
‘അവൾക്കൊപ്പം’ എന്ന പ്രഖ്യാപനം സെലക്ടീവാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. ആ സാഹചര്യത്തിൽ സുരഭി തന്റെ അനുഭവം വിശദീകരിക്കുന്നു.
‘അവള്‍ക്കൊപ്പം’ എന്ന് ഉറക്കെ വിളിച്ചു പറയുന്നവരാണ് മേളയില്‍ ആകമാനം. അവര്‍ ഒപ്പം നില്ക്കുന്ന ‘അവളാ’ കാന്‍ ഇനി എനിക്ക് എത്ര കാലം, ദൂരം?
അവര്‍ ചേര്‍ത്ത് പിടിക്കുന്ന ചില നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ഈ പുരസ്കാരം കിട്ടിയിരുന്നതെങ്കില്‍ ഇങ്ങനെയാകുമോ മേള അത് ആഘോഷിക്കുന്നത്? കേന്ദ്രത്തിനാണല്ലോ ഞാന്‍ മികച്ച നടി, കേരളത്തില്‍ എനിക്ക് ജൂറി പരാമര്‍ശം മാത്രമല്ലേയുള്ളൂ, അത് ഞാന്‍ മറന്നു പോയി,’ അക്കാദമി ഏൽപ്പിച്ച മുറിവിന് മുകളിൽ സുരഭി തൻ്റെ നർമ്മബോധം ചാലിച്ച് ഉണക്കുന്നു.
‘ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് വനിതാ കളക്ടീവിലേക്ക് എന്നെ ചേര്‍ത്തിരുന്നു. എന്റെ അറിവില്‍,അതിലെ രണ്ടോ മൂന്നോ പേരുണ്ട് മേളയുടെ സംഘാടനത്തില്‍. അവര്‍ എന്റെ കാര്യം അവിടെ ചൂണ്ടി കാണിച്ചോ എന്നറിയില്ല. ഇത്തരത്തില്‍ ഇരയാക്കപെടുന്നവര്‍ക്ക് വേണ്ടി ഇനി പുതിയൊരു സംഘടന വേണ്ടി വരുമോ,’, സുരഭി ചിരിക്കുന്നു, ചോദിക്കുന്നു.
‘കാക്കയ്ക്കും തന് കുഞ്ഞു പൊന്‍കുഞ്ഞ് എന്നാണല്ലോ. മേളയ്ക്ക് വേണ്ടെങ്കിലും എനിക്ക് എന്റെ സിനിമയെ തള്ളി പറയാന്‍ പറ്റിലല്ലോ. അത് കൊണ്ട് ഞാനും തിരുവന്തപുരത്തേക്ക് തന്നെ. രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസെങ്കിലും കിട്ടുമായിരുക്കും’, എന്ന് പ്രത്യാശ കൈവിടാതെ സുരഭി.