ഇരുപത്തിരണ്ടാം ഐ.എഫ്എഫ്.കെ അതിന്‍റെ പരിസമാപ്തിയിലേക്ക് കടക്കുമ്പോള്‍ അവസാന ദിവസങ്ങളില്‍ പ്രദര്‍ശനങ്ങളുള്ള മികച്ച അഞ്ച് ചിത്രങ്ങളെ കുറിച്ച് സിനിമാ പ്രവർത്തകനും സോഫ്റ്റ്‌വെയർ പ്രൊഫഷണലുമായ ഷാജി ടി യു എഴുതുന്നു. ഗൗരവമായി സിനിമയെ സമീപിക്കുന്ന ആസ്വാദകനും കൂടിയായ ഷാജി, ഒ. ഹെൻട്രി കഥയെ ആസ്പദമാക്കി ‘ഏഴാണ്ട് ദൂരം’ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ലവ് ലെസ്, മദര്‍, ദ വിന്‍ഡ് റൈസസ്, ദ സ്ക്വയര്‍, പോമിഗ്രനേറ്റ് ഓര്‍ച്ചര്‍ഡ് എന്നിവയാണ് ഷാജി തെരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങള്‍

സമകാലീന ലോകസിനിമയിലെ പ്രധാനപ്പെട്ട സംവിധായകരില്‍ ഒരാളാണ് റഷ്യക്കാരനായ ആന്ദ്രെ സൈഗിന്‍സേവ്. ‘ദ റിട്ടേണ്‍’, ‘ബാനിഷ്മെന്‍റ്’, ‘എലീന’, ‘ലെവിയതാന്‍’ എന്നിങ്ങനെ സൈഗിന്‍സേവിന്‍റെ സിനിമകളെല്ലാം വ്യാപകമായ നിരൂപകശ്രദ്ധയും അംഗീകാരങ്ങളും ലഭിച്ചവയാണ്. വിവാഹമോചനത്തില്‍ എത്തിനില്‍ക്കുന്ന സെന്യയും ബോറിസും തമ്മിലുണ്ടായ ഒരു വഴക്കിനെ തുടര്‍ന്ന്‍ അവരുടെ മകന്‍ അലോഷ്യ അപ്രത്യക്ഷമാകുന്നതാണ് ‘ലവ് ലെസി’ന്‍റെ കഥാപരിസരം. കാന്‍ ചലച്ചിത്രോത്സവത്തില്‍ ജൂറി പ്രൈസ് നേടിയ ചിത്രം അന്താരാഷ്ട്ര തലത്തില്‍ തന്നെ സമീപകാലത്ത് ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രങ്ങളില്‍ ഒന്നാണ്.

നിരൂപക ശ്രദ്ധയും ജനപ്രീതിയും ലഭിച്ച, കാണികളില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഏതാനും സിനിമകളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ സംവിധായകനാണ് ഡാരന്‍ അര്‍ണോഫ്സ്കി. വളരെ ചെറിയ സാമ്പത്തിക മുതല്‍മുടക്കുള്ള സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയ അര്‍ണോഫ്സ്കി പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങള്‍ പലതും വലിയ താരങ്ങളുള്ള ബ്രഹദ് സിനിമകളായിരുന്നു. തന്‍റെ ചില പഴയ സിനിമകള്‍ പോലെ പുതിയ ചിത്രമായ ‘മദറും’ 16 എം.എം ഫിലിമിലാണ് അദ്ദേഹം പകര്‍ത്തിയത്. കുടുംബത്തോടൊപ്പം ജീവിക്കുന്ന ഒരു യുവതിയുടെ സ്വസ്ഥജീവിതത്തിലേക്ക് അവരുടെ സുഹൃത്തുക്കളായ ദമ്പതികള്‍ വരുന്നതും ജീവിതം തന്നെ അപ്പാടെ മാറിമറിയുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. വെനീസ് ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലുണ്ടായിരുന്ന സിനിമ പുറത്ത് വന്ന സമയത്തുതന്നെ അതില്‍ ഉപയോഗിച്ചിട്ടുള്ള ബൈബിള്‍ സംബന്ധിയായ രൂപകങ്ങളുടെ ഉപയോഗം വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

അതുല്യനായ ജാപ്പനീസ് ആനിമേഷന്‍ ചലച്ചിത്രകാരന്‍ ഹയോ മിയാസാക്കി 2013-ല്‍ പൂര്‍ത്തിയാക്കിയ ജാപ്പനീസ് ആനിമേഷന്‍ ചിത്രമാണ് ‘ ദ വിന്‍ഡ് റൈസസ് ‘. ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ ഗിബ്ലി ആനിമെ സിനിമകളുടെ നിര്‍മ്മാണത്തിലൂടെയാണ് പ്രശസ്തമാകുന്നത്. മിയാസാക്കിയുടെ പങ്കാളിത്തത്തോട് കൂടി 1985-ല്‍ സ്ഥാപിതമായ സ്റ്റുഡിയോ ഗിബ്ലി നിര്‍മ്മിച്ച സിനിമകളാണ് ജപ്പാനീസ് ആനിമേഷന്‍ ചലച്ചിത്ര വിഭാഗമായ അനിമെ-യെ അന്താരാഷ്ട്രതലത്തില്‍ ജനപ്രിയമാകുന്നതിന് വലിയ പങ്കുവഹിച്ചിട്ടുള്ളത്‌. താല്‍പ്പര്യമുണര്‍ത്തുന്ന കഥാരൂപവും അതിന്റെ വിസ്മയിപ്പിക്കുന്ന ആനിമേഷന്‍ അവതരണവുമാണ് ഹയോ മിയാസാക്കിയുടെ ചിത്രങ്ങളുടെ പ്രത്യേകത.

ജപ്പാനില്‍ വളരെയേറെ പ്രചാരത്തിലുള്ള കോമിക് പുസ്തകവിഭാഗമാണ്‌ മാംഗ. ആനിമെ-യില്‍ പ്രസിദ്ധരായ പലരും മാംഗ ആര്‍ട്ടിസ്റ്റുകളായിരുന്നു, മിയാസാക്കിയുമതെ. അദ്ദേഹത്തിന്‍റെ തന്നെ ഇതേ പേരിലുള്ള മാംഗയാണ് ‘ദ വിന്‍ഡ് റൈസസി’ന് ആധാരമായിട്ടുള്ളത്. അതുല്യനായ ഈ ചലച്ചിത്രകാരന്‍റെ സിനിമയുടെ തീയറ്റര്‍ അനുഭവമെന്നത് അത്യപൂര്‍വ്വം ആയതുകൊണ്ട് തന്നെ നഷ്ടപ്പെടുത്തരുതാത്ത സിനിമയാണിത്.

കാന്‍ ചലച്ചിത്രോത്സവത്തില്‍ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പാം ദോര്‍ ലഭിച്ച ‘ദ സ്ക്വയര്‍’ സ്വീഡനില്‍ നിന്നുള്ള ഒരു സറ്ററിയിക്കല്‍ ഡ്രാമയാണ്. സംവിധായകനായ റൂബന്‍ ഓസ്‌ലന്റ് ആകട്ടെ കാന്‍, ബെര്‍ലിന്‍, മോസ്കോ എന്നിങ്ങനെയുള്ള പ്രസിദ്ധമായ ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും. തന്‍റെ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങളെ അവലംബിച്ചാണ് ഓസ്‌ലന്റ് ‘ദ സ്ക്വയര്‍’ എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്. സമകാലീന കലാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വ്യക്തിയുടെ സ്ഥൈര്യവും സാമൂഹികാവബോധവും തീര്‍ത്തും അനിശ്ചിതമായി കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യുകയാണ് ചിത്രം.

സുദീര്‍ഘമായ ഒരു കാലത്തിന് ശേഷം ഗ്രാമത്തിലെ മാതളത്തോട്ടത്താല്‍ ചുറ്റപ്പെട്ട വീട്ടിലേക്ക് തിരിച്ചെത്തുകയാണ് ഗാബില്‍. കുടുംബത്തെ റഷ്യയിലേക്ക് കൊണ്ടുപോവുകയായിരുന്നു അയാളുടെ വരവിന്‍റെ ലക്ഷ്യം. ആന്‍റണ്‍ ചെക്കോവിന്‍റെ ‘ദ ചെറി ഓര്‍ച്ചര്‍ഡി’ല്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ചിത്രം ഊന്നുന്നത് മനുഷ്യബന്ധങ്ങളുടെ ആന്തരിക സൂക്ഷ്മതകളിലാണ്. ഏറ്റവും പഴക്കമുള്ള ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായ കാര്‍ലോവി വാരിയിലും കയ്റോ ചലച്ചിത്രോത്സവത്തിലും പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതാണ് മത്സരവിഭാഗത്തിലുള്ള അസര്‍ബെയ്ജാനില്‍ നിന്നുള്ള ഈ ചിത്രം.ഇല്‍ഗാര്‍ നജാഫാണ് ചിത്രത്തിന്‍റെ സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ