മറവി ചിലപ്പോഴെങ്കിലും നമുക്ക് അനുഗ്രഹമാകാറുണ്ട് എന്നതിൽ സംശയമില്ല. ഈ സാമാന്യത്വത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്കാണ് സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും തിരക്കഥ എഴുതി സംവിധാനം ചെയ്ത ഫിഫ്ത് എലമെന്റ് ഫിലിംസിന്റെ മറവി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്.

കൂട്ടികൊണ്ടു പോകുന്നത് എന്ന് തന്നെ പറയണം, കാരണം ഇത് ഒരു യാത്രയുടെ കഥയാണ്, ചെന്നു ചേരലിന്റെയും കണ്ടെത്തലിന്റെയും കഥയുമാണ്. വീടുവിട്ടിറങ്ങിയ മുൻ ഡി ഐ ജി ആയിരുന്ന അച്ഛനെ അന്വേഷിച്ച് മകളും അവളുടെ ബോയ്‌ഫ്രണ്ടും നടത്തുന്ന യാത്ര. ഒടുവിൽ അവർ അദ്ദേഹത്തെ കണ്ടെത്തുന്നു. തേയില തോട്ടങ്ങൾ നിറഞ്ഞ ഒരു കുന്നിൻപുറത്ത് ‘താനെന്തിനാണ് ഇവിടെ വന്ന’ തെന്നറിയാതെ കുഴങ്ങുന്ന സാത്വിക സ്വഭാവമുള്ള അദ്ദേഹത്തിന് ഒടുവിൽ തന്റെ മറവിയിൽ നിന്നും ഭൂതകാലത്തിൽ നിന്നും മോചനം ലഭിക്കുന്നു. മറ്റുള്ളവർ അതിനെ മറക്കാനിഷ്ടപ്പെടുന്ന ഒരു രംഗമായി കാണുമ്പോൾ കാലം അതിന്റെ ചാക്രികത തുടരുന്നു.

 

ചിന്തിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും മറക്കുന്നത് മനഃപൂർവ്വമല്ല എന്ന ധാരണ എത്രത്തോളം ശരിയാണ്? ഈ സംവിധായകരുടെ ‘ചായം പൂശിയ വീട്’ എന്ന ചിത്രം മറ്റൊരാൾ തട്ടിക്കൊണ്ടു പോയ ഒരെഴുത്തുകാരന്റെ കഥയാണ്. അവിടെ കാരാഗ്രഹം അന്യവത്കരിക്കപ്പെടുമ്പോൾ, മറവിയിലെ കാരാഗ്രഹം വൈയക്തികമാണ്. ഇതിലെ നായകൻ തന്റെ ഉള്ളിലെ കുറ്റബോധത്തന്റെ ഇരുൾ ഗുഹയിൽ സ്വയം തടവിലാണ്. ഇവരുടെ രണ്ടാമത്തെ ചിത്രമായ ‘ഒറ്റയാൾപാത’ യിൽ ഈ കാരാഗ്രഹം നായകന്റെ മകന്റെ രൂപത്തിലാണ്. ആത്മാർപ്പണത്തിലൂടെയാണ് നായകൻ അതിൽ നിന്നും മോചിതനാകുന്നത്. ‘മറവി’ യിലെ നായകൻ കുറേക്കൂടി ധീരനാണെന്നു പറയാം.

മറവിയിൽ നിന്നും മോചനം നേടി സത്യത്തിന്റെ മുഖത്ത് നോക്കി പതറാതെ നിൽക്കുന്നത് എളുപ്പമല്ല. മറന്നതാണോ മറച്ചു വെച്ചതാണോ എന്ന ചോദ്യത്തിലും പ്രധാനം ഓർമ്മപ്പെടുത്തലുകളുടെ നിലക്കണ്ണാടിക്ക് മുന്നിൽ ആത്മനിന്ദയില്ലാതെ നിൽക്കാൻ കഴിയുമോ എന്നതാണ് എന്നീ ചിത്രം നമ്മെ ഓർമിപ്പിക്കുന്നു.

കഥാഗതി മെല്ലെയാണെന്നു തോന്നാമെങ്കിലും കഥ പറച്ചിൽ മാത്രമല്ല തങ്ങളുടെ താത്പര്യം എന്ന് കഥാപാത്രങ്ങൾക്ക് നൽകുന്ന വാചികവും ശാരീരികവുമായ ഭാഷയിലൂടെ ഈ ഇരട്ട സംവിധായകർ വെളിവാക്കുന്നു. ചണ്ഡാലഭിക്ഷുകിയിലെ ‘മദ്ധ്യംപൊട്ടി നുറുങ്ങി വിലസുന്ന ശുദ്ധക്കണ്ണാടി’ ത്തുണ്ടുകളിൽ എന്ന പോലെ സാകല്യ സ്വഭാവമില്ലാത്ത ജീവിത വീക്ഷണങ്ങൾ വിവിധ കഥാപാത്രങ്ങളിലൂടെ നമ്മുടെ മുന്നിലെത്തുന്നു. ജീവിതമെന്ന അത്ഭുതത്തിന്റെ ഈ നേർക്കാഴ്ച സർവ്വസാധാരണവും ക്രമാനുഗതവുമായ സംഭാഷണങ്ങളിലൂടെമാണ് ചലച്ചിത്ര രൂപമാർജ്ജിക്കുന്നത്.

Santosh - Satheesh

നല്ല സസ്പെൻസ് ഉള്ള ഒരു കഥ അതിമനോഹരമായി പറയപ്പെടുമ്പോൾത്തന്നെ അതിനെ ഒരു ഉപായമായി മാത്രം കണ്ട് ജീവിതത്തിന്റെ സങ്കീർണ്ണമായ ഉൾക്കാഴ്ചകൾക്ക് ചലച്ചിത്രഭാഷ്യം ചമയ്ക്കുവാനും ഇവർക്ക് സാധിച്ചിരിക്കുന്നു. കണ്ണിൽ വീണ പൊടിയെടുത്ത് കളയുന്ന സൂക്ഷ്മതയോടെയാണ് ഈ സംവിധായകർ ഈ പ്രമേയത്തെ സമീപിച്ചിട്ടുള്ളത്. മൂന്നാമത്തെ ചിത്രമായതേ ഉള്ളെങ്കിലും ചലച്ചിത്രഭാഷയുടെ വ്യാകരണവും ഛായാഗ്രഹണകലയുടെ സാധ്യതകളുമൊക്കെ ഇവരുടെ കൈവശം ആവശ്യത്തിനുണ്ടെന്ന് ഈ ചിത്രത്തിന്റെ ഫ്രെയിമുകൾ തെളിയിക്കുന്നു. സംഗീതം അത്യാവശ്യത്തിനേ ചിത്രത്തിലുള്ളൂ. അത് സന്തോഷ് തമ്പി മനോഹരമാക്കിയിട്ടുണ്ട്. നിശബ്ദത സംഗീതമായും സ്വാഭാവിക ശബ്ദങ്ങളുടെ സന്നിവേശം അർത്ഥപൂർണമായും മാറ്റിയെടുക്കുന്നതിൽ സൗണ്ട് എഞ്ചിനീയർ ആനന്ദും വിജയിച്ചിട്ടുണ്ട്. ഭാവാഭിനയത്തെക്കാൾ സ്വാഭാവിക പെരുമാറ്റം ആവശ്യപ്പെടുന്ന പ്രമേയം പ്രസിദ്ധ നാടക നടൻ കലാധരനും ബംഗാളി നടി നീന ചക്രവർത്തിക്കും അഭിനയ കലയിൽ ഗവേഷണം നടത്തുന്ന ശരത് സഭയ്ക്കും പരസ്പരം മത്സരിക്കാൻ വക നൽകിയിട്ടുണ്ട് കഥകൾ പറയുന്ന സന്ദർഭങ്ങളിൽ കലാധരനും, ഗേൾഫ്രണ്ടിന്റെ ഉത്കണ്ഠ പങ്കിടുമ്പോഴും അത് പ്രകടമാക്കാതെ പെരുമാറുന്ന രംഗങ്ങളിൽ ശരത് സഭയും, അച്ഛനെ ഇനി കാണാൻ കഴിയില്ല എന്ന ഭയം പ്രകടമാക്കുന്ന രംഗങ്ങളിൽ നീന ചക്രവർത്തിയും വളരെ മികവോടെയും ഒതുക്കത്തോടെയും അഭിനയിച്ചിരിക്കുന്നു

മറവിയിലേക്ക് ചേക്കേറുന്ന ഒരു ഭൂപ്രദേശത്തെ കുറിച്ച് അച്ഛനും മകളും അത്താഴ സമയത്തു നടത്തുന്ന കൊച്ചുവർത്തമാനത്തോടെയാണ് സിനിമ തുടങ്ങുന്നത്. മരുഭൂമിയെ മതിൽകെട്ടിത്തടയാനാവില്ലെന്ന് ആ അച്ഛൻ പറയുമ്പോൾ, അത് ഉള്ളിലെ ഒതുക്കിവെയ്ക്കലിന്റെ കാര്യത്തിൽ അറം പറ്റുന്ന വാക്കുകളാകുമെന്ന് അദ്ദേഹം കരുതുന്നില്ല. കുടത്തിൽ നിന്ന് നിർബാധം പുറത്തുവന്ന ഒച്ചിന്റെ കഥ മദ്യവിരുന്നിനിടയിൽ ഒരു ചെറുപ്പക്കാരൻ വിളമ്പുമ്പോൾ അതും ഒരു ബിംബകല്പനയായി എഴുന്നുനിൽക്കുന്നില്ല. ഇതാണ് ഉദാത്തകലയുടെ കയ്യൊപ്പ് . കലാപരമായി മറച്ചുവെയ്ക്കേണ്ടതാണ് കലയെന്നും രഹസ്യങ്ങളില്ലാത്ത മന്ത്രികതയാണ് കലയെന്നുമൊക്കെ പറയുന്നതിന്റെ ഉദാഹരണങ്ങൾ ഈ ചിത്രത്തിൽ എത്ര വേണമെങ്കിലും കാണാം. ലോകം മൊത്തം മാറിയിട്ടും ഉള്ളിൽ കരിയാതെ കിടക്കുന്ന ഒരു മുറിപ്പാടിനെക്കുറിച്ചുള്ള സംഭാഷണത്തോടെയാണ് സിനിമ അവസാനിക്കുന്നത്. ഇതിനിടയിൽ നിസ്സാരജീവികളെക്കുറിച്ചും ഭയത്തിന്റെ വിവിധ വർണ്ണങ്ങളെക്കുറിച്ചും സ്വേച്ഛയെക്കുറിച്ചും അറിവിന്റെ പരിമിതിയെക്കുറിച്ചുമൊക്കെ സ്വാഭാവിക രീതിയിൽ അനുയോജ്യമായ മുഹൂർത്തങ്ങളിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നുണ്ട്.

കലയുടെയും ജീവിതത്തിന്റെയും തനത് ആവിഷ്ക്കാരം എന്ന നിലയിൽ ഇവ ചിത്രത്തിന്റെ ഒഴുക്കിന് തടസ്സമാവുന്നില്ല. ഓർമ്മയിലെ തെറ്റ് തർക്കിച്ച് പരിഹരിക്കുനുള്ള രണ്ടുപേരുടെ ശ്രമവും ഇതിൽ കാണാം.
സന്തോഷിന്റേയും സതീഷിന്റെയും മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തിൽ പുറം കാഴ്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. പൊന്മുടിയുടെ മനോഹാരിതയിൽ വിരിയുന്ന ഈ കഥയിൽ സമതലവും കുന്നും താഴ്‌വരയും മനസിന്റെ വിവിധ തലങ്ങളെ ഓർമ്മിപ്പിക്കുന്നു. അരണ്ട നിലാവിൽ പൊന്മുടിയുടെ താഴ്‌വര തെളിഞ്ഞും മറഞ്ഞും ആവിഷ്‌കാരവിധേയമാവുമ്പോൾ ഉള്ളിലെ ഇരുട്ടിലേയ്ക് കാണികളും അറിയാതെ നോക്കിപ്പോകും. നീലാകാശത്തെ തൊട്ട് ഘനഗംഭീരമായി നിൽക്കുന്ന ഈ കുന്നുകളുടെ താഴ്‌വരയിൽ ഇരുളും നിലാവും ഭയവും പ്രതീക്ഷയും കെട്ടുപിണഞ്ഞു കിടക്കുന്നത് ഒരു ദൃശ്യശ്രവ്യാനുഭവമമായി നമ്മെ പിടിച്ചുലയ്ക്കും. ശസ്ത്രക്രിയ നടക്കുന്ന മുറിക്ക് പുറത്ത് നിൽക്കുന്ന അനുഭവം പകരുന്ന ഈ ചിത്രം കണ്ടുകഴിഞ്ഞ് കഥാകഥനത്തിന്റെ കെട്ടിറങ്ങുമ്പോൾ നമ്മൾ സ്ഥിരമായി മറന്നുപോകുന്നതെന്തെന്ന് ചിന്തിച്ച് നമ്മുടെ ഉള്ളിലും ഒരു കറുത്ത ചിരി വിടരുന്നുണ്ടാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook