മണ്മറഞ്ഞ സംവിധായകന് സി പി പദ്മകുമാര്‍ തന്റെ മരുമക്കളായ സതീഷിനെയും സന്തോഷിനെയും ചെറു പ്രായത്തില്‍ തന്നെ ചലച്ചിത്ര മേളകളില്‍ കൊണ്ട് പോകുമായിരുന്നു. അവിടെ കണ്ട ബെർഗ്മാനും, ഫെല്ലിനിയുമൊക്കെ ആ കുട്ടികളെ വല്ലാതെ അതിശയിപ്പിച്ചു. അമ്മാവൻ ചെയ്ത സിനിമകൾ മാത്രം കണ്ടു ശീലിച്ച അവരുടെ മുന്നില്‍ വലിയൊരു ലോകമാണ് മേളകള്‍ തുറന്നിട്ടത്. അമ്മാവനൊപ്പവും അല്ലാതെയും അവര്‍ മേളകള്‍ കണ്ടു കൊണ്ടേയിരുന്നു. തിരുവനന്തപുരത്തെ ‘ഹൗസ് ഓഫ് സോവിയറ്റ് കൾച്ചറി’ല്‍ റഷ്യൻ സിനിമകൾ കണ്ടു, തർക്കോവ്സ്കിയേയും പരദ്ജാനോവിനേയും പരിചയപ്പെട്ടു.
ഇങ്ങനെയൊക്കെ വളര്‍ന്നാല്‍ ആരും സിനിമാ സംവിധായരാകും എന്നാണ് സതീഷും സന്തോഷും പറയുന്നത്. അവരുടെ മൂന്നാമത്തെ ചിത്രമായ ‘മറവി’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലേക്ക് തെരെഞ്ഞെക്കപ്പെട്ടിട്ടുണ്ട്. സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍ എന്നിവര്‍ ഐ ഇ മലയാളത്തോട് സംസാരിക്കുന്നു.
കടുത്ത സിനിമാ പ്രേമികളായിരുന്നിട്ടും സിനിമയിലെക്കെത്താന് വൈകി, അല്ലേ?
സതീഷ്: 20 – 22 വയസ്സായപ്പോൾ തന്നെ ആദ്യ സിനിമ ചെയ്യാൻ ഇറങ്ങിത്തിരിച്ചതാണ്. സാമ്പത്തികം ഒത്തു വരാഞ്ഞത് ഉപേക്ഷിക്കേണ്ടി വന്നു. പിന്നെ ഞങ്ങൾ രണ്ടു വഴിക്ക് പോയി. ഞാൻ ഐ ഐ ടി ബോംബേയിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാൻ ചേർന്നു. ചേട്ടൻ തിരുവനന്തപുരത്ത് തന്നെ ഫിലിം സ്റ്റഡീസിൽ പി എച് ഡി ചെയ്തു. സിനിമ മനസ്സില്‍ ഉള്ളത് കൊണ്ട് ഞാനും ചേട്ടനും ബോംബേയിലേക്ക് പോയി, അവിടെ എം ടിവി, ചാനൽ വി എന്നിവിടങ്ങളിൽ ഫാഷനും സംഗീതവുമായി ബന്ധപ്പെട്ട പരിപാടികൾ ചെയ്തു.15 വർഷം അങ്ങനെ കടന്നു പോയി. ഈ സമയങ്ങളിലൊക്കെയും ദാർശനികമായ പല തരം അന്വേഷണങ്ങൾ ഞങ്ങളുടെ ഉള്ളിൽ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം ആ തോന്നലുകൾ മുറുകെ പിടിച്ച് കൊണ്ട് ഞങ്ങൾ തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരിച്ചെത്തിയ ശേഷം അടുത്ത ഒരു 15 വർഷം ഞങ്ങൾ സിനിമകളൊന്നും കണ്ടില്ല, മേളയിലൊന്നും പങ്കെടുത്തില്ല. 2000ത്തിലാണ് അവസാനമായി ചലച്ചിത്ര മേളയിൽ പങ്കെടുത്തത്. ഒടുവില്‍ 2015ല്‍ ആദ്യ സിനിമ ‘ചായം പൂശിയ വീട്’ ചെയ്തു. അത് കൂടാതെ ഒറ്റയാൾ പാത, മറവി, പിന്നെ നാലാമത്തെ ചിത്രം ‘സുനേത്ര’. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നു.
സിനിമയില്‍ നിന്നും അകന്നു നിന്ന നീണ്ട 15 വർഷങ്ങൾ, വിഷമം തോന്നിയില്ലേ?
സന്തോഷ്: ഇല്ല. സിനിമയോടുള്ള താല്പര്യം വേറൊരു വഴിയിലേക്ക് കൊണ്ട് പോവുകയായിരുന്നു ഞങ്ങള്‍. അസ്ഥിത്വപരമായ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞങ്ങൾ.

ഇത്തരം അന്വേഷണങ്ങള്‍ സിനിമയില്‍ പ്രതിഫലിക്കാറുണ്ടോ?
സതീഷ്: ആപേക്ഷികമാണത്. ദാർശനികവും മാനസികവുമായ അന്വേഷണമാണ് പ്രധാനം. എന്തു കൊണ്ട് മനുഷ്യർ അസന്തുഷ്ടരാവുന്നു? എങ്ങനെയാണ് സന്തോഷം കണ്ടെത്തുന്നത്? ഇതിനൊക്കെ ഞങ്ങൾക്ക് അനുഭവപ്പെട്ട ചില ഉത്തരങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് ശരിയാണ് എന്ന് എല്ലാവർക്കും സമ്മതിക്കണം എന്നില്ല. ഇത്തരം ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്താനുള്ള പ്രയത്നത്തിന് മുതിരൂ എന്ന് മാത്രമാണ് ഞങ്ങൾ പറയാൻ ശ്രമിക്കുന്നത്
സെൻസർ ബോർഡിന്റെ വിലക്കുക്കൾക്കെതിരെ നിങ്ങളും പൊരുതിയിട്ടുണ്ട്. ഇന്നത്തെ സെക്സി ദുർഗ പോലുള്ള വിഷയങ്ങളെ എങ്ങനെ കാണുന്നു?
സന്തോഷ്: ‘ചായം പൂശിയ വീട്’ എന്ന സിനിമ സദാചാരത്തെ കുറിച്ചുള്ളതായിരുന്നു. കപട സദാചാരമാണ് മനുഷ്യനെ അസന്തുഷ്ടനാക്കുന്നത് എന്ന ആശയമാണ് ചിത്രത്തിലൂടെ ഞങ്ങൾ പറയാൻ ശ്രമിച്ചത്. അങ്ങനെയൊരു തിരക്കഥയ്ക്ക് ആവശ്യമായ നഗ്നത മൂന്ന് സീനുകളിലുണ്ടായിരുന്നു. അത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. പക്ഷേ കഥയ്ക്ക് അനിവാര്യമായതു കൊണ്ട് അത് ഒഴിവാക്കാന്‍ സാധിക്കില്ല എന്ന് ഞങ്ങളും ഉറപ്പിച്ചു പറഞ്ഞു. നഗ്നത ഒരു തെറ്റാണെന്ന തോന്നല്‍ ഞങ്ങൾക്ക് ഇല്ല. ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്ന്, ഒരു കട്ടും കൂടാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ഞങ്ങൾ നേടിയെടുത്തു. കോടതിയിൽ പോകേണ്ടി വന്നു എന്ന് മാത്രം.
സനൽ കുമാറിന്റെ ചിത്രം ഞങ്ങൾ കണ്ടിട്ടില്ല പക്ഷേ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് അനുഭാവമുള്ളവരാണ് ഞങ്ങൾ രണ്ടു പേരും. ‘സെക്സി’ എന്ന പേര് മാറ്റണമെന്ന അഭിപ്രായത്തോട് ഞങ്ങൾ ഒട്ടും യോജിക്കുന്നില്ല. ഒരു ചലച്ചിത്രകാരന് സ്വന്തമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിലെന്തെങ്കിലും നിയമലംഘനമുണ്ടെങ്കിൽ അത് വേറൊരു വിഷയമാണ്. എന്ന് കരുതി സെൻസർ ചെയ്യേണ്ട കാര്യമില്ല. പക്ഷേ ഇടയ്ക്ക് അദ്ദേഹം പേര് മാറ്റാൻ തീരുമാനിച്ചു. അത് ചെയ്ത നിമിഷം തന്നെ അദ്ദേഹം തോറ്റു എന്ന് വേണം കരുതാൻ. വഴങ്ങിക്കൊടുത്തതു പോലെയായി അത്. അങ്ങനെ ഒരു അവസരത്തിൽ അവർ പിന്നെ പിൻവാങ്ങാൻ തയ്യാറാവില്ല. അതാണ് ഇതിൽ സംഭവിച്ചത്. അദ്ദേഹത്തിനും പലതരം സമ്മർദ്ദങ്ങൾ നിർമ്മാതാവിൽ നിന്നുമൊക്കെ ഉണ്ടായിരുന്നിരിക്കാം. അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ അന്നങ്ങനെ വഴങ്ങി കൊടുത്തതാണ് പ്രശ്നമായത് എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ നിലപാട് വളരെ ശരിയായിരുന്നു. സെൻസർ ബോർഡിന് സിനിമ കട്ട് ചെയ്യാനുള്ള അധികാരമില്ല, സാക്ഷ്യപെടുത്താൻ മാത്രമേ പാടുള്ളൂ.

‘മറവി’ യെക്കുറിച്ച് പറയൂ…
സതീഷ്: ‘ഒറ്റയാൾ പാത’ എന്ന ചിത്രത്തിന് ശേഷം ഇനി എന്ത് വിഷയത്തെക്കുറിച്ച് സിനിമ ചെയ്യുമെന്ന് ആലോചിച്ചപ്പോൾ വീണ്ടും എത്തിയത് ‘എന്തു കൊണ്ടാണ് ആളുകൾ അസന്തുഷ്ടരാവുന്നത്’ എന്ന വിഷയത്തിൽ തന്നെയാണ്. എല്ലാ മനുഷ്യരും എങ്ങനെയൊക്കെയോ ജീവിച്ചു മരിക്കുന്നു. ചിലർക്ക് സന്തോഷമുണ്ട്, ചിലർക്ക് ദുഃഖവും, ചിലർക്ക് രണ്ടും സമ്മിശ്രമായി കിട്ടുന്നു. മറവി എല്ലാവർക്കും ഒരു പോലെ സംഭവിക്കുന്നതാണ്. നമ്മുടെ ജീവിതത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന, അല്ലെങ്കിൽ തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ കുറ്റബോധം കൊണ്ടൊക്കെ നമ്മൾ അങ്ങ് മറന്നു പോകും. മറന്നു പോയി എന്ന് പോലും നമ്മൾ മറക്കും. ഒരു പ്രായം കഴിഞ്ഞു ദുരിതപൂർണമായ അവസ്ഥയിൽ ഇരിക്കുമ്പോൾ നമ്മൾ ചുറ്റുപാടിനേയും സാഹചര്യത്തേയുമൊക്കെ നമ്മുടെ ദുഖത്തിന് കാരണമായി പഴിക്കാൻ ശ്രമിക്കും. ഇതാണ് ഞങ്ങൾ ആ ചിത്രത്തിൽ കാണിക്കാൻ ശ്രമിച്ചത്. കഥ പറയാനായി റിട്ടയേർഡ് പോലീസുകാരന്റെ ജീവിതം ഉപയോഗിച്ചു. ഒരു ദിവസം അയാളെ കാണാതാവുകയും, അയാളുടെ മകൾ അവളുടെ സുഹൃത്തിനൊപ്പം അദ്ദേഹത്തെ അന്വേഷിച്ചു പോവുകയും ചെയ്യുന്നു. ഇടയ്ക്കു വച്ച് അവൾക്ക് അച്ഛന്റെ ഫോൺ വരുന്നു. ‘തെൻചോല എന്ന ഒരു മലയോര ഗ്രാമത്തിലുണ്ട്, ഒരു പ്രധാന കാര്യം ചെയ്തു തീർക്കാനാണ് ഞാൻ ഇവിടെ വന്നത്’, എന്ന് പറഞ്ഞു കൊണ്ട്. പക്ഷേ അതെന്തെന്ന് അയാള്‍ക്ക് ഓർമ്മ വരുന്നില്ല. അതിനെ തുടർന്നുള്ള കാര്യങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓർമ്മകളെ അംഗീകരിക്കുകയോ അഭിമുഖീകരിക്കുകയോ ചെയ്ത് അതിനൊരു പരിഹാരം കണ്ടെത്തിയാൽ സ്വസ്ഥമായി ജീവിക്കാനാവും എന്നാണ് ഈ കഥയിലൂടെ പറയാൻ ശ്രമിക്കുന്നത്.
അടുത്ത ചിത്രം?
സന്തോഷ്: ‘സുനേത്ര’ എന്നാണ് ചിത്രത്തിന്റെ പേര്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. ജീവിതത്തോടും മരണത്തോടുമുള്ള മനോഭാവത്തെക്കുറിച്ചാണ് ‘സുനേത്ര’യിൽ പറയാൻ ശ്രമിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളിയായ ഒരു പെൺകുട്ടിയുടെ പിറന്നാളിന് അവളുടെ സുഹൃത്ത് അവളെ കടപ്പുറത്ത് കൊണ്ടു പോകാനായി ഒരു കാർ മോഷ്ടിക്കുന്നു. ഈ കാർ ഒരു ഗുണ്ടാത്തലവന്റേതാണ്. അയാൾ ഇവരെ പിന്തുടർന്ന് വരുന്നതും അതിനു ശേഷമുള്ള കാര്യങ്ങളുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.