ഫിലിം വീഡിയോയായി, വലിയ വില കൊടുത്തു വാങ്ങി പ്രോസസ് ചെയ്തെടുക്കുന്ന ഒന്നില്‍ നിന്നും ജനകീയമായി, ‘അഫോര്‍ഡബി’ളായി പരിണമിച്ച കാലത്ത്, 90കളുടെ സമയത്ത്, ഈ മേഖലയിലേക്ക് എത്തിപ്പെട്ട അനവധി കലാകാരന്മാരില്‍ ഒരാളാണ് ശ്രീകൃഷ്ണന്‍. ഡോകുമെന്ററികളില്‍ തുടങ്ങി ദൃശ്യ മാദ്ധ്യമത്തിന്‍റെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ ശ്രീകൃഷ്ണന്‍ രണ്ട് ഫീച്ചര്‍ ഫിലിമുകളും സംവിധാനം ചെയ്തു.

 

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് ഏറ്റവും പുതിയ സിനിമയായ ‘നായിന്‍റെ ഹൃദയം’, തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷിക്കുമ്പോഴും ശ്രീകൃഷണന് പറയാന്‍ ചിലതുണ്ട്.

‘ഈ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടിയിരുന്ന മറ്റ് കുറേ സ്വതന്ത്ര സിനിമകളും ഉണ്ടായിരുന്നു. ബോക്സ്‌ ഓഫീസില്‍ വിജയിച്ച മലയാള ചിത്രങ്ങള്‍ക്കായി ഒരു പ്രത്യേക വിഭാഗം കൊണ്ട് വന്നാല്‍ സ്വതന്ത്ര സിനിമകൾക്ക് മേളയിൽ കൂടുതൽ അവസരം ഉണ്ടാക്കാൻ സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു.

‘ഞാൻ അംഗമായ ‘ഫിലിമോക്രസി’, സ്വന്തത്ര സിനിമകളെ പിന്തുണയ്ക്കുന്ന ഒരു സംഘടനയാണ്. മലയാള സിനിമയില്‍ സജീവമായ പലരും ഈ സംഘടനയ്ക്ക് എല്ലാ സഹായ സഹകരണങ്ങളും നൽകുന്നുണ്ട്. എല്ലാ കൊണ്ടും സ്വതന്ത്ര സിനിമയ്ക്ക് ഒരു മുന്നേറ്റമുണ്ടാകുന്ന സമയമാണിത്. അത്തരം സിനിമകള്‍ക്ക്‌ ഈ മേള ഒരു പ്രധാനപ്പെട്ട വേദിയാണല്ലോ’

Sreekrishnan with DP

ക്യാമറമാന്‍ സഖ്യദേബ് ചൌധരിയോടൊപ്പം

സിനിമയിലേക്ക് എത്തിച്ചേരുവാൻ പ്രചോദനമായത് എന്താണ്?

കുട്ടിക്കാലം മുതലേ സിനിമ കണ്ടുണ്ടായ ഒരു താല്പര്യം തന്നെയാണ്. അതുപോലെ തന്നെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്കും ഒരു പങ്കുണ്ട്. കല എന്ന നിലയിൽ സിനിമയെ സമീപിക്കുന്ന പല പ്രവർത്തനങ്ങളിലും കോളേജ് കാലഘട്ടത്തിൽ ഏർപ്പെട്ടിരുന്നു. ഫിലിം സൊസൈറ്റികൾ സ്ഥാപിക്കുവാനും സിനിമകൾ കാണിക്കുവാനും ആ സമയത്ത് ശ്രമിച്ചിരുന്നു. അങ്ങനെ പല പ്രഗത്ഭരുടേയും സിനിമകൾ കണ്ടത് ഈ മേഖലയെപ്പറ്റി മനസിലാക്കാൻ പ്രേരണയായിട്ടുണ്ട്. ആശയങ്ങൾ അവതരിപ്പിക്കാൻ ഈ മാധ്യമത്തിലൂടെ സാധിക്കുമെന്ന തോന്നലും ഈ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിലൂടെ ഉണ്ടായതാണ്.

ആദ്യകാല സൃഷ്ടികൾ?

കോളേജ് പഠനം കഴിഞ്ഞത് 90കളുടെ കാലത്താണ്. അന്നത്തെ ഒരു പ്രത്യേകത എന്ന് പറയുന്നത് അത് വരെ ഉണ്ടായിരുന്ന ‘ആർട്ട് സിനിമ – കമഴ്ഷ്യൽ സിനിമ’ എന്ന വ്യത്യാസം ഇല്ലാതാവുന്നു എന്നതാണ്. ആർട്ട് സിനിമ സംവിധായകർ തന്നെ കമഴ്ഷ്യൽ സിനിമകൾ നിർമ്മിക്കുന്ന നിലയിലേക്ക് മാറി. പക്ഷേ അന്നത്തെ ‘അവാൻറ്റ്ഗാർഡ്’ സിനിമകൾ നിർമ്മിക്കാൻ സഹായിച്ചിരുന്ന ചെലവു കുറഞ്ഞ 16 എംഎം ക്യാമറകൾ ഇല്ലാതായി എന്നത് അത്തരം സിനിമകളെ ഒരു വിഷമഘട്ടത്തിലേക്ക് തള്ളിവിട്ടു. അങ്ങനെ ബോക്സ് ഓഫീസ് സിനിമകൾക്ക് മാത്രം നിലനിൽപുള്ള ഒരു സമയത്താണ് വീഡിയോ ക്യാമറകളുടെ വരവ്. അന്നത്തെ SVHS ക്യാമറയിലാണ് ഞാൻ ആദ്യത്തെ ഡോക്യുമെന്ററി ചെയ്യുന്നത്. ടെലിവിഷൻ പ്രക്ഷേപണ ക്യാമറകളായ യു-മാറ്റിക്, ബീറ്റ ഒക്കെ ഉപയോഗിച്ചാണ് പിന്നീട് ചില ഡോക്യുമെന്ററികൾ ചെയ്തത്. അതിലൂടെ കുറച്ച് പ്രാദേശിക പരസ്യങ്ങൾ ചെയ്യാനും അവസരങ്ങൾ ലഭിച്ചു. അങ്ങനെയുള്ള കുറച്ചു പണികൾ ചെയ്താണ് പിടിച്ചു നിന്നത്. പിന്നീട് വന്ന കുറച്ചുകൂടി മെച്ചപ്പെട്ട സോണിയുടെ ക്യാമറകൾ ഡോക്യുമെന്ററി നിർമ്മാണം വളരെ എളുപ്പമാക്കുകയും ഒരു മൂവ്മെന്റായി വളർത്തുകയും ചെയ്തു. വീഡിയോ ഫിലിം മേളകൾ ഉണ്ടായതും മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (MIFF), കേരളത്തിൽ സി-ഡിറ്റിന്‍റെ മേള ഒക്കെ തുടങ്ങിയതും ആ സമയത്താണ്. അതൊക്കെ നമ്മൾ ചെയ്ത സിനിമകൾ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടെന്നുള്ള തിരിച്ചറിവ് തന്നു. ഞാൻ ആദ്യമായി 16 എംഎം ക്യാമറയിൽ ചെയ്ത ഹ്രസ്വ ചിത്രം ‘അൺടൈറ്റിൽഡ്’ അന്ന് ‘ബിഫ്’ ആയിരുന്ന ‘മിഫി’ ൽ കാണിക്കുകയും ചെയ്തിരുന്നു. രാജീവ്‌ രാജ്, എന്‍ എസ് സുരേഷ് എന്നിവര്‍ക്കൊപ്പമാണ് ആ ചിത്രം ചെയ്തത്.  മറ്റൊരു പ്രധാന ചിത്രം രാജൻ കൃഷ്ണൻ എന്ന അന്തരിച്ച ചിത്രകാരന്‍റെ കരി ഉപയോഗിച്ച് വരച്ച ‘ലിറ്റിൽ ബ്ലാക്ക് ഡ്രോയിങ്‌സ്’ ചിത്രങ്ങളെ കുറിച്ച് ചെയ്ത ‘റിഫ്ലക്ഷൻസ് ഓൺ ലിറ്റിൽ ബ്ലാക്ക് ഡ്രോയിങ്‌സ്’ ആണ്.

2000 ത്തിന്‍റെ തുടക്കത്തിൽ സോണിയുടെ HD ക്യാമറയുടെ വരവാണ് ഒരു സിനിമയുടെ കാഴ്‌ച ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്ന തോന്നൽ തന്നത്. അങ്ങനെയാണ് ആദ്യ ഫീച്ചർ ചിത്രം തമിഴിൽ ചെയ്യാൻ തീരുമാനിക്കുന്നത്. അങ്ങനെ ‘മറുപാതൈ’ (The Way to be) എന്ന സിനിമ ഉണ്ടായി. 2008ൽ തുടങ്ങി 2010ൽ പൂർത്തിയാക്കിയ ചിത്രം 2011ൽ കേരളത്തിലും തമിഴ് നാട്ടിലും പ്രദർശിപ്പിച്ചു. ഏതാനും വിദേശ ചലച്ചിത്ര മേളകളിലും പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.

Naayinte Hrudayam 1'നായിന്‍റെ ഹൃദയം

‘നായിന്‍റെ ഹൃദയ’ത്തിലേയ്ക്ക് എത്തിയത്?

സിനിമ മേഖലയിൽ പെട്ടന്നുണ്ടായ ഒരു ഡിജിറ്റൽ വിപ്ലവം ഡിജിറ്റൽ ക്യാമറകളും ചെലവു കുറഞ്ഞ എഡിറ്റിംഗ് സോഫ്ട് വെയറുകളും ലഭ്യമാക്കി. അത്തരമൊരു ഡിജിറ്റൽ രംഗത്തെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ചിന്തയാണ് ഈ സിനിമയിലേക്ക് എത്തിച്ചത്. ഇമേജ് എഡിറ്റിങ്ങിലാണ് പ്രധാനമായും കേന്ദ്രികരിച്ചിരുന്നത്.

മിഖായേൽ ബൾഗകോവിന്‍റെ ‘ഒരു നായയുടെ ഹൃദയം’ കാല്പനികമായ ഘടകങ്ങൾ ഏറെ ഉള്ള ഒരു റഷ്യൻ നോവലാണ്. ആ കഥയെ ആസ്പദമാക്കിയാൽ ഡിജിറ്റൽ പ്ലാറ്റഫോമിൽ ‘ഹൈബ്രിഡ്’ ആയ ഒരു ചിത്രം ചെയ്യാനുള്ള സാധ്യത ഉണ്ടായിരുന്നു. അതാണ്‌ ഈ കഥ തിരഞ്ഞെടുക്കാനുണ്ടായ സാഹചര്യം.

സാധാരണയായി സിനിമയിൽ എഡിറ്റിംഗ് എന്ന ഘട്ടത്തിന് ശേഷമാണ് CGI ചെയ്യാറുള്ളത്. അഡോബ് എന്ന സോഫ്റ്റ് വെയറിന്‍റെ ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് സേവനങ്ങൾ ഉപയോഗിച്ച് ഒരേ സമയം 30 ഓളം സോഫ്റ്റ് വെയറുകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞതു കൊണ്ട് മൂവി എഡിറ്റിങ്ങും ഇമേജ് എഡിറ്റിങ്ങും ഒരുമിച്ച് ചെയ്യാൻ സാധിച്ചു. ചിത്രകാരനും ആനിമേറ്ററുമായ മിഥുൻ മോഹൻ ആയിരുന്നു എഡിറ്റർ.

‘നായിന്‍റെ ഹൃദയം’

ഈ ചിത്രത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?

വിപ്ലവത്തിന് ശേഷമുള്ള റഷ്യയിലെ ‘ഒരു പുതിയ മനുഷ്യൻ’ എന്നുള്ള സങ്കല്പത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ബൾഗകോവ് ചെയ്തത്. വിവേകിയും പണ്ഡിതനുമായ ഒരു ശാസ്ത്രജ്ഞന്‍റെ ദുരന്ത കഥയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ നോവലിനെ സിനിമയാക്കി എന്ന് പറയുന്നതിനേക്കാളും അതിനെ ഒരു കമ്പ്യൂട്ടർ വിൻഡോ ആയി കരുതി അവിടെ നിന്നും പല വ്യത്യസ്ത ഹൈപ്പർലിങ്കുകൾ നൽകുവാനാണ്‌ ഞങ്ങൾ ശ്രമിച്ചത്. ഒരു നായയെ ശാസ്ത്രജ്ഞൻ തന്‍റെ പരീക്ഷണങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് എന്നാൽ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായ ഒരു പരിണാമമാണ് സംഭവിക്കുന്നത്. ആനിമേറ്റഡായ നായയാണ് ചിത്രത്തിൽ കാണിക്കുന്നത്.

നായയ്ക്ക് ഒരു മനുഷ്യന്‍റെ വൃഷണം ശസ്‌ത്രക്രിയയിലൂടെ നൽകി അത് മനുഷ്യനായി മാറുകയും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ‘ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ’ എന്ന രീതിയിലാണ് ഞങ്ങൾ ഈ സിനിമയെ വികസിപ്പിച്ചിരിക്കുന്നത്.

അടുത്ത സിനിമ ആലോചിച്ചോ?

ഖലാസികളുടെ കഥ പറയുന്ന ചിത്രമാണ്. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. ചലച്ചിത്ര വിദ്യാർത്ഥിയായ വരുൺ ശശിധരൻ എഴുതിയ കഥയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Iffk news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ