scorecardresearch
Latest News

ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് മേളയുടെ ആദരവ്: റിമെംബറിംഗ് ദി മാസ്റ്റര്‍

സാമൂഹികാധിക്ഷേപങ്ങള്‍ക്ക് പലപ്പോഴും പാത്രമാകുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗങ്ങളുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതാണ് ലിനോ സംവിധാനം ചെയ്ത നാല്‍പ്പതില്‍പ്പരം സിനിമകള്‍

ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് മേളയുടെ ആദരവ്: റിമെംബറിംഗ് ദി മാസ്റ്റര്‍

ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരാടിയ ഫിലിപ്പിനോ ചലച്ചിത്രകാരന്‍ ലിനോ ബ്രോക്കയുടെ ചിത്രങ്ങള്‍ കേരള രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കും. ഫിലിപ്പിനോ സിനിമയിലെ പ്രധാനപ്പെട്ട സംവിധാകരില്‍ ഒരാളായ ലിനോ ബ്രോക്ക സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ‘റിമെംബറിംഗ് ദി മാസ്റ്റര്‍’ എന്ന പാക്കേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലിനോ ബ്രോക്കയുടെ മൂന്ന് ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിരപരിചിതമായ ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് സമാനതകളില്ലാത്ത ചലച്ചിത്ര ലോകം സൃഷ്ടിച്ച സംവിധായകനാണ് ലിനോ ബ്രോക്ക. സാമൂഹികാധിക്ഷേപങ്ങള്‍ക്ക് പലപ്പോഴും പാത്രമാകുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗങ്ങളുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതാണ് ലിനോ സംവിധാനം ചെയ്ത നാല്‍പ്പതില്‍പ്പരം സിനിമകള്‍

 

സിനിമയിലെന്നപോലെ നാടകത്തിലും പ്രാവീണ്യം തെളിയിച്ച അദ്ദേഹം ഫിലിപ്പിനോ എഡ്യൂക്കെഷണല്‍ തിയേറ്റര്‍ അസോസിയേഷന്‍റെ ഡയറക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആകര്‍ഷണീയമായ ദൃശ്യങ്ങളിലൂടെ ഫിലിപ്പൈന്‍ ജനതയുടെ സ്വാഭാവിക ജീവിതത്തിലെ അസ്വാഭാവികത നിറഞ്ഞ പ്രണയവും വഞ്ചനയും പ്രതികാരവും വീണ്ടെടുക്കലും തിരശീലയില്‍ എത്തിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ചിത്രമായ ‘വാണ്ടഡ്: പെര്‍ഫെക്റ്റ്‌ മദറി’ ലൂടെ മനില ചലച്ചിതോത്സവത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്‌ നേടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാന്‍ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫിലിപ്പൈന്‍സ് ചിത്രത്തിന്‍റെ സംവിധായകന്‍ എന്ന ബഹിമതിയും ലിനോ ബ്രോക്കയ്കാണ്. ഫിലിപ്പൈന്‍ കലാരൂപങ്ങളുടെ പുരോഗതിയ്ക്കായി നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി മരണാന്തര ബഹുമതിയായി ഫിലിപ്പൈന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് നാഷണല്‍ ‘ആര്‍ട്ടിസ്റ്റ് ഓഫ് ഫിലിപ്പൈന്‍സ് ഫോര്‍ ഫിലിം അവാര്‍ഡ്‌’ നല്‍കി ആദരിച്ചു.

Insiang
ഇന്‍സിയാങ്ങ്

കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ലിനോയുടെ സിനിമയാണ് ‘ഇന്‍സിയാങ്ങ്’. വിവധ തലങ്ങളില്‍ പടരുന്ന ആഖ്യാനത്തിലൂടെ അമ്മ – മകള്‍ ബന്ധത്തിലെ വിള്ളലുകളും അസ്വാരസ്യങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു. മകള്‍, കാമുകി, അമ്മ, ഭാര്യ എന്നിങ്ങനെ പുരുഷാധികാരഘടനയെ നിലനിര്‍ത്തുന്ന സ്ത്രീയുടെ സ്വാഭാവിക വേഷങ്ങളെ ലിനോയുടെ ഈ രണ്ടു സ്ത്രീ കഥാപാത്രങ്ങളും മാറി കടക്കുന്നു. അമ്മയും മകളും വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ഒരേ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. അമ്മയ്ക്കത് പ്രണയ സാഫല്യമാകുമ്പോള്‍ മകള്‍ക്ക് അത് പ്രതികാരമായി മാറുന്നു. കാഴ്ചപ്പാടില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളുടെ വൈകാരിക ചലനങ്ങള്‍ സസൂക്ഷ്മം ക്യാമറയില്‍ പകര്‍ത്തി സ്ത്രീപക്ഷ ചിന്തകള്‍ക്ക് പുതിയ മാനം സൃഷ്ടിക്കുകയാണ് സംവിധായകന്‍ ഇവിടെ.

 

എഡ്ഗാര്‍ഡോ എം റെയെസിന്‍റെ ‘ഇന്‍ ദി ക്ലൌസ് ഓഫ് ബ്രൈറ്റ്നെസ്’ എന്ന നോവലിനെ ആസ്പദമാക്കി ലിനോ സംവിധാനം ചെയ്ത ചിത്രമാണ് ‘മനില ഇന്‍ ദി ക്ലൌസ് ഓഫ് ബ്രൈറ്റ്നെസ്’. അവിചാരിതമായി നഗരത്തില്‍ എത്തുന്ന ഒരു ഗ്രാമീണ യുവാവ്‌ അവിടെ തന്‍റെ ബാല്യകാല കാമുകിയെ കണ്ടുമുട്ടുന്നു. ലൈംഗിക തൊഴിലാളിയായ അവളെയും കൂട്ടി സ്വന്തം നാട്ടിലേക്കു തിരികെ പോകാന്‍ ശ്രമിക്കുന്ന യുവാവ് നേരിടുന്ന പ്രതിബന്ധങ്ങളാണ് ഈ ചിത്രം അനാവരണം ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Kerala film festival lino brocka remembering the master iffk