കുറഞ്ഞകാലം കൊണ്ടു തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. രാജ്യാന്തര ചലച്ചിത്രമേളയില്‍ ലിജോ സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രം ഇത്തവണ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന 190 ചിത്രങ്ങളില്‍ ലിജോയ്ക്ക് പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങള്‍ ഇതൊക്കെയാണ്. ‘വില്ലേജ് റോക്‌സ്റ്റാര്‍സ്’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ജാം’, ‘മദര്‍’, ‘ദി സ്‌ക്വയര്‍’.
റിമാ ദാസ് രചനയും സംവിധാനവും ചെയ്ത ‘വില്ലേജ് റോക്‌സ്റ്റാര്‍സ്’ ഇന്ത്യന്‍ സിനിമാ വിഭാത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആസാമിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ധുനു എന്ന മിടുക്കിയായ പെണ്‍കുട്ടിയും അവളുടെ ആണ്‍ സുഹൃത്തുക്കളും ചേര്‍ന്ന് ഒരു റോക് ബാന്‍ഡ് ആരംഭിക്കാന്‍ ആഗ്രഹിക്കുകയും, ജീവിതം മുന്നോട്ടുപോകെ ആണ്‍ സുഹൃത്തുക്കള്‍ സ്വപ്‌നങ്ങളില്‍ നിന്ന് പുറകോട്ടു പോകുകയുമാണ്. എന്നാല്‍ ധുനുവിന്റെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അമ്മയാണ്. മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ പുരസ്‌കാരം ഉള്‍പ്പെടെ നേടിയ ചിത്രമാണ് വില്ലേജ് റോക്‌സ്റ്റാര്‍സ്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രം മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആലപ്പുഴയും കാസര്‍ഗോഡുമാണ് ചിത്രത്തിന് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്. വിവാഹിതാരയ രണ്ടു പേരുടെ ജീവിതത്തില്‍ ഒരു കള്ളന്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിലൂടെയും സങ്കീര്‍ണതകളിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. സമൂഹത്തിന്റെ വ്യവസ്ഥിതിയെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചിത്രമാണിത്.
ടോണി ഗാറ്റ്‌ലിഫ് സംവിധാനം ചെയ്ത ‘ജാം’ ഫ്രാന്‍സിന്റെയും ഗ്രീസിന്റെയും പശ്ചാത്തലത്തിലാണ് വികസിക്കുന്നത്. തങ്ങളുടെ ബോട്ടിന്റെ വിലപ്പെട്ട എഞ്ചിന്‍ ഭാഗം കണ്ടെത്തുന്നതിനായി ഗ്രീക്ക് യുവതിയായ നായിക തന്റെ അമ്മാവനൊപ്പം ഇസ്താംബുളിലേക്ക് യാത്ര തിരിക്കുയാണ്. അവിടെ വച്ച് ഫ്രഞ്ചുകാരനായ യുവാവിനെ പരിചയപ്പെടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് സിനിമയടെ സഞ്ചാരം. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ലോക സിനിമാ വിഭാഗത്തിലാണ് അമേരിക്കക്കാരനായ ഡാരെന്‍ അറോനോസ്‌കി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മദര്‍’ പ്രദര്‍ശിപ്പിക്കുന്നത്. ക്ഷണിക്കപ്പെടാത്ത തീര്‍ത്തും അപരിചിതരായ ചില ആളുകള്‍ വീട്ടിലെത്തുന്നതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യത്തിലേക്കും പാരനോയിയിലേക്കും മനസ്സ് നീങ്ങുന്ന യുവതിയുടെ കഥയാണ് ‘മദര്‍’ പറയുന്നത്. വെനിസ് ചലച്ചിത്രോത്സവം, ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ്.
റൂബന്‍ ഓസ്ലന്റ് സംവിധാനം ചെയ്ത ‘ദി സ്‌ക്വയര്‍’ ലോക സിനിമ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒരു സമകാലിക ആര്‍ട്ട് മ്യൂസിയത്തിലെ ക്യൂറേറ്ററായി ജോലി ചെയ്യുന്ന ക്രിസ്റ്റിയന്‍ എന്ന വിവാഹ മോചിതനും രണ്ടു കുട്ടികളുടെ പിതാവുമായ മനുഷ്യന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. അദ്ദേഹത്തിന്റെ ഷോയുടെ പേരാണ് ‘ദി സ്‌ക്വയര്‍’. മാനുഷിക മൂല്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണിത്. ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ഡിയോര്‍ നേടിയ ചിത്രമാണിത്.