‘കന്യക ടാക്കീസ്’ സംവിധായകന്‍ കെ ആര്‍ മനോജ്‌ ഇത്തവണത്തെ മേളയില്‍ കാണാന്‍ ആഗ്രഹിക്കുന്നതില്‍ പ്രധാനമായും അഞ്ചു മലയാള ചിത്രങ്ങളാണുള്ളത്. കേരളത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങളില്‍ പലതും ആദ്യ-സ്വതന്ത്ര സംവിധായകരുടേതാണ്. മറവി, ഏദന്‍, രണ്ടു പേര്‍, അതിശയങ്ങളുടെ വേനല്‍, നായിന്‍റെ ഹൃദയം എന്നിവയാണ് ആ ചിത്രങ്ങള്‍.

മണ്മറഞ്ഞ സംവിധായകന്‍ സി പി പദ്മകുമാറിന്റെ മരുമക്കളായ സതീഷ്‌ ബാബുസേനന്‍ – സന്തോഷ്‌ ബാബുസേനന്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മറവി’. കാണാതായ അച്ഛനെ അന്വേഷിച്ചിറങ്ങുന്ന പെണ്‍കുട്ടിയെ ദൂരെ എവിടെയോ നിന്ന് അച്ഛന്‍ വിളിക്കുന്നു. താന്‍ എവിടെ എന്തിനാണ് വന്നതെന്ന് തനിക്കു ഓര്‍മ്മ കിട്ടുന്നില്ല എന്നാണു അച്ഛന്‍ പറയുന്നത്. ഈ കഥാതന്തുവിലൂടെ മറവി എന്ന അവസ്ഥയുടെ വിവിധ തലങ്ങള്‍ അന്വേഷിക്കുകയാണ് ഈ ചിത്രം. മുംബൈ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശനത്തിനുണ്ടായിരുന്നു. ‘മലയാള സിനിമാ ഇന്ന്’ വിഭാഗത്തിലാണ് ചിത്രം.

സഞ്ജു സുരേന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം ആണ് ‘ഏദന്‍’. എസ് ഹരീഷിന്‍റെ മൂന്നു കഥകളെ ആസ്പദമാക്കിയിട്ടുള്ള ചിത്രം കോട്ടയം നഗരത്തിന്‍റെ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ്. കപില എന്ന ദേശീയ പുരസ്കാരം നേടിയ ഡോകുമെന്ററി ഉള്‍പ്പെടെ വിവിധ ഡോകുമെന്ററി – ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സഞ്ജുവിന്‍റെ ഈ ചിത്രം മത്സര വിഭാഗത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പ്രേം ശങ്കര്‍ സംവിധാനം ചെയ്ത രണ്ടു പേര്‍ ഒറ്റ രാത്രി കൊണ്ട് അഞ്ചു വര്‍ഷമായുള്ള ബന്ധം പിരിയുന്ന ദമ്പതികളെക്കുറിച്ചാണ്. നോട്ട് നിരോധനത്തിന്‍റെ പാശ്ചാത്തലത്തിലാണ് കഥ നടക്കുന്നു. പൂര്‍ണ്ണമായും രാത്രയില്‍ ചിത്രീകരിച്ച ചിത്രം മത്സര വിഭാഗത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പ്രശാന്ത് വിജയ്‌ സംവിധാനം ചെയ്ത അതിശയങ്ങളുടെ വേനല്‍ അദൃശ്യനാകാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ കഥയിലൂടെ അദൃശ്യത എന്നതിന്‍റെ വിവിധ തലങ്ങള്‍ അന്വേഷിക്കുന്നു. പ്രശാന്തിന്‍റെ ആദ്യ ചിത്രമാണിത്. മുംബൈ ഫിലിം ഫെസ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇവിടെ ‘മലയാള സിനിമാ ഇന്ന്’ വിഭാഗത്തിലാണ്.

ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്ത നായിന്‍റെ ഹൃദയം മിഖായേൽ ബൾഗകോവിന്‍റെ ‘ഒരു നായയുടെ ഹൃദയം’ത്തിലെ കാല്പനികമായ ഘടകങ്ങൾ ആസ്പദമാക്കി ഡിജിറ്റൽ പ്ലാറ്റഫോമിൽ ചെയ്ത ഒരു ‘ഹൈബ്രിഡ്’ ചിത്രമാണ്. ‘മലയാള സിനിമാ ഇന്ന്’ വിഭാഗത്തിലാണ് ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ