/indian-express-malayalam/media/media_files/uploads/2017/12/K-P-Kumaran-Part-Four-featured.jpg)
വ്യാവസായിക സിനിമയുടെ വിഭ്രാത്മകമായ വേദി എനിക്കന്യമാണ് എന്ന വിവേകം എന്നിലുറച്ചു. തിരുവനന്തപുരത്ത് ദൂരദര്‍ശന്‍ നിലയം വന്നിട്ട് അധികം കാലമായിട്ടില്ല. നിലവാരമുള്ള പരിപാടികള്‍ കുറവായിരുന്നു. മലയാളത്തിലെ സമ്പന്നമായ ചെറുകഥാസാഹിത്യം വച്ച് പ്രബുദ്ധതയുള്ള ഒരു ജനതയ്ക്കുവേണ്ട മറ്റു പരിപാടികള്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നി. ചില ശ്രമങ്ങള്‍ നടത്താനൊരുങ്ങിയ എന്‍റെ മുമ്പില്‍ ആ വാതിലും ശക്തിയായി കൊട്ടിയടയ്ക്കപ്പെട്ടു.
'നേരം പുലരുമ്പോള്‍', തീയേറ്ററിലെത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിയുന്നു. ചലച്ചിത്ര നിര്‍മ്മാണത്തില്‍ താല്പര്യമുള്ള ഒരാളെ ചില സുഹൃത്തുക്കള്‍ പരിചയപ്പെടുത്തി. കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ എസ്.സി. പിള്ള സിനിമ ചെയ്യാന്‍ ചില ശ്രമങ്ങളെല്ലാം നടത്തിയിരുന്നു. ചെറിയ ബഡ്ജറ്റില്‍ ചെയാവുന്ന ഒരു നല്ല ചിത്രത്തിന് ലഭിക്കാവുന്ന സാമ്പത്തിക സ്രോതസ്സുകളെപ്പറ്റി ഞാനദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തിയാല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്ന കാലമായിരുന്നു.
സ്വന്തമായി കഥ കണ്ടെത്താനുള്ള മാനസികാവസ്ഥയോ സമയമോ ഉണ്ടായിരുന്നില്ല. ഓര്‍മ്മയിലും ബുക്ക് സ്റ്റാളുകളിലും ഞാന്‍ കഥ തിരഞ്ഞു. ചില സുഹൃത്തുക്കളോട് തിരക്കി. ഒടുവില്‍ ഞാന്‍ ചെന്നു ചേര്‍ന്നത് ലഘു നോവലുകളുടെ ഒരു സമാഹാരത്തിലായിരുന്നു. 'രുഗ്മിണിക്കൊരു പാവക്കുട്ടി' എന്ന മാധവിക്കുട്ടിയുടെ കൃതി. 'ഇലസ്ട്രേറ്റഡ് വീക്ക്‌ലി'യില്‍ വന്ന 'കേജസ്' (cages) എന്ന കഥ. അഞ്ചോ ആറോ ചെറുഖണ്ഡങ്ങളുണ്ടെങ്കിലും നോവല്‍ എന്ന് പറയാനൊന്നുമില്ല. എന്നാലത് യാഥാര്‍ത്ഥ്യത്തിന്‍റെ കടുംനിറത്തിലുള്ള ആഖ്യാനമായിരുന്നു. മാധവിക്കുട്ടിയുടെ ശൈലീകൃതവും കാവ്യാത്മകവുമായ സംഭാഷണവും കഥാപാത്രസൃഷ്ടിയും വശ്യമായിരുന്നു.
കേരളീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാവുന്ന ഒരു കഥയല്ല അതെന്ന് എനിക്ക് തോന്നി. വാസ്തുശില്പ വൈശിഷ്ട്യമുള്ള ഒരു പശ്ചാത്തലത്തില്‍ അകത്തളത്തിനുള്ളില്‍ കഥ പറയാന്‍ തീരുമാനിച്ചു. ഏതാനും വാതില്‍പ്പുറരംഗങ്ങള്‍ കന്യാകുമാരിയിലും തോവാളയിലും ശുചീന്ദ്രത്തും ചെയ്തു. ചുരുങ്ങിയ ചെലവില്‍ കുറച്ച് ദിവസങ്ങള്‍കൊണ്ട് 'രുഗ്മിണി' പൂര്‍ത്തിയായി. എനിക്ക് സംതൃപ്തി നല്‍കിയ ചിത്രമായിരുന്നു 'രുഗ്മിണി'. മലയാള ചലച്ചിത്ര ചരിത്രത്തിലെ അസാധാരണവും അവശ്വസനീയവുമായ ചിത്രം. ദേശീയതലത്തില്‍ പ്രാദേശികചിത്രത്തിനുള്ള പുരസ്‌കാരവും കേരളത്തിലെ മികച്ച സംവിധാനത്തിനനുമടക്കം മൂന്ന് പുരസ്‌കാരങ്ങളും ലഭിച്ചു. എന്നാൽ, അവിടെയും നൈരാശ്യത്തിന്‍റെ നിഴല്‍ എന്നെ പിന്തുടര്‍ന്നു. ദേശീയ, സംസ്ഥാന പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇന്ത്യന്‍ പനോരമ നിര്‍ണയം. തെക്കന്‍മേഖലാ സെലക്ഷനില്‍ ഉള്‍പ്പെട്ട 'രുഗ്മിണി' എങ്ങനെയോ പനോരമയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ചലച്ചിത്രോത്സവങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ട ചിത്രമാണ് 'രുഗ്മിണി'. എനിക്ക് മൊത്തിക്കുടിക്കാവുന്ന ചായയല്ല സിനിമ എന്ന് പൂര്‍ണബോധ്യമായി.
ചില അനുകൂലസാഹചര്യങ്ങള്‍ ഞങ്ങളെ ഡല്‍ഹിയിലെത്തിച്ചു. ശാന്തമ്മയ്ക്ക് അവിടെ നിയമനം ലഭിച്ചു. 'സ്വയംവര' ത്തിലെ കൈക്കുഞ്ഞ് ശംഭുവിന് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ ( ജെ എൻ യു) പ്രവേശനം കിട്ടി. കേന്ദ്രസര്‍ക്കാരിന്‍റെ ഏതെങ്കിലും വകുപ്പില്‍ നിന്ന് ഡോക്യുമെന്ററിക്കുള്ള അവസരമായിരുന്നു എന്‍റെ ഉന്നം. ഡല്‍ഹിയില്‍ നേരത്തേ പത്രപ്രവര്‍ത്തകരും മറ്റുമായി കുറെ സുഹൃത്തുക്കളുണ്ടായിരുന്നു. ഒരു നാള്‍ ചിന്ത രവിയെ ഡല്‍ഹിയില്‍ വച്ച് കണ്ടുമുട്ടി. പി.ടി.ഐ. ടെലിവിഷനുവേണ്ടി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോകാനൊരുങ്ങുകയായിരുന്നു രവി. ശശികുമാറാണ് പി.റ്റി.ഐ. ടെലിവിഷന്‍റെ ചീഫ്. ദൂരദര്‍ശനുവേണ്ടി തുടര്‍ച്ചയായ ഒരു സാംസ്‌കാരിക പരിപാടി തയ്യാറാക്കുകയായിരുന്നു അവര്‍. രവിക്കൊപ്പം ഞാന്‍ ശശികുമാറിനെ കണ്ടു. അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ അവരുമായി സഹകരിക്കുന്ന കാര്യം ശശി സൂചിപ്പിച്ചു.
ഞങ്ങളുടെ ഡല്‍ഹി ജീവിതകാലം ഭദ്രമാക്കിയതില്‍ പി.റ്റി.ഐ. ടെലിവിഷനും ഇ.പി. ഉണ്ണി, വിജയമോഹന്‍ തുടങ്ങിയ കുറെ സുഹൃത്തുക്കള്‍ക്കും വലിയ പങ്കാണുള്ളത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ട് അധികകാലം കഴിയുതിന് മുമ്പെ ഏഷ്യാനെറ്റിന്‍റെ പ്രാരംഭ പരിപാടികളുമായി ശശിയും സംഘാംഗങ്ങളും തിരുവനന്തപുരത്തെത്തി. ചലച്ചിത്രരംഗത്ത് കാൽകുത്തിയതിനുശേഷം തൊഴില്‍പരമായി ദീര്‍ഘകാലം പിന്തുണ നല്‍കിയ ശശികുമാറിനോടുള്ള സ്‌നേഹം ഞാനിവിടെ രേഖപ്പെടുത്തുന്നു.
തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഞാനൊരു കഥാ ചിത്രംപോലും ചെയ്തില്ല. എനിക്കൊരു വിഷമവും തോന്നിയില്ല. ഞാന്‍ നല്ല തിരക്കിലായിരുന്നു. രാവും പകലും ജോലിചെയ്തു. ഞങ്ങളുടെ സാമ്പത്തികനിലയില്‍ പുരോഗതി കൈവന്നു. കഥാപാത്രങ്ങള്‍ മുഹൂര്‍ത്തങ്ങള്‍, പത്രം കാലത്തിന്‍റെ കണ്ണാടി, നാടകം ജീവിതം തന്നെ, അങ്കപ്പുറപ്പാട് മുതലായ ദൃശ്യ-ശ്രാവ്യ സൃഷ്ടികള്‍ സര്‍ഗപരമായ സംതൃപ്തി നല്‍കി. സിനിമയില്‍നിന്ന് ഞാന്‍ മനസ്സുകൊണ്ട് അകന്നു. ചില ശ്രമങ്ങള്‍ ഫലപ്രദമായില്ല. മലയാളത്തിലെ രണ്ട് മഹത് സൃഷ്ടികള്‍ക്ക് ചലച്ചിത്രാവിഷ്‌കാരം നടത്താന്‍ ഞാനാഗ്രഹിച്ചു. മേഖലയുടെ നിയന്ത്രണം കൈയാളുന്നവരുടെ നിസ്സഹകരണം എന്നെ നിരാശനാക്കി. മുന്‍കാലങ്ങളില്‍ നിന്ന് ചലച്ചിത്ര നിര്‍മ്മാണ രീതികള്‍ സമൂലം മാറിപ്പോയതായി ഞാനറിഞ്ഞു.
/indian-express-malayalam/media/media_files/uploads/2017/12/Thottam-1.jpg)
പുതിയ ദശകത്തോടൊപ്പം പുതിയ നൂറ്റാണ്ടും പിറന്നു. ഓര്‍ക്കാപ്പുറത്ത് ഒരു കൊച്ചു ചലച്ചിത്രം ഉരുത്തിരിഞ്ഞുവന്നു. കടത്തനാട്ടുകാര്‍ക്കിടയില്‍ മാത്രം കേട്ടിരുന്ന ഒരു ചെറിയ വടക്കന്‍പാട്ട് അഗസ്ത്യകൂടത്തിന്‍റെ താഴ്‌വാരത്തെ നദീ തീരത്ത് ഒരു ആദിവാസിക്കഥയായി വന്നുപിറന്നു- 'തോറ്റം'. താരനിരയില്ലാത്ത കൊട്ടും കുരവയുമില്ലാത്ത ലളിതമായ ഒരു ചലച്ചിത്രാഖ്യാനമായിരുന്നു. വടക്കന്‍പ്രദേശങ്ങളില്‍ പ്രചാരത്തിലിരുന്ന വായ്‌മൊഴിയിലൂടെ പകര്‍ന്നു വന്ന ഭാവസുഭഗമായ ഒരു നാടന്‍പാട്ട് 'തോറ്റം' എന്ന പേരില്‍ ആവിഷ്‌കരിക്കാന്‍ എനിക്കവസരവുമുണ്ടായി. പൂമാതൈ പൊന്നമ്മ എന്ന പെൺകുട്ടി അധികാരത്തിനെതിരെയുള്ള പ്രതിരോധത്തിന്‍റെ പ്രതീകമായി എന്‍റെയുള്ളില്‍ നിറഞ്ഞു. നിശ്ശബ്ദ സിനിമയിലെ ക്ലാസിക്കുകളിലൊന്നായ കാള്‍ഡ്രെയറിന്‍റെ 'പാഷന്‍ ഓഫ് ജോവന്‍ ഓഫ് ആര്‍ക്' എന്ന ചിത്രം ഓര്‍മ്മയില്‍ വന്നു. വിദൂര രാജ്യങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍ പിറന്ന രണ്ട് ജീവിതങ്ങള്‍ തമ്മിലുള്ള സമാനത എന്‍റെ പ്രചോദനമായി, ആവേശമായി.
'റോക്ക്' എന്ന ലഘുചിത്രത്തിനുശേഷം ഇത്രയും കേരളീയമായ, ഇത്രയും സാര്‍ത്ഥകമായ ഒരു സൃഷ്ടികര്‍മ്മത്തില്‍ ഞാനേര്‍പ്പെട്ടിട്ടില്ലെന്ന് എനിക്ക് തോന്നി. ചിത്രീകരണദിവസങ്ങള്‍ ഭീതിദങ്ങളായി. തുലാമാസത്തെ പെരുമഴയില്‍ കയറിനില്‍ക്കാനിടയില്ലാത്ത വനഭൂമിയില്‍ ഞാനും സംഘവും. പേപ്പാറ ഡാമിന്‍റെ റിസര്‍വോയറിന് മുകളിലാണ് ലൊക്കേഷന്‍. ചുറ്റിലും തിങ്ങിവളര്‍ന്നു നില്‍ക്കു കാട്ടുപുല്ല്. മുള്ളും മുരടും മൂര്‍ഖന്‍പാമ്പും എന്ന ചൊല്ല് ഓര്‍ത്തു. സ്‌നേഹസമ്പരായ കാണിക്കാര്‍ സഹായത്തിനെത്തി. മല്ലന്‍ എന്ന ചെറുപ്പക്കാരന്‍റെ സേവനം ഇപ്പോഴും മനസ്സിലുണ്ട്.
16 എം.എം. ക്യാമറയിലായിരുു ഷൂട്ടിംഗ്. കിട്ടാന്‍ പ്രയാസമുള്ള ഉപകരണം. മുരളിനായര്‍ 'മരണസിംഹാസനം' ചെയ്ത ക്യാമറ രാധാകൃഷ്ണന്‍ തന്നു. കണ്ണനാണ് ഛായാഗ്രഹകന്‍. ഷൂട്ടിംഗ് തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്യാമറ ഇടയ്ക്കിടെ നിന്നു. ചിലപ്പോള്‍ മുമ്പോട്ട് മാത്രമല്ല പിറകിലോട്ടും ഓടി. കണ്ണന്‍റെ സാമര്‍ത്ഥ്യംകൊണ്ട് ഷൂട്ടിംഗ് ഒരുവിധം പൂര്‍ത്തിയാക്കി. മങ്ങിയ വെളിച്ചത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ 35 എം.എം. ആയി വിപുലപ്പെടുത്തിയപ്പോള്‍ തൃപ്തികരമായി തോന്നിയില്ല.
/indian-express-malayalam/media/media_files/uploads/2017/12/Thottam-2.jpg)
കേരളാ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ 'തോറ്റം' അത്ഭുതം എന്നു പറയട്ടെ തിരക്കഥയ്ക്കുള്ള സുവര്‍ണ്ണ ചകോരം നേടി. ഇസ്തവാന്‍ഗാല്‍, മക്മല്‍ ബഫ് തുടങ്ങിയവരടങ്ങുന്ന അന്തര്‍ദേശീയ ജൂറിക്ക് മലയാളത്തിലെ ഒരു കൊച്ചുപുരാവൃത്തത്തിന്‍റെ മര്‍മ്മം പിടി കിട്ടി. ഒരു പ്രതീക്ഷയുമില്ലാതിരുതിനാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഞാന്‍ സംബന്ധിച്ചിരുന്നില്ല. അക്കാദമി സെക്രട്ടറി പുരസ്‌കാര ശില്പവും ചെക്കും വീട്ടിലെത്തിക്കുകയായിരുന്നു. പതിവുപോലെ സ്റ്റേറ്റ് അവാര്‍ഡ് ജൂറിയും ദേശീയ ജൂറിയും ചിത്രം നിസ്സാരവത്കരിച്ചു. ചലച്ചിത്രജീവിതം 'തോറ്റ' ത്തോടു കൂടി അവസാനിച്ച മട്ടായിരുന്നു. ആ ദിവസങ്ങളില്‍ വീടുവെയ്ക്കാനൊരു സ്ഥലം ഞങ്ങള്‍ വാങ്ങി. വീടു പണിയില്‍ ഞാന്‍ വ്യാപൃതനായി. മുഖ്യമായ മറ്റു കുടുംബകാര്യങ്ങളുമുണ്ടായിരുന്നു ശ്രദ്ധിക്കാന്‍.
ഞങ്ങളുടെ മൂത്ത പുത്രന്‍ മനു ബോംബെയില്‍ പ്രധാന പരസ്യസ്ഥാപനത്തില്‍ജോലി ചെയ്യുകയായിരുന്നു. എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചുവെങ്കിലും അയാളുടെ താല്പര്യം മറ്റെന്തൊക്കെയോ ആണെന്ന് തോന്നി. പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു വളര്‍ത്തിയ എന്‍റെ കുട്ടികളാരും സിനിമയുമായി ബന്ധപ്പെടരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഞാനറിയാതെ അയാള്‍ ബോംബെയില്‍ പല പ്രശസ്ത സിനിമാ സംവിധായകരുമായി സൗഹൃദം സ്ഥാപിച്ചതായി ഞാനറിഞ്ഞു. അധികം താമസിയാതെ നിര്‍മ്മാണരംഗത്തേക്ക് എടുത്തു ചാടുകയും ചെയ്തു. പുതിയ തലമുറയുടെ സിനിമാ സാഹസികത എന്നെ എപ്പോഴും അസ്വസ്ഥനാക്കിയിട്ടുണ്ട്. എന്‍റെ മക്കള്‍ മാത്രമല്ല എന്‍റെ പരിചിതവലയത്തിലെ ആരായാലും.
/indian-express-malayalam/media/media_files/uploads/2017/12/K-P-Kumarans-Children-Manu-Sambhu-Maneesha.jpg)
കോര്‍പ്പറേറ്റുകളിലുണ്ടായിരുന്ന ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അയാള്‍ മുഴുവന്‍ സമയ സിനിമാക്കാരനായി മാറി. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു. 2006 ആദ്യം മനു ഒരു സിനിമ ചെയ്യാന്‍ എന്നെ ക്ഷണിച്ചു. ഒന്നു രണ്ട് വ്യവസ്ഥകളുണ്ടായിരുന്നു. ലണ്ടനില്‍ ചിത്രീകരിക്കാന്‍ പറ്റുന്ന തിരക്കഥയായിരിക്കണം. പ്രമുഖ താരങ്ങളുണ്ടാവണം. വൈകാന്‍ പാടില്ല. ഉടന്‍ തുടങ്ങാന്‍ കഴിയണം. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ തിരക്കഥ നിര്‍മ്മിക്കാനാകാതെ ഉറങ്ങിക്കിടക്കുുണ്ടായിരുന്നു എന്‍റെ അലമാരയില്‍. ഇബ്‌സന്‍റെ 'മാസ്റ്റര്‍ ബില്‍ഡര്‍' ആണ് അടിസ്ഥാനം. പത്തു മുപ്പതു വര്‍ഷങ്ങളായി മനസ്സിലേറ്റി നടക്കു നാടകമാണ്. ഇബ്‌സന്‍റെ ഇതരകൃതികളില്‍ നിന്നും മാറി ഒരു സര്‍റിയലിസ്റ്റിക് സ്വഭാവമുള്ള മാസ്റ്റര്‍പീസാണ് 'മാസ്റ്റര്‍ ബില്‍ഡര്‍'. മോഹന്‍ലാലിനെ മനു തന്നെ ബന്ധപ്പെട്ടു. അക്കാലത്തെ ഏറ്റവും കൂടിയ പ്രതിഫലത്തിന് കരാര്‍ ഒപ്പിട്ടു. സ്വാഭാവികമായ ചില തടസ്സങ്ങള്‍ മറി കടന്ന് നിര്‍മ്മാണ തയ്യാറെടുപ്പ് പൂര്‍ത്തിയായി. ഞാനും ശാന്തമ്മയും സംഘാംഗങ്ങളും ലണ്ടനിലേക്ക് യാത്രയായി.
'ആകാശഗോപുര' ത്തിന്‍റെ പൂര്‍ത്തീകരണം സിനിമാ ജീവിതത്തിലെ ഒരു നാഴികകല്ലായി ഞാന്‍ കരുതുന്നു. ഇന്ത്യന്‍ സിനിമയിലെ മറ്റേതെങ്കിലും ചിത്രത്തോട് താരതമ്യപ്പെടുത്താന്‍ സാധ്യമല്ലാത്ത ഒരു ചിത്ര സങ്കല്പം അതിന് പിറകിലുണ്ട്. ഒരു നോര്‍വീജിയന്‍ നാടകം. പത്തൊമ്പതാം നൂറ്റാണ്ടിലെ വാസ്തുശില്പകല അടിസ്ഥാനമാക്കിയുള്ള കഥാഘടന. മലയാളം പറയുന്ന മലയാളി കഥാപാത്രങ്ങള്‍. ലണ്ടനിലെ ചിത്രീകരണം. വിചിത്രം വിലക്ഷണം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സങ്കല്പം. മുന്‍ കാലങ്ങളിലാണെങ്കില്‍ യുക്തിരഹിതം എന്ന വിമര്‍ശനത്തിന് പാത്രമാകാവുന്നത്. എന്നാല്‍ ആയിരക്കണക്കിന് മലയാളികളും ഇന്ത്യാക്കാരും വിദേശ പൗരന്മാരുമായി ജീവിക്കുന്ന കാലത്ത് ഇതിന് യുക്തിരാഹിത്യമൊന്നുമില്ല. അമൂര്‍ത്തതയാണ് കല എന്ന് വിശ്വസിക്കുന്ന എനിക്ക് 'ആകാശഗോപുരം' ജീവിതസാക്ഷാത്കാരമായി അനുഭവപ്പെടുന്നു അന്നും ഇന്നും.
ഇബ്‌സന്‍റെ സംഭാഷണം ദാര്‍ശനികമായ ഒരു കാവ്യ ശില്പമാണ്. ചലച്ചിത്ര മാധ്യമത്തെക്കുറിച്ചുള്ള ചില പതിവ് ധാരണകളെ പുറംതള്ളിക്കൊണ്ട് ആ സംഭാഷണസൗന്ദര്യം തെല്ലും ചോര്‍ന്നു പോകാതെ ഏതാണ്ട് മുഴുവനും മലയാളികള്‍ക്കും മുമ്പില്‍ നിരത്തിവെയ്ക്കുവാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ നാടകസാഹിത്യത്തില്‍ മാത്രമല്ല സാമൂഹ്യബോധത്തിലും മലയാളികളെ ഏറ്റവുമധികം സ്വാധീനിച്ച പാശ്ചാത്യനായിരുന്നുവല്ലോ ഹെന്റിക് ഇബ്‌സന്‍.
തൊള്ളായിരത്തി എഴുപതുകളില്‍ കേരളത്തില്‍ പിറന്നുവീണ ഒരു സാമൂഹിക സാംസ്‌കാരിക മുന്നേറ്റമായിരുു നവസിനിമാ പ്രസ്ഥാനം. അതിന്‍റെ തുടക്കക്കാരിലൊരാളായ എന്നെ എന്നും അസ്വസ്ഥനാക്കുന്ന ചില ജീവിതങ്ങളും ആത്മസമര്‍പ്പണങ്ങളും ഇവിടെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. ആ ഓര്‍മ്മകളില്‍ നേരത്തെ കുറിച്ച ഏതാനും വരികള്‍ കൂടി.
/indian-express-malayalam/media/media_files/uploads/2017/12/Akasagopuram.jpg)
അവര്‍ പലയിടങ്ങളില്‍നിന്നും വന്നവരായിരുന്നു. പല വഴികളിലൂടെ എത്തിച്ചേര്‍ന്നവർ. ഭാഷയുടെ ഉച്ചാരണഭേദങ്ങള്‍ അവരെ വ്യത്യസ്തരെന്നു തോന്നിച്ചിരുന്നെങ്കിലും അവര്‍ സംസാരിച്ച വിഷയം ഒന്നു തന്നെയായിരുന്നു. ചിലര്‍ ഉയര്‍ന്ന ശബ്ദത്തില്‍ വാഗ്വാദങ്ങളിലേര്‍പ്പെട്ടു. മറ്റു ചിലര്‍ സരസമായ വാക്കുകളാല്‍ ചിരികളുയര്‍ത്തി. ഇനിയും ചിലര്‍ പതുക്കെ മന്ദ്രസ്ഥായിയില്‍ ശബ്ദിച്ചു. എന്നാല്‍, എല്ലാവരുടേയും ശ്രദ്ധ ഒരു കേന്ദ്രബിന്ദുവില്‍ സന്ധിച്ചു. കൃത്യമായ ലക്ഷ്യബോധവും യുവസഹജമായ വൈകാരികതയും അവരെ ആവേശഭരിതരാക്കിയിരുന്നു.
കലാപരവും സാങ്കേതികവുമായ ഉന്നതബിരുദങ്ങള്‍ നേടിയവരായിരുന്നു കുറേപ്പേര്‍. മറ്റു ചിലരുടെ മൂലധനം സര്‍ഗ്ഗാത്മകതയുടെ ആഴങ്ങളില്‍ സ്വയം മുങ്ങിത്തപ്പാനുള്ള ത്വരയായിരുന്നു. വിദൂര ദേശങ്ങളില്‍നിന്നും വന്നെത്തുന്ന അസുലഭ രചനകള്‍ അവരെ ഉത്തേജിതരാക്കി. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഏഴാം ദശകത്തിലാണ് ആ സംഘം ഉരുത്തിരിയാനാരംഭിച്ചത്. നിലവിലുള്ള അവസ്ഥയോടു കലാപം ചെയ്യാന്‍ ലോകത്തെങ്ങുമുള്ള യുവാക്കള്‍ ഒരുങ്ങിയിറങ്ങിയ കാലമായിരുന്നു അത്. തീവ്രരാഷ്ട്രീയത്തിന്‍റെ അലകള്‍ കേരള തീരങ്ങളെയും അസ്വസ്ഥമാക്കിയിരുന്നു. പ്രത്യയശാസ്ത്ര നിബദ്ധമല്ലെങ്കിലും മാറ്റത്തിനുവേണ്ടിയുള്ള അഭിലാഷം കലാപരമായ ഒരു കലാപമായി രൂപപ്പെടുകയായിരുന്നു. മലയാളി ജീവിതത്തിന്‍റെ ഭാഗമായി അതിനകം മാറിക്കഴിഞ്ഞിരുന്ന സിനിമാശീലങ്ങളില്‍ ഒരു പൊളിച്ചെഴുത്തു നടത്തുവാനാണ് ആ സംഘം ഒത്തൊരുമിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.