എന്റെ സിനിമാ ജീവിതം ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളൂ. ജീവിതത്തിന് ഒരു ഭദ്രത വന്നു ചേര്‍ന്ന കാലമായിരുന്നു അത്. ‘റോക്ക്’ എന്ന ചിത്രം ചെയ്യുവാന്‍ ഞാന്‍ പ്രാപ്തനല്ല എന്ന പ്രചരണം അന്തരീക്ഷത്തില്‍ വിഷപ്പുക പോലെ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. പൂർവ്വകാല സുഹൃത്തുക്കളുടെ മുഖഭാവത്തില്‍ ഒരു പന്തികേട് ഞാന്‍ ദര്‍ശിച്ചു. ഭാവിയില്‍ എന്റെ കുട്ടികള്‍ വളർന്നു വരുമ്പോള്‍ ഞാനൊരു ഇംപോസ്റ്റർ (imposter) ആണെന്ന് അവര്‍ക്ക് തോന്നുമോ? ആ ചിന്ത എനിക്ക് സഹിക്കാനാവുതിനപ്പുറമായിരുന്നു. സിനിമാസംവിധാനം തെരഞ്ഞെടുക്കപ്പെട്ട അപൂര്‍വ്വം ചിലരുടെ അവകാശമാണെന്ന തോന്നല്‍ പൊതുവെ ഉണ്ടായിരുന്നു. ”അയാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജാഥകളില്‍ മുദ്രാവാക്യം മുഴക്കി നടക്കുന്ന ഒരാളല്ലേ. അയാള്‍ക്കെന്തു സിനിമ” എന്ന് മുന്‍കാല രാഷ്ട്രീയചിന്തകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഒരാള്‍ ‘റോക്കി’ന് അവാര്‍ഡ് കിട്ടിയപ്പോള്‍ ഇങ്ങനെ കമന്റ് ചെയ്തതായി ഞാനറിഞ്ഞു.

പില്‍ക്കാലത്ത് ചിലര്‍ക്ക് ജീവിത വിജയത്തിന്റെ മഹാഗോപുരങ്ങള്‍ പടുത്തുയര്‍ത്തുവാനുള്ള അസ്തിവാരമായിത്തീർന്നു ‘സ്വയംവരം’ എന്ന സിനിമ. എന്റെ വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും ചിന്തയും ജീവിതാനുഭവങ്ങളും കൂടി ഉപയോഗിച്ചാണ് ആ ആരൂഢം ഉറപ്പിച്ചത്. എന്നാല്‍ ഞാനും ആ സൃഷ്ടിയ്ക്കുവേണ്ടി കഷ്ടപ്പാനുഭവിച്ച എന്റെ കുടുംബവും തമസ്‌കരണത്തിന്റെ അന്ധതയില്‍ അപമാനിതരായി കഴിയാന്‍ നിര്‍ബന്ധിതരായി.

ആ തമസ്സില്‍നിന്ന് ജ്യോതിസ്സിലേക്കുയരുവാനുള്ള ഒരു ചാവേര്‍പടവെട്ടാണ് ഞാന്‍ ‘അതിഥി’ എന്ന എന്റെ ആദ്യ കഥാചിത്രത്തിലൂടെ അനുഷ്ഠിച്ചത്. ഉണങ്ങാത്ത മുറിവുകളേറ്റു കൊണ്ടുള്ള വര്‍ഷങ്ങള്‍ നീണ്ട ആ കുതിപ്പില്‍ പരാജയങ്ങളേറ്റു വാങ്ങേണ്ടിവന്നെങ്കിലും ഇന്നോളം അടിയറവ് പറയുവാന്‍ ഞാന്‍ തയ്യാറായിട്ടില്ല.

ഈ ഡിജിറ്റല്‍ യുഗത്തില്‍പോലും ഒരു മുഴുനീള കഥാപാത്രം ചെയ്യുകയെന്നത് ചെറിയ ഒരു കാര്യമല്ല. അത് അസാധ്യം തന്നെയായിരുന്നു. ഗള്‍ഫ് മണിയോര്‍ഡര്‍ വന്നു തുടങ്ങിയിരുന്നില്ല കേരളത്തില്‍. വേരുകളില്ലാത്ത ഒരു നഗരത്തില്‍ ഉണ്ടായിരുന്ന സുരക്ഷിതത്വത്തിന്റെ ചരടുകള്‍ ഒന്നൊന്നായി പൊട്ടിപ്പോയ ഒരാള്‍ എങ്ങനെയാണ് ഇത്തരമൊരു സാഹസികത്വത്തിന് ഒരുങ്ങിപ്പുറപ്പെടുക. ഒറ്റപ്പെട്ടവന്റെ അതിജീവന സമരമായിരുന്നു അത്. ആദ്യമായി ഒരു കഥ വേണം. അത് വികസിപ്പിച്ച് ഒരു തിരക്കഥയുണ്ടാക്കണം. നിര്‍മ്മാതാക്കളെ കണ്ടെത്തണം. ചിട്ടയായി ഇക്കാര്യങ്ങള്‍ ചെയ്യാനുള്ള ക്ഷമയൊന്നും ഉണ്ടായിരുന്നില്ല എനിക്ക്. എന്തുകൊണ്ട് ‘അതിഥി’ എന്ന നാടകത്തിന് ഒരു ചലച്ചിത്ര രൂപം ആലോചിച്ചു കൂടാ എന്ന നിർദ്ദേശം മുന്നോട്ട് വച്ചത് കലാ സംവിധായകനായ ദേവദത്തനാണ്. (‘സ്വയംവര’ത്തിന്റെയും ‘അതിഥി’യുടെയും കലാസംവിധായകനായിരുന്നു ദേവദത്തൻ.)

എന്റെ ആദ്യപ്രതികരണം നിഷേധമായിരുന്നു. ഏതാനും ദിവസങ്ങള്‍കൊണ്ട് ആ ചിന്ത എന്നെ ആവേശഭരിതനാക്കി. ഞാന്‍ തിരക്കഥ രചിക്കാനാരംഭിച്ചു. മൂന്ന് രംഗങ്ങള്‍ മാത്രമുണ്ടായിരുന്ന നാടകത്തെ ഉഴുതു മറിച്ച് നാല്‍പ്പതോളം സീനുകളാക്കി വികസിപ്പിക്കാന്‍ കഴിഞ്ഞു. രമണിയുടെയും കരുണന്റെയും മാനസികഭാവങ്ങള്‍ ദൃശ്യപരമായി വിശദമാക്കുവാനായി. അച്ഛന്റെ കോടതിയിലേക്കുള്ള യാത്രകളും ശേഖരനെ കാത്തുനില്‍ക്കുന്ന റെയില്‍വേസ്റ്റേഷനും ദൃശ്യവത്കരിച്ചു. രാഘവന്റെ വര്‍ക്ക്‌ഷോപ്പും സുഹൃത്തും മുതലാളിയുമായ ജോര്‍ജിനെയും രംഗത്തവതരിപ്പിച്ചു. ലതയുടെ പ്രേമ രംഗങ്ങളും ഡാന്‍സ് പഠിപ്പിക്കുന്ന ടീച്ചറും സാധാരണ സിനിമാ സീനുകളുടെ മട്ടില്‍ സങ്കല്‍പ്പിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തിരക്കഥ തയ്യാറായി.

Athithi

‘അതിഥി’യില്‍ നിന്ന്

ദുര്‍ബലരായവര്‍, ഒറ്റപ്പെട്ടവര്‍, ബഹിഷ്‌കൃതര്‍ മുതലായവരാണ് മിക്കവാറും എന്റെ കഥാപാത്രങ്ങള്‍. പക്ഷെ അവരാരും സമനില തെറ്റിയവരോ, കോമാളികളോ അല്ല. ശരാശരി മനുഷ്യരാണ്. വിചിത്ര മനുഷ്യരുടെ പ്രത്യേകത വച്ച് പ്രേക്ഷകരെ ചിരിപ്പിക്കാനോ വികാര വിവശരാക്കുവാനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. സാധാരണ ജീവിതത്തിനിടയില്‍ മനുഷ്യരനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങളാണ് എന്റെ പ്രമേയങ്ങള്‍.

നിര്‍മ്മാതാവിനെ വായിച്ചു കേള്‍പ്പിക്കുവാനുള്ള കോപ്പ് കൈയിലെത്തി. ഒന്ന് രണ്ട് സ്‌നേഹിതന്മാര്‍ കുറച്ചു പണം വാഗ്ദാനം ചെയ്തു. മുന്‍പിൻ നോക്കാതെ ഞാന്‍ മദിരാശിയ്ക്ക് വണ്ടി കയറി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ വയലാര്‍ രാമവര്‍മ്മയെ പരിചയപ്പെട്ടിരുന്നു. നാറാണത്തു ഭ്രാന്തന് ചലച്ചിത്രാവിഷ്‌കാരം നല്‍കിയതു കേട്ട് എന്നെ പരിചയപ്പെടാന്‍ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. ഞാനദ്ദേഹത്തെ ഒരു തവണ സന്ദര്‍ശിക്കുകയും ചെയ്തു. സ്‌നേഹസമ്പന്നനും പുതു നാമ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ ഉത്സുകനുമാണ് അദ്ദേഹമെന്ന് എനിക്ക് തോന്നിയിരുന്നു. ആ സിനിമയുടെ സൃഷ്ടിയില്‍ ഞാനേറെ കടപ്പെട്ടിരിക്കുന്നത് വയലാറിനോടാണെന്ന് ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. തപ്പിയും തടഞ്ഞുമാണ് ചിത്രം മുന്നോട്ട് പോയത്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ ആ യാത്രയില്‍ എന്റെ ചെറുതല്ലാത്ത പണവും മനഃസമാധാനവും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അവസാനം ചിത്രം പൂര്‍ത്തീകരിക്കപ്പെട്ടു, തിയേറ്ററുകളിലെത്തി. രചന അവതരിപ്പിക്കുന്ന ‘അതിഥി’ എന്ന ശീര്‍ഷകത്തിലിറങ്ങിയ ചിത്രത്തില്‍ രചന സംവിധാനമടക്കം ടൈറ്റിലുകളൊന്നുമുണ്ടായിരുന്നില്ല.

ആ സിനിമയുടെ ഘടനയെപ്പറ്റി വിശദീകരിക്കേണ്ടതുണ്ടെന്ന് തോുന്നുന്നു. ഗൗരവമുള്ള ചലച്ചിത്രങ്ങളെക്കുറിച്ച് അന്നുണ്ടായിരുന്ന പൊതുധാരണ സത്യജിത് റേയെ മാതൃകയാക്കുകയെന്നതായിരുന്നു. ലോക സിനിമയിലെ മറ്റനേകം ശൈലികള്‍ നമുക്ക് വഴങ്ങുതാണെന്ന് തോന്നിയിരുന്നില്ല. ‘അതിഥി’യെക്കുറിച്ചുണ്ടായിരുന്ന എന്റെ സങ്കല്പം മറ്റൊരു തരത്തിലായിരുന്നു.

‘അതിഥി’

ആരെങ്കിലും നേര്‍രേഖയില്‍ വെട്ടിയുണ്ടാക്കിയ ഒരു കനാലല്ല സിനിമ എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. വളഞ്ഞ് പുളഞ്ഞ് ഒഴുകുകയും തുടക്കത്തിലും ഒടുക്കത്തിലും അനേകം ശാഖകളായി പിരിയുകയും ചെയ്യുന്ന ഒരു മഹാനദിയാണ് അത്. ഇന്ത്യന്‍ സിനിമയുടെ പരമ്പരാഗത വാര്‍പ്പിനകത്ത് നിന്നുകൊണ്ട് മനുഷ്യാവസ്ഥയുടെ സങ്കീര്‍ണ്ണതകള്‍ ആവിഷ്‌കരിക്കുവാന്‍ കഴിയുമോ എതായിരുന്നു എന്റെ അന്വേഷണം. അതിനാല്‍ തന്നെ ചിത്രം തിയേറ്ററില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ മൂന്നു ചേരിയായിത്തിരിഞ്ഞു. പതിവ് സിനിമകളുടെ പ്രേക്ഷകര്‍ ചിന്താക്കുഴപ്പത്തിലാവുകയും പ്രതിഷേധിക്കുകയും ചെയ്തു. കലാസിനിമയുടെ പുതുതായി ഉരുത്തിരിഞ്ഞ ആസ്വാദകരും അതിനെ അംഗീകരിക്കാന്‍ തയ്യാറായില്ല.

എന്നാല്‍ ആധുനികതയുടെ സങ്കീര്‍ണ്ണ സൗന്ദര്യത്തില്‍ ആകൃഷ്ടരായ യുവജനങ്ങള്‍ ‘അതിഥി’യെ ആവേശപൂര്‍വ്വം സ്വീകരിക്കുകയും ദശാബ്ദങ്ങളോളം തങ്ങളുടെ പ്രിയ ചിത്രമായി പരാമര്‍ശിക്കുകയും ചെയ്തു. പാലക്കാട് വിക്‌ടോറിയ കോളേജില്‍ അന്ന് പ്രവര്‍ത്തിച്ചിരുന്ന എസ്.എല്‍.സി.ഒ. എന്ന സംഘടന ചിത്രത്തിനും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഷീലയ്ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. അതു മാത്രമായിരുന്നു ‘അതിഥി’യ്ക്ക് ഇന്നോളം ലഭിച്ച അവാര്‍ഡുകള്‍. അവാര്‍ഡുകള്‍ക്കെല്ലാം അതീതമായി നില നിന്ന ചുരുക്കം സിനിമകളിലൊന്നാണ് ‘അതിഥി’.

ഓരോ കലാകാരനും രാഷ്ട്രീയമുണ്ട്. ഓരോ കലാസൃഷ്ടിയുടെയും ഉള്ളില്‍ കര്‍ത്താവിന്റെ രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ട്. നാട്യങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും അപ്പുറത്ത് സൃഷ്ടിയുടെ പുറം തോട് കീറി ഉള്‍ത്തടം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇത് വ്യക്തമാവൂ. അത് ലളിതമായ ഒരു പ്രക്രിയ അല്ല. അതിസങ്കീര്‍ണ്ണമായ ബന്ധങ്ങളും മാനസികാവസ്ഥയും ആധുനികമായ ചട്ടക്കൂടിലൂടെ അവതരിപ്പിക്കുവാനാണ് ഞാന്‍ ശ്രമിച്ചത്. മൂര്‍ത്തവും അമൂര്‍ത്തവുമായ അനേകം ഘടകങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും ബോധപൂര്‍വമായ ഒരു കൂട്ടിച്ചേര്‍ക്കലായിരുന്നില്ല. സ്വാഭാവികമായ ഒരു കൂടിച്ചേരല്‍ മാത്രം.

ഞാനൊരു ധീരനോ സാഹസികനോ അല്ല. ചെറുപ്പത്തില്‍ത്തന്നെ മനസ്സിലുറച്ചുപോയ ചില ധാരണകളുടെ ബലത്തില്‍ ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരാള്‍. സന്ദര്‍ഭങ്ങളുടെ സമ്മര്‍ദ്ദം വേണ്ടപ്പെട്ടവരെ ഞെട്ടിച്ച ചില തീരുമാനങ്ങളിലേക്ക് എന്നെ എത്തിച്ചിട്ടുണ്ട്. സ്വത്വത്തിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുടുംബത്തിന്റെ സാമ്പത്തികഭദ്രത നഷ്ടപ്പെടുത്തിക്കൊണ്ട് സിനിമയുടെ കുത്തൊഴുക്കില്‍ മുന്‍പിൻ നോക്കാതെ എടുത്തു ചാടിയിട്ടുണ്ട്. അത്തരമൊരവസ്ഥയിലേക്കാണ് ചിത്രീകരണവേളയില്‍ തന്നെ ചെന്നുപെട്ടത്. നിര്‍മ്മാണമേറ്റെടുത്തവര്‍ പണം തീർന്നതിനാൽ മുന്നോട്ട് പോകാന്‍ നിവൃത്തിയില്ലെന്ന് അറിയിച്ചു. ചിലരില്‍നിന്നും കടംവാങ്ങിയ സാമാന്യം വലിയയൊരു തുക ഞാനവരെ ഏല്‍പ്പിച്ചു. ഒരു രേഖയുമില്ലാതെ. എങ്ങനെയെങ്കിലും പടം പൂര്‍ത്തീകരിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. ‘അതിഥി’ പൂര്‍ത്തിയായി. കഥ,തിരക്കഥ, സംവിധാനം എന്നിവയ്ക്കു കിട്ടേണ്ട പ്രതിഫലം പോകട്ടെ, കടംകൊടുത്ത പണം പോലും തിരിച്ചുനല്‍കാന്‍ പോലും അവര്‍ തയ്യാറായില്ല. ‘സ്വയംവര’ത്തില്‍ സംഭവിച്ചത് വലിയ തോതില്‍ ആവര്‍ത്തിക്കുകയായിരുന്നു. ചതിയുടെ മണം മുന്‍കൂട്ടി അറിയാനുള്ള ഘ്രാണശക്തി എനിക്കെന്നും കുറവായിരുന്നു.

‘അതിഥി’ പ്രദര്‍ശനത്തിനെത്തി. സാമാന്യം ഭേദപ്പെട്ട അഭിപ്രായങ്ങളായിരുന്നു പത്രങ്ങളില്‍ വന്നത്. എന്നാല്‍ തിരുവനന്തപുരത്ത് അന്ന് ഏറ്റവും പ്രചാരമുണ്ടായിരുന്ന ദിനപത്രങ്ങളില്‍ ഒരു നിരൂപണം പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്തെത്തിയകാലം തൊട്ട് എന്റെ അടുത്ത സുഹൃത്തായിരുന്ന പത്രപ്രവര്‍ത്തകന്‍ സ്വന്തം പേരില്‍ നഖശിഖാന്തം ചിത്രത്തെ പിച്ചിക്കീറുന്ന ഒരു ദീര്‍ഘ ലേഖനം പ്രസിദ്ധപ്പെടുത്തി. പടം തിയേറ്ററില്‍ ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. മലയാളസിനിമയില്‍ അപകടകരമായ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സംവിധായകന്റെ ഭാവനാശൂന്യത മാത്രമല്ല പി.ജെ. ആന്റണിയുടെ അഭിനയസിദ്ധിയെയും അദ്ദേഹം ചോദ്യം ചെയ്തു. നിരൂപണത്തിന്റെ അവസാനഭാഗം ഇങ്ങനെയായിരുന്നു. ”സംവിധായകന്റെയും മുഖ്യനടന്റെയും കഴിവുകേട് അതിഥി എന്ന സിനിമയെ ഉത്തരായണത്തിനും പിക്‌നിക്കിനുമിടയില്‍ എവിടെയോ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. അത്തരമൊരിടമില്ല എന്നതല്ലേ സത്യം.’ (പിക്‌നിക് എന്ന ശശികുമാര്‍-പ്രേംനസീര്‍ ചിത്രം അക്കാലത്തെ റെക്കോര്‍ഡ് സാമ്പത്തിക വിജയം നേടിയിരുന്നു.) എന്റെ കഷ്ടകാലത്തിന് 1974 ഡിസംബര്‍ 31നാണ് സെന്‍സര്‍ ചെയ്തത്. ഉത്തരായണവും ആ വര്‍ഷം തന്നെ പൂര്‍ത്തീകരിച്ച ചിത്രമായിരുന്നു. ദുരന്തങ്ങള്‍ എന്നെ കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

1974 മലയാള സിനിമയില്‍ പില്‍ക്കാലത്ത് കൊടിനാട്ടിയ പല സംവിധായകരുടെയും ആദ്യചുവട് വെച്ച വര്‍ഷമായിരുന്നു. ഭരതന്റെ ‘പ്രയാണം’, അരവിന്ദന്റെ ‘ഉത്തരായണം’, ഐ.വി. ശശിയുടെ ‘ഉത്സവം’, ജോൺ എബ്രഹാമിന്റെ ‘അഗ്രഹാരത്തില്‍ കഴുതൈ’ (ജോണിന്റെ സിനിമ ആ വര്‍ഷം പൂര്‍ത്തിയായില്ല). കൂട്ടത്തില്‍ ‘അതിഥി’യും.

തുടര്‍ന്നു വന്ന സംസ്ഥാന-ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ എന്റെ ചിത്രത്തെ പൂര്‍ണമായും അവഗണിച്ചു. ഉത്തരായണത്തിന് 13 അവാര്‍ഡുകളായിരുന്നു എന്നാണ് ഓര്‍മ്മ. അക്കാലത്ത് അവസാനമായി കേരളത്തില്‍ മുഴുവനും ചിത്രീകരിച്ച ചിത്രത്തിന് ഒരു പ്രോത്സാഹന പുരസ്‌കാരമുണ്ടായിരുന്നു. പി.ആര്‍.എസ്. പിള്ള ചെയര്‍മാനും എം.വി. ദേവനെപ്പോലുള്ള പ്രഗത്ഭര്‍ അംഗങ്ങളുമായ കമ്മിറ്റി ആ സമ്മാനവും മികച്ച ചിത്രം, മികച്ച സംവിധായകന്‍ തുടങ്ങി എല്ലാ മുഖ്യസമ്മാനങ്ങളും നേടിയ ഉത്തരായണത്തിന് തന്നെ ആ പ്രോത്സാഹനസമ്മാനവും നല്‍കി തൃപ്തിയടഞ്ഞു. (ഇവിടെ യശ്ശശരീരനായ അരവിന്ദനെക്കുറിച്ച് ചില കാര്യങ്ങള്‍ കുറിക്കേണ്ടതുണ്ടെന്നു കരുതുന്നു.). 1966 മുതല്‍ അരവിന്ദനുമായി സൗഹൃദമുണ്ട് എനിക്ക്. ഒരിക്കല്‍പോലും ആ സൗഹൃദത്തിന് ഭംഗം ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. തമ്മില്‍ കാണുമ്പോള്‍ സംസാരിച്ചത് സിനിമ തുടങ്ങിയ വലിയ കാര്യങ്ങളെപ്പറ്റിയായിരുന്നില്ല. രണ്ടു പേരുടെയും രോഗാവസ്ഥയെപ്പറ്റിയും ചികിത്സകളെപ്പറ്റിയും ആയിരുന്നു. എന്നാല്‍ അക്കാലത്ത് അരവിന്ദന്റെ വലിയ സംഘം സുഹൃത്തുക്കളും ആരാധകരും അനുചരന്മാരും ‘അതിഥി’യെ ടാര്‍ഗറ്റ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു.

‘അതിഥി’

രാഷ്ട്രീയവും സാംസ്‌കാരികവുമായ അധികാരകേന്ദ്രങ്ങളില്‍ നിന്ന് ഏറ്റ ആഘാതം എനിക്ക് താങ്ങാവുതിനുമപ്പുറമായിരുന്നു. ‘സ്വയംവര’ത്തിന്റെ തിരക്കഥാ രചനയിലും നാറാണത്തു ഭ്രാന്തന്റെ ചലച്ചിത്രസങ്കല്പത്തിലും ‘അതിഥി’ എന്ന അപൂര്‍വ സൃഷ്ടിയിലും പ്രഫുല്ലമായ എന്റെ സര്‍ഗ്ഗശേഷി ആ ആഘാതത്തില്‍ മുങ്ങി നിവരാത്തവണ്ണം നഷ്ടപ്പെട്ടുപോയി എന്നാണ് ഞാനിന്നും വിശ്വസിക്കുന്നത്. കുതികാല്‍ വെട്ടിലും പിറകില്‍നിന്നുള്ള കുത്തിലും ആ സൃഷ്ടികള്‍ മരണമടഞ്ഞു. വളരെക്കാലം ആത്മനിന്ദയുടെ ഇരയായിത്തീരുകയായിരുന്നു ഞാന്‍. പിന്നീട് നടന്നതെല്ലാം അതിജീവനത്തിന്റെ ജന്തുസഹജമായ ആന്ദോളനങ്ങള്‍ മാത്രം.

സിനിമയുടെ പിന്നാലെ നടന്നതിനാല്‍ ഒന്നൊരവര്‍ഷം അപൂര്‍വം ദിവസങ്ങളേ ഞാന്‍ ജോലിക്ക് ഹാജരായുള്ളൂ. 1975 മെയ് ഒന്നിന് ചിത്രം പുറത്തിറങ്ങിയിട്ടും എനിക്ക് ജോലിക്ക് ചേരാന്‍ മടി തോന്നി. കാരണം കൃത്യമായി ലീവിനുള്ള അപേക്ഷകള്‍ പോലും കൊടുത്തിരുന്നില്ല. രണ്ട് മൂന്നാഴ്ചയ്ക്കുശേഷം എന്റെ കൂടെ ജോലി ചെയ്യുന്ന ചെറായിക്കാരനായ ശ്രീധരന്‍ വീട്ടില്‍ വന്നു. ജോലിക്ക് ചേരുവാന്‍ നിര്‍ബന്ധിച്ചു. എന്റെ അടുത്ത സുഹൃത്തോ യൂണിയന്‍ നേതൃത്വത്തിലുള്ള ആളോ ഒന്നും ആയിരുന്നില്ല അദ്ദേഹം. അവരാരും എന്നെ അന്വേഷിച്ചില്ല. അയല്‍വാസികളും മുന്‍കാലത്ത് ഗാഢബന്ധം പുലര്‍ത്തിയിരുന്നവരും എന്നെ തിരിഞ്ഞു നോക്കിയില്ല. ശ്രീധരന്‍ എന്ന നല്ലവനായ ആ മനുഷ്യന്റെ ഓര്‍മ്മ ദശാബ്ദങ്ങള്‍ക്കുശഷവും എന്റെ മനസ്സില്‍ ഒരു കുളിര്‍മ്മയായി നില്‍ക്കുന്നു

മെയ്‌ മാസം 25ന് ഞാന്‍ ജോലിയില്‍ തിരിച്ചു കയറി. ജോലി സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍ വലിയ കുഴപ്പമൊന്നുമില്ല. ആയിരത്തോളം പേര്‍ ജോലി ചെയ്യുന്ന ഇടമാണ്. ഒരാള്‍ വരുന്നതും പോകുന്നതും വലിയ കാര്യമൊന്നുമല്ല. കുറച്ചുപേര്‍ വന്ന് സിനിമയുടെ കാര്യങ്ങള്‍ തിരക്കി. എല്ലാം പതിവുപോലെ. കൃത്യം ഒരു മാസം കഴിഞ്ഞു. ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. മണിക്കൂറുകള്‍ക്കം രാജ്യം മുഴുവന്‍ മരവിച്ചതുപോലെ. ശബ്ദായമാനമായ ഇടങ്ങളിലെല്ലാം നിശ്ശബ്ദത, മ്ലാനത. ജനാധിപത്യത്തിന് നല്‍കിയ താന്‍പോരിമ ഒരൊറ്റ നിമിഷം കൊണ്ട് ഊര്‍ന്നു പോയി. കടുത്ത അച്ചടക്കത്തിന്റെ കവാടത്തിനുള്ളില്‍ അടച്ചിട്ട കാരാഗ്രഹതുല്യമായ ഓഫീസുകള്‍, യൂണിയന്‍ പ്രവര്‍ത്തനം നിശ്ചലമായി. നേതാക്കന്മാരെല്ലാം നല്ല പിള്ളമാരായി പെരുമാറാന്‍ തുടങ്ങി. അത്തരം ബന്ധങ്ങളൊന്നും ഇല്ലാതിരുന്നതിലാവണം എനിക്ക് വലിയ കൂസലൊന്നുമുണ്ടായിരുന്നില്ല. തെറ്റോ ശരിയോ ആയി സിനിമ എനിക്ക് ആന്തരികമായ ഒരു ശക്തി നല്‍കിയിരുന്നു. സംഘബലം ദുര്‍ബലമാകുമ്പോള്‍ ഒറ്റപ്പെട്ടവന് എന്താണ് നഷ്ടപ്പെടാനുള്ളത്.

അടിയന്തിരാവസ്ഥ അവര്‍ക്കാര്‍ക്കും ഒരു നഷ്ടവുമുണ്ടാക്കിയില്ല. എന്നാല്‍ കനത്ത ആഘാതങ്ങള്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. കടക്കാര്‍ എന്നെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. നാട്ടില്‍ അല്പം കുടുംബവസ്തു ഉള്ളത് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ചലച്ചിത്രരചന നല്‍കിയ ആത്മവിശ്വാസത്തിന് ഓഫീസിലെ അന്തരീക്ഷം ഇളക്കം തട്ടിക്കുന്നതുപോലെ. ഞാനൊരു കടുത്ത തീരുമാനത്തിലെത്തി. സിനിമ വഴി വന്ന പ്രശ്‌നങ്ങള്‍ക്ക് സിനിമ വഴി തന്നെ പരിഹാരം കണ്ടെത്തണം.

1975 ഒക്‌ടോബര്‍ അഞ്ചിന് ഞാന്‍ ജോലിയില്‍ നിന്നും അടുത്ത മാസം 10ന് പിരിയുന്നതാണെന്ന് കാണിച്ച് നിയമപ്രകാരമുള്ള നോട്ടീസ് കൊടുത്തു. വീട് വില്‍ക്കുക. തിരുവനന്തപുരം ഉപേക്ഷിക്കുക. ഭ്രാന്തമെന്ന് വിളിക്കാവുന്ന നടപടികള്‍. അക്കാലത്തെ ഇടത്തരം ജീവനക്കാരുടെ സമൂഹത്തിന് ഉള്‍ക്കൊള്ളാനാവാത്ത നടപടികള്‍. പക്ഷെ ഞങ്ങളുടെ മനസ്സിലെ അഗ്നിനാളങ്ങള്‍ക്ക് അല്പം ശമനമേകുവാന്‍ അതുപകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

നസിമുദ്ദീന്‍ എന്ന ഒരു വിദ്യാര്‍ത്ഥി നേതാവിനെ പല സമരവേദികളിലും വെച്ച് ഞാന്‍ പരിചയപ്പെട്ടിരുന്നു. ചെറുപ്പത്തിലേ ഒരു ബഷീറിയന്‍ കഷണ്ടി വ്യാപിച്ച തീപ്പൊരി സഖാവായിരുന്നു അയാള്‍. ജോലി ഉപേക്ഷിച്ച കാലത്ത് ഒരുനാള്‍ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍വെച്ച് ഞാന്‍ നസിമുദീനെ കണ്ടുമുട്ടി. രാഷ്ട്രീയമുപേക്ഷിച്ച് ചെറിയ ബിസിനസ്സുമായി ബാംഗ്ലൂരില്‍ കൂടിയിരിക്കുകയായിരുന്നു അയാള്‍. അടുത്തകാലത്ത് സിനിമാബന്ധവും അയാള്‍ സ്ഥാപിച്ചിരുന്നു. ആയിടെ വലിയ സാമ്പത്തികവിജയം നേടിയ ‘വിഷ്ണുവിജയം’ എന്ന സിനിമ നിര്‍മ്മിച്ച കമ്പനിയ്ക്കുവേണ്ടി അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് കര്‍ണാടക ഗവമെന്റ് ഏര്‍പ്പെടുത്തിയ സബ്‌സിഡിക്കുവേണ്ടി പല മലയാള സിനിമാ നിര്‍മ്മാതാക്കളും അവിടെ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നു. എന്‍. ശങ്കരന്‍നായര്‍ സംവിധാനം ചെയ്യുകയും കമലാഹസന്‍ എന്ന പുതുമുഖവും ഷീലയും അഭിനയിക്കുകയും ചെയ്ത സിനിമയായിരുന്നു ‘വിഷ്ണുവിജയം’. അടുത്ത പടത്തിനുവേണ്ടി പുതിയയൊരു സംവിധായകനെ തേടുകയാണ് നിര്‍മ്മാതാക്കളെന്ന് നസീമുദ്ദീന്‍ പറഞ്ഞു. താല്പര്യമുണ്ടെങ്കില്‍ എന്റെ പേര് നിര്‍ദ്ദേശിക്കാം. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ മദിരാശിയിലെത്തി. സമരിയാസ് എബ്രഹാം എന്ന യുവനിര്‍മ്മാതാവിനെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു സിനിമാക്കഥ ഉണ്ടായിരുന്നു. പറഞ്ഞുകേട്ടപ്പോള്‍ പത്തിരുപത് മിനിട്ടില്‍ തീരുന്ന ഒരു കഥ. ലക്ഷ്യമില്ലാതെ ചുറ്റിത്തിരിയുന്ന ഒരു ചെറുപ്പക്കാരന്‍. ഒരു കൊച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നവരുടെ കൈകളില്‍നിന്ന് രക്ഷപ്പെടുത്തുതാണ് കഥ. ഭര്‍ത്താവില്ലാത്ത കുട്ടിയുടെ അമ്മയുമായി അയാള്‍ പരിചയപ്പെടുന്നു. എന്റെ സിനിമാസങ്കല്പവുമായി പൊരുത്തപ്പെടാനാകുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു. നിര്‍മ്മാതാവ് എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് ചോദിച്ചു. ‘ can you make a film out of this story ഒരു നിമിഷം പോലും ശങ്കിച്ചു നില്‍ക്കാതെ ഞാന്‍ പറഞ്ഞു. ‘ I think, I can’

കേരളത്തില്‍ തന്നെയാണ് ചിത്രീകരണം നടന്നത്. സുകുമാരനും റാണിചന്ദ്രയും മുഖ്യ കഥാപാത്രങ്ങള്‍. ഷാജി എന്‍. കരുൺ ഛായാഗ്രാഹകന്‍. ദേവദാസ് ശബ്ദലേഖകനായി മാത്രമല്ല സഹസംവിധായകനായും പ്രവര്‍ത്തിച്ചു. ‘വിഷ്ണുവിജയ’ത്തിന്റെ തിരക്കഥാകൃത്തായ വി.ടി. നന്ദകുമാര്‍ രചന നിര്‍വഹിച്ചു. വിഷ്ണുവിജയത്തിന്റെ വിജയം കാരണമാവണം അദ്ദേഹം ഒരു നിര്‍ദ്ദേശംവച്ചു. കുട്ടിക്ക് ലക്ഷ്മി എന്ന് പേരിടാം. ചിത്രത്തിന്റെ പേര് ലക്ഷ്മിവിജയം.

നിര്‍മ്മാതാവിന് സന്തോഷമായി. അല്പം അരോചകമായി തോന്നിയെങ്കിലും ഞാനൊന്നും മിണ്ടിയില്ല. ഷാജി പൂര്‍ണമായും ഛായാഗ്രഹണം നിര്‍വഹിച്ച ആദ്യ ചിത്രം. സിനിമാ ജീവിതം ഉപേക്ഷിച്ച് വിദേശത്തു പോകാനൊരുങ്ങിയ സുകുമാരന്റെ തിരിച്ചു വരവും. ചുരുങ്ങിയ ചെലവില്‍ 20 ദിവസത്തിനകം ഷൂട്ടിങ് തീര്‍ത്ത ചിത്രം ഭേദപ്പെട്ട സാമ്പത്തികവിജയം കൈവരിച്ചു. നല്ല നിരൂപണങ്ങള്‍ ലഭിച്ച ചിത്രം. നല്ലൊരു വിഭാഗം പ്രേക്ഷകര്‍ക്ക് രസിക്കുകയും സിനിമാ മേഖലയില്‍ ചെറിയൊരു ഇടം എനിക്ക് നേടിത്തരികയും ചെയ്തു.

അതിനിടയിലാണ് മറ്റൊരു ഇടിവാള്‍ എന്റെയും കുടുംബത്തിന്റെയും തലയില്‍ പതിച്ചത്. ഷൂട്ടിങ് പകുതിയോളം പുരോഗമിച്ച സമയത്ത് എനിക്ക് രഹസ്യമായ ഒരു വിവരം ലഭിച്ചു. അടിയന്തിരാവസ്ഥ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുയാണ്. ‘You are being shadowed, Take care’ ഒരു അഭിഭാഷകസുഹൃത്ത് എന്നെ അറിയിച്ചു. ചിലതൊക്കെ എനിക്ക് ഊഹിക്കാന്‍ പറ്റി. തളര്‍ന്നു പോകുന്ന മനസ്സും ശരീരവുമായി ഞാന്‍ ജോലി തുടർന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി. എന്നാല്‍ കാര്യങ്ങള്‍ നേരത്തെയറിഞ്ഞ നിര്‍മ്മാതാവും ഞാനുമായുള്ള ബന്ധം തകര്‍ന്നു. എന്റെ സഹപ്രവര്‍ത്തകരില്‍ നിന്നു പോലും ഒറ്റപ്പെട്ടതുപോലെ തോന്നി.

ഞാന്‍ വീട്ടിലേയ്ക്ക് ഏകനായി പുറപ്പെട്ടു. ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു ശാന്തമ്മ. അവര്‍ക്കും രണ്ടു പുത്രന്മാര്‍ക്കും ഒപ്പം ഭാര്യയുടെ പിതാവ് സഹായത്തിനുണ്ടായിരുന്നു. ഒപ്പം രണ്ട് പോലീസുകാര്‍ കാവല്‍ നില്‍ല്‍ക്കുന്നുമുണ്ടായിരുന്നു, അത് മറ്റൊരു രാഷ്ട്രീയ ഉപാഖ്യാനം. അടിയന്തിരാവസ്ഥാ ഭീകരതയുമായുള്ള മുഖാമുഖം.

ലക്ഷ്മിവിജയവും അവാര്‍ഡ് കമ്മിറ്റിക്ക് ബോധിച്ചില്ല. പ്രഖ്യാപനത്തിന്റെ തലേന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ രണ്ട് സംവിധായക സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞു. മികച്ച സംവിധായകനുള്ള അവാര്‍ഡ് എനിക്കാണെന്ന്. അഞ്ച് വയസ്സുള്ള ബേബി ജയശാന്തിക്ക് നല്ല ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഭാഗ്യം. പിന്നീടാണറിഞ്ഞത് മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ് ശബ്ദലേഖനം പൂര്‍ത്തിയാക്കാത്ത ഒരു ചിത്രത്തിനാണ് ലഭിച്ചത്.

ഒന്നൊര വര്‍ഷങ്ങള്‍ക്കുശേഷം ഞാനും കുടുംബവും കൂത്തുപറമ്പിലെ വീട്ടില്‍ തങ്ങുകയായിരുന്നു. അഞ്ചംഗസംഘം എന്നെ തിരക്കി വീട്ടിലെത്തി. അവര്‍ വടകരയില്‍നിാണ് വരുന്നത്. പ്രശസ്ത എഴുത്തുകാരന്‍ വി.പി. മുഹമ്മദ്, കവി പി.ടി. അബ്ദുറഹ്മാന്‍, നടന്‍ വില്യാപ്പള്ളി രാജന്‍, അബുദാബിയില്‍ ജോലി ചെയ്യുന്ന ഷാജഹാന്‍, അദ്ദേഹത്തിന്റെ ബന്ധു അബ്ദുള്ള. അവര്‍ക്ക് ഒരു സിനിമ നിര്‍മ്മിക്കണമെന്നുണ്ട്. ഞാന്‍ സംവിധാനം ചെയ്യണം. വി.പി.യുടെ നോവല്‍ ‘തേന്‍തുള്ളി’യുടെ ചലച്ചിത്രരൂപമാണ് ചെയ്യേണ്ടത്. ഷാജഹാന്‍ കുറച്ച് പണം മുടക്കും. എന്നാല്‍ അദ്ദേഹത്തിന് താമസിയാതെ ഗള്‍ഫിലേക്ക് തിരിച്ചുപോകണം. സംവിധാനം മാത്രമല്ല നിര്‍മ്മാതാവിന്റെ ചുമതലയും ഞാനേല്‍ക്കണം. ഒരു പാക്കേജ് ഡീല്‍. ശ്രീവിദ്യയും സുകുമാരനും രവിമേനോനും മറ്റും അഭിനയിച്ച ആ ചിത്രത്തിന്റെ സംഘാടനം മിന്നല്‍ വേഗത്തിലാണ് നടന്നത്. വലിയ പരിക്കുകളില്ലാതെ ആ സിനിമയും പൂര്‍ത്തീകരിച്ച് തിയേറ്ററിലെത്തിക്കാന്‍ കഴിഞ്ഞു. ആ കറുപ്പും വെളുപ്പും ചിത്രത്തിന്റെ ഓര്‍മ്മക്കുറിപ്പായി പി.ടി. അബ്ദുറഹ്മാന്‍ രചിച്ച് കെ. രാഘവന്‍ മാസ്റ്റര്‍ സംവിധാനം നിര്‍വഹിച്ച ഒരു ഗാനം ഇന്നും ജനശ്രദ്ധയാകര്‍ഷിക്കുന്നു. ”ഓത്തുപള്ളിയിൽ നമ്മള് പോയിരുന്ന കാലം….” ആ ഗാനത്തിന്റെ ബലത്തില്‍ പ്രശസ്തനായ ഗായകന്‍ വി.ടി. മുരളി എന്റെ മനസ്സിലെ ഒരു സാര്‍ത്ഥകതയാണ്.

‘ബ്ലാക്ക് ആന്റ് വൈറ്റ് പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. തേന്‍തുള്ളിയും പിന്നാലെ വന്ന ചിത്രങ്ങളും വര്‍ണ്ണചിത്രങ്ങളുടെ വരവില്‍ നിഷ്പ്രഭമായിത്തീര്‍ന്നു.

ഞങ്ങള്‍ മദിരാശിയിലേക്ക് താമസം മാറ്റി. ശാന്തമ്മ ദീര്‍ഘകാല അവധിയിലായിരുന്നു. ഒരു സ്‌കൂള്‍ അവധിക്കാലത്ത് ഞാനും ഭാര്യയും തിരുവനന്തപുരത്തെത്തി. അവര്‍ക്ക് ചില ഓഫീസ് കാര്യങ്ങള്‍ നോക്കാനുണ്ടായിരുന്നു. കുട്ടികള്‍ ശാന്തമ്മയുടെ വീട്ടിലായിരുന്നു. അപൂര്‍വമായി കിട്ടുന്ന ഒരു ഹോളിഡേ മൂഡില്‍ ഞങ്ങള്‍ ഒരു ദിവസത്തേക്ക് പൊന്മുടിയിലേക്ക് യാത്രതിരിച്ചു. രാത്രി അവിടെ തങ്ങാന്‍ തീരുമാനിച്ചു. ചുറ്റിലും ഇരുണ്ട വനഭൂമി. ചെറുതായി മഴ പെയ്യുുണ്ടായിരുന്നു. ഗാഢമായ ആലോചനയിലാണ് ഭാര്യ. അവര്‍ ഉത്കണ്ഠാകുലയായിരുന്നു ഏക ആധാരമായ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കലും മൂന്നു കുട്ടികളുടെ കാര്യങ്ങളും മറ്റും അവരെ വിഷമിപ്പിക്കുതായി തോന്നി. ഞാന്‍ പക്ഷെ മറ്റൊരു ചിന്തയിലായിരുന്നു. പൊന്മുടിയിലെ രാത്രി എന്നെ വശീകരിച്ചു. കാടും മലകളും സിംഹവാലനും കേരളത്തില്‍ സജീവചര്‍ച്ചയായ കാലമായിരുന്നു. പൊന്മുടിയുടെ പശ്ചാത്തലത്തില്‍ പ്രകൃതിയിലേക്ക് മടങ്ങുവാനുള്ള മനുഷ്യന്റെ അന്തഃപ്രേരണ പ്രമേയമാക്കി ഒരു ചിത്രം സങ്കല്പിച്ചാലോ? ചില കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും എവിടെനിന്നോ വന്നു കയറി. ‘കാട്ടിലെ പാട്ട്’ എന്ന സിനിമ തുടങ്ങുകയായിരുന്നു. എന്റെ ആദ്യത്തെ വര്‍ണ്ണചിത്രം.

‘അമ്മേ പ്രകൃതീ ഉഗ്രരൂപിണി, മൂലകാരിണീ സൃഷ്ടിസാഹാരിണീ” എന്ന അവതരണഗാനത്തോടെ തുടങ്ങുന്ന ‘കാട്ടിലെ പാട്ട്’ നാഗരികതയും മൂലപ്രകൃതിയും തമ്മിലുള്ള ദ്വന്ദ്വാത്മകത അന്വേഷിക്കുന്ന സിനിമയാണ്. ഛായാഗ്രഹണമേന്മയും അഭിനയത്തിലെ സൂക്ഷ്മതയും ഗാനങ്ങളിലെ അപൂര്‍വതയും തികഞ്ഞ ചിത്രമായിരുന്നിട്ടും പതിവുപോലെ ആ ചിത്രത്തിനും പുരസ്‌കാരവേദികളില്‍ ഇടം കണ്ടെത്താനായില്ല.

അടുത്തത് ‘നേരം പുലരുമ്പോള്‍’. രഘുനാഥ് പലേരിയുടെ ‘മൗനത്തിന്റെ ചിറകുകള്‍’ എന്ന പ്രശസ്ത ചെറുകഥയ്ക്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച ചിത്രം. കൗമാരപ്രായം കടന്നിട്ടില്ലാത്ത പ്രസാദം തുളുമ്പുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ പെൺകുട്ടിയുടെ കഥ. അവള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നു. കാമുകനും പ്രിയസുഹൃത്തിനും തികഞ്ഞ സ്‌നേഹവും അനുകമ്പയും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു യുവ പുരോഹിതനും അവളുടെ രക്ഷയ്‌ക്കെത്തുന്നില്ല. മലയാളത്തിലെ ഉന്നതതാരങ്ങളും പില്‍ക്കാലത്ത് തെിന്ത്യയിലെ മുന്‍നിര നടിയായ രമ്യാകൃഷ്ണനും അഭിനയിച്ച ചിത്രമായിരുന്നു ‘നേരം പുലരുമ്പോള്‍’. തികഞ്ഞ സാമ്പത്തിക പരാധീനതയില്‍ ഇഴഞ്ഞിഴഞ്ഞ് പൂര്‍ത്തിയാക്കപ്പെട്ട ഈ ചിത്രവും അവഗണനയുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തപ്പെട്ടു. ‘നേരം പുലരുമ്പോള്‍’ വിതരണം ചെയ്യുവാനുള്ള ചുമതലകൂടി എനിക്ക് ഏറ്റെടുക്കേണ്ടിവന്നു. സിനിമാജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു ഞാന്‍. ചുമരിനുനേരെ മുഖം ചേര്‍ത്തുവെക്കപ്പെട്ട അവസ്ഥ. മുന്നോട്ടും പിന്നോട്ടും ചലിക്കാനാവുന്നില്ല.

അപ്പോള്‍ കൺമുന്നില്‍ പ്രത്യാശയുടെ ഒരു തുള്ളി വെളിച്ചം. ചലച്ചിത്രവികസന കോര്‍പ്പറേഷനിലെ ഫിലിം ഓഫീസര്‍ വി.ആര്‍. ഗോപിനാഥ് (അദ്ദേഹം പുനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ പോകുന്നതിന് മുമ്പ് ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു). എനിക്ക് ഒരു ഡോക്യുമെന്ററി വാഗ്ദാനം ചെയ്തു. ഇവിടെ ഒരു സംഗതി രേഖപ്പെടുത്തേണ്ടതുണ്ട്. സമാന്തരസിനിമയിലെ സംവിധായകര്‍ അവരുടെ ജീവിതത്തിനു വേണ്ടി ആശ്രയിച്ചത് ഡോക്യുമെന്ററി ചിത്രങ്ങളെയായിരുന്നു. കഥാചിത്രങ്ങളുടെ ഇടവേളകളില്‍ ഫിലിംസ് ഡിവിഷനില്‍നിന്നും മറ്റും ലഭിക്കു രേഖാചിത്രങ്ങള്‍ അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കി. പല കാരണങ്ങളാലും എനിക്ക് അതിനുള്ള സാധ്യതയില്ലായിരുന്നു. മത്സ്യമേഖലയെ സംബന്ധിച്ച എന്റെ ആദ്യ ഡോക്യുമെന്ററിയുടെ പേര് ‘മത്സ്യഗന്ധി’ എന്നായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. അന്നു മുതല്‍ ഇന്നു വരെ പ്രാഥമികമായ നിലനില്പിന് വേണ്ടി രേഖാചിത്രങ്ങളെ ഞാനാശ്രയിക്കുന്നു. ടെലിവിഷന്റെ വരവോടെ ആ ജാലകവും ചെറിയ തോതില്‍ തുറക്കപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook