1968ല്‍ ഞാന്‍ വിവാഹിതനായി. ഞങ്ങള്‍ രണ്ടുപേരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹചടങ്ങായിരുന്നു.  എന്നാല്‍ സമൂഹത്തിന് അന്നും ഇന്നും ദഹിക്കാത്ത ബന്ധമായിരുന്നു അതെന്ന് അറിയാന്‍ ഏറെ താമസമുണ്ടായില്ല. സ്വതന്ത്രവും പുരോഗമനപരവുമായ കാഴ്ചപ്പാടുമായി ജീവിക്കുവാനാഗ്രഹിച്ച എനിക്ക് കാര്യങ്ങള്‍ വ്യക്തമായി തുടങ്ങുകയായിരുന്നു. അതുവരെ ഞാനൊരു അജാതശത്രുവാണെന്ന് സ്വയം കരുതി. എന്നാല്‍ സമൂഹത്തിന്‍റെ സമീപത്തുനിന്നുള്ള നേര്‍ക്കാഴ്ച എന്നെ അസ്വസ്ഥനാക്കി. ശാന്തമ്മയ്ക്ക് ഓഫീസിലും അയല്‍വക്കത്തും നേരിടേണ്ടിവരുന്ന നോക്കിലും വാക്കിലുമുള്ള കൂരമ്പുകള്‍ ഞങ്ങളെ വല്ലാതെ വലച്ചു. രണ്ടുപേര്‍ക്കും ഇവിടെ കുടുംബബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്യത്വം എന്നാല്‍ എന്താണെന്ന് ഞങ്ങള്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു.

K P Kumaran and Family

കെ പി കുമാരന്‍, ഭാര്യ ശാന്തമ്മ, മക്കള്‍ മനു, ശംഭു, മനീഷ

മൂന്നു നൂറ്റാണ്ടുകള്‍കൊണ്ട് ഘട്ടംഘട്ടമായി വളര്‍ന്ന നഗരമാണ് തിരുവനന്തപുരം. പ്രതാപശാലികളായ രാജാക്കന്മാരുടെ ‘ശംഖ്’ മുദ്ര പതിഞ്ഞ ഗംഭീരങ്ങളായ കൊട്ടാരങ്ങളും ശ്രീപത്മനാഭസ്വാമിക്ഷേത്രവും മുട്ടിന് മുട്ടിന് മറ്റനേകം ദേവാലയങ്ങളും പാരമ്പര്യബദ്ധമായ ഈ നഗരത്തിന്‍റെ മുഖമുദ്രകളാണ്. തെക്കന്‍തിരുവിതാംകൂറില്‍നിന്ന് രാജകീയബന്ധത്തിലൂടെ ഉയര്‍ന്ന പദവികളിലായിരുന്ന മാടമ്പിമാരുടെ പിന്‍തലമുറകളാണ് ഇവിടത്തെ പ്രമുഖ കുടുംബങ്ങള്‍. മാര്‍ത്താണ്ഡവര്‍മ്മ വടക്കന്‍ നാടുകള്‍ കീഴ്‌പ്പെടുത്തി തിരുവിതാംകൂര്‍ രാജ്യം സ്ഥാപിച്ചപ്പോള്‍ വടക്കന്‍ നാടുകളില്‍നിന്നുള്ള കുടുംബക്കാര്‍ ഇവിടെ വന്നു ചേർന്നു. കാലക്രമേണ വടക്കുനിന്നുള്ളവരും തെക്കുനിന്നുളളവരും തമ്മില്‍ ബാന്ധവം സ്ഥാപിക്കുകയും പുതിയ തിരുവിതാംകൂര്‍ അരിസ്റ്റോക്രസി സംജാതമാവുകയും ചെയ്തു. സി.വി. രാമന്‍പിള്ളയുടെയും തകഴി ശിവശങ്കരപ്പിള്ളയുടെയും ആഖ്യായികകള്‍ ഈ ചരിത്രത്തിന്‍റെ പ്രതിഫലനങ്ങളാണ്. പാരമ്പര്യബദ്ധവും മതാത്മകവുമായ ഒരു സംസ്‌കാരം ഇന്നും ഈ നഗരത്തിന്‍റെ ആന്തരികധാരയായി നിലനില്‍ക്കുന്നു. തിരുവനന്തപുരത്തുകാരായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും കുമാരനാശാനും കേരള മനസ്സിനെ ഉഴുതുമറിക്കുകയും മാനവികതയുടെ പുതുവിത്തുകള്‍ വിതയ്ക്കുകയും ചെയ്തുവെങ്കിലും ഈ നഗരത്തിന്‍റെ അന്തരംഗം പാരമ്പര്യത്തെ കൈവിടാന്‍ തയ്യാറായിട്ടില്ല. മൈസൂര്‍ രാജാക്കന്മാരും ബ്രിട്ടീഷ് ഭരണവും രാജഭരണത്തിന്‍റെ വേരുകള്‍ പിഴുതുകളഞ്ഞ വടക്കെ മലബാറില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചേര്‍ന്ന  ഒരാള്‍ക്ക് സാംസ്‌കാരികമായ ഞെട്ടല്‍ (കൾച്ചറൽ ഷോക്ക്) അനുഭവിക്കാതിരിക്കാന്‍ സാധ്യമല്ല.

ഭാഗം ഒന്ന് ഇവിടെ വായിക്കാം: അതിഥി മുതല്‍ ആകാശ ഗോപുരം വരെ

ഞാന്‍ ജോലി ചെയ്യു ഓഫീസ് വ്യത്യസ്തമാണെന്ന് എനിക്ക് തോന്നി. യൂണിയന്‍ പ്രവര്‍ത്തനത്തിന്‍റെ ഒരു കവചം ഞാന്‍ ധരിച്ചിരുന്നുവല്ലോ. പെട്ടെന്നാാണ് കാര്യങ്ങള്‍ അടിമുടി മാറിമറിഞ്ഞത്. അഖിലേന്ത്യാ യൂണിയന്‍ രണ്ടായി പിളര്‍ന്നു. ഒരു വ്യവസായത്തില്‍ ഒരു യൂണിയന്‍ എന്ന സങ്കൽപ്പം പ്രായോഗികമാക്കിയ ഒന്നായിരുന്നു ഞങ്ങളുടെ സ്ഥാപനം. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നിട്ടും ട്രേഡ് യൂണിയന്‍ രംഗത്ത് കുറച്ചു കാലത്തേക്ക് പിളര്‍പ്പൊന്നുമുണ്ടായില്ല. രണ്ടു പാർട്ടികള്‍ക്കും സ്വാധീനമുള്ള പ്രത്യേക മേഖലകളുണ്ടായിരുന്നു. ഓരോ ഓഫീസുകളും പിടിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ മെനയുകയായിരുന്നു നേതൃത്വം. തിരുവനന്തപുരത്ത് രണ്ടു വിഭാഗവും ഏതാണ്ട് തുല്യശക്തികളായി തുടർന്നു. നേതൃത്വത്തിലുണ്ടായിരുന്ന നാലഞ്ചു പേര്‍ പിളര്‍പ്പിനെ എതിര്‍ത്തു കൊണ്ടുള്ള ഒരു ലഘുലേഖ പ്രസിദ്ധപ്പെടുത്തി. ആ ചെറുസംഘത്തില്‍ ഞാനുമുണ്ടായിരുന്നു, ഫലമൊന്നുമുണ്ടായിരുന്നില്ല. ഒറ്റപ്പെടലിന്‍റെ മറ്റൊരു ഘട്ടം തുടങ്ങുകയായിരുന്നു.

ഈ കാലത്ത് തന്നെയാണ് ‘സ്വയംവരം’ എന്ന് പില്‍ക്കാലത്ത് പ്രശസ്തമായ ചലച്ചിത്രത്തിന്‍റെ ബീജാവാപം നടക്കുന്നത്. വടക്കെവിടെനിന്നോ നാടുംവീടും വിട്ട് തിരുവനന്തപുരത്തെത്തിച്ചേര്‍ന്ന യുവപ്രണയികള്‍ കാലുറപ്പിക്കുവാന്‍ നടത്തുന്ന ശ്രമത്തിന്‍റെ പിന്നാലെ ‘അവരെ, ഞങ്ങള്‍ പിന്തുടരാന്‍’ ആരംഭിച്ചു.

പ്രക്ഷുബ്ദ്ധമായ രാഷ്ട്രീയാന്തരീക്ഷം പശ്ചാത്തലമാക്കിയാണ് കഥാസങ്കല്പം. വൈകുന്നേരങ്ങളിലാണ് രചന. ഇടയ്ക്കൊക്കെ നിന്നു പോകുമായിരുന്നു. ആഴ്ചകളും മാസങ്ങളും കടന്നു പോകവെ കഥ കുറെ മുന്നോട്ടു പോയി. എന്നാല്‍ രാഷ്ട്രീയാന്തരീക്ഷം കഥയില്‍ ഉദ്ദേശിച്ചതുപോലെ കോര്‍ത്തെടുക്കുവാന്‍ പറ്റുന്നില്ല. എനിക്ക് താൽപര്യം നഷ്ടപ്പെടുന്നതുപോലെ തോന്നി. എഴുത്ത് കുറേനാള്‍ നടന്നില്ല. കുടുംബപ്രശ്‌നങ്ങളിലും ഓഫീസ് രാഷ്ട്രീയത്തിലും കുടുങ്ങിക്കഴിയുകയായിരുന്നു ഞാന്‍. എന്നോടൊപ്പം പിളര്‍പ്പിനെതിരായ നിലപാടെടുത്ത സഖാക്കള്‍ ഒരു ഭാഗത്ത് ചേര്‍ന്ന് അവരുടെ നില സുരക്ഷിതമാക്കി. പ്രേരണകളുണ്ടായിരിന്നിട്ടും ഞാന്‍ രണ്ടു ചേരിയിലും ചേരാന്‍ തയ്യാറായില്ല.

സമാന്തരമായി മറ്റൊരു കഥ ചുരുള്‍ നിവരുന്നുണ്ടായിരുന്നു. യൂണിയന്‍ സമരരംഗത്ത് പരിചയപ്പെട്ട ഒരു വിദ്യാര്‍ത്ഥി നേതാവ് ചില പൊലീസ് കേസ് കാരണം ഒളിവിലായിരുന്നു. ഒരു സന്ധ്യയ്ക്ക് ബസ്സ് സ്റ്റോപ്പിലിറങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന എന്‍റെ മുന്നില്‍ അയാളും വേറെ രണ്ട് ചെറുപ്പക്കാരും അടക്കത്തില്‍ സംസാരിക്കുുണ്ടായിരുന്നു. എന്നെ കണ്ടയുടനെ ഹൃദ്യമായ ചിരിയോടെ അയാള്‍ അടുത്തേയ്ക്ക് വന്നു. മിടുക്കനായ ആ യുവനേതാവ് എന്നില്‍ മതിപ്പ് ഉണര്‍ത്തിയിരുന്നു. അയാള്‍ കൂടെയുള്ളവരെ യാത്രയാക്കി എന്നോടൊപ്പം നടന്നു. വീട്ടിലെത്തി, ശാന്തമ്മ ഭക്ഷണം വിളമ്പി, ഞങ്ങള്‍ കഴിച്ചു. ചെറുപ്പക്കാരന്‍ പോകാനൊരുങ്ങിയില്ല. അയാള്‍ എന്‍റെ വീട്ടിൽ സുരക്ഷിതമായ ഇടം കണ്ടെത്തുകയായിരുന്നു. കുറേനാള്‍ അയാള്‍ അവിടെ താമസിച്ചു. ഞങ്ങള്‍ ഓഫീസില്‍ പോകുമ്പോഴും അയാള്‍ അവിടെ തങ്ങും. ഇടയ്ക്ക് യാത്രയൊന്നും പറയാതെ പോവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും.

ചിത്രലേഖ വളരുകയായിരുന്നു. ചിത്രലേഖ ഫിലിം കോ -ഓപ്പറേറ്റീവ് എന്ന നിര്‍മ്മാണ വിഭാഗത്തിന് സര്‍ക്കാര്‍ ലോൺ അനുവദിച്ചു. പുതുതായി വാങ്ങിയ അംബാസഡര്‍ കാറില്‍ അവര്‍ എന്നെ കാണുവാന്‍ വരുമായിരുന്നു. സംഘസംബന്ധിയായ ചില കാര്യങ്ങള്‍ സംസാരിക്കുവാന്‍.

ചില ദിവസങ്ങളില്‍ അവര്‍ വരുമ്പോള്‍ ഒരു മൂലയില്‍ കൈലിയും ബനിയനും ധരിച്ച കറുത്ത് മെലിഞ്ഞ ഒരു പയ്യന്‍ കൂനിക്കൂടിയിരിക്കുത് കണ്ടിട്ടുണ്ട്. ഞാനവനെ പരിചയപ്പെടുത്തിയില്ല. അവര്‍ അന്വേഷിച്ചുമില്ല. ഒളിവില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാവാണെന്നറിഞ്ഞാല്‍ അവര്‍ എന്തു കരുതുമോ എന്നൊന്നും ഞാനാലോചിച്ചില്ല.

എന്നാല്‍ കേരളത്തെ ഞെട്ടിത്തെറിപ്പിച്ച ഒരു വിപ്ലവസംരംഭത്തിന്‍റെ ആസൂത്രണത്തിലേര്‍പ്പെട്ട പ്രമുഖ നേതാക്കളിലൊരാളാണ് അയാളെന്നറിഞ്ഞിരുനെങ്കിൽ  അവര്‍ ഞാനുമായുള്ള സഹവാസം അവസാനിപ്പിച്ചേനെ. ഒരുപക്ഷെ മലയാള സിനിമയിലെ നവധാരയുടെ രൂപം തന്നെ മാറിപ്പോയേനെ. പക്ഷെ ആ കാര്യം എനിക്കും അറിയാമായിരുന്നില്ലല്ലോ.

അതിനിടയില്‍ പല കാരണങ്ങളാലും രണ്ടു മൂന്നു വാടകവീടുകള്‍ മാറേണ്ടി വന്നു. മൂന്നാമത്തെ വീട് ശാസ്തമംഗലത്ത് ചിത്രലേഖയുടെ ആഫീസിനടുത്തായിരുന്നു. എഴുത്തിന് അത് സഹായകമായി. രചന മുന്നോട്ട് പോയി. ചിലപ്പോള്‍ ടെലഫോൺ വഴിയും തിരക്കഥ രൂപം കൊണ്ടിരുന്നു.

ഇന്ത്യ മുഴുവന്‍ തീവ്രഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ അലകള്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും അതിലാകൃഷ്ടരായി. ഒട്ടേറെ ചെറുപ്പക്കാര്‍ സായുധസമരത്തിന്‍റെ പാതയിലേക്ക് സ്വയം എടുത്തുചാടി. കടുത്ത മര്‍ദ്ദനമുറകള്‍, രക്തസാക്ഷികളുടെ ശരീരങ്ങള്‍ പലയിടങ്ങളിലും ചിതറിവീണുകൊണ്ടിരുന്നു.  ഇടതുപക്ഷ മന്ത്രിസഭ ആന്തരികവൈരുദ്ധ്യം കാരണം ആടിയുലയുന്ന കാലമായിരുന്നു. അണികള്‍ നിരാശാഭരിതരും വ്യാമോഹമുക്തരുമാവുന്ന അവസ്ഥ വന്നു. നേതൃത്വത്തിലുള്ള രണ്ട് ലൈനുകള്‍ പ്രകടമായിത്തുടങ്ങി. തീവ്രഇടതുപക്ഷ വികാരങ്ങളുടെ വിത്തുകള്‍ പാര്‍ട്ടിക്കുള്ളിലും മുളപൊട്ടിത്തുടങ്ങിയിരുന്നു.

എന്‍റെ രാഷ്ട്രീയബോധ്യങ്ങള്‍ അന്നും ഇന്നും സമാനമാണ്. ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളും എന്നെ ഒരു മാര്‍ക്‌സിയന്‍ വിശ്വാസിയാക്കി. എന്നാല്‍ വിപ്ലവാനന്തര റഷ്യയിലും ഇതരരാജ്യങ്ങളിലും രൂപംകൊണ്ട, മിലോവന്‍ ജിലാസ് ‘ന്യൂ ക്ലാസ്’ എന്നു വിളിച്ച പാര്‍ട്ടി ബ്യൂറോക്രസി എന്ന വസ്തുത ഒരു യാഥാര്‍ത്ഥ്യമാണെന്ന് പുസ്തകങ്ങളും സിനിമകളും മാത്രമല്ല കേരളത്തിലെ അനുഭവങ്ങളും എന്നെ ബോധ്യപ്പെടുത്തി. ജനാധിപത്യം എന്ന അമൂര്‍ത്ത സങ്കല്പം ഉപേക്ഷിക്കുവാന്‍ ആര്‍ക്കും അവകാശമില്ല എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ജനാധിപത്യത്തില്‍ നിന്നുള്ള അകലമാണ് ഒരു സമൂഹത്തെ നിര്‍വചിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

1969 അവസാനം സ്വയംവര’ ത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി. അവസാനരാത്രികളില്‍ ആ കഥ സ്വയം ഞങ്ങളെയും കൊണ്ട് നീങ്ങുകയായിരുന്നു. വളരെ വൈകുന്നതുവരെ ഞങ്ങള്‍ അതിനോടൊപ്പം സഞ്ചരിച്ചു. ശാന്തമ്മ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. നല്ല ക്ഷീണത്തിലാണെങ്കിലും അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റ് ഞങ്ങള്‍ക്ക് കട്ടന്‍ചായയുമായെത്തുന്ന അവരുടെ രൂപം ഇപ്പോഴും മനസ്സില്‍ തെളിയുന്നുണ്ട്. അത് ഡിംസബര്‍ മാസമായിരുന്നു. എനിക്ക് മറക്കാനാവില്ല. കാരണം 1970 ജനുവരി മൂന്നിന് അര്‍ദ്ധരാത്രി ശാന്തമ്മ ഞങ്ങളുടെ മൂത്തമകന്‍ മനുവിനെ പ്രസവിച്ചു.

മൂന്‍കാലങ്ങളിലും പില്‍ക്കാലത്തും ഇല്ലാത്ത ഒരു നല്ല ചലച്ചിത്രനയം ഇന്ത്യാ ഗവൺമെന്റിന്‍റെ  കീഴിലുള്ള ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍ നടപ്പിലാക്കിത്തുടങ്ങിയ കാലമായിരുന്നു. ബി.കെ. കരഞ്ചിയ ചെയര്‍മാനും ഹൃഷികേശ് മുഖര്‍ജി തുടങ്ങിയ ചലച്ചിത്രകാരന്മാര്‍ അംഗങ്ങളുമായ നിര്‍വാഹകസമിതി മൃണാള്‍സെിന്നിന് ‘ഭുവന്‍ഷോം’ നിര്‍മ്മിക്കുവാനുള്ള സഹായധനം നല്‍കി. ഇന്ത്യന്‍ ന്യൂവേവിന്‍റെ  തുടക്കമായിരുന്നു അത്.

‘സ്വയംവര’ ത്തിന്‍റെ  തിരക്കഥ അവര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു. ആകാംക്ഷയുടെ നാളുകളും മാസങ്ങളും നിരങ്ങിനീങ്ങി. എന്നാണ് എഫ്.എഫ്.സിയുടെ അംഗീകാരം ലഭിച്ചത് എന്ന് കൃത്യമായി ഓര്‍ക്കാനാവുന്നില്ല. പക്ഷെ, അംഗീകാരം കിട്ടിയിട്ടും ഉടനെ ഷൂട്ടിങ് തുടങ്ങാന്‍ ചിത്രലേഖ സജ്ജമായിരുന്നില്ല.

എന്‍റെ  ദിവസങ്ങള്‍ മറ്റൊരു കുരുക്കില്‍പ്പെട്ട് കിടക്കുകയായിരുന്നു. ശാന്തമ്മയുടെ ഓഫീസിലെ ചില ആളുകളുടെ അസഹിഷ്ണുത സര്‍വ്വീസ് സംബന്ധമായ ചില കടമ്പകള്‍ തീര്‍ത്തു. ഓരോ കടമ്പ ചാടുമ്പോള്‍ മറ്റൊന്നു പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ അവര്‍ ശാന്തമ്മയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. നിയമയുദ്ധത്തിന്‍റെ  തുടക്കമായിരുന്നു അത്. മനുവിന് ഒരു വയസ്സ് തികയുന്നതിന് മുമ്പേ ശാന്തമ്മ രണ്ടാമതും ഗര്‍ഭിണിയായി. ഭാര്യയും കുഞ്ഞുമായി പലതവണ എറണാകുളത്ത് വക്കീലിനെ കാണുവാനുള്ള യാത്രകള്‍. ഭീമമായ ഫീസ് കണ്ടെത്തണം. ഗര്‍ഭിണിയ്ക്ക് വേണ്ട പരിചരണം നടത്തണം. കുട്ടിയെ നോക്കാനാളെ വേണം, രണ്ടുപേര്‍ക്കും ജോലിക്ക് പോവുകയും വേണം.

നിയമയുദ്ധത്തിലെ എതിര്‍കക്ഷികള്‍ സംഘബലവും ഉന്നതങ്ങളില്‍ സ്വാധീനശക്തിയുമുള്ളവരുമായിരുന്നു. സിംഗിള്‍ ബഞ്ചില്‍ ശാന്തമ്മ തോറ്റു. വീണ്ടും പൂര്‍ണഗര്‍ഭിണിയും ഒരു വയസ്സുള്ള മകനുമായി എറണാകുളം യാത്ര. അപ്പീലിന് മറ്റൊരു വക്കീലിനെ കണ്ടെത്തണം. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ പരവശനായിപ്പോകുന്നു.

1972. ഞങ്ങളുടെ ജീവിതത്തിലെ അത്ഭുതകരമായ വര്‍ഷമായിരുന്നു അത്. രണ്ടാമത്തെ മകന്‍ ശംഭുവിന് ആറുമാസം പ്രായമായിരിക്കുന്നു. സ്വയംവരത്തിന്‍റെ  ഷൂട്ടിങ് (മാര്‍ച്ച് മാസത്തിലാണെന്നാണ് ഓര്‍മ്മ) ആരംഭിക്കുവാന്‍ പോകുന്നു. നായകനും നായികയ്ക്കും വേണ്ടി പുതുമുഖങ്ങളെ കണ്ടെത്തുവാനുള്ള ശ്രമം ഫലപ്രാപ്തി കണ്ടില്ല. ഒടുവില്‍ പ്രഗത്ഭതാരങ്ങളെ തന്നെ കഥാപാത്രങ്ങളാക്കുവാന്‍ തീരുമാനിച്ചു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കഥാഗതിയില്‍ യുവമിഥുനങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറക്കുന്നുണ്ട്. ഒരു വയസ്സ് തികയാത്ത കുട്ടിയായിരിക്കും ഉത്തമം. ചില ശ്രമങ്ങള്‍ നടന്നു. ആരാണെറിഞ്ഞില്ല ശംഭുവിന്‍റെ  കാര്യം സൂചിപ്പിച്ചു. ഞാനൊന്നു ഞെട്ടി. ഞാന്‍ തയ്യാറായാലും ശാന്തമ്മ സമ്മതിക്കുകയില്ല എന്നെനിക്കുറപ്പായിരുന്നു. ഒടുവില്‍ ഞങ്ങള്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ‘സ്വയംവര’ ത്തിലെ വിശ്വത്തിന്‍റെ യും സീതയുടെയും മകനായി പ്രത്യക്ഷപ്പെടാനനുവദിച്ചു. അനേകം ദിനരാത്രങ്ങള്‍ ശാന്തമ്മയും മനുവും ശംഭുവും ഷൂട്ടിങ് സെറ്റില്‍ നായികയുടെ കൈയിലെത്തുമ്പോള്‍ അവന്‍ ഇടതടവില്ലാതെ പ്രതിഷേധിച്ചു. അവന്‍റെ  കരച്ചില്‍ ആ പ്രദേശം മുഴുവന്‍ കേള്‍ക്കാമായിരുന്നു.

ഒരു ശിശുവിന്‍റെ  മൗലികാവകാശത്തിലുള്ള ഒരു കടന്നുകയറ്റമാണ് അന്ന് ഞാന്‍ ചെയ്തത് എന്ന കുറ്റബോധം ഇടയ്ക്കിടെ എന്നെ അലട്ടാറുണ്ട്. ശംഭുവിന്‍റെ  ഉപബോധത്തിലെവിടെയോ എനിക്കെതിരെയുള്ള ഒരമര്‍ഷം അവന്‍ കാത്തുസൂക്ഷിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.

അന്ന് കുട്ടികളെ നോക്കുവാനായി ഒരു പെൺകുട്ടി ഞങ്ങളുടെ കൂടെ താമസിച്ചിരുന്നു. ഷൂട്ടിങിന് പോകുമ്പോള്‍ അവളും കൂടെയുണ്ടാകും. പല രാത്രികളിലും വളരെ വൈകി വീട്ടിലെത്തുന്ന എന്‍റെ  കുടുംബം അയല്‍വക്കത്തുള്ള ചിലരെ അസ്വസ്ഥരാക്കി. അവര്‍ ചില കഥകള്‍ പറഞ്ഞുപരത്തി. രാഷ്ട്രീയമായി ഞാന്‍ ഒറ്റപ്പെട്ടവനും നോട്ടപ്പുള്ളിയുമായ കാലമായിരുന്നു. ഒരു വൈകുന്നേരം ജോലിക്കു നിന്ന പെൺകുട്ടി അപ്രത്യക്ഷയായി. അവളുടെ വീട് വളരെ ദൂരത്തായിരുന്നു. അവിടെ ഒറ്റയ്ക്ക് പോകാനിടയില്ല. രാത്രിയായപ്പോള്‍ കുറേ ആളുകള്‍ വന്നു കൂടി. വീടിനു ചുറ്റും നിരന്നു. അവര്‍ ഉച്ചത്തില്‍ ഞങ്ങളെ ശകാരിക്കുന്നത് കേട്ട് ഞങ്ങള്‍ക്ക് ഒന്നും പിടികിട്ടിയില്ല. അന്ന് പി.എം.ജി. ജംഗ്ഷനടുത്തുള്ള ഒരു വാടക വീട്ടിലായിരുന്നു താമസം. വഴിപോക്കരെല്ലാം അടുത്തുകൂടി വലിയൊരു സംഘം. കുറച്ച് കഴിഞ്ഞപ്പോള്‍ രണ്ട് പൊലീസുകാരും വന്നെത്തി.

‘സ്വയംവര’ത്തിലെ ഒരു രംഗം അറംപറ്റിയതുപോലെ. വീടിന് മുന്നില്‍ കുറേ സ്ഥലമുണ്ടായിരുന്നു. അവിടെ കുഴിച്ചു നോക്കാന്‍ ജനക്കൂട്ടം പൊലീസുകാരോട് വിളിച്ചുപറയുന്നുണ്ടായിരുന്നു കുട്ടികള്‍ രണ്ടുപേരും ഉറക്കത്തിലായിരുന്നു. ഞാനും ശാന്തമ്മയും അസ്തപ്രജ്ഞരായി നിന്നു. ഏതാണ്ട് പാതിരാവായി. അപ്പോള്‍ നഗരത്തിലെ വളരെ പ്രമുഖനായ ഒരു നേതാവ് കുട്ടിയുടെ കൈപിടിച്ചുകൊണ്ടു വന്നു.

അദ്ദേഹം പൊതുജനങ്ങളോട് കുട്ടി നാലുകിലോമീറ്റര്‍ ദൂരെയുള്ള അദ്ദേഹത്തിന്‍റെ  വീട്ടില്‍ ചെന്നു കയറിയ കഥ വിവരിച്ചു. അദ്ദേഹത്തോടൊപ്പം ഞങ്ങളുടെ യൂണിയന്‍ സെക്രട്ടറിയും എന്‍റെ  അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ വ്യക്തിയുമുണ്ടായിരുന്നു. കൃതജ്ഞത തുളുമ്പുന്ന ഹൃദയവുമായി ഞാന്‍ നേതാക്കളെ അഭിവാദ്യം ചെയ്തു. ആ സംഭവത്തിന്‍റെ  അതിനാടകീയ രംഗങ്ങള്‍ ഇപ്പോഴും ഞങ്ങളുടെ ഉള്ളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഞാന്‍ ചിത്രലേഖക്കാരെ അറിയിച്ചില്ല. എന്‍റെ  വ്യക്തിപരമായ കാര്യങ്ങളൊന്നും ഞാനവരോട് സംസാരിച്ചിരുന്നില്ല. അത്തരം സംഗതികളില്‍ അവര്‍ക്ക് താല്പര്യവുമുണ്ടായിരുന്നില്ല.

‘സ്വയംവര’ ത്തിന്‍റെ  പരസ്യറിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഞങ്ങളുടെ സ്ഥാപനത്തില്‍ ഒരു നാടകസംഘമുണ്ടായിരുന്നു. മുമ്പൊരിക്കലും ഞാനവരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. എന്‍റെ  നാടകസാഹസങ്ങള്‍ പുറത്തുള്ള സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. തിരക്കഥാ രചനയിലെ പങ്കാളിത്തം എനിക്ക് ഒരു പുതിയ മേല്‍വിലാസം ഉണ്ടാക്കിയിരിക്കണം. അവര്‍ക്കുവേണ്ടി ഒരു നാടകമെഴുതിക്കൊടുക്കാനാവശ്യപ്പെട്ടു. ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു. ഒരിക്കലും എഴുതാനിടയില്ലാത്ത ഒരു പ്രമേയം വളരെക്കാലമായി എന്‍റെ  മനസ്സിലുണ്ടായിരുന്നു

ഏതാനും ദിവസങ്ങള്‍കൊണ്ട് ഞാന്‍ അതിഥി എന്ന് ശീര്‍ഷകമുള്ള ആ നാടകം എഴുതിത്തീര്‍ത്തു. മൂന്ന് രംഗങ്ങള്‍ മാത്രമുള്ള ആ നാടകത്തിന് അസംബന്ധ നാടകശൈലിയുമായി നേരിയ ബന്ധമുണ്ടായിരിക്കണം, ദാര്‍ശനികതലത്തില്‍. എന്നാല്‍ അതിന്‍റെ  പ്ലോട്ടും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം തനി കേരളീയമായിരുന്നു. പ്രത്യേകിച്ച് നാട്ടിലെ ജീവിതത്തില്‍ നിന്ന് ഞാനോര്‍മ്മിച്ചെടുത്ത കഥാപാത്രങ്ങളായിരുന്നു മിക്കതും. ആ നാടകത്തിന്‍റെ  രചനയ്ക്കും മുഖ്യകഥാപാത്രത്തിനും പുരസ്‌കാരം ലഭിച്ചു. പതിവുപോലെ ആ കൃതിയും ഞാനെന്‍റെ  അലമാരയില്‍ പൂഴ്ത്തിവെച്ചു. ഒരു തിരുത്തിയെഴുത്തിനുവേണ്ടി. ഒരിക്കലും നടക്കാത്ത തിരുത്തിയെഴുത്ത്.

ഒരു നാള്‍ ചിത്രലേഖയിലെ മേശപ്പുറത്ത് ഞാനൊരു സര്‍ക്കുലര്‍ കണ്ടു. ന്യൂഡെല്‍ഹിയില്‍ ആരംഭിക്കുവാൻ പോകുന്ന ഏഷ്യാ 72 എന്ന പ്രദര്‍ശനത്തിനോടനുബന്ധിച്ച് ഒരു കലാമത്സരം നടത്തുന്നു. അഞ്ച് കലാമാധ്യമങ്ങളില്‍. ചിത്രം, ശില്പം, സംഗീതം, ഫൊട്ടോഗ്രാഫി, ചലച്ചിത്രം എന്നിവയായിരുന്നു നിര്‍ദ്ദിഷ്ട മാധ്യമങ്ങള്‍. സ്വാതന്ത്ര്യത്തിന്‍റെ  25ആം വാര്‍ഷികമായിരുന്നു. മത്സരത്തിന്‍റെ  ആശയം സ്വാതന്ത്ര്യം എന്നതാണ്. 100 സെക്കന്റില്‍ കവിയാത്ത ദൈര്‍ഘ്യമാണ് ചലച്ചിത്ര സൃഷ്ടിക്കുള്ള നിബന്ധന. അത് വായിച്ചുകഴിഞ്ഞപ്പോള്‍ എന്‍റെ യുള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. ഒരത്യാഗ്രഹമായിരുന്നെങ്കിലും എനിക്കത് അടക്കാനായില്ല. അടുത്ത ദിവസങ്ങളില്‍ ജോലിസ്ഥലത്തും വീട്ടിലും ഇതു മാത്രമായിരുന്നു ആലോചന. ഒരു രാവിലെ വീടിനു പിറകിലുള്ള മുറ്റത്ത് കുളിച്ച് ജോലിക്ക് പോകുവാന്‍ മടിച്ചു നില്‍ക്കവേ എങ്ങനെയെറിഞ്ഞില്ല ഐതിഹ്യമാലയില്‍നിന്ന് ഒരു കഥാപാത്രം എന്‍റെ യുള്ളില്‍ തെളിഞ്ഞു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തന്‍. മലയടിവാരത്തുനിന്ന് കല്ലുരുട്ടി മേലോട്ട് കയറ്റുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുശേഷം കല്ല് താഴേക്ക് തള്ളുകയും അതിവേഗം താഴോട്ട് പതിക്കുന്ന കല്ല് നോക്കി പൊട്ടിച്ചിരിക്കുകയുമായിരുന്നു ആ മഹാപുരുഷന്‍. കൃത്യം 100 സെക്കന്റിനുള്ളില്‍ ചലച്ചിത്രം എന്ന മാധ്യമത്തിലവതരിപ്പിക്കാവുന്ന ദൃശ്യ നൈരന്തര്യം മനസ്സില്‍ രൂപപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാൽ  ‘റോക്ക്’ എന്ന ലഘുചിത്രം പല തടസ്സങ്ങളും മറികടന്ന് യാഥാര്‍ത്ഥ്യമാവുകയും 1972 നവംബര്‍ 14 ആം തീയതി സമ്മാനാര്‍ഹമാവുകയും ചെയ്തു. ‘സ്വയംവര’ ത്തിന്‍റെ  പ്രദര്‍ശനോദ്ഘാടനത്തിന് 10 ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുുള്ളൂ. ഭീമമായ ഒരു ക്യാഷ് അവാര്‍ഡിന് ഞാനര്‍ഹനായി. ശത്രുതയുടെ ആഴങ്ങള്‍ സ്പര്‍ശിച്ചു തുടങ്ങുകയായിരുന്നു ഞങ്ങള്‍. ‘സ്വയംവരം’ പ്രേക്ഷകസമൂഹത്തിന് മുന്നിലെത്തുതിന് തൊട്ടുമുമ്പ് അറിയപ്പെടാത്ത ഒരാള്‍ മാധ്യമശ്രദ്ധയില്‍ വന്നത് പലര്‍ക്കും അംഗീകരിക്കാനായില്ല

‘സ്വയംവരം’ തിയേറ്ററുകളില്‍ വലിയതോതില്‍ സ്വീകരിക്കപ്പെട്ടില്ല. തിരുവനന്തപുരത്തെ ചെറുപ്പക്കാരായ ബുദ്ധിജീവികള്‍ അതിന് മറ്റൊരു പേരു നല്‍കാന്‍ ഒരുമ്പെട്ടു. സ്വയംവധം എതായിരുന്നു തമാശപ്പേര്. എന്നെ സംബന്ധിച്ച് ആ പേര് അന്വര്‍ത്ഥമായിരുന്നു എന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു.

1973. സന്തോഷകരമായി തുടങ്ങിയ വര്‍ഷം. ശാന്തമ്മയുടെ കേസിന് ഹൈക്കോടതി ഡിവിഷന്‍ബഞ്ചില്‍നിന്ന്  അനുകൂലമായ വിധിയുണ്ടായി. രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ ജീവനക്കാരുടെ സഹകരണാടിസ്ഥാനത്തിലുള്ള ഭവനനിര്‍മ്മാണപദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടു. സ്ഥാപനത്തില്‍ നിന്നും ലഭിച്ച കടമായിരുന്നു മുഖ്യമൂലധനം. ഞങ്ങള്‍ സ്വന്തം എന്നു പറയാവുന്ന വീട്ടില്‍ താമസം തുടങ്ങി. അസൂയാവഹമായ ഒരു അവസ്ഥയില്‍ ഞങ്ങളെത്തിച്ചേരുകയായിരുന്നു.

കുടുംബം

ചിത്രലേഖയുടെ സ്റ്റുഡിയോ പദ്ധതിക്ക് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു. ഭീമമായ തുക കടമായും ലഭിച്ചു. ഞാനും തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന മറ്റു ചില സുഹൃത്തുക്കളും ഇതിനകം തന്നെ അകലെയായിരുന്നു. ഞാന്‍ വി.ആര്‍. രാജശേഖരന്‍ നായരെ ഓര്‍മ്മിക്കുന്നു. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സി.ജെ. തോമസിന്റെ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഞാനാണ് രാജശേഖരനെ ചിത്രലേഖയുമായി അടുപ്പിച്ചത്. ഫിലിം സൊസൈറ്റിയുടെ തുടക്കകാലത്ത് ഭൂരിഭാഗം അംഗങ്ങളും അദ്ദേഹത്തിന്‍റെ  ഓഫീസില്‍നിന്നും എന്‍റെ  ഓഫീസില്‍നിന്നുമായിരുന്നു. എന്നെക്കാൾ സജീവമായി ഫിലിം സൊസൈറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ‘സ്വയംവര’ ത്തില്‍ വിശ്വത്തെയും സീതയെയും ഒരു രാത്രി വിരട്ടാനെത്തുന്ന പോലീസുകാരനായി അദ്ദേഹം വേഷമിട്ടിരുന്നു. ഏതോ ഒരു ഘട്ടത്തില്‍ അദ്ദേഹം സ്ഥാപനത്തില്‍ നിന്നു അകന്നുപോയി. രാജശേഖരന്‍ ഇന്ന് ജീവിച്ചിരിപ്പില്ല.

കേരള സംസ്ഥാന അവാര്‍ഡ് കമ്മിറ്റി ‘സ്വയംവര’ ത്തിന് വലിയ അംഗീകാരമൊന്നും നല്‍കിയില്ല. സമിതിയിലെ രണ്ട് മുഖ്യ അംഗങ്ങള്‍ പ്രതിഷേധിക്കുകയും പരസ്യപ്രസ്താവനയ്ക്ക് മുതിരുകയും ചെയ്തു. പുനയിലെ ഫിലിം ആര്‍ക്കൈവ്‌സിന്‍റെ  മേധാവി പി.കെ. നായരും കേന്ദ്ര വാര്‍ത്താവിതരണവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഹമീദുദ്ദീന്‍ മുഹമ്മദുമായിരുന്നു അവര്‍. ദേശീയതലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് ചിത്രത്തിനു ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ധനസഹായത്തോടെ നിര്‍മ്മിച്ച ചിത്രം തഴയപ്പെട്ടത് വലിയ വിമര്‍ശനത്തിന് വിധേയമായി. ഏതാനും മാസങ്ങള്‍ക്കകം കേന്ദ്ര ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടു. ഏറ്റവും മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച ഛായാഗ്രാഹകന്‍ എന്നീ പുരസ്‌കാരങ്ങള്‍ ‘സ്വയംവരം’ നേടി. അത്ഭുതകരമായ അംഗീകാരങ്ങളുടെ പെരുമഴ.

കേരളത്തിലെ ചലച്ചിത്രാസ്വാദകസമൂഹം ഇളകി മറിഞ്ഞു. നാടുമുഴുവന്‍ ആനയും അമ്പാരിയും എഴുള്ളിച്ചുകൊണ്ടുള്ള സ്വീകരണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഒരിടത്തും ഞാന്‍ ക്ഷണിക്കപ്പെട്ടില്ല. വെള്ളംകോരുകയും വിറക് വെട്ടുകയും ചെയ്ത ഒരാളിന് ലഭിക്കേണ്ട പരിഗണനപോലും എനിക്ക് ലഭിച്ചില്ല. സ്‌ക്രീനില്‍ പല രംഗങ്ങളിലും വാവിട്ടു കരഞ്ഞ കുഞ്ഞിനും അവന്‍റെ  അമ്മയ്ക്കും ലഭിച്ചില്ല.

‘സ്വയംവരം’ രണ്ടാമതും തിയേറ്ററുകളിലെത്തി. വമ്പിച്ച സ്വീകരണമാണ് എല്ലായിടത്തും ലഭിച്ചത്. ഏഴെട്ടു കൊല്ലം മുമ്പ് ഏതാനും ചിലര്‍ ചെറിയതോതില്‍ ആരംഭിച്ച ചിത്രലേഖ ഇന്ത്യ മുഴുവന്‍ കൊണ്ടാടപ്പെടുന്ന സ്ഥാപനമായി. കേരള സര്‍ക്കാര്‍ സ്ഥലവും കേന്ദ്രസര്‍ക്കാര്‍ ഭീമമായ ധനസഹായവും നല്‍കിയ ചിത്രലേഖയുടെ ഫിലിം സ്റ്റഡീസ് പദ്ധതി ആഡംബരപൂര്‍വ്വം ഉദ്ഘാടനം ചെയ്യപ്പെട്ടു. ആ ചടങ്ങിന് ഒരു ക്ഷണപത്രം പോലും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ചിത്രലേഖാപൂരാണം ഞാനിവിടെ നിര്‍ത്തുന്നു. ശേഷം ചരിത്രം.

ഇത്രയും ഞാനിവിടെ രേഖപ്പെടുത്താനിടയായത് സന്ദര്‍ഭം വന്നു ചേർന്നതിനാലാണ്. മനസ്സിന്‍റെ  ആഴങ്ങളില്‍ അമര്‍ന്ന് കിടക്കുന്ന ചിലത് തുറന്നു വിടുന്നത് ഈ വൈകിയവേളയില്‍ ആശ്വാസകരമാണെ് തോന്നി. നേരിയ പ്രതികാരബുദ്ധിയുടെ നിഴല്‍ പതിഞ്ഞു കിടക്കുണ്ടെങ്കില്‍ എനിക്ക് ദുഃഖമുണ്ട്. എനിക്ക് പകയില്ല. പ്രതികാരം ചെയ്യാന്‍ അശക്തനുമാണ്. കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടന ത്തില്‍ ചിരഞ്ജീവികളെ പരാമര്‍ശിക്കുന്ന ഒരു ഭാഗമുണ്ട്. മനുഷ്യമനസ്സിലെ ദ്വിഭാവങ്ങളുടെ പ്രതീകാത്മകരൂപങ്ങളാണ് ചിരഞ്ജീവികളെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ദ്രോണപുത്രനായ അശ്വത്ഥാമാവിനെ വിശകലനം ചെയ്യുകയായിരുന്നു മാരാര്‍. പക എന്ന സ്ഥായീഭാവത്തിന്‍റെ പ്രതിരൂപമാണ് അശ്വത്ഥാമാവ്. വെറുപ്പും പകയും മനുഷ്യരെ ഉന്മത്താനാക്കുന്ന അവസ്ഥ ഞാന്‍ പഠിച്ചറിഞ്ഞത് സിനിമയിലും രാഷ്ട്രീയരംഗത്തുനിന്നുമുള്ള ചില അനുഭവങ്ങളില്‍നിന്നാണ്. ഒരുപക്ഷെ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും തഴച്ചു വളരുന്നത് ഈ മാനസികഭാവം കൊണ്ടാവാം. ശത്രുവിന്‍റെ  വിനാശം സ്വപ്നം കണ്ടുറങ്ങുവരാണ് വലിയൊരു വിഭാഗം മനുഷ്യര്‍. കഴിഞ്ഞുപോയ തരത്തിലല്ലാത്ത ഒരു സിനിമാ ജീവിതം സാധ്യമായേനെ എന്ന് ചിന്തിക്കുമ്പോള്‍ കടുത്ത രോഷം തോന്നാറുണ്ട്. എന്‍റെ  ഭാര്യയും കുട്ടികളും ഇക്കാലമത്രയം അനുഭവിച്ച വ്യഥ എന്നെ തകര്‍ത്തു തരിപ്പണമാക്കുന്നു. കുമാരനാശാന്‍റെ വരികള്‍ മാത്രമാണ് ഏക ആശ്വാസം.

‘വ്യഥ പോല്‍ അറിവേകിടു,
സദ്ഗുരുവും മര്‍ത്ത്യന് വേറെയില്ല താന്‍’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook