ജയലളിതയും എം.ജി ആറും ഒരുമിച്ചഭിനയിച്ച് 1965ല്‍ പുറത്തിറങ്ങിയ ‘ആയിരത്തില്‍ ഒരുവന്‍’ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ അതിനു പുറകില്‍ ഒരു കഥയുണ്ട്. ചെന്നൈയിലെ സിനിമാ വിതരണ കമ്പനിയായ ദിവ്യ ഫിലിംസിന്‍റെ സാരഥി ചൊക്കലിംഗം എന്ന മനുഷ്യന്‍റെ, സിനിമാ സ്നേഹിയായ ശിവാജി ഗണേശന്‍ ആരാധകന്‍റെ പരിശ്രമത്തിന്‍റെ കഥ.

നിരവധി ചിത്രങ്ങള്‍ ദിവ്യ ഫിലിംസിന്‍റെ ബാനറില്‍ ചൊക്കലിംഗം പുനസ്സമാഹരിച്ചിട്ടുണ്ട് (Restoration). ശിവാജി ഗണേശന്‍ ആരാധകനായ ചൊക്കലിംഗം തന്‍റെ താരത്തിന്‍റെ ചിത്രങ്ങളാണ് പുനസ്സമാഹരിക്കാന്‍ തുടങ്ങിയത്. അങ്ങനെ ശിവാജി ഗണേശന്‍റെ എക്കാലത്തെയും ഹിറ്റ്‌ ചിത്രമായ ‘കര്‍ണന്‍’ പുനസ്സമാഹരിച്ച് റിലീസ് ചെയ്തു. വലിയ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്. ആ വിജയത്തിന്‍റെ പിന്‍ബലത്തിലാണ്
‘ആയിരത്തില്‍ ഒരുവനി’ലേക്ക് അദ്ദേഹം എത്തുന്നത്‌. ഫിലിം റീലുകളില്‍ നിന്നും സിനിമ ഡിജിറ്റല്‍ പതിപ്പിലേക്ക് മാറുന്ന കാലമായിരുന്നു അത്.

എ.ഐ.എ.ഡി.എം.കെ സ്ഥാപകനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.ജി.ആറിനും ‘ഇദയക്കനി’ എന്ന് അന്ന് വിളിച്ചിരുന്ന ജയലളിതയ്ക്കും തമിഴ്നാട്ടില്‍ ഏറെ ആരാധകരുള്ള സമയമാണ്. ‘ആയിരത്തില്‍ ഒരുവന്‍’ അങ്ങനെ തമിഴ് സിനിമകളുടെ ഹിറ്റ്‌ പട്ടികയിലേക്ക് അനായാസം കടന്നു ചെന്നു. ജയലളിത-എം.ജി ആര്‍ ജോഡികള്‍ ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമായിരുന്നു അത്. അവിടെ തുടങ്ങി സിനിമായിലായാലും രാഷ്ട്രീയത്തിലായാലും വ്യക്തി ജീവിതത്തിലായാലും ജയലളിതയുടെ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത അധ്യായമായി മാറി എംജിആര്‍.

പുനസ്സമഹാരിച്ച ‘ആയിരത്തില്‍ ഒരുവനി’ല്‍ ജയലളിതരണ്ടു മൂന്നു വര്‍ഷം സമയമെടുത്താണ് ചൊക്കലിംഗം ‘ആയിരത്തില്‍ ഒരുവന്‍’ പുനസ്സമാഹരിച്ചത്. അതിന്‍റെ അറിയിപ്പുമായി ചൊക്കലിംഗം ജയലളിതയ്ക്കു മുന്നിലെത്തി. ‘അമ്മാ, ഞങ്ങള്‍ ആയിരത്തില്‍ ഒരുവന്‍ റീസ്റ്റോര്‍ ചെയ്തു പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ്. ഏറെ പ്രയാസപ്പെട്ടാണ് ഇത് സാധ്യമാക്കിയത്. പ്രദര്‍ശനത്തിന്‍റെ ഭാഗമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്, അമ്മ വരണം’, തിരുവനന്തപുരത്ത് ചിത്രവുമായി എത്തിയ ചൊക്കലിംഗം ഓര്‍ക്കുന്നു.

ജയലളിതയെ കാണാന്‍ എത്തിയ ചോക്കലിംഗം

ജയലളിതയെ കാണാന്‍ എത്തിയ ചോക്കലിംഗം

ഇതറിഞ്ഞ ജയലളിത ഏറെ സന്തോഷവതിയായിരുന്നു എന്നും ചൊക്കലിംഗം കൂട്ടിച്ചേര്‍ത്തു. ‘ഇക്കാര്യം നിങ്ങളെന്നെ നേരത്തേ അറിയിച്ചിരുന്നെങ്കില്‍ എനിക്കു കൂടി സൗകര്യപ്പെടുന്ന ഒരുദിവസം നോക്കി പ്രദര്‍ശനമൊരുക്കാമായിരുന്നു. എന്തായാലും എന്‍റെ ഓഫീസുമായി ബന്ധപ്പെടൂ. എനിക്കീ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. ആലോചിച്ച് ഒരു തീയതി ഉറപ്പിക്കാം.’ എന്നായിരുന്നുവത്രെ ജയലളിതയുടെ മറുപടി.

എന്നാല്‍ പിന്നീട് ജയലളിതയുമായി ബന്ധപ്പെട്ട അഴിമതി കേസുകള്‍ ഉയര്‍ന്നുവരികയും അടുത്ത ദിവസങ്ങളില്‍ ജയലളിത അതിന്‍റെ കോലാഹലങ്ങളില്‍ പെട്ട് പോയതിനാല്‍ അവര്‍ക്ക് അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരികയും ചെയ്തു.

 

ജയലളിത സ്മരണാഞ്ജലിയുടെ ഭാഗമായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. വലിയ രീതിയിലുള്ള സ്വീകരണമാണ് ചിത്രത്തിന് അവിടെ ലഭിച്ചത്. ഇപ്പോള്‍ തിരുവനന്തപുരത്ത് ‘ഹോമേജ്’ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

പഴയ ചിത്രങ്ങള്‍ പുനസ്സമാഹരിക്കുമ്പോള്‍ അതിന്‍റെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ശബ്ദം സംബന്ധിച്ച തകരാറുകളും ബുദ്ധിമുട്ടുകളും പരിഹരിക്കുക സാധ്യമല്ല. അതൊരു വലിയ വെല്ലുവിളിയായിരുന്നു എന്നാണ് ചൊക്കലിംഗം .

‘പണ്ടത്തെ സിനിമകളില്‍ മോണോ എന്ന റെക്കോര്‍ഡിങ് രീതിയാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്നത് സ്റ്റീരിയോ അല്ലെങ്കില്‍ ഡോള്‍ബി ഡിജിറ്റല്‍ എന്ന സാങ്കേതിക വിദ്യയാണ്. സംഭാഷണങ്ങള്‍ അതേപടി ഉപയോഗിക്കാമെങ്കിലും സംഗീതത്തിലേക്ക് വരുമ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ വരുമെന്നതിനാല്‍ ആര്‍ആര്‍ അഥവാ റീ റെക്കോര്‍ഡിങ് ഒന്നുകൂടി ചെയ്യുകയായിരുന്നു. ഇതുവഴി സംഗീതം ക്രമീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. സിനിമയിലെ ഏറ്റവും പ്രയാസമേറിയ ജോലിയാണ് റീ റെക്കോര്‍ഡിങ് എന്നത്. ബി.ആര്‍ പന്തളു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത് എം.എസ് വിശ്വനാഥനാണ്. അദ്ദേഹത്തിന്‍റെ അനുവാദത്തോടെ സംഗീതം ക്രമീകരിച്ച് റീ റെക്കോര്‍ഡിങ് നടത്തുകയായിരുന്നു.’

2014ല്‍ ചൊക്കലിംഗം പുനസ്സമാഹരിച്ച ചിത്രം പ്രദര്‍ശനത്തിനെത്തിയത്, തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോളായിരുന്നു. ഇത് ചട്ട ലംഘനമാണെന്ന് അന്ന് തെരഞ്ഞെടുപ്പ് സമിതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം നിര്‍ത്തിവക്കാനാകില്ലെങ്കിലും പോസ്റ്ററുകളെല്ലാം നീക്കം ചെയ്യണമെന്ന് സമിതി അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ