മലയാളിയുടെ ജീവിതത്തിലെ രണ്ട് പ്രധാന ഘടകങ്ങളാണ് ബംഗാളിയും റഷ്യനും. സാഹിത്യമായാലും സിനിമയായാലും ബംഗാളും റഷ്യയും വിട്ട് മലയാളിക്ക് ഒരു ലോകമില്ല. അത് മലയാളിയുടെ മേലുളള ഭൂതാവേശിതമായ ഇരുലോകമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മാത്രമല്ല, അവിടെ നിന്നുളള സാംസ്കാരിക കൊടുക്കൽ വാങ്ങലുകളും മലയാളിയുടെ ഉന്നതിയിലേയ്ക്കുളള പടവുകളായി മാറിയിട്ടുണ്ട്. കേരളത്തിൽ പടർന്നു പിടിച്ച പേരുകളിൽ ബംഗാളിയും, റഷ്യനും കടന്നു വന്നതും ഈ​ ഭ്രമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം.

ഈ​ ഭ്രമത്തിനൊക്കെയപ്പുറമായിരുന്നു റഷ്യൻ സിനിമ മലയാളിയെ നിർണയിച്ചത്.​ ഐസൻസ്റ്റീനും തർക്കോവിസ്കിയും മലയാളികളുടെ ഇഷ്ടസംവിധായകരായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ഇവർ കേരളത്തിലെ മുക്കിലും മൂലയിലും താരങ്ങളായി മാറിക്കഴിഞ്ഞ കാലത്താണ് മറ്റൊരു താരമായി അലക്സാണ്ടർ സകുറോവ് കേരളത്തിലെത്തുന്നത്.

അതൊരു കടന്നു വരവായിരുന്നു. ധൈഷണികതയുടെ മാത്രല്ല, സ്നേഹത്തിന്‍റെയും ഏകാന്തതയുടെയും തത്വ ചിന്തകളും, ആത്മീയതയുടെ ദൃശ്യബിംബങ്ങളും കൂടി ചാലിച്ചിറക്കിയ ചലച്ചിത്ര അനുഭവായിരുന്നു അമ്മയും മകനും തമ്മിലുളള ഇഴയടുപ്പത്തെ കണ്ണീരിൽ നെയ്തെടുത്ത ആ ചലച്ചിത്രം – ‘മദർ ആൻഡ് സൺ’. 1997 ലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ആദ്യം ശ്രീ തിയേറ്ററിൽ കാണിച്ച ചിത്രം. പിന്നീട് അത് കാണിക്കാത്ത സ്ഥലങ്ങളില്ല കേരളത്തില്‍ എന്നത് ചരിത്രം.

 

കാവ്യ ഭാവനയും ആത്മീയ ആന്വേഷണത്തിന്‍റെ അകംപൊരുളിലേയ്ക്കുളള അന്വേഷണ സൂചകങ്ങളും കോര്‍ത്ത, ദീർഘമായ ഷോട്ടുകളും കണ്ണുകളെ വിഭ്രമിപ്പിക്കുകയും വിസ്മയിപ്പിക്കുയും ചെയ്യുന്ന ചിത്രീകരണവും ഒക്കെയായിട്ടാണ് സകുറോവ് പ്രേക്ഷക മനസ്സിൽ കുടിയേറുന്നത്. ഭാവനയ്ക്ക് അതിരുകൾ സൃഷ്ടിക്കാനൊരുങ്ങാതെ സകുറോവ് തന്‍റെ സർഗപ്രതിഭയെ പ്രേക്ഷകന്‍റെ ആത്മാന്വേഷണങ്ങളിലേയ്ക്ക് തുറന്നു വിട്ടു.

അമ്മയുടെ മകന്‍റെയും കഥ പറയുമ്പോൾ കാണിച്ച ഏകാന്തതയുടെയും പ്രവാസത്തിന്‍റെയും ഒറ്റപ്പെടുന്ന വാർധക്യത്തിന്‍റെയും ലോകം മലയാളിക്ക് വിദൂരമായിരുന്നില്ല എന്നതും വാസ്തവം. അതിനേക്കാളേറെ സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്കു ശേഷം അവിടെ നിന്നും വന്ന ചലച്ചിത്രവും സംവിധായകനും മലയാളിയുടെ ഹൃദയത്തിൽ ഇടം പിടിച്ചുഎന്ന് മാത്രമല്ല, ആ ചിത്രഭൂപടത്തിൽ നിന്നും വന്ന അമ്മയും മകനും മലയാളിയുടെ ഹൃദയത്തിന്‍റെ ഉടമകളായും മാറി.  തൊട്ടുപിന്നാലെ വീണ്ടും മലയാളിയുടെ ദൃശ്യബോധത്തെ ഞെട്ടിച്ച് സകുറോവ്  ‘ദ് റഷ്യൻ ആർക്’ എന്ന ചിത്രമായി എത്തി. ഒരൊറ്റ ഷോട്ട് കൊണ്ടൊരു ചലച്ചിത്രം. മലയാളിയുടെ സിനിമാബോധത്തെ ഒരിക്കല്‍ കൂടി അടിമുടി അട്ടിമറിച്ചു ഈ റഷ്യക്കാരൻ.  അപ്പോള്‍ മുതല്‍ മലയാളി സിനിമാ പ്രേമി കാത്തിരിക്കുകയായിരുന്നു, ​ഈ സർഗപ്രതിഭയെ ഒന്ന് കാണാൻ.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ സംസാരിക്കുന്ന സകുറോവ്

മലയാളികളുടെ സിനിമാ പ്രേമത്തിന് രാഷ്ട്രീയത്തിന്‍റെ അതിർവരുമ്പുകൾ ഒരിക്കലും ഉണ്ടായിരുന്നില്ല. 2001 ൽ ലെനിന്‍റെ സ്വകാര്യജീവിതത്തെ കുറിച്ച് സകുറോവ് എടുത്ത ചലച്ചിത്രം ‘ടോറസ്’ കൊൽക്കത്ത ചലച്ചിത്രോത്സവത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.​ എന്നാൽ ​കേരളത്തിനെ അത് ബാധിച്ചേ ഇല്ല,  സകുറോവിനുളള​ ആരാധന തെല്ലും കുറഞ്ഞില്ല. സകുറോവിന്‍റെ  പടമുണ്ടെങ്കിൽ അത് കാണാൻ ഇവിടെ എന്നും ആളുമുണ്ടായി. ഈ വിവാദത്തിന് ശേഷമാണ് 2002 ൽ ​ഒറ്റ ഷോട്ടിൽ തീർത്ത ‘ദ് റഷ്യൻ ആർക്’ എന്ന അഭ്രകാവ്യം പുറത്തുവരുന്നത്. ലോകത്ത് എല്ലായിടത്തുമെന്ന പോലെ കേരളത്തിലും ഇതൊരു പാഠപുസ്തകമായി, 15 വർഷമായി കൊണ്ടാടപ്പെടുന്നു.

കൂടുതല്‍ വായിക്കാം: സി പി എം ബംഗാളില്‍ ചെയ്ത പാതകത്തിന് കേരളത്തിന്‍റെ പാപപരിഹാരം

ഓരോ സിനിമാ തലമുറയും കെടാതെ കൈമാറിയ കഥയാണ്സ കുറോവിന്‍റെ ‘അമ്മയുടെയും മകന്‍റെയും’ . മീഡിയാ സ്കൂളുകളിൽ ‘മദർ​ ആൻഡ് സൺ’ ടെക്സ്റ്റ് ബുക്ക് ഉദാഹരണമാക്കിയവരും ഉണ്ട്. പലമയുടെ ആവിഷ്ക്കാരമായ സകുറോവിന്‍റെ ചലച്ചിത്രങ്ങൾ. ചെക്കോവും ദസ്തേവിസ്കിയും ബർണാഡ് ഷായുമെല്ലാം സകുറോവിനെ സ്വാധീനിച്ചിട്ടുണ്ട്. ലെനിനും ഹിറ്റ്‌ലറും ഹിരോഹിതോയും ഡോ. ഫൗസ്റ്റുമൊക്കെ പല അടരുകളായി സകുറോവിന്‍റെ കൈകളിലെ രൂപങ്ങളായി, രൂപകങ്ങളും.

ആത്മീയ സുചനകളിലൂടെ, തത്വചിന്തയുടെ ആഴങ്ങളും ആകാശങ്ങളും ഈ ചലച്ചിത്രകാരൻ തേടുന്നുണ്ട്. അത് ബയോപിക് സ്വാഭവമുളള ചിത്രങ്ങളാണെങ്കിലും അല്ലാത്തവയാണെങ്കിലും.

‘തർക്കോവിസ്കിയുടെ ശിഷ്യൻ’ എന്നറിയപ്പെടുന്നതിനേക്കാൾ അദ്ദേഹത്തിന്‍റെ പിൻഗാമി എന്നറിയപ്പെടാനാണ് സകുറോവിന് ഇഷ്ടം. തർക്കോവിസ്കിയുടെ ആത്മീയമായ അന്വേഷണങ്ങളുടെ സന്നിവേശം സകുറോവിന്‍റെ സിനിമകളിലും നമുക്ക് ദൃശ്യമാകും. മലയാളിയുടെ മനസ്സിൽ​ ഇടം പിടിച്ച സകുറോവിനാണ് ഇക്കൊല്ലത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. പുരസ്ക്കാരം സ്വീകരിക്കാൻ കേരളത്തിലെത്തിയ സകുറോവ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനോട് ( ഐ ഇ മലയാളം. കോം) സംസാരിക്കുന്നു.

യൂറോപ്യൻ ഫിലിം അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ച വേദിയിൽ വച്ച് ജയിലുകൾ ഇഷ്ടമല്ലെന്ന് പറഞ്ഞ താങ്കൾ തിരുവനന്തപുരം നഗരത്തിൽ കാണാനായി പോയത് പോലീസ് സ്റ്റേഷനും ലോക്കപ്പുമാണ്. എന്താണ് അതിനു പിന്നിൽ?

പൊലീസുകാരുടെ പ്രവർത്തന നിലവാരം മനസ്സിലാക്കിയാൽ ഭരണകൂടവും സമൂഹവും തമ്മിലുള്ള ബന്ധത്തിന്‍റെ നിലവാരം മനസിലാക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. പൊലീസുകാരുടെ സംസ്കാരം എന്തെന്ന് അറിയാൻ കഴിഞ്ഞാൽ സർക്കാരിന് നാട്ടുകാരോടുള്ള നിലപാട് ആദരവുള്ളതും മര്യാദപരവുമാണോ എന്ന് തിരിച്ചറിയാനാവും. ഭരണകൂടത്തിന്‍റെ കൃത്യ നിർവഹണത്തിലെ ഒരു സുപ്രധാന ഘടകമാണത്. പൊലീസ് സംവിധാനം അവർ അടുത്തിടപഴകുന്ന കുറ്റവാളികളിൽ നിന്നും പലതരം തിന്മകളുടേയും കുറവുകളുടേയും പിടിയിലാവും എന്നത് തീർച്ചയുള്ള കാര്യമാണ്. അപ്പോൾ അങ്ങനെ ഒരു മേഖലയുടെ ഇന്ത്യയിലെ പ്രവർത്തനം എങ്ങനെയാണെന്നറിയാനുള്ള ആഗ്രഹമാണ് എന്നെ അവിടെ എത്തിച്ചത്. ഇവിടെ ഞാൻ കണ്ടറിഞ്ഞതെല്ലാം റഷ്യയിലെ പൊലീസ് വകുപ്പിനോട് സമാനമായ കാര്യങ്ങളാണ്.

2001ൽ ടോറസ് എന്ന ചിത്രം കൊൽക്കത്ത ചലച്ചിത്ര മേളയിൽ പ്രദർശിച്ചപ്പോൾ അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ അതിനെ വിമർശിക്കുകയും ലെനിനെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത് എന്ന് പറയുകയും ചെയ്തിരുന്നു. അതിനെക്കുറിച്ച് അന്ന് താങ്കൾ പറഞ്ഞത് ചതുശ്രയങ്ങളിലെ നാല് ചിത്രങ്ങളും പൂർത്തിയാക്കിയതിനു ശേഷം ഇതിനുള്ള മറുപടി നൽകാമെന്നാണ്. ഇന്ന് അതിനെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

ലെനിൻ എന്ന വ്യക്തിയോട് എനിക്ക് മമതയുണ്ട്, പ്രത്യേകിച്ച് രോഗശയ്യയിലായിരുന്നപ്പോൾ ഉള്ള അവസ്ഥയോട്‌. രാഷ്ട്രീയപരമായ പരിഷ്കരണങ്ങൾ കൊണ്ട് വരാനുള്ള ശ്രമത്തിനിടയിൽ ഒരുപാട് അതിക്രമങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം കൊണ്ട് വന്ന വിപ്ലവത്തിന്‍റെ തീയ്യിൽ ഒരുപാട് മനുഷ്യർ വെന്തു വെണ്ണീറായി. ഭീകരമായ ആ വിപ്ലവം ധാരാളം പേരെ  സ്വാധീനിച്ചിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ലെനിന് ചുറ്റും ദുരന്തത്തിന്‍റെ പ്രതീതിയുണ്ടായിരുന്നു. നിർഭാഗ്യവശാൽ വിപ്ലവം സൃഷ്ടിക്കുക എന്നതും ഈ അഹിതകരമായ സംഭവത്തിലൂടെ കടന്നു പോകേണ്ടി വന്നതും അദ്ദേഹത്തിന്‍റെ വിധിയായിരുന്നു. വിപ്ലവം ഉണ്ടാക്കുന്നതിനൊപ്പം കൈകൾ ശുദ്ധമായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനേക്കാൾ ഏറെ ബുദ്ധിമുട്ടാണ് കറയറ്റ മനസ്സ് സൂക്ഷിക്കുക എന്നത്. ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് കുറ്റമറ്റ നിലയിൽ ഭരണം നടത്തുക എന്നത്. ഒരാൾ പോലും ഈ നിലയിൽ പ്രവർത്തിച്ചിട്ടില്ല. എല്ലാവരും ഭരിച്ചത് തെറ്റുകളിലൂടെയായിരുന്നു. ലെനിനും. അത് മാത്രമാണ് ഞാൻ പറയാൻ ശ്രമിച്ചത്.

കൂടുതല്‍ വായിക്കാം: സകുറോവിനോട് ക്ഷമ ചോദിച്ചു ഡോ തോമസ്‌ ഐസക്

Sokurov at Fort Police Station

തിരുവനന്തപുരം ഫോര്‍ട്ട്‌ പോലീസ് സ്റ്റേഷനില്‍ എത്തിയ സകുറോവ്

സർഗ്ഗാത്മകത ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം ഏതു കാലത്തായിരുന്നു കൂടുതൽ എന്നാണ് തോന്നിയിട്ടുള്ളത്? സോവിയറ്റ് കാലഘട്ടത്തിലോ വർത്തമാനകാല റഷ്യയിലോ?

എനിക്ക് ഇതിന് ഉത്തരം പറയാൻ ബുദ്ധിമുട്ടാവും. ബാഹ്യമായ കാര്യങ്ങൾ എന്നെ ഒട്ടും സ്വാധീനിച്ചിട്ടില്ല. ആന്തരികമോ ആത്മീയമോ ആയ കാര്യങ്ങളാണ് എനിക്ക്  എന്നും വെല്ലുവിളികളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചിരുന്നത്. അന്നും ഇന്നും എന്‍റെ ജോലിയിൽ പല തരം ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നു. സർഗ്ഗാത്മകതയും അതിന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലും പല തരം പ്രശ്നങ്ങളുണ്ട്. ഒരു സിനിമ ചെയ്യുന്നതിന് മുമ്പ് ഓരോ സംവിധായകനും ഇത് ചെയ്യാമോ ഇല്ലയോ, ഞാൻ ചെയ്യുന്നത് യുക്തമാണോ അല്ലയോ എന്നിങ്ങനെയുള്ള പത്ത് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതായി കരുതുക. അതിൽ ഏഴിനും എനിക്ക് ഇത് ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല എന്ന ഉത്തരമായിരിക്കും ലഭിക്കുക. സംവിധാനം എന്നത് സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു ജോലി ആണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ ഒട്ടു മിക്ക സംവിധായകരും എന്തും ചെയ്യാനുള്ള അവകാശം ഉള്ളതായി അനുമാനിക്കുന്നു. അനേകം വിലക്കുകൾ ഉള്ള മേഖലയാണിത്. ഒരു സംവിധായകൻ എന്ന നിലയിൽ ചെയ്യാനാവുന്നതിനേക്കാൾ ചെയ്യാൻ കഴിയാത്ത കാര്യങ്ങളാവും കൂടുതൽ. എന്നാൽ ഒരാൾ പോലും എന്‍റെ ഈ വാദത്തിനോട് യോജിക്കാൻ സാധ്യതയില്ല.

സാങ്കേതികവിദ്യയുടെ പുരോഗതി കണക്കിലെടുത്താൽ സാങ്കേതിക വിദ്യയാണോ സർഗാത്മകതയാണോ സിനിമയെ നിയന്ത്രിക്കുന്നത്?

സംശയമില്ല, ടെക്നോളജി തന്നെയാണ്. വിശിഷ്ടരും ദാർശനികരുമായ സംവിധായകർ ഇന്നില്ല. സാങ്കേതിക വിദ്യക്കനുസരിച്ച് പെരുമാറുന്നവരാണ് അധികവും. പുതിയതരം നാടകീയതയും കാല്പനീകതയും ഇന്ന്  സിനിമയിൽ സൃഷ്ടിക്കാൻ കഴിയുന്നില്ല. കരുത്തുള്ള, അർത്ഥവത്തായ, തനതായ കാര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഇന്ന് കഴിയുന്നില്ല. അതുകൊണ്ട് തന്നെ സംവിധായകർ ചിന്തിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അങ്ങനെ ചിന്തിക്കാൻ അവർക്ക് താൽപര്യമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒട്ടുമില്ല… മിക്കവാറും സംവിധായകർക്കും ഉത്തരവാദിത്വം ഏറ്റെടുക്കാതെ കാശ് സമ്പാദിക്കുന്നതിലാണ് ശുഷ്‌കാന്തി എന്നതാണ് ദുഃഖകരമായ സത്യം. സാങ്കേതിക വിദ്യയുടെ പെട്ടെന്നുള്ള വളർച്ചയാണ് ഈ അവസ്ഥയ്ക്ക് കാരണം. എല്ലാം വളരെ ലളിതമായി മാറിയിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook