കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുവര്‍ണ്ണ, രജത ചകോരങ്ങള്‍ക്കായി മത്സരിക്കുന്ന ചിത്രങ്ങുടെ അവാര്‍ഡ് നിര്‍ണ്ണയ ജൂറിയില്‍ മലയാളി സംവിധായകന്‍ ടി വി ചന്ദ്രന്‍. മേളയുടെ ‘ഫോക്കസ്’ ആയ ഏഷ്യ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള, മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് അന്താരാഷ്‌ട്ര ജൂറി മേളയുടെ ദിനങ്ങളില്‍ കണ്ടു വിലയിരുത്തേണ്ടത്. മേളയുടെ സമാപന ദിനത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ വിജയികള്‍ക്ക് പുരസ്കാരം നല്‍കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം, മികച്ച സംവിധായകന്‍, മികച്ച പുതുമുഖ സംവിധായകന്‍, പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന സിനിമ എന്നിവയ്ക്കുള്ള രജത ചകൊരങ്ങള്‍ എന്നിവയാണ് മത്സര വിഭാഗം അവാര്‍ഡുകള്‍.
അറിയപ്പെടുന്ന ഫിലിം പ്രോഗ്രാമറും, ഇറ്റാലിയന്‍ ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമായ മാര്‍ക്കോ മ്യുളറാണ് ജൂറി അധ്യക്ഷന്‍. സിനിമകളെക്കുറിച്ചുള്ള ധാരാളം ഡോക്യുമെന്ററികളുടെ സംവിധായകന്‍ കൂടിയായ മാര്‍ക്കോ മ്യുളര്‍, സ്വിറ്റ്സര്‍ലന്‍ഡിലെ അക്കാദമി ഓഫ് ആര്‍ക്കിടെക്ചറിലെ പ്രഫസറാണ്. ടൂറിന്‍ മേള, റോട്ടര്‍ഡാം, ലൊക്കാര്‍ണോ രാജ്യാന്തര ചലച്ചിത്രമേളകള്‍ എന്നിവയിലെ ഡയറക്ടറായിരുന്നു. ഇദ്ദേഹം നിര്‍മ്മിച്ച സിനിമകള്‍ കാന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ആലീസിന്റെ അന്വേഷണം, പൊന്തന്‍മാട, കഥാവശേഷന്‍, വിലാപങ്ങള്‍ക്കപ്പുറം, ഭൂമിയുടെ അവകാശികള്‍, പാഠം ഒന്ന് ഒരു വിലാപം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത മലയാളി സംവിധായകന്‍ ടി വി ചന്ദ്രന്‍, കൊളംബിയന്‍ അഭിനേതാവായ മാര്‍ലോന്‍ മൊറേനോ, ഫ്രഞ്ച് ന്യൂ വേവ് സിനിമകളുടെ ശില്‍പികളില്‍ ഒരാളായ എറിക് റോമെറുടെ എഡിറ്ററായ മേരി സ്റ്റീഫന്‍, കാര്‍ലെട്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഫിലിം സ്റ്റഡീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറും ഫിലിം സ്‌കോളറും ക്യൂറേറ്ററുമായ അബോബെക്കര്‍ സനോഗോ എന്നിവരാണ് ജൂറിയിലെ മറ്റു അംഗങ്ങള്‍.

ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും നിരൂപകനുമായ ഹാരി റൊമ്പോട്ടി, തുര്‍ക്കിയില്‍ നിന്നുള്ള സിനിമ നിരൂപക സനം എയ്ടാക്, ഇന്ത്യന്‍ സിനിമാ നിരൂപകനും എഴുത്തുകാരനുമായ മധു ഇറവങ്കര എന്നിവടങ്ങുന്നതാണ് ഫിപ്റസ്കി ജൂറി. ജര്‍മ്മനി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്ക്സ് എന്ന നിരൂപക സംഘടന നല്‍കുന്ന പുരസ്കാരങ്ങളാണ് ഈ ജൂറി വിലയിരുത്തുക. രാജ്യാന്തര തലത്തിലെ മികച്ച സിനിമ, മികച്ച മലയാള സിനിമ എന്നിങ്ങനെ രണ്ടു അവാര്‍ഡുകളാണ് ഫിപ്റസ്കി നല്‍കുന്നത്.

‘നെറ്റ്‌വര്‍ക്ക് ഫോര്‍ പ്രോമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ’ എന്ന ഏഷ്യന്‍ സിനിമാ സാംസ്കാരിക സംഘടന മേളയിലെ മികച്ച ഏഷ്യന്‍ സിനിമയ്ക്കും, മികച്ച മലയാള സിനിമയ്ക്കും പുരസ്കാരങ്ങള്‍ നല്‍കുന്നുണ്ട്. അത് നിര്‍ണ്ണയിക്കുന്ന ജൂറിയില്‍ അംഗങ്ങളായി ഉള്ളത് ഫ്രഞ്ച് പത്രപ്രവര്‍ത്തകനും നിരൂപകനുമായ മാക്സ് ടെസ്സിയര്‍, സ്ക്രോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ സിനിമാ എഡിറ്ററായ നന്ദിനി രാമനാഥ്, ദക്ഷിണ കൊറിയന്‍ അഭിനേതാവ് ജി ഹൂണ്‍ ജോ എന്നിവരാണ്.