ഡിസംബര്‍ 8 നു ആരംഭിക്കുന്ന കേരളത്തിന്‍റെ 22 ണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ എഫ് എഫ് കെ) ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള 47 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഇന്ത്യന്‍ സിനിമകളുടെ വിഭാഗമായ ‘ഇന്ത്യന്‍ സിനിമ നവ്’, ‘മലയാളം സിനിമ ടുഡേ’, മത്സര വിഭാഗം, ‘ഐഡന്റിറ്റി ആന്‍ഡ്‌ സ്പേസ്’ എന്ന പ്രമേയാധിഷ്ടിത വിഭാഗം, ഹോമേജ് എന്നിവയിലായാണ് ഈ 47 ചിത്രങ്ങള്‍ ഉള്ളത്.

തീന്‍ ഓര്‍ ആധാ

‘ഇന്ത്യന്‍ സിനിമ നവ്’ വിഭാഗത്തില്‍ ഏഴു ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയ സഞ്ജയ്‌ ഡേയുടെ ചിത്രം ‘ത്രീ സ്മോക്കിംഗ് ബാരല്‍സ്’, 80കളുടെ സാമൂഹിക പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രസാദ്‌ ഓക്ക് ചിത്രം ‘കച്ചാ ലിംബൂ’, ഒരു കെട്ടിടത്തില്‍ മൂന്ന് വ്യത്യസ്ഥ കാലയളവില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതം ആധാരമാക്കിയ ദര്‍ ഗൈ ചിത്രം ‘തീന്‍ ഓര്‍ ആധാ’, അസമിലെ സംഗീതത്തെയും ജീവിതങ്ങളെയും അവതരിപ്പിക്കുന്ന റിമ ദാസ് ചിത്രം ‘വില്ലജ് റോക്ക്സ്റ്റാര്‍സ്’, യാഥാസ്ഥിതികതയില്‍ നിന്നും പിന്‍വലിയേണ്ടി വരുന്ന നായകനെ അവതരിപ്പിക്കുന്ന ദീപേഷ് ജെയിന്‍ ചിത്രം ‘ഗാലി ഗുലിയാന്‍’, രാവുറങ്ങാത്ത മുംബൈ നഗരത്തില്‍ എത്തിപ്പെടുന്ന കാശ്മീരി കുടുംബത്തിന്‍റെ കഥ പറയുന്ന നിഖില്‍ അല്ലുഗ് ചിത്രം ‘ശെഹ്ജര്‍’ എന്നിവയും ‘നഗ്നതയെ സൌന്ദര്യാത്മകവും സാമൂഹികവുമായി വിശകലനം ചെയ്യുന്ന രവി ജാദവ് ചിത്രം ‘ന്യൂഡു’മാണ് ഈ വിഭാഗത്തില്‍ പെടുത്തിയ ചിത്രങ്ങള്‍. ഇതില്‍ ‘ന്യൂഡി’ന് കേന്ദ്രത്തില്‍ നിന്നും പ്രദര്‍ശനാനുമതി ലഭിക്കേണ്ടതുണ്ട്. സെന്‍സര്‍ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഈ സിനിമ ഒഴിവാക്കേണ്ടി വരും എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വായിക്കാം: സെക്സി ദുര്‍ഗ്ഗയും ന്യൂഡും മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍വ്വാഹമില്ല, കമല്‍

‘ഐഡന്റിറ്റി ആന്‍ഡ്‌ സ്പേസ്’ വിഭാഗത്തില്‍ മലയാളിയായ ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്ത ‘ലയെര്‍സ് ഡൈസ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. മികച്ച നടി (ഗീതാഞ്ജലി താപ), മികച്ച ഛായാഗ്രാഹകന്‍ (രാജീവ്‌ രവി) എന്നിവയ്ക്കുള്ള 2013 ലെ ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം ആ വര്‍ഷത്തെ ഇന്ത്യയില്‍ നിന്നും ഓസ്കാര്‍ നോമിനേഷന്‍ നേടിയെങ്കിലും അവസാന റൗണ്ടില്‍ എത്താന്‍ കഴിഞ്ഞില്ല. നഷ്ടപ്പെട്ടു പോയ ഭര്‍ത്താവിനെ അന്വേഷിച്ചു പോകുന്ന ഒരു സ്ത്രീ നേരുടുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

 

ഇതിനു പുറമേ സത്യജിത് റേയുടെ ‘ചാരുലത’, അപര്‍ണ്ണാ സെന്നിന്‍റെ ‘സോനാറ്റ’, വൈ എം മൂവീസിന്‍റെ ‘വണ്‍ ഹാര്‍ട്ട്‌: ദി എ ആര്‍ റഹ്മാന്‍ കണ്‍സേര്‍ട്ട്’ എന്നീ ചിത്രങ്ങളും ഉണ്ടാകും. എ ആര്‍ റഹ്മാന്റെ വിഖ്യാതമായ കണ്‍സേര്‍ട്ട് ടൂറിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘വണ്‍ ഹാര്‍ട്ട്‌’.

മണ്‍ മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്കുള്ള ആദര സൂചകമായിയുള്ള ‘ഹോമേജ്’ വിഭാഗത്തില്‍ ഐ വി ശശി, കെ ആര്‍ മോഹനന്‍, ജയലളിത, ഓം പുരി, കുന്ദന്‍ ഷാ, ഗീതാ സെന്‍, രാമാനന്ദ സെന്‍ ഗുപ്ത എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ആയിരത്തില്‍ ഒരുവന്‍

ഐ വി ശശിയുടെ സ്മരണാര്‍ത്ഥമുള്ള പാക്കേജില്‍ ‘1921’, ആള്‍ക്കൂട്ടത്തില്‍ തനിയെ’, ‘ആരൂഡം’, ‘ഇതാ ഇവിടെ വരെ’, മൃഗയ’ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കെ ആര്‍ മോഹനന്‍ അനുസ്മരണത്തില്‍ ‘പുരുഷാര്‍ത്ഥം’, സ്വരൂപം’ എന്നീ ചിത്രങ്ങളും, ജയലളിതാ ഹോമേജില്‍ ‘ആയിരത്തില്‍ ഒരുവന്‍’, ഓം പുരിയുടെ സ്മരണാര്‍ത്ഥം ‘അര്‍ദ്ധ സത്യ’, നടിയും സംവിധായകന്‍ മൃണാള്‍ സെന്നിന്‍റെ പത്നിയുമായ ഗീതാ സെന്‍, ക്യാമറമാന്‍ രാമാനന്ദ എന്നിവര്‍ക്ക് ശ്രദ്ധാഞ്ജലിയായി ഋത്വിക് ഘട്ടക് സംവിധാനം ചെയ്ത ‘നാഗരിക്’ എന്നിവയും മേളയില്‍ ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ