പീറ്റര്‍ വോലെബെന്‍ എഴുതിയ ഒരു പുസ്തകമുണ്ട്, ‘ദി ഹിഡന്‍ ലൈഫ് ഓഫ് ട്രീസ്‌’. വൃക്ഷങ്ങള്‍ അതിനിഗൂഡമായി തങ്ങളുടെ വേരുകളാല്‍ സംവേദനം ചെയ്യുന്നു എന്ന് ദീര്‍ഘകാലം ഫോറസ്റ്ററും ജര്‍മന്‍കാരനുമായ ഗ്രന്ഥകാരന്‍ പറയുന്നു. നവോമി കവാസെയുടെ ‘വിഷന്‍’ എന്ന ചലച്ചിത്രം അതിന്‍റെ താളം കണ്ടെത്തുന്നത് ചെരിഞ്ഞും ഉയര്‍ന്നും കിടക്കുന്ന ജപ്പാന്‍ ഭൂപ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ സൗന്ദര്യത്തെ ഒപ്പിയെടുത്താണ്. നിഗൂഡമായൊരു സസ്യത്തെ തേടിയിറങ്ങിയ സ്ത്രീക്ക് അയാള്‍ വഴികാട്ടുന്നു .ഭൂതകാലം സന്നിവേശിപ്പിച്ചു കൊണ്ട്‌ പ്രകൃതിയെ മനുഷ്യന്‍റെ വൈകാരികതയിലേക്ക് വലിച്ചിഴക്കുന്നു.

‘വിഷന്‍’ എന്ന സിനിമ എന്നെ സംബന്ധിച്ച് സംവിധായിക പറഞ്ഞ കഥക്കപ്പുറം ദൃശ്യങ്ങള്‍ തുറന്നിട്ട വിശാലമായ ലോകത്തിനൊപ്പം സ്വന്തം ഭാവന കൂടി ഇടകലര്‍ത്തി മറ്റൊരു ആസ്വാദന തലത്തെ നിര്‍മിക്കാന്‍ വഴി തുറക്കുന്നതാണ്.  ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ പശ്ചിമ ദിക്കില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരുതു മരങ്ങളുടെ ഒരു കാടുണ്ടായിരുന്നു .അത് പൂക്കുകയും കൊഴിയുകയും ചെയ്തിരുന്നു. ചുവന്നു തുടുത്ത ആകാശം, മരുതു പൂക്കളുടെ ചുവപ്പ്. ‘വിഷനി’ലൂടെ കടന്നു പോകുമ്പോള്‍ ഭൂതകാല ഓര്‍മകളുടെ കുത്തൊഴുക്ക് അനുഭവപ്പെട്ടത് മറ്റൊരു കാരണം കൊണ്ടല്ല.

 

വൃക്ഷങ്ങള്‍ക്കും ചെറിയ സസ്യങ്ങള്‍ക്കും എന്തൊക്കെയോ സംവദിക്കുവാന്‍ കഴിയുമെന്നു തോന്നുന്നു. ഒറ്റയ്ക്കാകുമ്പോള്‍ ഇത്തരം ചിന്തകള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നു വരുന്നു.  താഴ്വാരങ്ങള്‍, ചിലപ്പോള്‍ നദികള്‍, പൂമരങ്ങളുടെ നിറം കൊണ്ടുള്ള വലിയ മഞ്ഞയും ചുവപ്പും മറുകുള്ള മലകള്‍. ധ്യാനാത്മകമായ പരിസരം.

ചില കഥകള്‍ മറ്റൊരു കഥയാക്കി മാറ്റി ആസ്വദിക്കാന്‍ കഴിയും. സാധാരണ ചലച്ചിത്ര ആസ്വാദനത്തിനും അപ്പുറം ദൃശ്യപരത പുതിയൊരു വഴിയാണ്.  ചിലപ്പോള്‍ സ്വന്തം ആത്മാവിനെ ശുദ്ധീകരിക്കാന്‍ ചലച്ചിത്ര ചായാഗ്രഹണത്തിനു കഴിയും.  ‘വിഷനെ’ ഛായാഗ്രഹണം കൊണ്ട് ആത്മശുദ്ധി വരുത്തിയ ചലച്ചിത്രമായി ഞാന്‍ രേഖപ്പെടുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook