തിരുവനന്തപുരം: തലസ്ഥാന നഗരിയിയെ ഏഴ് രാപ്പകലുകളെ സജീവമാക്കിയ 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. വൈകുന്നേരം നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനത്തോടു കൂടിയാണ് ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴുന്നത്.

സമാപന യോഗവും പുരസ്‌കാര വിതരണവും വൈകുന്നേരം 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ് സുനില്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. മന്ത്രി എ.കെ. ബാലന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വി.എസ് ശിവകുമാര്‍ എം.എല്‍.എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. വിവിധ വിഭാഗങ്ങളില്‍ എട്ട് പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. ഇത്തവണ ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് കെ.ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിക്കുക.

Read More: പുരസ്കാരങ്ങളും അവയ്ക്കായി മത്സരിക്കുന്ന മലയാള സിനിമകളും

ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 14 ചിത്രങ്ങളാണ് ഇത്തവണ രാജ്യാന്തര മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ.മ.യൗ’, സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ മലയാള ചിത്രങ്ങളും സുവര്‍ണ ചകോരത്തിനായി മത്സര രംഗത്തുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook