ഊതിക്കെടുത്തിയ മെഴുകുതിരി നിന്നു പുകഞ്ഞു. കുറച്ചു നേരം മാത്രം. കസാന്‍ സാക്കിന്‍സിന്റെ സോര്‍ബ വഴി തിരിച്ചു വിട്ട സന്തോഷിപ്പാനുള്ള മാര്‍ഗങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമായിരുന്നു, ആനന്ദിക്കൂ, ആനന്ദിക്കൂ, അതു മാത്രമേയുണ്ടായിരുന്നുള്ളൂ.
സോര്‍ബ സോര്‍ബ എന്നൊരു നൂറുവട്ടം ഞാന്‍ ഉച്ചരിച്ചിരുന്നു .ദൈവം സോര്‍ബയായിരുന്നു, കഴിഞ്ഞ രാത്രി ഹിരോക്കാസു കൊരിയേദായുടെ ‘ഷോപ്പ്ലിഫ്റ്റേസ്’ കാണുന്നതുവരെയും സോര്‍ബ മാത്രമായിരുന്നു മനസ്സില്‍.
ഒസാമു എന്ന കള്ളന് രാത്രിയില്‍ കടന്നു വരുന്നു. അയാള്‍ക്ക് മോഷണമല്ലാതെ ഒന്നുമറിയില്ല, പക്ഷെ ഒന്നറിയാം. എവിടെയോ ചില മാന്ത്രിക വിദ്യകള്‍ കാട്ടി, മറ്റു ചിലപ്പോള്‍ ശബ്ദം കൊണ്ട്, ചിലപ്പോഴാകട്ടെ, മഞ്ഞു മനുഷ്യനെ നിര്‍മിച്ച്, അയാള്‍ ദൈവമാകുന്നു. അയാള്‍ ഏതാനും ചില മനുഷ്യരെ ജീവിപ്പിക്കുന്നു. നഗരത്തില്‍ നിന്നും ക്ഷീണിതനായി അവസാന ബസ്സില്‍ വന്ന്, ഒന്നുണ്ടു എന്നുറപ്പു വരുത്തി പെട്ടന്ന് കട്ടിലിലേക്ക് ചായുന്ന അച്ഛന്.
ചിലപ്പോള്‍ ചലച്ചിത്രങ്ങള്‍ സ്വജീവിതത്തെ അടയാളപ്പെടുത്തുന്നു. ഇവിടെയും അതിനപ്പുറം മറ്റൊന്നില്ല. ഒസാമു മോഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നമ്മുടെ ജീവിതത്തെ മോഷ്ടിക്കുന്നവരില്‍ നിന്നും അയാള്‍ ജീവിതത്തെ തിരികെപ്പിടിക്കുന്നു എന്നു മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ .
ഒസാമു രാത്രിയില്‍ എന്നെ തീരെ ഉറക്കിയില്ല. നഗരത്തിലെ വെളിച്ചത്തില്‍ എല്ലാ വെളിച്ചവും കെടുത്തി ഞാനിരുന്നു. ഏതെങ്കിലും കൊച്ചു കുട്ടിയുടെ നിലവിളി കേള്‍ക്കുന്നുണ്ടോ? രാത്രിയുടെ മറവില്‍ ഈ നാട്ടിലെ ദരിദ്രനായ അറിയപ്പെടാത്ത ഒരു മനുഷ്യന് ഒരു കള്ളന്റെ വേഷത്തില്‍ വലിയ പള്ളിയുടെ സമീപം പതുങ്ങിയിരിക്കുന്നുണ്ടോ?
ഒസാമുവിനു മുന്‍പ് ഴാല്‍ വാങ്ങ് ഴാങ്ങ് എന്ന മനുഷ്യനെ ഓര്‍ക്കുന്നു. വിളറി വെളുത്ത മെലിഞ്ഞ കൊസത്ത് എന്ന പെണ്‍കുട്ടിയെ ഓര്‍ക്കുന്നു. ദാരിദ്ര്യം രോഗം മരണം.
സത്യജിത്ത് റേയുടെ ‘അഗന്തുക്കി’ല്‍ സഞ്ചാരിയായ മന്മോഹന് മിത്ര കടന്നു വരുന്നുണ്ട്. അനന്തിരവന്റെ വീട്ടില്‍ അവസാന കാലം ചിലവഴിക്കാം എന്നൊരു പ്രതീക്ഷ അയാള്‍ക്കുണ്ട്. പക്ഷെ ആളുകള്‍ക്ക് ആളുകളെ വേഗം മടുക്കുന്നു. അതു കൊണ്ടു തന്നെ അയാള്‍ പതിയെ പുറത്താക്കപ്പെടുകയാണ്.
‘ഷോപ്പ് ലിഫ്റ്റേഴ്സി’ലെ വൃദ്ധ മൻമോഹൻ മിത്രയെ ഓർമിപ്പിക്കുന്നു. പക്ഷെ ‘അഗന്തുക്കി’ലെ ആ കഥാപാത്രം ഏകാന്തതയെ, കടുത്ത ഒറ്റപ്പെടലിനെ അതിജീവിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന ഭാഗത്ത് ഒസാമു വൃദ്ധയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാണ്. ദരിദ്രനാണെങ്കിലും അയാൾക്ക് അതിനു സാധിക്കുന്നുണ്ട്. ജീവിതം അതിന്റെ മനോഹരമായ അന്ത്യത്തെ സമാധാനപൂർവം സ്വീകരിക്കുന്നതു കാണാം. മരണം ചിലപ്പോൾ അയാസരഹിതമാകുന്നു.
ഒസാമു എന്ന കള്ളന് അവിടെ വ്യത്യസ്തനാകുന്നത് ഒരു കുടുംബം സൃഷ്ടിച്ചു കൊണ്ടാണു. തന്റെ ഹൃദയത്തില്‍ കൈവെച്ച് ഒസാമു പറയുന്നു, നമ്മള് ഹൃദയം കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന്.
അയാള്‍ ഓരോ മനുഷ്യനിലൂടെയും കടന്നു പോകുന്നു. അയാള്‍ സൃഷ്ടിക്കുന്ന കുടുംബം സമൂഹത്തില്‍ നിന്നും ബഹിഷ്കൃതമാകുന്ന ഏതാനും മനുഷ്യരുടെ ജീവിതം കൊണ്ടാണ് രൂപപ്പെടുന്നത്. സന്തോഷം മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന ഒരു കുടുംബ യന്ത്രം… ഒസാമു ഒരു സെന്‍ ബുദ്ധനെപ്പോലെ തോന്നിപ്പിക്കുന്നു.
ഴാങ്ങ് വാല് ഴാങ്ങ് ഏറ്റവും സങ്കടകരമായ രാത്രികളില്‍ എന്റെ വാതിലില്‍ ആഞ്ഞു തട്ടുന്നതു പോലെ എനിക്ക് തോന്നിയിട്ടുണ്ട്. പണ്ടെങ്ങോ എം പി നാരായണ പിള്ളയുടെ ‘കള്ളന്’ എന്ന കഥ വായിക്കുമ്പോള്‍ ടീച്ചര്‍ ആവര്‍ത്തിക്കുന്ന ഒരു വാക്യമുണ്ട്. നഖത്തില്‍ മൊട്ടു സൂചി കയറ്റും പോലെയുള്ള വേദന, ആ വേദന ഇതിലും ആവര്‍ത്തിക്കുന്നു. ലോകത്തെവിടെയും സംഭവിക്കുന്നത് തനിയാവര്‍ത്തനം തന്നെയെന്ന തോന്നല്‍.
മരിച്ചവര്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ബാധ്യതയാകുന്നു. മരണം കൊണ്ട് അവശേഷിക്കുന്നത് ശരീരമാണ്. അതിന്റെ നിര്‍ജീവത ജീര്‍ണത കൊണ്ടേ പൂര്‍ത്തിയാകൂ. അതാകട്ടെ അസഹ്യവും.
വൃദ്ധയുടെ മരണം ഒസാമുവില് സൃഷ്ടിക്കുന്ന നിര്‍വികാരത ഓര്‍ത്തു കൊണ്ട് ഞാനൊരു തകരപ്പെട്ടിയെ ഓര്‍ത്തെടുത്തു. ഏതാനും വര്‍ഷം മുന്‍പ് മരിക്കുന്നതു വരെ ഒരു വൃദ്ധ വീട്ടില്‍ ഏല്‍പ്പിച്ചിരുന്ന തകരപ്പെട്ടി. അവരുടെ മരണശേഷം പെട്ടിയുടെ ഉടമയായിത്തീര്‍ന്ന മകള്‍ ഏറ്റെടുക്കുകയും പെട്ടി തുറന്ന് ഉള്ളില്‍ കസവ് മുണ്ടുകള്‍ക്കിടയില്‍ തിരുകിയിരുന്ന ചെറിയ നോട്ടുകള്‍ കണ്ട് സന്തോഷം കൊണ്ട് മതിമറക്കുന്നത് ഞാന്‍ നേരിട്ടു കണ്ടാതാണ്. ഒസാമുവും ഭാര്യയും ചെയ്തതു പോലെ കുറച്ചു പലഹാരങ്ങള്‍, കുറച്ചു വസ്ത്രങ്ങള്‍. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരെ ഓര്‍ക്കുന്നില്ലല്ലോ… അതില്‍ തെറ്റുമില്ല.
ജീവിതം ഇങ്ങനെയൊക്കെയാണ്. ഒരു ദിവസം പിടി വിടും വരെ സന്തോഷിക്കണം, ഒരു കള്ളന് നിങ്ങളെ സന്തോഷവും സമാധാനവും പഠിപ്പിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടണ്തില്ല.
”നീയൊരു വലിയ ട്യൂണ മത്സ്യമാണെന്ന് പറഞ്ഞ് ഒസാമു ഷോട്ടയുടെ പിന്നാലെ ഒരു മീന്‍ പിടുത്തക്കാരനെപ്പോലെ ഓടുന്നു. തെരുവില്‍ ആരുമില്ല. അവര്‍ മത്സ്യമായും മീന്‍ പിടുത്തക്കാരനായും അഭിനയിച്ചു രസിക്കുകയാണ്. ”
മുത്തശ്ശിക്കൊപ്പം ഉറങ്ങുന്ന കാലങ്ങളില്‍ ഭിത്തിയില്‍ കുമ്മായച്ചുവരില്‍ ആനയും മാനുമായി ഞങ്ങള്‍ പരകായം ചെയ്തു. ഞങ്ങള്‍ക്കു മാത്രമറിയാവുന്ന ആ രഹസ്യം, അതൊരു അഭിനയ തത്വം അല്ലാതിരുന്നിട്ടു കൂടി ആരുമായും പങ്കുവെച്ചില്ല. അതിവിചിത്രമായ ഈ രഹസ്യങ്ങള്‍ കൌതുകങ്ങളെ വീണ്ടും വീണ്ടും ഊതിപ്പെരുപ്പിക്കുന്നു.
ഊണു മേശക്കും, പലഹാരങ്ങള്‍ക്കും ചുറ്റും ദൈവം പ്രകാശിക്കും പോലെയാണ്… ദൈവമെന്നാല്‍ സന്തോഷം മാത്രം… ഓറഞ്ചു പൊളിച്ചു തിന്നുമ്പോള്‍, കേക്കുകള്‍ രുചിക്കുമ്പോള്‍…സ്നേഹം വരുന്നു… അതങ്ങനെ തോന്നിത്തുടങ്ങുന്നു.
ഒസാമു എന്ന കള്ളന് ബോധിസത്വനാകുന്നില്ല… എന്നാല്‍ അയാളില്‍ നിന്നുമുള്ള ചിന്തകളുടെ പ്രകാശത്തിന്റെ ഒഴുക്ക് നിലക്കുന്നേയില്ല.
Get Malayalam News and latest news update from India and around the world. Stay updated with today's latest Iffk news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ