നന്ദിതാ ദാസ് എന്ന പേര് മലയാളികള്‍ക്ക് അപരിചിതമല്ല. നടിയെന്ന നിലയിലും സംവിധായികയെന്ന നിലയിലും സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും നന്ദിതയെ കേരളത്തിന് അറിയാമെന്ന് മാത്രമല്ല, വലിയ ഇഷ്ടവുമാണ്. അത് കൊണ്ടാണ്, ഇന്ന് നടക്കാന്‍ പോകുന്ന ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അതിഥിയായി നന്ദിതാ ദാസ് എത്തുന്നതിനെ മലയാളി കാത്തിരിക്കുന്നത്. മേളയുടെ ഇന്നത്തെ ഉദ്ഘാടന ചടങ്ങില്‍ നന്ദിതാ ദാസ് ‘ഗസ്റ്റ് ഓഫ് ഓണര്‍’ ആയി പങ്കെടുക്കും. അവര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘മന്റോ’ നാളെ മേളയില്‍ പ്രദര്‍ശിപ്പിക്കും.
Read More: IFFK 2018: നന്ദിതാ ദാസും ബുദ്ദദേവ് ദാസ്ഗുപ്തയും മുഖ്യാതിഥികള്‍
ദീപാ മേഹ്തയുടെ ‘ഫയര്‍’ എന്ന സിനിമയിലൂടെയാണ് നന്ദിത അഭിനയ രംഗത്തേക്ക് എത്തിയത്. സ്വവര്‍ഗാനുരാഗം പ്രമേയമായ ‘ഫയര്‍’ ഇന്ത്യയില്‍ ധാരാളം എതിര്‍പ്പുകള്‍ നേരിട്ടപ്പോള്‍ തുറന്ന മനസ്സോടെ സിനിമയെ സമീപിച്ച ചുരുക്കം ചില ഇടങ്ങളില്‍ ഒന്നാണ് കേരളം. സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്താണ് ദീപ മേഹ്തയും, നന്ദിത ദാസും ഷബാന ആസ്മിയും ‘ഫയറു’മായി എത്തുന്നത്. രാജ്യത്തിന്റെ സദാചാര ബോധത്തിന് തന്നെ തീപിടിപ്പിച്ച ചിത്രമായിരുന്നു ‘ഫയര്‍’. 22 വര്‍ഷങ്ങള്‍ക്ക് ശേഷം, സ്വവര്‍ഗ്ഗാനുരാഗം കുറ്റകൃത്യമല്ലെന്ന സുപ്രീംകോടതി വിധി കൂടി പുറത്തു വന്നതിന് ശേഷമാണ് നന്ദിത, തന്റെ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച നാട്ടിലേക്ക് ഒന്ന് കൂടി എത്തുന്നത്.
നന്ദിതയുടെ അഭിനയ ജീവിതത്തിലേക്ക് മലയാളം വീണ്ടും കടന്നു വന്നു. സുമാ ജോസണ്‍ സംവിധാനം ചെയ്ത ‘ജന്മദിനം’, വി കെ പ്രകാശിന്റെ ‘പുനരധിവാസം’, സന്തോഷ് ശിവന്റെ ഇംഗ്ലീഷ് മലയാള ചിത്രം ‘ബിഫോര്‍ ദി റൈന്‍സ്’, ജയരാജ് ചിത്രം ‘കണ്ണകി’, അടൂര്‍ ഗോപാലകൃഷ്ണന്റെ ‘നാല് പെണ്ണുങ്ങള്’ എന്നീ ചിത്രങ്ങളില്‍ നായികയായി എത്തി. പിന്നീട് സംവിധാനത്തിലേക്ക് ചുവടു വച്ചപ്പോള്‍, ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ‘ഫിരാക്’ എന്ന ചിത്രത്തെയും മലയാള സിനിമാ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയ്ക്ക് ആ വര്‍ഷത്തെ പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
വിശ്വ വിഖ്യാത എഴുത്തുകാരന് സാദത്ത് മെന്റോയുടെ ജീവിതം പ്രമേയമാക്കിയ ഒരു ചിത്രവും കൊണ്ടാണ് നന്ദിത ഇപ്പോള്‍ കേരളത്തില്‍ എത്തുന്നത്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ് മന്റോ പ്രദര്‍ശിപ്പിക്കുന്നത്. മന്റോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. മന്റോയുടെ ജീവിതത്തിലെ ഏറ്റവും ക്ഷുബ്ധവും പ്രധാനപ്പെട്ടതുമായ നാലു വര്‍ഷങ്ങളാണ് (1946-50) ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
Read More: രണ്ടു മണിക്കൂര്‍ സിനിമയെയോ, ഒരു പുസ്തകത്തെയോ അവര്‍ ഭയക്കുന്നതെന്തിന്?: നന്ദിതാ ദാസ്
ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം രാജ്യത്തിന്റെ വിഭജനം നടക്കുകയാണ്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ തന്റെ പ്രിയപ്പെട്ട മുംബൈ വിട്ട് പാകിസ്താനിലേക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്നു. ലാഹോറില്‍ അദ്ദേഹം സുഹൃത്തുക്കളില്‍ നിന്നെല്ലാം ഒറ്റപ്പെടുകയും, തന്റെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോകുകയും ചെയ്യുന്ന മന്റോ, അശ്ലീലം എഴുതുകയാണ് എന്നാരോപിക്കപ്പെട്ടു വിചാരണ നേരിടുകയാണ്. മന്റോയുടെ കൂടി വരുന്ന മദ്യപാനം കുടുംബത്തെ കടബാധ്യതയിലേക്ക് തള്ളിവിടുകയും ജീവിതം കൂടുതല്‍ ദുസ്സഹമാകുകയും ചെയ്യുന്നു. അതേ സമയം താന്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങള്‍ മന്റോയുടെ രചനകള്‍ക്ക് വിഷയങ്ങളാകുകയും ചെയ്യുന്നു. വളര്‍ന്നു വരുന്ന രണ്ടു രാജ്യങ്ങളുടെ, അടിപതറുന്ന രണ്ടു നഗരങ്ങളുടെ, അതെല്ലാം മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് ‘മന്റോ’.

അടുത്ത കാലത്ത് രാജ്യം നന്ദിതയ്ക്ക് കൈയ്യടിച്ചത്, സിനിമാ മേഖലയിലെ മീടു വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. ആരോപണ വിധേയര്ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ച സംവിധായകരില്‍ നന്ദിതയും ഉണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായായിരുന്നു നന്ദിതയുടെ പിതാവ് ജതിന് ദാസിനെതിരെ ഉയര്‍ന്ന ആരോപണം. ഈ സാഹചര്യത്തില്‍ എല്ലാവര്ക്കും അറിയേണ്ടത് നന്ദിതാ ദാസിന്റെ നിലപാടായിരുന്നു. എന്നാല്‍ പിതാവിനല്ല, പിന്തുണ മീടുവിനാണെന്ന ധീരമായ നിലപാടെടുത്ത് നന്ദിത മാതൃകയായി. സിനിമയിലെ മികവു കൊണ്ടും ധീരമായ നിലപാടുകള്‍ കൊണ്ടും ലോകശ്രദ്ധ പിടിച്ചു പറ്റിയ നന്ദിതാ ദാസിനെ കാണാന്‍, കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കേരളവും.