കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കൊടിയിറങ്ങാൻ ഇനി ഒരു ദിവസം മാത്രം ബാക്കി. ആരായിരിക്കും അവാർഡുകൾ കരസ്ഥമാക്കുക എന്ന കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് ചലച്ചിത്ര പ്രേമികളെല്ലാം തന്നെ. മത്സര വിഭാഗ ചിത്രങ്ങള്‍ക്കുള്ള സുവര്‍ണ്ണ-രജത ചകോരങ്ങൾ ഉൾപ്പെടെ എട്ട് അവാര്‍ഡുകളാണ് രാജ്യാന്തര ചലച്ചിത്ര മേള കഴിഞ്ഞ വർഷം വരെ നൽകിയിരുന്നത്. എന്നാൽ ഇത്തവണ മുതൽ ഒരു പുതിയ പുരസ്കാരം കൂടി ഐഎഫ്എഫ്കെയുടെ ഭാഗമായി നൽകുന്നുണ്ട്.
ഇന്ത്യൻ സംവിധായകർക്ക് പ്രോത്സാഹനമായി അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ കെ.ആര്‍ മോഹനന്റെ പേരില്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഇന്ത്യയാണ് പുതിയ പുരസ്കാരം ഏർപ്പാടാക്കിയരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് കെ.ആര്‍ മോഹനൻ പുരസ്കാരം. ഐഎഫ്എഫ്‌കെയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല ഇന്ത്യന്‍ സിനിമയുടെ സംവിധായകനായിരിക്കും ഈ പുരസ്‌കാരം ലഭിക്കുക.
സുവര്‍ണ്ണ-രജത ചകോരങ്ങള്‍
ഏറ്റവും നല്ല ഫീച്ചര്‍ സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരമാണ് മേളയുടെ ഏറ്റവും ആകർഷകമായ അവാർഡുകളിൽ ഒന്ന്. 15 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമാണ് അവാര്‍ഡ്. അടുത്തതായി മൂന്ന് രജത ചകോരങ്ങളാണ്. ഏറ്റവും നല്ല സംവിധായകന് നാല് ലക്ഷം രൂപ, ഏറ്റവും നല്ല പുതുമുഖ സംവിധായകന് മൂന്ന് ലക്ഷം രൂപ, ഡെലിഗേറ്റുകള്‍ വോട്ടിംഗ് വഴി തിരഞ്ഞെടുത്ത സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണ് അവാര്‍ഡുകള്‍.
സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജേരിയ’, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഇ മ യൗ’ എന്നിവയാണ് മത്സര വിഭാഗത്തിൽ പരിഗണിക്കപ്പെടുന്ന മലയാള ചിത്രങ്ങൾ.
നിരൂപക പുരസ്കാരങ്ങള്‍
രാജ്യാന്തര തലത്തിലെ മികച്ച സിനിമ, മികച്ച മലയാള സിനിമ എന്നിങ്ങനെ രണ്ടു അവാര്‍ഡുകളാണ് ജര്‍മ്മനി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്ക്സ് (ഫിപ്റസ്കി) എന്ന നിരൂപക സംഘടന നല്‍കുന്നത്. നെറ്റ്‌വര്‍ക്ക് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ (നെറ്റ്പാക്ക്) എന്ന ഏഷ്യന്‍ സാംസ്‌കാരിക സംഘടന മേളയിലെ മികച്ച ഏഷ്യന്‍ സിനിമയ്ക്കും, മികച്ച മലയാള സിനിമയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. മലയാളം സിനിമ ഇന്ന് വിഭാഗത്തിലെ ചിത്രങ്ങളും, മത്സര വിഭാഗത്തിലെ രണ്ടു മലയാള ചിത്രങ്ങളുമാണ് മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്ക്, ഫിപ്റസ്കി അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെടുന്നത്.
പി കെ ബിജുക്കുട്ടന്റെ ‘ഓത്ത്’, സൗബിന്‍ ഷാഹിറിന്റെ ‘പറവ’, ജയരാജിന്റെ ‘ഭയാനകം’, ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘ഉടലാഴം’, ആഷിക് അബുവിന്റെ ‘മായനദി’, വിനു എ കെയുടെ ‘ബിലാത്തിക്കുഴല്‍’, വിപിന്‍ വിജയുടെ ‘പ്രതിഭാസം’, ബി അജിത്കുമാറിന്റെ ‘ഈട’, ബിനു ഭാസ്കറിന്റെ ‘കോട്ടയം’, സുമേഷ് ലാലിന്‍റെ ‘ഹ്യൂമന്‍സ് ഓഫ് സംവന്‍’, ഗൗതം സൂര്യയുടെ ‘സ്ലീപ്‌ലെസ്സ്ലി യുവേര്‍സ്’, വിപിന്‍ രാധാകൃഷ്ണന്റെ ‘ആവേ മരിയ’ എന്നീ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലുള്ളത്.