സിനിമയാക്കപ്പെടാന്‍ തന്നെ വേണ്ടി പിറന്നതാണ് സാദത്ത്‌ ഹസന്‍ മാന്റോ. ആ ജീവിതം, വളരെ നേരത്തേയുള്ള മരണം എന്നിവ തികച്ചും നാടകീയമാണ് എന്ന് മാത്രമല്ല, ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നതും കൂടിയാണ്. മന്റോയുടെ സ്വന്തം കഥയുടെ കേന്ദ്ര കഥാപാത്രമായി അദ്ദേഹത്തെ എത്തിക്കാന്‍ സിനിമ ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്നതിലാണ് അത്ഭുതം.

ഒടുവില്‍ അങ്ങനെയൊരു സിനിമ വരുമ്പോള്‍ അതിന്റെ അമരത്തിരിക്കാന്‍ നന്ദിതാ ദാസിനോളം അര്‍ഹതയുള്ള മറ്റാരുമില്ല താനും. 2002ലെ ഗുജറാത്ത് കലാപങ്ങളുടെ പശ്ചാത്തലത്തില്‍ നന്ദിതയുടെ ആദ്യ ചിത്രമായ ‘ഫിരാക്ക്’, ‘റിലീജ്യസ് എക്സ്ട്രീമിസം’ നമ്മള്‍ ഓരോരുത്തരുടേയും ഉള്ളില്‍ ഉണ്ടാക്കുന്ന കേടുപാടുകളെക്കുറിച്ചായിരുന്നു. തീവ്രമായി ബാധിക്കുന്ന തരത്തില്‍ ശക്തമായ ഒരു ചിത്രമായിരുന്നു ‘ഫിരാക്ക്’, അതെനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.

Image may contain: 1 person, text

ഉചിതമായ തുടര്‍ച്ച എന്ന പോലെ അതിനു ശേഷം വരേണ്ടിയിരുന്നതാണ് ‘മന്റോ’. ഉപഭൂഖണ്ഡം രണ്ടായി പകുത്തു, ഇന്ത്യയെന്നും പാകിസ്താന്‍ എന്നുമായിത്തീര്‍ന്ന ഒരു കാലഘട്ടത്തിലേക്കാണ് ‘മന്റോ’ പോകുന്നത്. വിഭജനത്തിന്റെ സങ്കടവും ഹതാശയും മുഴുവന്‍ ഏറ്റുവാങ്ങി, അതിന്റെ മൂര്‍ത്തീഭാവമായി നിലകൊള്ളുന്ന മന്റോ നേരിടുന്ന നിര്‍ണ്ണായകമായ ചില ചോദ്യങ്ങളുണ്ട്: എന്തിന്റെ ഭാഗമാണ് താന്‍? വേരറ്റ്, സമനിലയറ്റ് ജീവിക്കാനും ഒടുവില്‍ നശിച്ചു പോകാനും വിധിക്കപ്പെട്ടവനോ?

 മന്റോയുടെ കഥകളിലെ ആഴത്തിലെ മുറിവുകളെ, ഇന്നും പ്രസക്തമായവയെ, തിരഞ്ഞു പോകാന്‍ നമ്മെ പ്രേരിപ്പിക്കും വിധം ഉപരിതലത്തില്‍ മാത്രം ഒതുങ്ങുന്നതാണ് നന്ദിതയുടെ മന്റോ ആഖ്യാനം. ‘കാലി സല്‍വാര്‍’, ‘ഖോല്‍ ദോ’, ‘ഠണ്‍ടാ ഗോഷട്ട്’, ‘തോബ തേക്ക്‌ സിംഗ്’ എന്നിങ്ങനെയുള്ള മന്റോയുടെ കഥകള്‍ നിങ്ങളെ പാടെ ഉലച്ചു കളയാന്‍ തക്ക വണ്ണമുള്ളവയാണ്. അവയെ സിനിമയിലേക്ക് വിളക്കിച്ചേര്‍ത്ത വിധം സുഖകരമല്ല. മനസ്സു കൊണ്ട് ഉലയാന്‍ തയ്യാറായിട്ടാണ് ‘മന്റോ’ കാണാന്‍ പോയത്, പക്ഷേ അത് സംഭവിച്ചില്ല.

മുംബൈ, 1946. നഗരത്തില്‍ നടക്കുന്ന എല്ലാത്തിന്റെയും മധ്യത്തില്‍ അയാളുണ്ട്, മന്റോ. പുരോഗമന കലാ പ്രസ്ഥാനങ്ങള്‍, ഇസ്മത് ചുഗ്തായിയോടൊപ്പമുള്ള നേരമ്പോക്കുകള്‍ അങ്ങനെ എല്ലാത്തിന്റെയും ഭാഗമാണ് അയാള്‍. ഉയര്‍ന്നു വരുന്ന താരമായ ശ്യാമിനോപ്പം. മുംബൈ സിനിമാ ലോകത്തെ തിരക്കുള്ള സ്റ്റുഡിയോകളിലൂടെ അയാള്‍ അലയുന്നുണ്ട്, പ്രചോദനവും പ്രതിഫലം കിട്ടുന്ന ജോലിയും തേടി. ഒരിക്കല്‍ പോലും മന്റോയുടെ പ്രതിഭ സംശയിക്കപ്പെടുന്നില്ല. പക്ഷേ സ്വയം നാശത്തിനുള്ള പ്രവണത ആദ്യമേ തന്നെ മിന്നിമായുന്നുണ്ട് – ദേഷ്യത്തിലൂടെയും തന്നിഷ്‌ടത്തിലൂടെയും. കൂട്ടുകാര്‍ക്കും സന്തത സഹചാരിയായ ഭാര്യയ്ക്കും മന്റോ പലപ്പോഴും ഒരു പ്രശ്നം തന്നെയാണ്.

1947. ഇന്ത്യയോ പാകിസ്താനോ എന്ന തെരഞ്ഞെടുപ്പ് നടത്താനായി മന്റോ നിര്‍ബന്ധിതനാവുകയാണ്. അയാള്‍ പാകിസ്താന്‍ തെരഞ്ഞെടുക്കുന്നു. ഇടുങ്ങിയ മനസ്സുള്ള അധികാരികളുമായും സമയം കളയാനായി മദ്യപിക്കുന്നവരുടേയും ഇടയില്‍പെട്ട് പോവുകയാണ് പിന്നീടയാള്‍. തന്നിലെ അതിശയകരമായ പ്രതിഭയെ, തന്റെ പ്രിയപ്പെട്ടവരുടെ സ്നേഹത്തെ എല്ലാം പാഴാക്കിക്കളയുന്ന ഒരു മനുഷ്യന്റെ പതനമാണ് പിന്നെ നമ്മള്‍ കാണുന്നത്.

സ്ട്രയിക്കിംഗ് ആയ ചില നിമിഷങ്ങളുണ്ട്‌ ചിത്രത്തില്‍,  അശോക്‌ കുമാര്‍ ഉള്‍പ്പെടുന്ന നാല്‍പ്പതുകളിലെ പ്രമുഖ താരങ്ങള്‍ എല്ലാം ചേരുന്ന ഒരു രംഗം പോലെ.പക്ഷേ അവ ക്ഷണികങ്ങളാണ്. മന്റോയുടെ ശക്തിയായി രസിക ദുഗ്ഗല്‍ എന്ന നടി തിളങ്ങുന്നു. ഭാസിന്‍ അവതരിപ്പിച്ച ശ്യാം ഉജ്ജ്വലവും ജീവസ്സുറ്റതുമാണ്.

എന്നാല്‍ നവാസുദ്ദീന്‍ സിദ്ദിക്കിയുടെ മന്റോയെക്കുറിച്ച് ഇത് പറയാന്‍ ആവില്ല. സിനിമയുടെ വിഷനും എക്സിക്യൂഷനും തമ്മില്‍ അന്തരമുണ്ട്, കൌതുകമുളവാക്കുന്ന ഒരു ദൂരമുണ്ട്. നവാസുദ്ദീന്‍ ഉള്‍പ്പെടെ ചിത്രം മുഴുവന്‍ അതിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഈ റോള്‍ മറ്റൊരു നടനും ചെയ്യാന്‍ ആവില്ല താനും. കാഴ്ചയില്‍ നവാസ് മന്റോ ആയിത്തന്നെ പരിണമിച്ചു – ഉടഞ്ഞ കുര്‍ത്ത, കട്ടി ഫ്രെയിം കണ്ണട, കറയുള്ള പല്ല്, എന്തിനു ശബ്ദം പോലും. എന്നാല്‍ മന്റോയുടെ എഴുത്തിന്റെ ഗുണങ്ങളായ പരിഹാസം, കയ്പ്പ്, ഇച്ഛാഭംഗം എന്നിവ മിന്നല്‍പ്പിണര്‍ പോലെ മാത്രമാണ് സിനിമയില്‍ കാണാന്‍ കഴിയുക.

മന്റോയുടെ ബാഹ്യരേഖകള്‍ സിനിമയില്‍ വ്യക്തമാണ്, എന്നാല്‍ അതിലെ ‘ഫില്ലിംഗ്’ വിണ്ടു കീറിയതാണ്.  ഇനിയും കൂടുതല്‍ വേണം എന്ന് തോന്നും – നവാസില്‍ നിന്നും, സിനിമയില്‍ നിന്നും.

‘മന്റോ’ തിയേറ്റര്‍ റിലീസ് വേളയില്‍ എഴുതിയ നിരൂപണം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook