രാജ്യാന്തര ചലച്ചിത്ര മേളയില്‍ മാജിദ് മാജിദിയുടെ ചിത്രം ‘മുഹമ്മദ്’ ന്റെ പ്രദര്‍ശനം റദ്ദ് ചെയ്തതായി ചലച്ചിത്ര അക്കാദമി. രാജ്യാന്തര ജൂറി ചെയര്മാന് കൂടിയായ മാജിദിയുടെ, പ്രോഫെറ്റ് മുഹമ്മദിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം ജൂറി സ്ക്രീനിംഗുകളുടെ ഭാഗമായാണ് പ്രദര്‍ശിപ്പിക്കാനിരുന്നത്. എന്നാല്‍ മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട വിദേശ ഭാഷാ ചിത്രങ്ങള്‍ക്ക് ലഭിക്കേണ്ട സെന്‍സര്‍ എക്സെംപ്ഷന് ‘മുഹമ്മദി’നു ലഭിക്കാത്തതിനാലാണ് ഇന്ന് രാത്രി 10.30 ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ‘മുഹമ്മദ്: ദി മെസ്സെന്ജര് ഓഫ് ഗോഡ്’ എന്ന ചിത്രം റദ്ദ് ചെയ്തത് എന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.
വിദേശ ഭാഷാ ചിത്രങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ സെന്‍സര്‍ ക്ലിയരന്‍സ് ആവശ്യമുണ്ട്. മേളയിലെ മറ്റു ചിത്രങ്ങള്‍ക്ക് ഇത് ലഭിച്ചപ്പോള്‍ ‘മുഹമ്മദി’ന് മാത്രം ആ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല.
ഇസ്ലാമിക ഇതിഹാസ ചിത്രമായ ‘മുഹമ്മദ്’ എഴുതിയിരിക്കുന്നത് മാജിദിയും കംബൂസിയ പാര്ത്തോവിയും ചേര്‍ന്നാണ്. പ്രവാചകന്റെ ചെറുപ്പകാലം പറയുന്ന ചിത്രം ഇറാനിയന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ബജറ്റ് കൂടിയ ചിത്രവുമാണ്. ഇറാനിന്റെ തലസ്ഥാനമായ തെഹ്രാനിലാണ് ‘മുഹമ്മദി’ന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. വിഖ്യാത ക്യാമറമാന് വിറ്റോറിയോ സ്റ്റോറെറോ, സംഗീത സംവിധായകന് എ ആര് റഹ്മാന് എന്നിവര്‍ മജിദിയുമായി കൈകോര്‍ത്ത ചിത്രം കൂടിയാണ് ‘മുഹമ്മദ്’.
നവംബറില്‍ നടന്ന കൊല്‍കൊത്ത ചലച്ചിത്ര മേളയില്‍ മാജിദ് മജിദി റിട്രോസ്പ്പെക്റ്റിവിന്റെ ഭാഗമായി ‘മുഹമ്മദ്’ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് കേരളത്തിലെ പ്രദര്‍ശനത്തിനു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കാതിരിക്കുന്നത്.
Read More: Fatwa against A R Rahman and Iranian filmmaker Majid Majidi for film on Prophet
ഈ ചിത്രവുമായി ബന്ധപ്പെട്ടു എ ആര് റഹ്മാനും മാജിദിയ്ക്കുമെതിരെ മുംബൈയിലെ ആസ്ഥാനമായ സുന്നി മുസ്ലിം ഗ്രൂപ്പ് 2015 ല്‍ ഫത്വ ഇറക്കിയിരുന്നു. മുസ്ലിങ്ങള്‍ ഈ ചിത്രത്തെ നിരസിക്കണം എന്നാണ് റാസാ അക്കാദമി ഫത്വ പുറപ്പെടുവിച്ചു കൊണ്ട് ആവശ്യപ്പെട്ടത്. പ്രവാചകന്റെ ജീവിതം ആസ്പദമാക്കുന്ന ട്രിളജിയുടെ ആദ്യ ഭാഗമായ ‘മുഹമ്മദ്: ദി മെസ്സെന്ജര് ഓഫ് ഗോഡ്’ ബാന്‍ ചെയ്യാനും അവര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു.
പ്രവാചകന്റെ ദൃശ്യമോ ചിത്രമോ സൃഷ്ടിക്കാനോ സൂക്ഷിക്കാനോ പാടില്ല എന്ന കാരണം കാണിച്ചാണ് അവര്‍ ഫത്വ പുറപ്പെടുവിച്ചത്. ചിത്രം ഇസ്ലാമിനെ പരിഹസിക്കുന്നു എന്നും, മുസ്ലിം സമുദായത്തില്‍പ്പെട്ടവരല്ലാത്ത അഭിനേതാക്കള്‍ ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.