കേരള രാജ്യാന്തര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ഒരു തമാശക്കഥയുണ്ട്. ഏതോ ഒരു മലയാളി, കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്റെ വീട്ടില്‍ എത്തിപ്പെടുന്നു. വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ സ്വീകരണമുറിയില്‍ ഒരു പടം ചില്ലിട്ടു വച്ചിരിക്കുന്നു. അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ – ‘ബീനാ പോള്‍ ഈ വീടിന്റെ ഐശ്വര്യം. ഒപ്പം അവരുടെ ഒരു ചിത്രവും. മേളയ്ക്ക് എത്തുന്ന തലമുറകള്‍ പാണന്റെ പാട്ട് പോലെ പാടി പതിഞ്ഞ ഈ തമാശക്കഥയ്ക്ക് പിന്നില്‍ ആര്‍ക്കും നിഷേധിക്കാന്‍ ആവാത്ത ചില സത്യങ്ങളുണ്ട്. വിദൂരദേശത്ത് നിന്ന് വന്ന ഒരു സിനിമാക്കാരനെ സ്വന്തമെന്നോണം മലയാളി നെഞ്ചേറ്റിയ കഥ.
കിം കി ഡുക് എന്ന പേര് മലയാളി പ്രേക്ഷകര്‍ കേള്‍ക്കുന്നത് പ്രധാനമായും കേരള രാജ്യാന്തര ചലച്ചിത്ര മേളയിലൂടെയാണ്. ഏഷ്യ-ആഫ്രിക്ക-ലാറ്റിന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ സിനിമകളില്‍ ഫോക്കസ് ചെയ്യുന്ന മേളയുടെ കാഴ്ചക്കാര്‍ സമകാലിക കൊറിയന്‍ സിനിമയിലെ പ്രധാനപ്പെട്ട സംവിധായകരില്‍ ഒരാളായ കിം കി ഡുക്കില്‍ ആകൃഷ്ടരാക്കുന്നത് സ്വാഭാവികം. മേള രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മേളയുടെ പ്രേക്ഷകര്‍ക്ക് മാത്രമല്ല, മലയാള സമൂഹത്തിനാകമാനം പ്രിയങ്കരനായി തീര്‍ന്നിട്ടുണ്ട് കിം കി ഡുക്.
ലോക സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ചലച്ചിത്രകാരന്മാരില് ഒരാളായ കിം കി ഡുക്കിന്റെ ചിത്രങ്ങള്‍ വിഖ്യാതമായ മേളകളായ വെനീസ്, കാന്‍സ്, ബെര്‍ലിന്‍ എന്നിവടങ്ങില്‍ പുരസ്കാരങ്ങള്‍ നേടിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ കൊറിയന്‍ നിന്നുമുള്ള ഓസ്കാര്‍ നോമിനേഷന് ആയി തിരെഞ്ഞെടുക്കപ്പെട്ടിടുമുണ്ട്. എന്നാല്‍ കിം കി ഡുക്കിനെ ഇത്ര കണ്ടു സ്നേഹിക്കുന്ന ഒരിടം വേറെയുണ്ടോ എന്ന് സംശയമാണ്. അത്രയ്ക്കിഷ്ടമാണ് മലയാളിക്ക് കിം കി ഡുക്കിനെ.
അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള പ്രേക്ഷക സമൂഹത്തിനിടയിലേക്ക് കിം കി ഡുക് വന്നിട്ടുമുണ്ട്. 2013ല്‍ ‘മോബിയസ്’ എന്ന തന്റെ ചിത്രവുമായാണ് കിം എത്തിയത്. തലസ്ഥാനത്തെത്തിയ കിമ്മിനെ സിനിമാ പ്രേക്ഷകര്‍ ആരാധന കൊണ്ട് വീര്‍പ്പു മുട്ടിച്ചു. ബസില്‍ നിന്നും, കാറില്‍ നിന്നുമൊക്കെ തന്നെ നോക്കി കൈവീശുന്ന നാട്ടുകാരെക്കണ്ട് കിം കി ഡുക് അന്തം വിട്ടു.
കിമ്മിന്റെ ചിത്രങ്ങള്‍ക്ക് കൊറിയയില്പ്പോലും ഇത്രയും ആരാധകര്‍ ഉണ്ടോ എന്ന് സംശയമാണ്. ‘പ്രിയപ്പെട്ട കിം’ എന്ന് പേരുള്ള ഒരു ഹൃസ്വചിത്രം ഒരുക്കിയാണ് മലയാളി കിമ്മിനെ ആദരിച്ചത്. കേരളത്തിലെ ഒരു സിനിമാ ആസ്വാദകന് കിം കി ഡുക്കിന് ഒരു കത്തെഴുതുന്നതാണ് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം.
പ്രളയാനന്തര കേരളത്തില്‍ മേള നടത്തണമോ വേണ്ടയോ എന്ന ആശങ്കയില്‍ പെട്ടുഴറിയ സര്‍ക്കാരിന് മേള നടത്തണം എന്നാവശ്യപ്പെട്ടു കത്തെഴുതിയ കിമ്മിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഹ്യൂമന്‍, സ്പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍’ എന്ന ചിത്രമാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഓരോ വര്‍ഷവും മലയാളി മേളയ്ക്കായി കാത്തിരിക്കുന്നത് കിമ്മിന്റെ ചിത്രങ്ങള്‍ കാണാനും കൂടിയാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഒരു ചിത്രവും സംവിധാനം ചെയ്തില്ല എങ്കിലും അദ്ദേഹം നിര്‍മ്മിച്ച ഒരു ചിത്രം മേളയില്‍ എത്തിയിരുന്നു. കിം കി ഡുക് എന്ന പേര് അത്ര കണ്ടു ഇഴുകിച്ചേര്‍ന്നിരിക്കുന്നു കേരളത്തിന്റെ ചലച്ചിത്ര മേള.