മലയാളികളാൽ ഏറെ സ്നേഹിക്കപ്പെടുകയും കേരള രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഏറ്റവും ജനപ്രീതി നേടുകയും ചെയ്ത സംവിധായകരിൽ ഒരാളാണ് കൊറിയൻ സംവിധായകനായ കിം കി ഡുക്ക്. വർഷങ്ങളോളം കാത്തിരുന്ന് കാലചക്രത്തെയും ഋതുക്കളെയും രേഖപ്പെടുത്തി അയാൾ സൃഷ്ടിക്കുന്ന വിസ്മയപ്രപഞ്ചങ്ങളിൽ പലപ്പോഴും മഞ്ഞുപ്രതിമകളെ പോലെ ഉറഞ്ഞു പോയിട്ടുള്ളവരാണ് മലയാളികൾ.
ഐഎഫ്എഫ്കെ എന്ന പേരിനൊപ്പം ഫെസ്റ്റിവൽ സിനിമാപ്രണയികൾ കിം എന്ന പേരു ചേർത്തു വായിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. 2005ലെ ഐഎഫ്എഫ്കെയിലാണ് മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായ ബീനാ പോൾ, ഒരു റെട്രോസ്‌പെക്റ്റീവ് സെക്ഷനിലൂടെ കിം കി ഡുക്കിനെ കേരളത്തിനു പരിചയപ്പെടുത്തുന്നത്. ഉന്മാദവും ഭ്രമകല്പനകളും ലൈംഗികതയുടെ അതിപ്രസരവും കലരുന്ന ആ ചിത്രങ്ങൾക്കൊപ്പം തന്നെ കിം കി ഡുക്കും വൈകാതെ മലയാളികളുടെ ഹൃദയത്തിലിടം നേടി. രസികരായ ഐഎഫ്എഫ്കെ പ്രേക്ഷകർക്ക് കിം, ‘കിമ്മേട്ടനാ’യി മാറി.

സ്നേഹത്തോടെ ചേർത്തു നിർത്തുന്ന കേരളമെന്ന കൊച്ചു സംസ്ഥാനം ക്രമേണ കിം കി ഡുക്കിന്റെയും ഇഷ്ട ഭൂമികകളിൽ ഒന്നായി മാറി. ഈ വർഷം പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഐഎഫ്എഫ്കെ റദ്ദു ചെയ്തു കൊണ്ട് സർക്കാർ ഉത്തരവ് വന്നപ്പോൾ മലയാളികളുടെ ട്രോളിടങ്ങളിൽ ആദ്യം നിറഞ്ഞതും കിം തന്നെയായിരുന്നു. “ആരെങ്കിലും കിം കി ഡുക്കിനെ വിവരമറിയിച്ചോ? തുടങ്ങിയ ട്രോളുകളൊക്കെ മലയാളികളെ തെല്ലൊന്നുമല്ല ചിരിപ്പിച്ചത്. തമാശകൾക്കപ്പുറം അത്രമേൽ പരിചിതമായൊരു സാന്നിധ്യമാണ് ഐഎഫ്എഫ്കെ പ്രേക്ഷകർക്ക് കിം. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ, ഐഎഫ്എഫ്കെ നിർത്തലാക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് കിം കേരള മുഖ്യമന്ത്രിയ്ക്ക് കത്തു വരെ എഴുതി. ഒടുവിൽ, അനിശ്ചിതത്വങ്ങളെല്ലാം ഒഴിഞ്ഞ് ഐഎഫ്എഫ്കെ 2018ന്റെ തിരശ്ശീലയുയർന്നപ്പോൾ കിം കി ഡുക്കും സന്തോഷിച്ചിരിക്കാം.
മലയാളികൾക്ക് കിമ്മിനോടുള്ള ഇഷ്ടത്തിന് സാക്ഷിയാവുകയായിരുന്നു, അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറിയ നിശാഗന്ധി ഓഡിറ്റോറിയം. പ്രിയ സംവിധായകന്റെ ‘ഹ്യൂമന്‍, സ്പേസ്, ടൈം ആന്ഡ് ഹ്യൂമന്‍’ എന്ന ചിത്രം കാണാൻ ഇന്നലെ വൈകിട്ട് നിശാഗന്ധിയിൽ തടിച്ചു കൂടിയത് നൂറുകണക്കിന് സിനിമാ പ്രേമികളാണ്.
Read More: പ്രിയപ്പെട്ട കിം, നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്ത് ആഘോഷം?
കിമ്മിന് ഏറെ പ്രശസ്തി നേടി കൊടുത്ത ‘സ്പ്രിങ്, സമ്മർ, ഫാൾ വിന്റർ സ്‌പ്രിങ്’ പോലെ തന്നെ പല ഋതുക്കളിലൂടെയാണ് ‘ഹ്യൂമന്‍, സ്പേസ്, ടൈം ആന്‍ഡ്‍ ഹ്യൂമൻ’ എന്ന ചിത്രവും കടന്നു പോവുന്നത്. എന്നാൽ, മഞ്ഞു കാലത്തിന്റെ തണുപ്പും വസന്തത്തിന്റെ നിറച്ചാർത്തുകളുമൊന്നുമല്ല കാഴ്ചക്കാരെ കാത്തിരിക്കുന്നത്. അറപ്പിക്കുന്ന, മനംപുരട്ടുന്ന ഒരു ചോരപ്പുഴ നീന്തി കടക്കാനാണ് കിം പ്രേക്ഷകരെ ക്ഷണിക്കുന്നത്. ആ ക്ഷണം സ്വീകരിച്ച് രണ്ടു മണിക്കൂർ സിനിമയ്ക്കൊപ്പം യാത്ര ചെയ്യുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്നതാണ് പ്രേക്ഷകനു മുൻപിൽ ബാക്കിയാവുന്ന ദുരിതപർവ്വം. മൃഗീയമായ നരനായാട്ടുകളും ലൈംഗികതയുടെ അതിപ്രസരവുമൊക്കെയായി കാഴ്ചക്കാരന്റെ മാനസികാവസ്ഥയെ പോലും അസ്വസ്ഥമാക്കിയാണ് സിനിമ മുന്നേറുന്നത്.
ഒരു യുദ്ധക്കപ്പലിൽ യാത്ര ചെയ്യുന്ന ഒരു കൂട്ടം ആളുകൾ. ഏറെ രാഷ്ട്രീയ സ്വാധീനമുള്ള ഒരു പൊളിറ്റീഷനും മകനും, അനങ്ങിയാൽ ആയുധമെടുത്ത് വിറപ്പിച്ചു നിർത്തുന്ന ഒരു ഗുണ്ടാത്തലവനും അയാളുടെ സംഘവും, വേശ്യകൾ, ലൈംഗിക കാമനകളാൽ ഭ്രാന്തെടുത്തു നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ, മധുവിധു ആഘോഷിക്കാൻ ഭർത്താവിനൊപ്പം പുറപ്പെടുന്ന അതിസുന്ദരിയായ നായിക, ആദ്യം മുതൽ അവസാനം വരെ ഒരക്ഷരം പോലും ഉരിയാടാതെ കഥയെ മുന്നോട്ടു കൊണ്ടു പോവുന്ന ദീർഘവീക്ഷണമുള്ള ഒരു വൃദ്ധനും കപ്പൽ ജീവനക്കാരും വിഭിന്ന പശ്ചാത്തലത്തിൽ നിന്നെത്തിയ ഒരു കൂട്ടം ആളുകൾ വേറെയും. കപ്പലിലുണ്ടാകുന്ന ചെറിയ ചെറിയ വഴക്കുകളിൽ നിന്നും കത്തിക്കയറുന്ന വയലൻസ് കൂട്ടബലാത്സംഗത്തിലേക്കും കൊലപാതകത്തിലേക്കുമൊക്കെയുള്ള വാതിലുകൾ തള്ളി തുറന്നു മുന്നേറുകയാണ്.

ഒരു കൂട്ടം ചെറുപ്പക്കാരുടെ തീക്ഷ്ണ ലൈംഗിക കാമനകൾക്ക് ഇരയാവേണ്ടി വരുന്ന നായിക ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയാണ്. ചെറുപ്പക്കാരിൽ നിന്നും ഗുണ്ടാ നേതാവിലേക്കും അവിടെ നിന്ന് രാഷ്ട്രീയക്കാരനിലേക്കും അയാളുടെ മകനിലേക്കുമെല്ലാം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ശരീരം മാത്രമായി മാറുകയാണ് നായിക. നായിക മാത്രമല്ല, സിനിമയിലെ പല സ്ത്രീകളും ലൈംഗിക കാമനകൾ ശമിപ്പിക്കാനുള്ള ഉപകരണങ്ങൾ മാത്രമാണെന്നത് ദുസ്സഹമായ കാഴ്ചയാണ്.
ഒരൊറ്റ കപ്പൽ യാത്ര കൊണ്ട് പലരാൽ ചവിട്ടിയരക്കപ്പെട്ട ഒരു ശരീരമായി മാറിയ നായിക, ഗുണ്ടാനേതാവിനാൽ ഭർത്താവ് കൊല്ലപ്പെട്ടു എന്നു കൂടി അറിയുന്നതോടെ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നു. അവൾക്ക് സംഭവിച്ച ഓരോ അപമാനങ്ങൾക്കും മൂകസാക്ഷിയായ ഒരു വൃദ്ധൻ ആ ഉദ്യമത്തിൽ നിന്നും നായികയെ രക്ഷിച്ചെടുത്ത് സംരക്ഷിക്കുന്നു. മദ്യവും രതിയും ലഹരിയും കൊണ്ട് തളർന്നു പരവശരായി ഉറങ്ങിയ ആ കപ്പൽ യാത്രക്കാർ പിറ്റേന്ന് ഉറക്കമുണരുന്നത് അവിശ്വസനീയമായൊരു അവസ്ഥയിലേക്കാണ്.
കടലിലൂടെ യാത്ര ചെയ്ത ആ കപ്പൽ, ഇപ്പോൾ ആകാശത്തൂടെയാണ് സഞ്ചരിക്കുന്നതെന്നറിയുന്നതോടെ ആളുകൾ പരിഭ്രാന്തര്‍ ആവുന്നു. എവിടെയാണ് തങ്ങളെന്നോ എവിടേക്കാണ് തങ്ങളുടെ യാത്രയെന്നോ എത്ര നാൾ ഈ യാത്ര തുടരേണ്ടി വരുമോ എന്നറിയാത്ത ആ യാത്രയിൽ പൊടുന്നനെ ചില നിയന്ത്രണങ്ങൾ കൊണ്ടു വരാൻ ക്യാപ്റ്റനും കപ്പൽ ജോലിക്കാരുമെല്ലാം നിർബന്ധിതരാവുന്നു. ഭക്ഷണമെന്ന മനുഷ്യന്റെ പ്രാഥമിക ആവശ്യത്തിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും റേഷൻ സിസ്റ്റവും മനുഷ്യനിൽ നിന്ന് മനുഷ്യത്വത്തെ അപ്പാടെ മായ്ച്ചു കളയുന്ന കാഴ്ചകളാണ് പിന്നെ അങ്ങോട്ട്. അതിജീവനത്തിനായി പരസ്പരം ചോര വീഴ്ത്തി മുന്നേറുന്ന മനുഷ്യർ, കൊലപാതക പരമ്പരകൾ, വിശപ്പ് കൊണ്ടു ചെന്നെത്തിക്കുന്ന പൈശാചികമായ അവസ്ഥാന്തരങ്ങൾ ഒന്നും അറപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല. പരസ്പരം കൊന്നു തിന്നുന്നവർ. മനുഷ്യരുടെ ശരീരത്തിനകത്തു നിന്നും പുറത്തു ചാടുന്ന മൃഗങ്ങൾ പിന്നെ പിന്തുടരുന്നത് കാടിന്റെ നിയമങ്ങളാണ്. ശക്തൻ ദുർബലനെ കൊന്നു വീഴ്ത്തുക. അതിജീവനത്തിന്റെ കളിയരങ്ങിൽ മനുഷ്യത്വം ആകാശക്കപ്പലിൽ നിന്നും ചാടി ആത്മാഹുതി ചെയ്യുകയാണ്.

എങ്ങനെയാണ് ഒരു സംവിധായകന് ഇത്രയും ക്രൂരമായൊരു ലോകത്തെ വിഭാവനം ചെയ്യാൻ സാധിക്കുക? അത്ര മാത്രം പൈശാചികമായ ഒരു ലോകത്തെ ആവിഷ്കരിക്കാൻ തീരുമാനമാകും മുൻപ് അയാളെത്ര മാത്രം ഉന്മാദിയായിരുന്നിരിക്കണം. ഭ്രമകല്പനകളുടെയും ഭ്രാന്തൻ ആശയങ്ങളുടെയും ലോകങ്ങളിൽ നിന്നും ഒരു പടി കൂടി കടന്ന് കിം കി ഡുക്ക് യാത്ര ചെയ്യുമ്പോൾ, സിനിമയിലുടനീളം മുഴുഭ്രാന്തിന്റെ കടന്നലുകൾ മൂളിപ്പറക്കുന്നതായി പ്രേക്ഷകർക്കു തോന്നിയാലും അതിൽ അസ്വാഭാവികതയൊന്നുമില്ല.
ചെറിയ ചെറിയ കുപ്പികളിൽ വിത്തുപാകി അതിൽ നിന്നൊരു ഭൂഖണ്ഡം തന്നെ വളർത്തിയെടുത്ത ക്രാഫ്റ്റിന്റെ ബ്രില്ല്യൻസിനും സിനിമയുടെ ക്ലൈമാക്സിനും കയ്യടിക്കുമ്പോൾ തന്നെ ചിലതു പറയാതെ വയ്യ. പ്രിയപ്പെട്ട കിം, പ്രേക്ഷകരുടെ ക്ഷമ വെച്ച് പന്താടരുത്. അമിതമായ വയലൻസ് കുത്തി നിറച്ച് ‘കാണാക്കാഴ്ചകളുടെ’ വർണ്ണക്കടലാസിൽ പൊതിഞ്ഞ് പ്രേക്ഷകർക്കു മുന്നിലേക്ക് നിങ്ങൾ വച്ചു നീട്ടുമ്പോൾ, സ്ക്രീനിലേക്ക് നോക്കാൻ അറച്ച് അവർ മുഖം തിരിക്കുന്നുവെങ്കിൽ അവിടെ പ്രേക്ഷകര്‍ സിനിമയില്‍ അകന്നു പോവുകയല്ലേ ചെയ്യുന്നത്?
ആരെയും ഏറെ നാൾ നെഞ്ചിലേറ്റി പരിചയമില്ലാത്ത, അത്തരം തഴമ്പുകളുടെ കഥകൾ അത്രയൊന്നും പറയാനില്ലാത്ത മലയാളികൾ, കിം കി ഡുക് സിനിമകളുടെ വിസ്മയഭൂമികളിൽ നിന്നും കൂട്ടത്തോടെ വാക്ക് ഔട്ട് നടത്തുന്ന കാലം വിദൂരമാകില്ല. പ്രിയപ്പെട്ട കിം, നിങ്ങള്‍ കടന്നു പോവുന്ന വഴികള്‍, നിങ്ങള്‍ തേടുന്ന പാതകള്‍ ഇവയിലെല്ലാം കൂടെ വന്ന്, അര്‍ത്ഥം കണ്ടെത്തിയവരാണ് ഞങ്ങള്‍. ആ യാത്രയില്‍ നിങ്ങളെ പാതിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന് പേടിയായി തുടങ്ങി… പറ്റുന്നില്ല, അത് കൊണ്ടാ!