scorecardresearch

വിട, IFFK! വിട, ബീനാ!

IFFK 2018: ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നേരിട്ട അനുഭവങ്ങളുടെ പാശ്ചാത്തലത്തില്‍ മേളയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ആയ ബീനാ പോളിന് ജെ ദേവികയുടെ ഒരു തുറന്ന കത്ത്

IFFK 2018: ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നേരിട്ട അനുഭവങ്ങളുടെ പാശ്ചാത്തലത്തില്‍ മേളയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ആയ ബീനാ പോളിന് ജെ ദേവികയുടെ ഒരു തുറന്ന കത്ത്

author-image
J Devika
New Update
j devika, bina paul, iffk schedule, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, the annoucement, the annoucement film, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Kerala Film Festival IFFK 2018 J Devika open letter to Bina Paul

പ്രിയ ബീനാ,

IFFK എന്ന പ്രസ്ഥാനത്തിനോട് വിട പറയാൻ സമയമായിയെന്ന് തോന്നുന്നു. ബീനയ്ക്ക് വേണം ഈ വിടവാങ്ങൽ കത്തെഴുതാനെന്നും തോന്നി. കാരണം ഇതിനെ ഒരു ജനകീയ പ്രസ്ഥാനമാക്കിയത് നിങ്ങളാണ്. ഇന്ന് അത് മറ്റൊന്നായി മാറിയിരിക്കുന്നു. ഇടങ്ങളെല്ലാം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതു പ്രതീക്ഷിതമാണ്, അതുകൊണ്ട് ഇതു വ്യക്തിപരമായ കുറ്റപ്പെടുത്തലല്ല.

Advertisment

ഇന്ന് രാവിലെ, ഇവിടെ ടാഗോർ തീയറ്ററിൽ, 11 30 യ്ക്കു സിനിമ കാണാൻ ഓടികുതിച്ചെത്തിയതാണ്, കൃത്യം രണ്ടു മിനിറ്റ് മുൻപ്. അവിടെ അധികാരികൾ നിർത്തിയിട്ടുള്ള ദ്വാരപാലകർ 15 മിനിറ്റ് മുൻപ് എത്തിയില്ലെങ്കിൽ റിസർവേഷൻ റദ്ദാകുമെന്നാണ് പറഞ്ഞത്. സിനിമ തുടങ്ങും മുൻപ് റിസർവേഷൻ റദ്ദാക്കുന്നത് റിസർവേഷനെന്ന ആശയത്തിനെതിരാണെന്ന് പറഞ്ഞു നോക്കി. പക്ഷേ, പറ്റില്ല, പരാതിയുണ്ടെങ്കിൽ കമലിനോടോ മഹേഷ് പഞ്ചുവിനോടോ പോയി പറയൂ എന്നായിരുന്നു പ്രതികരണം. 15 മിനിറ്റിനു മുൻപ് വെയിലത്തു കാത്തുനിന്നവരെ മാനിക്കണമെന്ന സൂചനയും അവരുടെ മറുപടിയിൽ ഉണ്ടായിരുന്നു. അതായത്, മാറ്റിവയ്ക്കാനാവാത്ത മറ്റുത്തരവാദിത്വങ്ങൾ ഉള്ളവർ, അതുകൊണ്ട് 15 മിനിറ്റിനു മുൻപ് വന്നു ക്യൂ നിൽക്കാത്തവർ , പുറത്തെന്നർത്ഥം.

എനിക്ക് ഈ അനുഭവത്തോടെ മനസ്സിലായി, ഐ എഫ് എഫ് കെ ഇനി എന്നെപ്പോലുള്ളവർക്കല്ല എന്ന്. 1988 മുതൽ പലപ്പോഴായി വന്നിരുന്ന ഉത്സവത്തിൽ നിന്ന് എന്നെപ്പോലുള്ളവർ പുറത്താക്കപ്പെട്ടു എന്ന്. ആദ്യം വല്ലാത്തൊരു നീറ്റലാണ് തോന്നിയത്. പിന്നെ മരണത്തെ എപ്പോഴും പ്രതീക്ഷിക്കാൻ നമ്മെ പഠിപ്പിക്കുന്ന കാലമായതു കൊണ്ടായിരിക്കാം, മറ്റൊരു ഭാരത്തെക്കൂടി ഉപേക്ഷിക്കാനുള്ള ഒരവസരമാണല്ലോ വന്നു പിണഞ്ഞിരിക്കുന്നതെന്ന് തോന്നി. ആ ഭാരം ഇതാ ഉപേക്ഷിക്കുന്നു.

15 മിനിറ്റിനു മുൻപ് എത്തിയില്ലല്ലോ, നിങ്ങളുടെ റിസർവേഷൻ റദ്ദായി, ഒഴിഞ്ഞുപൊയ്ക്കൊള്ളൂ എന്നയാൾ പറഞ്ഞപ്പോൾ എനിക്കോർമ്മ വന്നത് ഇന്ന് നമ്മുടെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും നടപ്പിലാക്കിയിരിക്കുന്ന ചിട്ടയെയാണ് – പത്തു മിനിറ്റു കഴിയും മുൻപ് ക്ളാസിലെത്തിയില്ലെങ്കിൽ ഹാജർ ഇല്ല. ക്ളാസ് അതിനകം തുടങ്ങിയോ എന്നല്ല പ്രശ്നം. പരാതിയുണ്ടെങ്കിൽ പോയി പ്രിൻസിപ്പലിനെയോ വൈസ്-പ്രിൻസിപ്പലിനെയോ കണ്ട് കത്തുമായി വരുക. കമലിനെയും മഹേഷിനെയും പ്രിൻസിപ്പൽ-വൈസ്പ്രിൻസിപ്പൽ മട്ടുകളിൽ സങ്കല്പിക്കാൻ കഴിയാത്തതുകൊണ്ട് ദ്വാരപാലകൻ പറഞ്ഞതനുസരിക്കാൻ മനസു വന്നില്ല.

Advertisment

സിനിമയെ ഇത്തരം ഒതുക്കിനിർത്തൽ ചിട്ടകളെ പ്രതിരോധിക്കുന്ന സാംസ്കാരിക ശക്തിയായി കണ്ടുപോയതുകൊണ്ട് ഈ വ്യവസ്ഥയ്ക്കുള്ളിലിരുന്നു സിനിമ കാണുന്നതു തന്നെ വിരോധാഭാസമായി തോന്നുന്നു. അടങ്ങിയൊതുങ്ങി സിനിമ കാണാൻ വരുന്നവരെ സൃഷ്ടിക്കാനുള്ള ശ്രമം മേളയുടെ അധികാരികൾ തുടങ്ങിയിട്ട് കുറച്ചു കാലമായി എന്നറിയാം. അതിനാണ് റിസർവേഷൻ രീതി സ്വീകരിച്ചതെന്നും. സിനിമകാണലിൻറെ ഗൗരവം കൂട്ടേണ്ടുന്നത് ആവശ്യം തന്നെയുമാണ്. പക്ഷേ ആ പേരിൽ സ്വീകരിച്ചിരിക്കുന്ന നടപടികൾ പുതിയ ദ്വാരപാലകവർഗത്തെയാണ് , അനാവശ്യമായ ഡിസിപ്ളിനിങ് സംവിധാനങ്ങളെയാണ്, ഉണ്ടാക്കിയിരിക്കുന്നത്. ഈ സംവിധാനം ലീക്ക് പ്രൂഫേ അല്ലെന്നു കഴിഞ്ഞവർഷം ബോദ്ധ്യമായതുമാണ്. സിനിമാസ്നേഹികളെ സഹായിക്കുക എന്നതല്ല ഈ മാനേജ്മെൻറ് കൊണ്ട് സാദ്ധ്യമാകുന്നത്. സിനിമ തുടങ്ങും മുൻപ് റിസർവേഷൻ സീറ്റുകൾ നിറയ്ക്കുന്നത് അവരുടെ ക്രൗഡ് മാനേജ്മെൻറ് സൗകര്യം നോക്കിയാണ്. 11 30യ്ക്ക് തുടങ്ങുന്ന സിനിമയ്ക്ക് 11 31 ആയാൽപ്പോലും വൈകിവന്നവരെ കയറ്റരുത് എന്നാണ് എന്റെയും  അഭിപ്രായം. പക്ഷേ അതിനു മുൻപ് എത്തുന്ന, റിസർവേഷൻ എന്ന ചിട്ട പാലിക്കുന്നവരെപ്പോലും മാറ്റിനിർത്തുന്നത് അമിതമായ ഉദ്യോഗസ്ഥഭരണം ഈ മേളയെ ഗ്രസിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ്.

അടങ്ങിയൊതുങ്ങി അധികാരികൾ പറയുന്നിടത്ത് ഇരുന്നും എഴുന്നേറ്റും ശീലിച്ച ഒരാളല്ലാത്തതുകൊണ്ടായിരിക്കാം, ഇനി മേളയിൽ സിനിമ കാണാനുള്ള മോഹം പാടെ പൊലിഞ്ഞു. കുറച്ചു വർഷം മുൻപ് സിനിമാപ്രേക്ഷകർ അതിരുകടക്കുന്നുവെന്നും അവർ സിനിമാപ്രണയികൾക്ക് ശല്യമുണ്ടാക്കുന്നുവെന്നും അവരെ മര്യാദ പഠിപ്പിക്കണം, നിയന്ത്രിക്കണം എന്നുമൊക്കെ ഇവിടുത്തെ സിനിമാ ബുദ്ധിജീവികൾ പലരും ആവശ്യപ്പെട്ടതോർക്കുന്നു. എന്നാൽ സിനിമാകാണലിനെ ഇതു മെച്ചപ്പെടുത്തിയതായി കാണുന്നില്ല. കാരണം ഇന്നലെ 'Knife+Life'ൻറെ സ്ക്രീനിങ് എപ്പിലോഗ് തുടങ്ങും മുൻപ് നിർത്തിക്കളഞ്ഞിട്ടും — ഏതാണ്ട് 20 മിനിറ്റിനു മുൻപ് അവസാനിപ്പിച്ചിട്ടും അധികമാരും അത് മനസിലാക്കിയില്ലത്രേ. സ്കെട്യൂളിൽ പറഞ്ഞിരിക്കുന്ന ദൈർഘ്യത്തിൽ നിന്നു കണ്ട മാറ്റം പോലും ശ്രദ്ധിച്ചവർ കുറവായിരുന്നത്രെ. ശ്രദ്ധിച്ചത് സിനിമാലോകത്തെ നല്ലകുട്ടിയല്ലാത്ത ജയൻ കെ ചെറിയാനാണ്. അടങ്ങിയൊതുങ്ങിയ സിനിമാകാണൽ ഉണ്ടാക്കുന്നത് മേളയുടെ അധികാരികളോ സാങ്കേതികപ്രവർത്തകരോ ഇറങ്ങിപ്പോകാൻ ഉത്തരവിട്ടാൽ കുഞ്ഞാടുകളായി പിൻവാങ്ങുന്നവരെയാണ്.

പക്ഷേ എന്തായാലും നല്ല സിനിമ, അത് ഏതു തരം ഡിസിപ്ളിനിങ് വ്യവസ്ഥയ്ക്കുള്ളിലാണ് കാണിക്കുന്നതെങ്കിലും, ആൻറി ഡിസിപ്ളിനിങ് ശക്തി തന്നെയാണ്. കേരളത്തിലെ ചെറുപ്പക്കാർ സിനിമ കാണുക തന്നെ വേണം, പ്രത്യേകിച്ച് മതഭൂരിപക്ഷത്തെ സെക്യുലർ കുപ്പായമണിയിച്ച് ഒരു ഏകാധിപതി വളർന്നുവരുന്ന ഇന്നത്തെ കേരളത്തിൽ. രഹ്നാ ഫാത്തിമ എന്ന സ്ത്രീയുടെ ശാരീരിക പ്രതിരോധങ്ങളെ ഭയന്ന് അവരെ തടവിലിട്ട്, പകരം സ്ത്രീശരീരങ്ങളെകൊണ്ട് ജഡമായ മതിൽ തീർക്കാൻ പണിപ്പെടുന്ന അധികാരിവർഗം അർബുദം പോലെ വളരുന്ന കേരളത്തിൽ. കേരളത്തിലെ മുസ്‌ലിം സമുദായം നേടിയ മുഴുവൻ പുരോഗതിയെയും അവഗണിക്കുന്ന, വികൃതമായ വാർപ്പുമാതൃകകളെ പ്രോത്സാഹിപ്പിക്കുന്ന, 'കിത്താബ്' എന്ന നാടകത്തെ വാഴ്ത്തി അതിലൂടെ ഇടതു-വലതു ഹിന്ദുപക്ഷങ്ങൾ ഒന്നിച്ചുകൊണ്ടിരിക്കുന്ന ഈ നാട്ടിൽ.

ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കൊടിയ അനീതികൾക്കും ഭൂരിപക്ഷരൂപീകരണങ്ങൾക്കും ബുദ്ധിജീവിദാസ്യപ്പെടലുകൾക്കും നിലവാരമില്ലായ്മയുടെ ആഘോഷത്തിനും കടകവിരുദ്ധമായ സിനിമകളായിരിക്കും മേളയിൽ എന്ന പ്രതീക്ഷയാണുള്ളത്. മേളയിൽ കണ്ടതിനെ കയ്യടിച്ച് പുറത്തിറങ്ങിയാൽ തികച്ചും അവസരവാദപരമായി മാത്രം നിലപാടുകളെടുക്കുന്നവരുടെ എണ്ണം കുറവല്ലെങ്കിലും, കേരളത്തിൽ ആ മേള നടക്കുകതന്നെ വേണം.

ഈ നാട്ടിലെ ചെറുപ്പക്കാർക്കുള്ള മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസ പരിപാടിയാണിത്. 2000 രൂപ കൊടുത്തു മുഴുവൻ കാണാൻ പറ്റാതെ നിരാശരായ എത്രയോ ചെറുപ്പക്കാർ പുറത്തുനിൽക്കുന്നു. അതുകൊണ്ട് ഞാൻ എൻറെ പാസ് അങ്ങനെയുള്ള ഒരു ചെറുപ്പക്കാരിക്കു കൈമാറി – ഈ കുട്ടി കാണട്ടെ എന്ന പ്രതീക്ഷയിൽ.

മേളയ്ക്ക് ഇത്രയും വർഷം മുടക്കം കൂടാതെ വന്ന ഒരാൾ എന്ന നിലയ്ക്ക്, നമ്മുടെ മുപ്പതുവർഷത്തെ സൗഹൃദത്തെ മുൻനിർത്തി, ഒരുപകാരം ചോദിക്കുന്നു — ഈ പാസും കൊണ്ടുവരുന്ന യുവതിയെ തടയരുതെന്ന് ദ്വാരപാലകവർഗത്തോട് പറയാമോ? അത്രയ്ക്കുണ്ട് അവരുടെ ഉദ്യോഗസ്ഥഹുങ്ക് — അങ്ങനെയുണ്ടാവില്ലെന്ന് മേളയുടെ ഒഫിഷ്യൽ പദവി വഹിക്കുന്നവർ ഉറപ്പുതന്നെങ്കിലും.

ഈ നാട്ടിൽ ഏറിയേറി വരുന്ന ഇരുട്ടിൽ, പരന്നിറങ്ങുന്ന ഭീരുത്വത്തിൽ, അല്പമെങ്കിലും നമ്മുടെ ചെറുപ്പക്കാർ പിടിച്ചുനിൽക്കണ്ടേ?

സസ്നേഹം

ദേവിക

കാഫിലയില്‍ എഴുതിയത്

ലേഖികയുടെ അനുമതിയോടെ പുനപ്രസിദ്ധീകരിച്ചത്

Film Festival Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: