ഒരു പ്രണയത്തിനൊടുവില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. അതു വരെ പരസ്പരം ഒഴുകിയ ആ നദി നിശ്ചലമാകുന്നു. യാഥാര്‍ത്ഥ്യവും മിഥ്യയും ഏതെന്നു തിരിച്ചറിയപ്പെടാന്‍ സാധ്യതയില്ലാത്ത വണ്ണം അവര്‍ എന്നെന്നേക്കുമായി ലോകത്തെ തിരസ്കരിക്കുന്നു. തന്നെ ആരും കണ്ടെത്താന്‍ സാധിക്കില്ല എന്നുക രുതുന്ന ഒരിടത്ത് അയാള്‍ ഒളിച്ചിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും പരിഹാസ്യമായ ഒരു വേഷം അയാള്‍ കെട്ടിയാടുന്നു. നുണകളും സത്യവും വേര്‍തിരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ആഴത്തില്‍ കുഴഞ്ഞു മറിയുന്നു.

ജോര്‍ജിയും അനയും ഈ തെരുവിലും ജീവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഒരു വേള ഞാനും ആ അനുഭവത്തിലൂടെ കടന്നു പോയിരുന്നു. ആത്മാഭിമാനവും വിശ്വാസവും തകര്‍ന്ന ഒരു മനുഷ്യന്‍ അയാളെ തിരികെ പിടിക്കാന്‍ നടത്തുന്ന വിഫല ശ്രമങ്ങളെ ഞാനോര്‍ത്തു. ‘ഹൊറൈസണ്‍’ ഓരോ മനുഷ്യരുടെയും കഥയാണ്. ജീവിതത്തില്‍ സ്വയം നഷ്ടപ്പെട്ടവരുടെ കഥ. ആ കഥയെ, അതിന്‍റെ അനിവാര്യതയെ ഏറ്റുവാങ്ങുക മാത്രമേ പ്രേക്ഷകന്‍ ചെയ്യേണ്ടതുള്ളൂ.

ചിലപ്പോള്‍ മനുഷ്യര്‍ ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്നു. അത്മരതിയെന്ന പോലെ ദുഃഖത്തിന്റെ ലഹരിയില്‍ മയങ്ങിക്കിടക്കുന്നു. നഷ്ടപ്പെട്ടവര്‍ ഒന്നു തിരികെ വന്നെങ്കിലെന്ന്, ഒരു വാക്ക് മിണ്ടിയിരുന്നെങ്കിലെന്നു മനുഷ്യര്‍ ആഗ്രഹിക്കുന്നു. പക്ഷേ ഒന്നും സംഭവിക്കുന്നില്ല, ഒരാളുടെ മരണമല്ലാതെ…

തണുപ്പില്‍ ജോര്‍ജി ഇല്ലാതാകുന്നു, ചെറിയ തണ്ണീര്‍ തടത്തിലെ കാട്ടു താറാവുകള്‍ മടങ്ങി വരുന്നില്ല. ജീവിതത്തില്‍ യാത്ര പറഞ്ഞു പോയവരെ ഞാനോര്‍ത്തു. ഞാന്‍ മരിച്ചില്ല, പക്ഷേ മരണത്തെക്കാള്‍ ഭയാനകമായി സമയം നിശ്ചലമായി മാറി. ജീവിതം അനിശ്ചിതമായി.
മരണത്തിനു ശേഷം അനക്ക് വേണ്ടി അയാള്‍ ഓരോ ദിവസവും കടല്‍ത്തീരത്തു നിന്നും ശേഖരിച്ച കക്കകള്‍ അയാളുടെ മുറിയില്‍ നിന്നും ആനക്ക് കിട്ടുന്നുണ്ട്‌. ഒരു ചിത്രവും.

അയാള്‍ക്ക് അവളെ പിരിയുവാന്‍ കഴിയുമായിരുന്നില്ല. അല്ലെങ്കിലും മനുഷ്യര്‍ സ്നേഹത്തില്‍ സ്വയം നഷ്ടപ്പെടുത്തുന്നു. സന്ധ്യയില്‍ തണ്ണീര്‍ തടത്തിലൂടെ അയാള്‍ കഴിഞ്ഞ വേനലില്‍ വേട്ടക്ക് പോയിരുന്ന തുരുത്തുകള്‍ക്കിടയിലൂടെ ആ ചെറിയ വള്ളം തിരികെ പോകുകയാണ്.

കയ്യില്‍ കക്കകളുടെ ഒരു പൊതിയും ചെറിയ ചിത്രവുമായി അന വിതുമ്പുന്നു. സന്ധ്യയുടെ പ്രകാശം അവരുടെ മുഖത്ത് വീഴുന്നു. ദുഃഖം അനസ്യൂതമായി തുടര്‍ന്നു പോകുന്നെന്ന വ്യാഖ്യാനത്തോടെ…

Get Malayalam News and latest news update from India and around the world. Stay updated with today's latest Iffk news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ