/indian-express-malayalam/media/media_files/uploads/2018/12/Kerala-Film-Festival-IFFK-2018-Films-The-Bed-Movie-Review.jpg)
Kerala Film Festival IFFK 2018 Films The Bed Movie Review
ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്റര്‍നാഷണല്‍ കോംപിറ്റീഷന്‍ വിഭാഗത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത് നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ്. ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ 'ഡെബ്റ്റ്', എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രിസ് സൈനറിന്റെ 'ദി സൈലന്‍സ്', അര്‍ജന്റീനിയന്‍ നടിയും സംവിധായികയുമായ മോണിക്ക ലൈറാനയുടെ 'ദി ബെഡ്', ഇന്ത്യന്‍ നാടകപ്രവര്‍ത്തകയായ അനാമിക ഹക്സറിന്റെ 'ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്' എന്നിവയാണ് മത്സര വിഭാഗത്തിലെ പെണ്‍ചിത്രങ്ങള്‍.
അര്‍ജന്റീനിയന്‍ ചിത്രമായ 'ദി ബെഡ്' പരസ്പരം പിരിയാന്‍ ഒരുങ്ങുന്ന മധ്യവയസ്‌കരായ ദമ്പതിമാരുടെ അവസാന നിമിഷങ്ങള്‍ പ്രമേയമാക്കുന്നു. മുപ്പത് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം മധ്യവയസ്‌കരായ ദമ്പതികളായ ജോര്‍ജും (60) മേബലും (59) പിരിയാന്‍ തീരുമാനിക്കുന്നു. ഒന്നിച്ചുള്ള ഇരുവരുടേയും അവസാന മണിക്കൂറുകളാണ്. താമസിച്ചിരുന്ന വീട് ഇതിനോടകം വിറ്റു കഴിഞ്ഞു. ഒരുപക്ഷേ അത് പൊളിച്ചു കളഞ്ഞേക്കാം. അതിനു മുമ്പായി സാധനങ്ങള്‍ എടുത്ത് മാറ്റുകയോ കളയുകയോ ചെയ്യണം. അവസാന ദിവസം രാവിലെ ജോര്‍ജും മേബലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുയാണ്. എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയും കണ്ണീരില്‍ അവസാനിക്കുകയും ചെയ്യുന്നു.
അന്നത്തെ ദിവസം മുഴുവന്‍ ആ വിടീനുള്ളില്‍ അവര്‍ ഫര്‍ണീച്ചറുകള്‍ നീക്കിയും, ഭക്ഷണം കഴിച്ചും കുളിച്ചും ചിരിച്ചും സാധനങ്ങള്‍ അടുക്കിപ്പെറുക്കിയും, പരസ്പരം സംശയിച്ചും, സഹിച്ചും, ചിരിച്ചും, കരഞ്ഞും, പൂച്ചയെ പരിപാലിച്ചും, തങ്ങളുടെ പട്ടിക്കൊപ്പം കളിച്ചും ചെലവഴിക്കുന്നു. ഏറ്റവും ഒടുവില്‍ അത്രമേല്‍ അടുപ്പത്തോടെ, സ്‌നേഹത്തോടെ, പ്രണയത്തോടെ തീര്‍ത്തും വൈകാരികമായൊരു വിട പറച്ചിലില്‍ ചിത്രം അവസാനിക്കുന്നു.
സംവിധായികയായ മോണിക്ക ലൈറാന തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറും മുപ്പത്തിയഞ്ചു മിനിട്ടും ദൈര്‍ഘ്യം മാത്രമുണ്ടായിട്ടും ചിത്രത്തിന് നല്ല വല്ലാത്ത ലാഗ് അനുഭവപ്പെടുന്നുണ്ട്. രണ്ടു കഥാപാത്രങ്ങളും ഒരു വീടും മാത്രമുള്ള ചിത്രത്തില്‍ മൂന്നാമതായി എത്തുന്ന പ്രേക്ഷകരെ തുടക്കം മുതലേ വിരസതയുടെ കൈ പിടിച്ചാണ് സംവിധായിക നടത്തുന്നത്.
അവസാന ദിവസത്തെ വൈകാരിക സംഘര്‍ഷങ്ങളെ അവതരിപ്പിക്കാന്‍ അനാവശ്യമായ വലിച്ചു നീട്ടലുകള്‍ ചിത്രത്തെ പ്രേക്ഷരില്‍ നിന്നും അകറ്റുന്നു. പലപ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ ആശയക്കുഴപ്പത്തിന്റെ കയങ്ങളില്‍ മുങ്ങിത്താഴുകയാണ് പ്രേക്ഷകര്‍.
മത്സര വിഭാഗം ചിത്രമായ 'ദി ബെഡ്'മറ്റു കഥാപാത്രങ്ങള്‍ ഇല്ലെന്നതു കൊണ്ടു തന്നെ ചിത്രത്തിലെ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ക്ക് ഉത്തരവാദിത്തം കൂടുതലാണ്. മേബല്‍ എന്ന കഥാപാത്രമായി സാന്‍ഡ്രാ സന്‍ഡ്രിനിയും ജോര്‍ജായി അലേജോ മാന്‍ഗോയും മികച്ച പ്രകടനങ്ങളാണ് കാഴ്ച വച്ചത്. ഇരുവര്‍ക്കുമിടയില്‍ അത്രമേല്‍ വൈകാരിക അടുപ്പമുണ്ടെന്ന് പ്രേക്ഷകര്‍ക്ക് തോന്നിക്കും വിധം തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ അഭിനേതാക്കള്‍ക്കു കഴിഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും അഭിനേതാക്കളും പോലെ തന്നെ മുഖ്യ പങ്കുവഹിച്ച ഘടകം ക്യാമറയാണ്. ഫ്‌ളേവിയോ ഡ്രാഗോസെറ്റാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
രണ്ടുപേര്‍ക്കിടയിലെ ബന്ധത്തിന്റെ വൈകാരിക അടുപ്പവും ഇരുവരും കടന്നു പോകുന്ന വൈകാരിക സംഘര്‍ഷങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നതില്‍ ചിത്രം എത്രത്തോളം വിജയിച്ചു എന്ന കാര്യത്തില്‍ സംശയമുണ്ട്. എഡിറ്റിങില്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ അനാവശ്യമായ ലാഗ് ഒഴിവാക്കി, കൂടുതല്‍ ഹൃദ്യമായൊരു ആസ്വാദന അനുഭവം സമ്മാനിക്കാന്‍ 'ദി ബെഡി'ന് കഴിയുമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us