IFFK 2018: ഓസ്കർ ജേതാവായ മെക്സിക്കൻ സംവിധായകൻ (2014ല്‍ ‘ഗ്രാവിറ്റി’ എന്ന ചിത്രം) അൽഫോൺസോ കുവറോണിന്റെ കുട്ടിക്കാല ഓർമ്മകളുടെയും അനുഭവങ്ങളുടെയും ദൃശ്യാവിഷ്കാരമാണ് ‘റോമ’. 1970കളിലെ ഒരു മധ്യവർഗ മെക്സിക്കൻ കുടുംബത്തിന്റെ ആത്മകഥാപരമായ ആഖ്യാനമാണ് ചിത്രം പറയുന്നത്. തന്റെ പോറ്റമ്മയ്ക്കുള്ള ഉപഹാരമായാണ് സംവിധായകനായ അല്‍ഫോൺസോ കുവറോണ്‍ ‘റോമ’ സമര്‍പ്പിക്കുന്നത്.
മെക്സിക്കോയിലെ റോമാ ജില്ലയിലെ ഒരു മധ്യവർഗ്ഗകുടുംബത്തിലെ മെയ്ഡാണ് ക്ലിയോ. കുടുംബാംഗങ്ങൾക്കെല്ലാം പ്രിയങ്കരിയായ അവര്‍, കുട്ടികളെ നല്ല രീതിയിൽ പരിചരിക്കുകയും അവരുമായി നല്ല ആത്മബന്ധം സൂക്ഷിക്കുകയും ചെയ്യുന്നു. വർണവിവേചനം നിലനിൽക്കുന്ന ഒരു സാമൂഹിക പരിസരത്ത് ജീവിക്കുമ്പോഴും കറുത്ത വർഗ്ഗക്കാരിയായ ക്ലിയോയെ ആ കുടുംബം തരം താഴ്ത്തുകയോ മാറ്റി നിർത്തുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല, ക്ലിയോയുടെ സേവനങ്ങളും സഹായങ്ങളും അക്ക്നോളജ് ചെയ്യാനും അവർ മടിക്കുന്നില്ല. യജമാനത്തി സോഫിയയ്ക്കും കുട്ടികൾക്കും മാത്രമല്ല, പ്രായാധിക്യമുള്ള ആ വീട്ടിലെ മുത്തശ്ശിയ്ക്കു വരെ ക്ലിയോ ഏറെ സ്വീകാര്യയാണ്. സന്തോഷകരമെന്നു പുറമെ നിന്നു നോക്കുമ്പോൾ തോന്നിപ്പിക്കുന്ന ആ വലിയ വീടിനകത്തും പൊരുത്തക്കേടുകളും മുഖം തിരിക്കലുകളും അവഗണനകളുമെല്ലാം പതുങ്ങിയിരിപ്പുണ്ട്.
യജമാനനും യജമാനത്തിയും തമ്മിലുള്ള പൊരുത്തക്കേടുകൾ പലപ്പോഴും അടുത്തു നിന്നു കാണുകയാണ് ക്ലിയോ. യജമാനത്തിയായ സോഫിയയുടെ യാതനകളും നീറ്റലുകളും ക്ലിയോ തൊട്ടറിയുന്നുമുണ്ട്.
അതിനിടെ കൂട്ടുകാരിയുടെ പ്രണയിതാവിന്റെ ബന്ധുവായ ഫെർമിൻ എന്ന ചെറുപ്പക്കാരനുമായി ക്ലിയോ ഇടപെടുകയും ഗർഭം ധരിക്കുകയും ചെയ്യുന്നു. ക്ലിയോ ഗർഭിണിയാണെന്നറിയുന്നതോടെ ഫെർമിൻ അപ്രത്യക്ഷനാവുന്നു. നിരാലംബയായ ക്ലിയോ തന്റെ സങ്കടങ്ങളും ആശങ്കകളും യജമാനത്തി സോഫിയയോട് തുറന്നു പറയുമ്പോൾ, സ്നേഹപൂർവ്വം ക്ലിയോയെ ചേർത്തു പിടിക്കുകയാണ് സോഫിയ. ക്ലിയോയ്ക്ക് ആവശ്യമുള്ള മെഡിക്കൽ ചെക്കപ്പുകളും മറ്റുമെല്ലാം ഏറ്റവും സന്തോഷത്തോടെ തന്നെ സോഫി ഏർപ്പാടാക്കുന്നു. മനുഷ്യത്വം നിഴലിക്കുന്ന കരുതലുകളും ചേർത്തു നിർത്തലുകളും കൊണ്ട് ഹൃദയത്തെ സ്പർശിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് കഥയുടെ പര്യടനം.
ക്ലിയോയുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിനു തൊട്ടിൽ വാങ്ങാൻ മുത്തശ്ശിയും ക്ലിയോയും കൂടി തെരുവിലേക്കിറങ്ങിയ ദിവസമാണ് തെരുവിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ അക്രമാസക്തമായി മാറുന്നത്. കലാപത്തിന്റെ ബഹളത്തിനിടെ ക്ലിയോയ്ക്ക് പ്രസവ വേദന ആരംഭിക്കുന്നു. തുടർന്ന് ക്ലിയോയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെടുകയാണ്.

കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിൽ മൗനത്തിലേക്ക് വീണു പോയ ക്ലിയോയെ യാത്രകളിൽ ഒപ്പം കൂട്ടി ഉന്മേഷവതിയാക്കി മാറ്റുകയാണ് സോഫിയയും മക്കളും. അത്യാപത്തിന്റെ ഒരു ഘട്ടത്തിൽ ആ കുട്ടികളുടെ രക്ഷകയാവുകയാണ് ക്ലിയോ. തുടർന്ന്, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുന്ന സോഫിയയ്ക്കും മക്കൾക്കും വേണ്ടി ക്ലിയോ ജീവിച്ചു തുടങ്ങാൻ തീരുമാനിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
ആരുമില്ലാത്തവർ പരസ്പരം താങ്ങായും തണലായും മാറുന്ന മനുഷ്യത്വത്തിന്റെയും നന്മയുടേയും ഒരു കാഴ്ചയാണ് ‘റോമ’യിൽ കാണാനാവുക. പുതുമുഖമായ എലിറ്റ്സ അപരിഷ്യോ ആണ് ക്ലിയോ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ബ്ലാക്ക് ആൻറ് വൈറ്റ് ഫോർമാറ്റിലാണ് ‘റോമ’ ചിത്രീകരിച്ചിരിക്കുന്നത്. കാവ്യാത്മകമായൊരു സിനിമയെന്നു തന്നെ അൽഫോൺസോ കുറാവോണിന്റെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. വെളുപ്പും കറുപ്പും ഇടകലരുന്ന ദൃശ്യങ്ങൾ സമ്മാനിക്കുന്ന ‘വിഷ്വൽ ഗ്ലോറി’ മറ്റൊരു തലത്തിലേക്ക് സിനിമയെ കൊണ്ടുപോവുകയാണ്.
കാഴ്ചയെ ഒരു തരത്തിലും മുറിക്കാതെ നീങ്ങുന്ന ക്യാമറയാണ് സിനിമയിലുടനീളം ശ്രദ്ധ നേടുന്ന മറ്റൊരു എലമെന്റ്. അൽഫോൺസോ കുവറോണ്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ക്ലിയോയ്ക്കൊപ്പം ആ വീടകങ്ങളിലൂടെയും തെരുവിലൂടെയും കൺചിമ്മാതെ സഞ്ചരിക്കുന്നത് അദ്ദേഹത്തിന്റെ ക്യാമറ മാത്രമല്ല, മനസ്സും കൂടിയാണ്. ഹോസ്പിറ്റലിലെ ഭൂമികുലുക്ക സീനും ഗ്രാമത്തിലെ കാട്ടുതീയണക്കുന്ന ദൃശ്യങ്ങളും കടൽത്തിരകളിൽ പെട്ടുപോയ ക്ലിയോയും കുട്ടികളും രക്ഷപ്പെടുന്ന ദൃശ്യവുമൊക്കെ ഏറെ തന്മയത്വത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ലോക സിനിമാ വിഭാഗത്തിലാണ് ‘റോമ’ പ്രദര്‍ശിപ്പിച്ചത്.