തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥിരം സാന്നിദ്ധ്യമാണ് രമ്യ വത്സല. എന്നാല്‍ ഇത്തവണ രമ്യ ഒരു വൊളണ്ടിയര്‍ മാത്രമല്ല, മേളയിലെ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഉടലാഴം’ എന്ന ചിത്രത്തിലെ നായിക കൂടിയാണ്. കേരളത്തിലെ ആദിവാസി വിഭാഗത്തിലെ രാജു എന്ന യുവാവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഉണ്ണികൃഷ്ണന് ആവള ‘ഉടലാഴം’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായക കഥാപാത്രമായ ഗുളികനെ അവതരിപ്പിച്ചിരിക്കുന്നത് ‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയ മണിയാണ്. ഗുളികന്റെ ഭാര്യയായ മാതിയുടെ വേഷമാണ് ഈ ചിത്രത്തില്‍ രമ്യ കൈകാര്യം ചെയ്തിരിക്കുന്നത.
പെര്‍ഫോമിങ് ആര്‍ട്സില്‍ എംഫില്‍ ബിരുദധാരിയായ രമ്യ തന്റെ ജീവിതത്തിലേയും അഭിനയ ജീവിതത്തിലേയും വിജയങ്ങള്‍ക്ക്, നാടക വേദികളില്‍ നിന്നു കിട്ടിയ അനുഭവളോടാണ് നന്ദി പറയുന്നത്.
“അവിടെ ലഭിച്ച പരിശീലനവും, നേടിയ അര്‍പ്പണ ബോധവും, പഠിച്ച ഓരോ പാഠങ്ങളും അത്രയേറെ അമൂല്യമാണ്,” രമ്യ പറയുന്നു.
“ഗുളികന്റെ ഭാര്യയായ മാതി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗുളികന് ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണ്. വളരെ ചെറുപ്പത്തിലേ വിവാഹിതരായ മാതിയും ഗുളികനും അവരുടെ 20-30 ഇടയിലുള്ള പ്രായത്തിലാണ് ജീവിക്കുന്നത്. ഗുളികന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ മൂലം ഇരുവരും അതിഭീകരമായ സ്വത്വ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത്തരം ഒരു അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. മാത്രമല്ല, ആ കഥാപാത്രമായി മാറാന്‍ എനിക്ക് ഒരുപാട് അഭിനയിക്കേണ്ടി വന്നില്ല. മാതിയെ മനസിലാക്കാനും അവളോട് ചേര്‍ന്ന് നില്‍ക്കാനും സാധിച്ചത് എന്റെ ജീവിതാനുഭവങ്ങള്‍ കൊണ്ടാണ്. അതിന് നന്ദി പറയുന്നു,” രമ്യ വ്യക്തമാക്കി.
കമലിന്റെ ‘ഉത്തോപ്യയിലെ രാജാവ്’, ‘ആമി’, മധുപാലിന്റെ ‘ഒരു രാത്രിയുടെ കൂലി’, സജിന്‍ ബാബുവിന്റെ ‘അയാള്‍ ശശി’ എന്നീ ചിത്രങ്ങളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുമ്പില്‍ മാത്രമല്ല, ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനും തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് രമ്യ.
“ഏതെങ്കിലും ഒരു പ്രത്യേക വിഷയമൊന്നും ഞാന്‍ നിര്‍ബന്ധപൂര്‍വ്വം പഠിച്ചിട്ടില്ല. ഇപ്പോള്‍ അതെനിക്ക് അഭിമാനത്തോടെ പറയാം,” മേളയുടെ ഭാഗമാകാന്‍ സാധിച്ചതിന്റെ സന്തോഷവും പങ്കുവയ്ക്കാന്‍ രമ്യ മറന്നില്ല.
“മേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷമുണ്ട്. ശരിക്കും മാജിക്കലായി തോന്നുന്നു. എപ്പോളും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കു പുറകെ പോകേണം. ഒരു ദിവസം വിജയം നിങ്ങളെ തേടിയെത്തും,” രമ്യയുടെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം.
“ഈ ചിത്രം ഉണ്ണി (ഉണ്ണികൃഷ്ണന് ആവള)യുടെ സ്വപ്നമായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ എന്നു കേള്‍ക്കുമ്പോള്‍ കൂടുതല്‍ പേരും ശാരീരിക സവിശേഷതകളെ കുറിച്ചായിരിക്കും ചിന്തിക്കുക. എന്നാല്‍ അതിനപ്പുറം കുറേയുണ്ട്. ഇവിടെ ഗുളികന് എന്ന കഥാപാത്രത്തിന് ഗര്‍ഭപാത്രമുണ്ട്, അയാള്‍ക്ക് ആര്‍ത്തവമുണ്ട്. അവിടെ സ്നേഹമുണ്ട്, അഭിനിവേശമുണ്ട്. ഒപ്പം ഇവയെ ചൂഷണം ചെയ്യുന്നുമുണ്ട്. ഞങ്ങളുടെ കൂട്ടത്തിലെ ഓരോ ആളുകളും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയാണ് ജോലി ചെയ്തത്. ഒരുമിച്ചായിരുന്നു ഞങ്ങളൊക്കെ താമസിച്ചിരുന്നത്. ആ ഒരുമ തന്നെയാണ് ഈ ചിത്രത്തിന്റെ വിജയത്തിന് കാരണം,” സന്തോഷത്തോടെ, അഭിമാനത്തോടെ രമ്യ വെളിപ്പെടുത്തുന്നു.
ഗര്‍ഭപാത്രമുള്ള പുരുഷന് എന്ന നിലയില്‍ ലോകം അറിയുകയും ആക്രമിക്കുകയും ചെയ്ത രാജു എന്ന യുവാവിന്റെ ജീവിതത്തെ ആസ്പദമാക്കി ‘വിപരീതം’ എന്ന പേരില്‍ ഉണ്ണികൃഷ്ണന് ആവള രചിച്ച പുസ്തകമാണ് പിന്നീട് ‘ഉടലാഴം’ എന്ന സിനിമയായി മാറിയത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കാടുകള്‍ക്ക് സമീപമാണ് രാജുവിന്റെ ജന്മസ്ഥലം. ആണ് ശരീരവുമായി ജനിച്ച് മാതാപിതാക്കള്‍ പുരുഷനായി വളര്‍ത്തിയ രാജുവിന്, ഗര്‍ഭപാത്രമുണ്ട് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം വേദന തിന്ന് ജീവിച്ച നാളുകളായിരുന്നു. അവഗണനയ്ക്കും പരിഹാസങ്ങള്‍ക്കും പുറമെ അതിക്രൂരമായ ലൈംഗികാക്രമണങ്ങള്‍ക്കും രാജു ഇരയായിട്ടുണ്ട്.
ചലച്ചിത്രമേളയുടെ രണ്ടാം ദിനവും മൂന്നാം ദിനവും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ 11ന് കൃപ തിയേറ്ററില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഒരു പ്രദര്‍ശനം കൂടിയുണ്ട്.