കഥയിലോ കഥാപാത്ര സൃഷ്ടിയിലോ അതുമല്ലെങ്കില്‍ ദൃശ്യങ്ങളിലെങ്കിലും വിദേശഭാഷാ സിനിമകളുടെ അനുകരണങ്ങളുാകുന്നത് സ്വാഭാവികമായി മാറിയിരിക്കുന്ന ഇക്കാലത്ത് തികച്ചും പുതുതായൊരു കഥയും കഥാപരിസരവും സൃഷ്ടിച്ചതില്‍ തുടങ്ങുന്നു ‘സ്ലീപ്‌ലെസ്സ്ലി യുവേര്‍സ്’ എന്ന സ്വതന്ത്ര സിനിമയുടെ സര്‍ഗ്ഗാത്മക മൂല്യം. ആസ്വാദകരില്‍ അത് അനുഭവിപ്പിച്ച് വിജയിക്കുന്നത് സിനിമയെന്ന മാധ്യമത്തില്‍ ആദ്യപരീക്ഷണത്തിനിറങ്ങിയ രണ്ട് ചെറുപ്പക്കാരാണെന്നത് ആ മൂല്യമുയര്‍ത്തുന്നു.

Read More: IFFK 2018: രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് എത്തുന്ന ‘ഉറക്കമില്ലായ്മ’

നഗരത്തിലെ വാടക വീട്ടില്‍ ഒന്നിച്ച് കഴിയുന്ന കമിതാക്കളായ ജെസ്സിയും മാനസ്സിയും. കുറച്ച് ദിവസം ഉറങ്ങാതെയിരുന്നാലോ എന്ന ചിന്ത ഒരിക്കലെങ്ങനെയോ അവര്‍ക്കിടയിലുണ്ടായി. തുടക്കത്തിലതൊരു തമാശയായിരുന്നു. പിന്നെയൊരു വാശി പോലെയത് നീണ്ടു. രാപ്പകല്‍ ഉറക്ക െത്ത വെല്ലുവിളിക്കാന്‍ പ്രണയമവര്‍ക്കൊരു കൂട്ടായി നിന്നു. നട്ടപ്പാതിരക്ക് നഗരത്തിലലഞ്ഞു കൂകി വിളിച്ചും, ടെറസ്സിലെ കൂരമുറിക്കുള്ളിലെ കുഞ്ഞുലോകത്ത് ചുംബിച്ചമര്‍ന്നും, എഴുതിയും സിനിമ കണ്ടും ഉറക്കമിളക്കലിന്റെ ഉന്മാദാവസ്ഥയിലേക്കെത്തിയപ്പോള്‍ ഇരുവരും പച്ചയായ മനുഷ്യരായി തുടങ്ങി. പിന്നെ പരസ്പരം അറിയലിന്റെ, അതിനപ്പുറം സ്വയം തിരിച്ചറിയലിന്റെ അവസ്ഥയിലേക്ക്. അതുവരെ അടക്കി വെച്ചതും ഒതുക്കി പ്പിടിച്ചതുമൊക്കെ പുറത്ത് വരുമ്പോള്‍ പ്രണയോന്മാദത്തില്‍ മതിമറന്നിരുന്ന ജെസ്സിയും മാനുവും മാറ്റാരൊക്കെയോആയി ആ കൂരമുറിക്കുള്ളില്‍ നിറഞ്ഞാടി. നടന്നതൊക്കെയൊന്ന് വ്യക്തമായി ഓര്‍ത്തെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ ദീര്‍ഘനിദ്രയില്‍ നിന്നുണരുന്നത് ജെസ്സി മാത്രമാണ്. തന്റെ പ്രിയപ്പെട്ട മാനുവിനെ താന്‍ ആ രാത്രി കൊന്ന് കളഞ്ഞോയെന്നു പോലും ഉറ പ്പില്ലാത്ത അവസ്ഥയില്‍ സുഹൃത്തിനോട് സംസാരിക്കുന്ന ജെസ്സിയെന്ന കാമുകന്‍. മാനുവിനെ തേടിയുള്ള അവന്റെ യാത്രയാണ് പിന്നീട്. മാനുവും യാത്രയിലാണ് അവന് സമാന്തരമായി, എന്നത്തേയും പോലെ, എങ്ങോട്ടോ… ഒരുപക്ഷേ അവള്‍ തന്നെ പറഞ്ഞ പോലെ, രണ്ട് ലോകങ്ങളെ ബന്ധിപ്പിക്കുന്ന ആ പാലത്തിലേക്ക്…

ഗൗതം സൂര്യയും സുദീപ് ഇളമണും ചേര്‍ന്ന് ആവിഷ്‌ക്കരിച്ച ‘സ്ലീപ്‌ലെസ്സ്ലി യുവേര്‍സ്’ നവലോക പ്രണയത്തിന്റെ അകംപുറക്കാഴ്ച്ചകളുടെ സത്യസന്ധമായ പറച്ചിലാണ്. ആസ്വാദകര്‍ക്ക് അവരുടേതായ മാനങ്ങളിലേക്ക് ചിന്തിച്ച് കയറുവാന്‍, ചര്‍ച്ച ചെയ്യുവാനേറെയുണ്ടതില്‍. ജെസ്സി സുദേവില്‍ ഭദ്രമാണ്. മാനസിയുടെ ‘പാവമായ ജെസ്സി’യായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം അനായാസമെന്നോണം ചെയ്തിരിക്കുന്നു സുദേവ് നായര്‍. സൗമ്യനായ കാമുകനിലും മനോനില വിട്ടകലുന്ന സംഘര്‍ഷാവസ്ഥയിലും സുദേവിന്റെ തിരനടനത്തിനൊരു ഒതുക്കമുണ്ട്. ഒരു ട്രെയിന്‍ഡ് ആക്ടറില്‍ പ്രകടമാകുന്ന പക്വത.

ദേവകി രാജേന്ദ്രനെന്ന പുതുമുഖം പ്രേക്ഷകരില്‍ മാനുവെന്ന പ്രതിഷ്ഠയാകും. അത്രക്കുണ്ട് പ്രകടനം. മനസിനും ശരീരത്തിനും. ഉറക്കമില്ലായ്മ വരുത്തുന്ന അസ്വാരസ്യങ്ങള്‍ ആസ്വാദകനില്‍ അനുഭവിപ്പിച്ചതിലാണവരുടെ വിജയം. ജെസ്സിയുടെ സുഹൃത്ത് വേണുവായെത്തിയ ശ്യാമപ്രകാശിന്‍റെ പ്രകടന ത്തിലും എടുത്ത് പറയേണ്ടൊരു സൂക്ഷ്മതയുണ്ട്. ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലെ ചില ആവര്‍ത്തനങ്ങള്‍ മാത്രമാണൊരു കല്ലുകടി.

കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷണങ്ങളോടിഴകിയൊരു ദൃശ്യഭാഷയൊരുക്കുകയെന്ന വെല്ലുവിളി മറികടന്നിടത്താണ് സംവിധാന
പങ്കാളി കൂടിയായ സുധീപ് ഇളമണ്‍ എന്ന ഛായാഗ്രഹകന്റെ കയ്യൊപ്പ്. സ്വാഭാവികതയും സാഹിത്യഭാഷയും ഇടകലര്‍ന്ന് വരുന്ന ജെസ്സിയുടെ സംഭാഷണങ്ങളില്‍ ഗൗതം സൂര്യയുടെ വഴക്കം പ്രകടം. എഴുത്തില്‍ പാളിപ്പോകാന്‍ സാധ്യതകളുള്ളൊരു വിഷയം ദിശമാറിപ്പോകാത്ത ഒരു മണിക്കൂര്‍ തിരക്കഥയില്‍ ഒതുക്കിയവതരിപ്പിച്ചതിലും ഗൗതമിന്റെ മിടുക്ക് കാണാം. അപ്പു ഭട്ടതിരിയും ക്രിസ്റ്റി സെബാസ്റ്റ്യനും ചിത്രസംയോജനത്തില്‍ പുലര്‍ത്തിയ ശ്രദ്ധയും മൊത്തം സിനിമയുടെ ആസ്വാദന സുഖത്തില്‍ അറിയാനുണ്ട്. പശ്ചാത്തല സംഗീതത്തിലെ മിതത്വം കൊണ്ട് വര്‍ക്കിയെന്ന സംഗീതസംവിധായകന്‍ സ്വയം അടയാളപ്പെടുത്തുന്നുണ്ട്.

സിനിമ ആഗ്രഹിച്ച്, പഠിച്ച്, അറിഞ്ഞ് വളര്‍ന്നകാലങ്ങള്‍ കടന്ന് ഇനി സ്വന്തം സിനിമ ചെയ്യാമെന്ന ആത്മവിശ്വാസം അഥവാ കാലുറപ്പും കരളുറപ്പും ആര്‍ജിക്കുന്നിടത്താണ് ഓരോ പുതുമുഖ സംവിധായകനും ജനിക്കുന്നത്. പിന്നെയതൊരു ധൈര്യമാണ്, കൈയ്യിലുള്ള കണ്ടന്റും കൂടെയുള്ളവരും പകരുന്ന ധൈര്യം. അത്തരമൊരു ധൈര്യത്തിലാകാം ആദ്യ സിനിമ തന്നെ ഇത്തരത്തിലൊരു പരീക്ഷണമാക്കാന്‍ ഗൗതമും സുദീപും ഇറങ്ങിപ്പുറപ്പെട്ടത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സുദേവ് നായര്‍ ഒഴികെ ക്യമാറക്ക് മുന്നിലും പിന്നിലുമുള്ളവരുടെയെല്ലാം ആദ്യ സിനിമയാണ് ‘സ്ലീപ്‌ലെസ്സ്ലി യുവേര്‍സ്’ നിര്‍മ്മാതാക്കളുടെ ക്രെഡിറ്റ്‌സില്‍ സംവിധായകരുടെയും അണിയറക്കാരുടെയും പിന്നെ അച്ഛനമ്മമാരുടെയുമൊക്കെ പേരുകള്‍ തന്നെ. പ്രമേയ ത്തിലെ പുതുമക്കൊപ്പം കഥപറച്ചിലില്‍ കാട്ടിയ ചില പരീക്ഷണങ്ങള്‍ കൊണ്ട് കൂടി ചലച്ചിത്രമേളകളില്‍ മാത്രമല്ല പുതുകാല വാണിജ്യ സിനിമകള്‍ക്കിടയിലും സ്വന്തം ഇടം കണ്ടെത്തുന്നുണ്ട് ‘സ്ലീപ്‌ലെസ്സ്ലി യുവേര്‍സ്’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook