കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 23-ാം പതിപ്പിൽ രാജ്യാന്തര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഇ മ യൗ’വും ഇറാനിയൻ സംവിധായകൻ മൊസ്തഫ സയാരിയുടെ ‘ദ ഗ്രേവലെസ്സും’. ഭൂമിയുടെ രണ്ടു കോണുകളിലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ദേശങ്ങളിൽ നിന്നും വന്ന, ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും അത്രമേൽ വ്യത്യസ്തമായ ഈ ചിത്രങ്ങൾ എങ്ങനെയാണ് ചേർത്തെഴുതാനാവുക?
മൊസ്തഫ സയാരിയുടെ ‘ദ ഗ്രേവ്‌ലെസ്സി’നൊപ്പമുള്ള യാത്രയിൽ തന്നെയാണ് ആ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചത്. കഥാപരിസരം കൊണ്ടും കഥാപാത്രസൃഷ്ടിയിലും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ചിത്രങ്ങളാണ് രണ്ടുമെങ്കിലും ഇരു ചിത്രങ്ങളിലും സമാനമായൊരു സാന്നിധ്യമുണ്ട്. നായക തുല്യമായ ഒരു സാന്നിധ്യം. അത് പക്ഷേ മനുഷ്യനല്ല, മരണമാണ്. സിനിമയെ സങ്കീർണ്ണമാക്കുന്നതും മുന്നോട്ടു കൊണ്ടു പോവുന്നതും ജീവനറ്റ രണ്ടു ശരീരങ്ങളാണ്. അങ്ങനെ രണ്ടു സിനിമയിലും ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നത് മരണം തന്നെ.
പ്രാണൻ പിടഞ്ഞു നിശ്ചലമാകുന്ന ആ അവസാനശ്വാസത്തിനു ശേഷം മണ്ണിൽ ചേരാൻ ഊഴം കാത്തു കിടക്കുകയാണ് രണ്ടു മനുഷ്യർ. ഒരാൾ ചെല്ലാനത്തെ കടൽക്കരയിലെ കുടിലിൽ വീട്ടുകാരുടെ പതം പറയലുകൾക്കും അയൽക്കാരുടെ അനുശോചനങ്ങൾക്കുമിടയിൽ കിടക്കുമ്പോൾ, മറ്റെയാൾ ഇറാനിലെ ഒരു ചെറു പട്ടണത്തിൽ നിന്നും ഒരു ഉൾനാടൻ ഗ്രാമത്തിലേക്ക് യാത്ര തിരിക്കുകയാണ്. മക്കളെ അതിരറ്റു സ്നേഹിച്ച രണ്ടു പിതാക്കന്മാരും, അവരുടെ അന്ത്യാഭിലാഷം സാക്ഷാത്കരിക്കാൻ ഒരുങ്ങുന്ന മക്കളും. തണുത്തു മരവിച്ച് നീലച്ചു തുടങ്ങിയ ആ ശവശരീരങ്ങൾക്ക്, മക്കൾക്കൊപ്പം പ്രേക്ഷകരും കാവൽ നിൽക്കേണ്ടി വരുന്നു. മരണ വീടിന്റെ മൂകത നിറയുന്ന ഏതോ ആസ്വാദനതലങ്ങളിലേക്കാണ് ഇരു ചിത്രങ്ങളും നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്.
രാജകീയമായ ശവമടക്ക് സ്വപ്നം കണ്ട് കണ്ണടയ്ക്കുന്ന വാവച്ചനാശാരിയുടെ അന്ത്യാഭിലാഷം പൂർത്തിയാക്കാൻ ശ്രമിക്കുന്ന ഈസിയും സുഹൃത്തായ അയ്യപ്പനുമാണ് ‘ഇ മ യൗ’വിന്റെ കഥാപരിസരമൊരുക്കുന്നതെങ്കിൽ, ‘ദ ഗ്രേവ്‌ലെസ്സി’ൽ അത് മൂന്നു സഹോദരൻമാരും ഒരു സഹോദരിയും അടങ്ങിയ ഒരു ചെറു സംഘമാണ്. മരുഭൂമി പോലെ തരിശായി കിടക്കുന്ന വഴികളിലൂടെ കഠിനമായ ചൂടും, അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ മനം മടുപ്പിക്കുന്ന മണവും സഹിച്ച് വിജനമായൊരു ഗ്രാമം തേടുകയാണ് മക്കൾ. പല അമ്മമാരിൽ ജനിച്ച ആ മക്കൾക്കിടയിൽ സ്പർദ്ധകളും അവിശ്വാസവും പകയുമൊക്കെ ഉണ്ടെങ്കിലും, ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി അവർ ഒന്നിച്ച് യാത്ര ചെയ്യുകയാണ്.
‘ഇ മ യൗ’വില്‍ൽ എത്ര കൂട്ടിയാലും കൂടാത്ത നിസ്സഹായതകളുടെ പടുകുഴിയിലാണ് ഈസി വീണുപോകുന്നതെങ്കിൽ, ‘ദ ഗ്രേവ്‌ലെസ്സി’ൽ ആ യാത്ര അവസാനിക്കുന്നതേയില്ല. പട്ടിയും പൂച്ചയും പ്രാവും പാമ്പുമെല്ലാം തിങ്ങിനിൽക്കുന്ന നോഹയുടെ പേടകം പോലെ ശവവണ്ടിയാത്ര അതിന്റെ പ്രയാണം തുടരുകയാണ്. വാവച്ചനെ മണ്ണിൽ കുഴിവെട്ടി മൂടിയ ആശ്വാസത്തിന്റെ ദീർഘനിശ്വാസങ്ങൾ സമ്മാനിച്ച് ‘ഇ മ യൗ’ അവസാനിക്കുമ്പോൾ, പ്രേക്ഷകനെ വിടാതെ ആ ശവവണ്ടിയ്ക്കു പിറകെ അനുനയിപ്പിക്കുകയാണ് ‘ദ ഗ്രേവ്‌ലെസ്സ്’.
ബ്ലാക്ക് ഹ്യൂമറിന്റെ സാധ്യതകളെ ‘ഇ മ യൗ’ പ്രയോജനപ്പെടുത്തുമ്പോൾ പകയുടെയും പകപ്പോക്കലുകളുടെയും ചിന്തേരിട്ട് മനസ്സുകളെ ആളിക്കത്തിക്കുകയാണ് ‘ദ ഗ്രേവ്‌ലെസ്സ്’. മരണ വീട്ടിൽ നിന്നെന്ന പോലെ തിയേറ്ററുകളിൽ നിന്ന് ഇറങ്ങി വരുന്ന മനുഷ്യരുടെ വികാരവിചാരങ്ങളുടെ സംഘർഷഭൂമിയിൽ വീണ്ടും ഇരു സിനിമകളും തമ്മിൽ സന്ധിക്കും. ഒരേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഇരു ട്രാക്കിലൂടെ ഓടി ഫിനിഷിങ് പോയിന്റിൽ വീണ്ടും കണ്ടുമുട്ടുന്ന തീവണ്ടികളെ പോലെയൊരു കണ്ടുമുട്ടലാണ് അത്.
മരണം നായകനാവുന്ന ഇരു സിനിമകളിൽ ഏതാവും പുരസ്കാരനേട്ടം കയ്യെത്തി തൊടുക, യൂണിവേഴ്സൽ വിഷയമായ മരണത്തെ എങ്ങനെയാണ് ജൂറി അടയാളപ്പെടുത്തുക തുടങ്ങിയ ആകാംക്ഷകളും കാത്തിരിപ്പുകളും അവസാനിക്കാൻ ഇനി മൂന്നു പകലുകൾ മാത്രം ബാക്കി.