സിനിമ തുടങ്ങുന്നതിന് പതിനഞ്ച് മിനിട്ട് മുന്‍പ് എത്താത്തതിനെ തുടര്‍ന്ന് റിസര്‍വേഷന്‍ റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ചലച്ചിത്ര മേളയോട് വിട പറഞ്ഞ സാംസ്‌കാരിക പ്രവര്‍ത്തക ജെ ദേവികയ്ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോള്‍ വേണുഗോപാല്‍.

ദേവികയ്ക്കുണ്ടായ അനുഭവത്തില്‍ വിഷമുമുണ്ടെന്നും, എന്നാല്‍ മേളയുടെ നടത്തിപ്പു രീതി പ്രകാരം സിനിമ തുടങ്ങുന്നതിന് പതിനഞ്ച് മിനിട്ട് മുമ്പ് എത്തിയില്ലെങ്കില്‍ റിസര്‍വേഷന്‍ റദ്ദാക്കേണ്ടി വരുമെന്നും ബീനാ പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“ദേവിക എന്റെ വളരെ അടുത്ത സുഹൃത്താണ്. മാത്രമല്ല, സിനിമയെ വളരെ ഗൗരവമായി കാണുന്ന ഒരാളുമാണ്. ദേവികയ്ക്കുണ്ടായ അനുഭവത്തില്‍ എനിക്ക് വിഷമമുണ്ട്. പക്ഷെ ഫെസ്റ്റിവലിന് ഒരു സിസ്റ്റം ഉണ്ട്. ചില സിസ്റ്റം നമ്മള്‍ പാലിച്ചല്ലേ പറ്റൂ. സിനിമ തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് എത്തിയില്ലെങ്കില്‍ റിസര്‍വേഷന്‍ ക്യാന്‍സലാകും,” ബീനാ പോള്‍ വ്യക്തമാക്കി.

Image may contain: 1 person, glasses and close-up

ബീനാ പോള്‍

സിനിമ കാണാന്‍ കാത്തു നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും, ദേവിക അത് മനസിലാക്കി, വീണ്ടും ചലച്ചിത്ര മേളയുടെ ഭാഗമാകാന്‍ തിരിച്ചു വരുമെന്നും ബീനാ പോള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

തനിക്ക് നേരിട്ട അനുഭവം റിസര്‍വേഷന്‍ എന്ന ആശയത്തിനു തന്നെ എതിരാണെന്നായിരുന്നു ദേവിക അഭിപ്രായപ്പെട്ടത്. 15 മിനിട്ടിന് മുമ്പ് എത്താതിരുന്നതു കൊണ്ട് റിസര്‍വേഷന്‍ റദ്ദായി എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറയുന്നത്‌, പത്തു മിനിട്ട് കഴിയും മുമ്പ് ക്ലാസില്‍ എത്തിയില്ലെങ്കില്‍ ഹാജര്‍ ഇല്ലെന്നു പറയുന്ന വിദ്യാലങ്ങളിലെ നടത്തിപ്പു രീതിയാണെന്നും, ഇതേക്കുറിച്ച് പ്രിന്‍സിപ്പലിനോടോ വൈസ് പ്രിന്‍സിപ്പലിനോടോ പരാതി പറയുന്ന തരത്തില്‍ കമലിനോടോ മഹേഷ് പഞ്ചുവിനോടോ പോയി പരാതി പറായാന്‍ മനസ് വന്നില്ലെന്നും ദേവിക ബീനയ്ക്ക് എഴുതിയ തുറന്ന കത്തില്‍ കുറിച്ചു.

ചലച്ചിത്ര മേളയെ ജനകീയമാക്കിയത് ബീനാ പോളാണെന്നും അതു കൊണ്ടാണ് താന്‍ ഇങ്ങനെയൊരു കത്ത് ബീനാ പോളിന് തന്നെ എഴുതുന്നതെന്നും ദേവിക പറയുന്നു. ഒപ്പം ഇനി മേളയിലേക്കില്ലെന്നും, തന്റെ പാസ്, 2000 രൂപ കൊടുത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത മറ്റൊരു യുവതിക്ക് കൈമാറിയെന്നും, പാസുമായി അവരെത്തുമ്പോള്‍ അവരെ തടയരുതെന്നൊരു അപേക്ഷയുണ്ടെന്നും പറഞ്ഞു കൊണ്ടാണ് ദേവിക തന്റെ കത്ത് അവസാനിപ്പിക്കുന്നത്. എന്നാല്‍ അതും സാധ്യമല്ലെന്നായിരുന്നു ബീനാ പോളിന്റെ പ്രതികരണം.

“മേളയുടെ പാസ് ട്രാന്‍സ്ഫറബിള്‍ അല്ലല്ലോ, അത് കൊണ്ട് അത് മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കില്ല”, ബീനാ പോള്‍ വിശദമാക്കി.

Image may contain: 1 person, sitting

ജെ ദേവിക

Read More: ദേവികയുടെ തുറന്ന കത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം: വിട, IFFK! വിട, ബീനാ!

മേളയിലെ ക്യൂ ഒഴിവാക്കാനായി ആരംഭിച്ച കൂപ്പണ്‍ സമ്പ്രദായത്തെക്കുറിച്ചും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ തുടങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് കൂപ്പണ്‍ എടുത്തവര്‍ക്ക് മാത്രമേ തിയേറ്ററിനകത്ത് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. റിസര്‍വേഷന് ശേഷം വരുന്ന സീറ്റുകള്‍ കൂപ്പണ്‍ എടുത്തവര്‍ക്ക് നല്‍കുകയാണ് ഇതു വഴി ചെയ്യുന്നത്. എന്നാല്‍ ഇത് അസൗകര്യം ഉണ്ടാക്കുന്നുവെന്നായിരുന്നു കൂടുതല്‍ പേരുടേയും പ്രതികരണം. ഇതേ തുടര്‍ന്ന് കൂപ്പണ്‍ സമ്പ്രദായവും പിന്‍വലിച്ചിട്ടുണ്ട്.

തുടക്കം മുതലേ ഇത്തവണത്തെ ചലച്ചിത്ര മേള ഏറെ അനിശ്ചിതത്വങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയുമാണ് കടന്നു പോയത്. മേളയുടെ രണ്ടാം ദിനം പ്രധാന വേദിയായ ടാഗോര്‍ തിയറ്ററിലെ പ്രൊജക്ടര്‍ തകരാറിലായി പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയതും കാഴ്ചക്കാര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook