തിരുവനന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും. മറ്റു പതിപ്പുകളെ പോലെയായിരുന്നില്ല ഈ മേള. പ്ലാനിംഗ് ഘട്ടം മുതൽ ഏറെ അനിശ്ചിതത്വങ്ങളിലൂടെ കടന്നു പോയ മേള എന്ത് അനുഭവമാണ് സമ്മാനിച്ചത്? നടത്തിപ്പിന്റെ കാര്യത്തില്‍ വിജയം കണ്ടു എന്ന് പറയാനാകുമോ? എന്തൊക്കെ വെല്ലുവിളികളിലൂടെയാണ് മേള കടന്നു പോയത്? ഡെലിഗേറ്റുകളും സംഘാടകരും മേളയെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിന്റെ പൊതു ഖജനാവില്‍ നിന്നും പണമെടുക്കാതെയും, രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്തിയും, സിനിമാ പ്രേമികളുടെ സഹകരണത്തോടെയുമാണ് ഇത്തവണത്തെ ചലച്ചിത്ര മേള കൊടിയേറിയത്. ഐഎഫ്എഫ്കെയെ സ്നേഹിക്കുന്ന ചലച്ചിത്രപ്രേമികളുടെ സ്നേഹവും സഹകരണവുമാണ് മേളയ്ക്ക് കരുത്തു പകർന്നത് എന്നാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയായ മഹേഷ് പഞ്ചുവിന്റെ അഭിപ്രായം.

“ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ നന്നായി തിക്കും തിരക്കുമില്ലാതെ മേള കാണാൻ പറ്റി എന്നാണ് പൊതുവേ ഞങ്ങൾക്ക് ലഭിക്കുന്ന ഫീഡ്ബാക്ക്. മത്സരവിഭാഗം ചിത്രങ്ങളേക്കാൾ മികവ് പുലർത്തിയത് ‘വേൾഡ് സിനിമ’ കാറ്റഗറിയാണെന്ന അഭിപ്രായവും ഡെലിഗേറ്റ്സിന്റെ ഭാഗത്തു നിന്നും കേട്ടു. ഇത്തവണ ഫെസ്റ്റിവലിന്റെ മറ്റൊരു പ്രധാനപ്പെട്ട കാര്യം, വിദ്യാർത്ഥികളുടെ പങ്കാളിത്തം കുറവാണെന്നതാണ്. ആ ഒരു ക്രൗഡിന്റെ കുറവ് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്,” മഹേഷ് പഞ്ചു വെളിപെടുത്തി.
“ടാഗോർ തിയേറ്ററിൽ സാങ്കേതിക തകരാറുമൂലം ഷോയുടെ പ്രദർശനത്തിൽ ഉണ്ടായ മുടക്കമാണ് മേളയുടെ ഒരു പോരായ്മയായി എടുത്തു പറയാനുള്ളത്. അവിടെ ഏതാണ്ട് 900 സീറ്റോളം ഉള്ളതാണ്. അത് റീഷെഡ്യൂൾ ചെയ്യാൻ ഞങ്ങൾ ബുദ്ധിമുട്ടി. ടാഗോറിലെ ഷോ മുടങ്ങിയത് ഡെലിഗേറ്റുകൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. 11ന് നടന്ന ഹർത്താലും മേളയെ ബാധിച്ചു. ടാഗോറിലെയും കൈരളിയിലേക്കും കാന്റീനുകൾ ചലച്ചിത്രമേളയുടെ ഭാഗമായി നേരിട്ടു നടത്തുന്നതാണ്. ഹർത്താൽ ദിനത്തില്‍ ഡെലിഗേറ്റുകൾക്ക് ഭക്ഷണ കാര്യങ്ങളിൽ പ്രശ്നമുണ്ടാവരുതെന്ന മുൻകരുതലോടെ, ജയിൽ ഐജിയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന എട്ടു തിയേറ്ററുകളിലും ഭക്ഷണ സൗകര്യം ഒരുക്കിയിരുന്നു. കൂടാതെ ഡെലിഗേറ്റുകൾക്ക് ഡി.വൈ.എഫ്.ഐ.യുടെ വക സൗജന്യ പൊതിച്ചോർ വിതരണവും ഉണ്ടായിരുന്നു,” മഹേഷ് പഞ്ചു കൂട്ടിച്ചേർത്തു.

ഇറാനിയൻ സംവിധായകനും ഐഎഫ്എഫ്കെ 2018 ന്റെ ജൂറി അധ്യക്ഷനുമായ മാജിദ് മജീദിയുടെ ‘മുഹമ്മദ്’ എന്ന ചിത്രം മേളയോട് അനുബന്ധിച്ച് പ്രദർശിപ്പിക്കാൻ കഴിയാതെ പോയതിലുള്ള നിരാശയും മഹേഷ് പഞ്ചു വെച്ചു.
“കേന്ദ്ര സർക്കാർ അനുവാദം തരാത്തതുകൊണ്ട് ‘മുഹമ്മദ് ‘പ്രദർശിപ്പിക്കാൻ പറ്റിയിട്ടില്ല. 13-ാം തിയ്യതി രാത്രി പന്ത്രണ്ടു മണിയ്ക്കു മുൻപ് അനുവാദം കിട്ടിയാൽ പോലും ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറായിട്ട് ഇരിക്കുകയാണ് ചലച്ചിത്ര അക്കാദമി,” മഹേഷ് പഞ്ചു വ്യക്തമാക്കി.
ഡെലിഗേറ്റ് ഫീസ് ഉയർത്തിയിട്ടും നല്ല പ്രതികരണമാണ് മേളയ്ക്ക് ലഭിക്കുന്നത് എന്നാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രോഗ്രാം വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ എൻപി സജീഷ് അഭിപ്രായപ്പെടുന്നത്. 8000 ത്തിലേറെ ഡെലിഗേറ്റ്സ് ആണ് ഇത്തവണത്തെ ചലച്ചിത്രമേളയിൽ പങ്കെടുത്തിരിക്കുന്നത്.
“കാൻ, വെനീസ്, ബെർലിൻ പോലുള്ള മുൻനിര മേളകളിലെ മികച്ച സിനിമകൾ തന്നെ ഇത്തവണ ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഷോപ്പ്‌ലിഫ്റ്റേഴ്സ്’, ‘റോമ’, പാവെൽ പോളികോവ്സ്കിയുടെ ‘കോൾഡ് വാർ’, വെനീസ് ഇന്റർനാഷണൽ ഫിലിം മേളയിലും ടൊറൊന്റോ ഇന്റർനാഷണൽ ഫിലിം മേളയിലുമൊക്കെ പുരസ്കാരനേട്ടം കൈവരിച്ച ‘ദ സിസ്റ്റേഴ്സ് ബ്രദേഴ്സ്’ എന്നിങ്ങനെ നിരവധിയേറെ ചിത്രങ്ങൾ. ഒപ്പം കൺടെംപ്രറി വേൾഡ് മാസ്റ്റേഴ്സ് എന്നു നമ്മൾ വിശേഷിപ്പിക്കാവുന്ന സംവിധായകരുടെ സിനിമകളും മേളയിലുണ്ട്. അതു കൊണ്ടു തന്നെ ഗൗരവകരമായി സിനിമയെ സമീപിക്കുന്നവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്,” സജീഷ് പറയുന്നു.

കേരളത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവവും ഇന്റർനാഷണൽ ഇവന്റുമൊക്കെയാണ് ഐഎഫ്എഫ്കെ. വെറുമൊരു ചലച്ചിത്രമേള എന്നതിനപ്പുറത്തേക്ക് സാംസ്കാരികമായ തുറസ്സുകളും കൾച്ചറൽ സ്പെയ്സുകളുമുണ്ട് മേളയ്ക്ക് എന്നും സജീഷ് കരുതുന്നു.
“സാംസ്കാരിക പ്രതിരോധത്തിന്റെ നിര പടുത്തുയർത്താൻ കഴിയുന്ന ഗ്രൂപ്പുകളെയും ബന്ധങ്ങളെയും സൃഷ്ടിക്കുന്നത് ഇത്തരത്തിലുള്ള കൂട്ടായ്മകളാണ്. ജാതിയ്ക്കും മതത്തിനും അതുപോലെയുള്ള എല്ലാ സങ്കുചിതങ്ങൾക്കും മീതെയുള്ള സൗഹൃദങ്ങളാണ്, അതു പ്രസരിപ്പിക്കുന്ന ഒരു തരം മാനവിക മൂല്യങ്ങളാണ് നമ്മളെ ഒരുമിപ്പിച്ചു നിർത്തുന്നത്. ഒപ്പം, ഇതുപോലെയുള്ള സാംസ്കാരിക കൂട്ടായ്മകൾ തുറന്നിടുന്ന ഒരു സ്പെയ്സ് ഉണ്ട്. അതിലേക്ക് വരുന്നവർ ലോകസിനിമ കാണുന്നവരാണ്. അവർ ലോകസിനിമയിലേക്കും ലോകത്തിലെ പല സാംസ്കാരിക മുന്നേറ്റങ്ങളിലേക്കും രാഷ്ട്രീയ മുന്നേറ്റങ്ങളിലേക്കും എക്‌സ്‌പോസ്‌ഡ് ആയൊരു വിഭാഗമാണ്. അവർക്കറിയാം, ലോകമെന്നത് കേരളത്തിൽ ഈക്കാണുന്ന നാമജപഘോഷയാത്ര നടത്തുന്ന ഒരു വിഭാഗമല്ലെന്ന്. അതിർത്തികൾ എന്നു പറയുന്നത് എന്ത് അസംബന്ധമാണെന്നും അവർ മനസ്സിലാക്കുന്നുണ്ട്. കേരളത്തെ കൂടുതൽ പിറകോട്ടു വലിക്കുന്ന ശക്തികളെയൊക്കെ എതിരിടാൻ പറ്റുന്ന തരത്തിൽ ലോക സിനിമ പ്രസരിപ്പിക്കുന്ന വിശാലമായ മാനവിക മൂല്യങ്ങളിലൂടെ കേരളത്തെ മാറ്റിയെടുക്കാൻ കഴിയുന്ന ഒരു വിഭാഗം ആൾക്കാരും പ്രേക്ഷകരുമാണ് ഇവിടെയുള്ളത്. ഈ കൂട്ടായ്മ വളർന്നു വരുന്നതിലൂടെ, ഓരോ വർഷവും 18 വയസ്സു പൂർത്തിയായ പുതിയ ഡെലിഗേറ്റ്സ് വരുന്നതിലൂടെ കേരളത്തെ കുറിച്ച് പുതിയ പ്രതീക്ഷ നൽകാൻ കൂടി ഇത്തരം മേളകൾക്കും കൂട്ടായ്മകൾക്കും സാധിക്കും.”

നിലമ്പൂർ സ്വദേശിനിയും ജേണലിസം വിദ്യാർത്ഥിനിയുമായ അഫീഫയ്ക്ക് ഇത് കന്നി ഐഎഫ്എഫ്കെ ആണ്. കൂട്ടുകാരും അധ്യാപകരും കുറിച്ചു കൊടുത്ത ഒരു ‘മസ്റ്റ് സീ’ ലിസ്റ്റും കൊണ്ടാണ് അഫീഫ മേളയ്ക്ക് എത്തിയത്. ടാഗോർ തിയേറ്റർ പരിസരത്തു നിന്നും അഫീഫയെ കണ്ടുമുട്ടുമ്പോൾ അടുത്ത ഷോയ്ക്ക് കയറാനുള്ള തിരക്കിലായിരുന്നു അഫീഫ. കൂട്ടുകാരികൾക്കൊപ്പമാണ് അഫീഫ മേളയ്ക്ക് എത്തിയത്.
“ആദ്യ ദിവസം മുതൽ ഞങ്ങൾ ഇവിടെ ഉണ്ട്. ആദ്യമായിട്ടാണ് ഐഎഫ്എഫ്കെയിൽ പങ്കെടുക്കുന്നത്. ടീച്ചേഴ്സും സുഹൃത്തുക്കളുമൊക്കെ കാണേണ്ട സിനിമകളുടെ ഒരു ലിസ്റ്റ് തന്നുവിട്ടിരുന്നു. അതിൽ മുക്കാലും കണ്ടു, ഇപ്പോൾ കുറച്ചൊക്കെ സ്വയം തെരെഞ്ഞെടുത്തും കാണുന്നുണ്ട്.,” അഫീഫ പറയുന്നു.
‘കാപ്പര്‍നോം’ ആണ് കണ്ട ചിത്രങ്ങളിൽ തനിക്കേറ്റവും ഇഷ്ടമായതെന്നാണ് അഫീഫ പറയുന്നത്. സിനിമയുടെ അവസാനം ഒരു കുട്ടി ചിരിക്കുന്ന ഒരു ഷോട്ടുണ്ട്, സിനിമ കണ്ടു രണ്ടു ദിവസം കഴിഞ്ഞിട്ടും ആ ചിരി മനസ്സിൽ നിന്നും മായുന്നില്ലെന്നും അഫീഫ കൂട്ടിച്ചേർക്കുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയും പൂനെയിൽ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെ പത്താമത്തെ ഐഎഫ്എഫ്കെ കാലമാണ് ഇത്. തന്റെ വാർഷിക കലണ്ടറിൽ നിന്നും പത്തു ദിവസത്തോളം ചലച്ചിത്രമേളയ്ക്കായി എല്ലാ വർഷവും മാറ്റിവെയ്ക്കാറുള്ള സിനിമാപ്രേമിയാണ് ഗിരീഷ് മേനോൻ.
“മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുമാണ് ഞാൻ വരുന്നത്. ഈ സമയത്ത് ഞങ്ങളുടെ ശബരിമല ഇതാണ്. പത്തു കൊല്ലമായി സ്ഥിരമായിട്ട് ഇവിടെ വരുന്നുണ്ട്. ഈ സീസണിൽ അഞ്ചു ദിവസം ഗോവയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആവും. അഞ്ച് ദിവസം ഇവിടെയും. ഇതെന്റെ ഇയർലി കലണ്ടറിന്റെ ഭാഗമാണ്. ഗോവയിൽ കാണാൻ പറ്റാതെ പോയ നല്ല സിനിമകൾ ഇവിടെ വെച്ചു കാണാൻ ശ്രമിക്കാറുണ്ട്,” ഗിരീഷ് മേനോൻ പറയുന്നു.
“ഇവിടെ കണ്ട സിനിമകളിൽ ‘കാപ്പര്‍നോം’ വളരെ ഹൃദയസ്പർശിയായി തോന്നി. കണ്ണുതുറപ്പിക്കുന്ന പടമാണത്. ഗോവയിൽ വെച്ചു ആ ചിത്രം മിസ്സ് ആയിരുന്നു, എന്നാൽ ഇവിടെ വെച്ച് കാണാൻ പറ്റിയതിൽ സന്തോഷമുണ്ട്. അതുപോലെ, ‘ഷോപ്പ് ലിഫ്റ്റേഴ്സും’ നല്ല ചിത്രമാണ്,” ഗിരീഷ് കൂട്ടിച്ചേർക്കുന്നു.
ആളുകൾ കുറവായതുകൊണ്ട് സ്വസ്ഥമായിരുന്നുകൊണ്ട് സിനിമ കാണാൻ പറ്റിയെന്നും സാധാരണ ഗോവയിലാണ് ഇങ്ങനെ ഒരു ആമ്പിയൻസ് കിട്ടാറുള്ളതെന്നും ഗിരീഷ് അഭിപ്രായപ്പെടുന്നു.
“ഇത്ര സമാധാനപരമായൊരു അന്തരീക്ഷം ഇവിടെ ഉണ്ടാവാറില്ല. ഇത്തവണ വലിയ ബഹളമോ ഉന്തും തള്ളുമോ ഒന്നുമില്ലാതെ സിനിമ കാണാൻ കഴിഞ്ഞു. എന്നതിൽ വളരെ സന്തോഷമുണ്ട്,” ഗിരീഷ് മേനോൻ പറഞ്ഞു നിർത്തുന്നു. ഒറ്റ ഷോ പോലും മിസ്സ് ചെയ്യാതെ ദിവസം 5 സിനിമകൾ കാണുന്ന ഡെലിഗേറ്റ് കൂടിയാണ് താനെന്നും ഗിരീഷ് വ്യക്തമാക്കി.

എന്നാല്‍ മേളയ്ക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് അത്ര ഉഷാറില്ലെന്നാണ് ബാലനടനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ടെലിവിഷൻ രംഗത്ത് സജീവമാവുകയും ചെയ്ത രാജീവ് രംഗൻ അഭിപ്രായപ്പെടുന്നത്.
“എല്ലാ തവണത്തെയും പോലെ അത്ര ഉഷാറായില്ല ഇത്തവണ. സാധാരണ ഒരു ഉത്സവ ആഘോഷമായിരിക്കും. ആഘോഷങ്ങൾ പലപ്പോഴും സീരിയസ് ആയി സിനിമയെ സമീപിക്കുന്നവരെ ശല്യം ചെയ്യുന്നുണ്ടാവാം. എന്നാലും ഒരു ഫെസ്റ്റിവൽ മൂഡ് ഉണ്ടാകുമായിരുന്നു,” രാജീവ് നിരാശ പ്രകടിപ്പിച്ചു.
“ഡെലിഗേറ്റ് ഫീസ് വർധിപ്പിച്ചത് സിനിമ കാണാൻ ആഗ്രഹിക്കുന്ന കുറേ കുട്ടികൾക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. സിനിമകളെ കുറിച്ചു പറയുകയാണെങ്കിൽ, സിനിമ മൊത്തം ഡിജിറ്റലിലേക്കു മാറിയ ഒരു കാലമാണല്ലോ ഇത്. അത്തരം സാങ്കേതികതകൾക്ക് ഒപ്പം സിനിമയുടെ ക്വാളിറ്റി കൂടെ ചേരുമ്പോഴാണ് ആസ്വാദനം മികവു പുലർത്തുന്നത്. ഇവിടെ പ്രദർശിപ്പിക്കപ്പെട്ട സിനിമകളിൽ ചിലതൊക്കെ സാങ്കേതികപരമായി അത്ര മികവു പുലർത്തുന്നില്ലെന്നു തോന്നി. വികസിത രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ കാര്യമല്ല, വളരെ ചെറിയ രാജ്യങ്ങളിൽ നിന്നും വന്ന സിനിമകളുടെ കാര്യത്തിൽ ആണ് പ്രധാനമായും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. എന്നിരുന്നാലും, ഓരോ നാട്ടിലെയും സിനിമകൾ എവിടെ നിൽക്കുന്നു എന്നു മനസ്സിലാക്കാൻ കൂടി മേള സഹായിക്കുന്നുണ്ട്,” രാജീവ് രംഗൻ അഭിപ്രായപ്പെടുന്നു.

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിന് അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേള നാളെ സമാപിക്കാൻ ഒരുങ്ങുകയാണ്. ‘ഹോപ്പ് ആന്റ് റീബില്‍ഡിംഗ്’ ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480 ൽ അധികം പ്രദർശനങ്ങളാണ് ഇത്തവണ മേളയിലുണ്ടായത്. സമാപന ദിവസമായ നാളെ വിവിധ വിഭാഗങ്ങളിലായി 37 ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും