1990കളിലെ അള്‍ജീരിയയിലെ മുസ്ലീം ഭരണം വീര്‍പ്പുമുട്ടിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്ന പെണ്‍ജീവിതങ്ങളുടെ കഥയാണ് റെയ്ഹാന സംവിധാനം ചെയ്ത ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ എന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും സ്ത്രീകള്‍, അവരുടെ ആഘോഷങ്ങള്‍, ആഹ്‌ളാദങ്ങള്‍, നിരാശകള്‍, തമാശകള്‍ നിറയുന്നു. പ്രായഭേദമന്യേ സ്ത്രീകള്‍ അനുഭവിക്കുന്ന ഭയാനകമായ സാമൂഹികാവസ്ഥകളെയാണ് ചിത്രത്തിന്‍റെ ക്യാന്‍വാസ്.

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങളെ പ്രേക്ഷകന് അനുഭവഭേദ്യമാക്കുകയാണ് ചിത്രം. രണ്ടു സ്ത്രീകള്‍ നടത്തുന്ന മസ്സാജ് സെന്ററില്‍ എത്തുന്ന ഒരു കൂട്ടം സ്ത്രീകളുടെ ജീവിതം ഏറ്റവും സ്ത്രീ കേന്ദ്രീകൃതമായി തന്നെ അവതരിപ്പിച്ച ചിത്രമാണ് ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’. മതപൗരോഹിത്യം എത്തരത്തിലാണ് സ്ത്രീകളെ അടിമകളാക്കുന്നത്, വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തെ ഏതെല്ലാം തരത്തിലാണ് ബാധിക്കുന്നത് എന്നീ കാര്യങ്ങളെ വളരെ കലുഷിതമായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.

 

ഫാത്തിമ എന്ന സ്ത്രീയും അവരുടെ സഹായിയായ സാമിയയും ചേര്‍ന്നു നടത്തുന്ന മസ്സാജ് സെന്റര്‍ സത്യത്തില്‍ ആ നാട്ടിലെ സ്ത്രീകളുടെ ഏറ്റവും വലിയ ആശ്വാസ കേന്ദ്രമാണ്. കൗമാരക്കാര്‍ മുതല്‍ വയോധികരായ സ്ത്രീകള്‍ വരെ അവിടെ എത്തുന്നു. മുഖവും ശരീരവും മനസ്സുമുള്‍പ്പെടെ മൂടിയിരുന്ന കറുത്ത പര്‍ദ്ദ അഴിച്ചുവച്ച് കുളിക്കുന്ന ഒരു കൂട്ടം സ്ത്രീകളെയാണ് ചിത്രത്തിന്റെ തുടക്കം മുതല്‍ കാണുന്നത്. അവര്‍ തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു, സംസാരിക്കുന്നു, ചിരിക്കുന്നു. വിവാഹത്തെക്കുറിച്ച്, ശരീരത്തെക്കുറിച്ച്, ലൈംഗികതയെക്കുറിച്ച് എല്ലാം അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കറുത്ത വസ്ത്രങ്ങള്‍ക്കുള്ളില്‍ ചിന്തിക്കുന്ന, അഭിപ്രായങ്ങളുള്ള, തമാശകള്‍ പറയുന്ന, മജ്ജയും മാംസവും മാത്രമല്ലാത്ത സ്ത്രീകളും മരവിച്ചിട്ടില്ലാത്ത അവരുടെ മനസ്സുകളുമുണ്ട് എന്ന് ചിത്രം നമുക്ക് കാട്ടിത്തരുന്നു.

ഇസ്ലാം മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന, താന്‍ പറയുന്ന കാര്യങ്ങള്‍ക്കൊപ്പം ദൈവത്തെയും ഖുറാനേയും കൂട്ടുപിടിക്കുന്ന സ്ത്രീയെയും, അതേ ഇസ്ലാമിന്റെ പേരില്‍ മതമൗലിക വാദികളുടെ ആക്രമണത്തിന് ഇരയായ സ്ത്രീയെയും നമുക്ക് ഒരേ ഫ്രെയിമില്‍ കാണാം. ആക്രമിക്കപ്പെട്ടവള്‍ ഒടുവില്‍ നിലവിളിക്കുന്നുണ്ട്, അലറിക്കരഞ്ഞുകൊണ്ട് പറയുന്നുണ്ട് ‘നിങ്ങളുടെ ഇസ്ലാം ഞങ്ങളുടെ ഇസ്ലാമല്ല’ എന്ന്.

ചിത്രത്തിന്റെ തുടക്കത്തില്‍ തന്റെ ഭര്‍ത്താവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട ഫാത്തിമ എന്ന കഥാപാത്രം ഹമാമിലേക്ക്(മസ്സാജ് സെന്റര്‍) എത്തുകയും തന്റെ ശരീരം വൃത്തിയാക്കുകയും തുടര്‍ന്ന് സിഗരറ്റ് കത്തിച്ച് വലിക്കുകയും ചെയ്യുന്നുണ്ട്. ദൈനംദിന ജീവിതം പോറലേല്‍പ്പിച്ച സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു ഇടം എത്രത്തോളം അത്യാവശ്യവും ആശ്വാസകരവുമാണെന്ന് ചിത്രം വരച്ചുകാട്ടുന്നു. അവിടെ എത്തുന്ന മിക്ക സ്ത്രീകളുടെയും ദാമ്പത്യം അസംതൃപ്തമല്ല. അവരില്‍ ഓരോരുത്തരും വീടിനു പുറത്തു, കറുത്ത വസ്ത്രത്തിനു പുറത്തു ഒരിടം കൊതിക്കുന്നവരാണ്‌. അവരുടെ ഉള്ളില്‍ പറയാന്‍ ഒരുപാടുണ്ട്.

ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത് തിരക്കഥയും സംഭാഷണങ്ങളും തന്നെയാണ്. ഒറ്റവാക്കില്‍ ‘ഹെവി’ എന്നു പറയാവുന്നവ. ഓരോ സ്ത്രീ ജീവിതത്തെയും അടയാളപ്പെടുത്തുന്ന നിമിഷങ്ങളിലെക്കാണ് സംവിധായകന്‍ ക്യാമറ തിരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ആകാശത്തേക്ക് വെട്ടുക്കിളികളെപ്പോലെ പറന്നുയരുന്ന കറുത്ത വസ്ത്രങ്ങളുടെ ഷോട്ടില്‍ ഒരു ദേശത്തിന്‍റെ, വംശത്തിന്റെ സ്വാതന്ത്യത്തിനായുള്ള ഉള്‍വിളികള്‍ നിശബ്ദമായ ഉള്‍വിളികള്‍ മുഴങ്ങിക്കേള്‍ക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ