കടുത്ത വിലക്കുകള്‍ക്കിടയില്‍ നിന്നും ഒളിച്ചോടി ഒരു പെണ്‍കുട്ടി തന്‍റെ തട്ടകമായ കലയിലെക്കും സിനിമയിലേക്കും എത്തിയ കഥയാണ് ‘ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്’ എന്ന ചിത്രത്തിന്‍റെ സംവിധായക റെയ്ഹാനയുടെത്. എവിടെയോ തുടങ്ങി എവിടെയോ എത്തിയ, യാദൃശ്ചികതകളാല്‍ നിറഞ്ഞ ജീവിതത്തിന്‍റെ ക്ലൈമാക്സിലാണ് റെയ്ഹാന സിനിമാ സംവിധാനത്തിലേക്ക് തിരിയുന്നത്. അവിടെയ്ക്ക് അവളെ കൈ പിടിച്ചുയര്‍ത്തിയത് വിഖ്യാത സംവിധായകന്‍ കോസ്റ്റ ഗാവ്രാസ്.

 

റെയ്ഹാന തന്നെ എഴുതിയ നാടകത്തെ ആസ്പദമാക്കിയുള്ളതാണ് ‘ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്’ എന്ന ചിത്രം. 90കളിൽ അൾജീരിയയും അവിടുത്തെ സ്ത്രീകളുടെയും അവസ്ഥ വരച്ചു കാട്ടുന്ന ചിത്രം ഇതിനോടകം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു. സ്വന്തം നാട്ടില്‍ താനും പുകവലിയ്ക്കാനായി മറഞ്ഞിരിക്കാറുണ്ട് എന്ന് തുടങ്ങി റെയ്ഹാന തന്‍റെ ജീവിത പുസ്തകം ‘എംപവറിങ് വിമെൻ ഫോർ സിനിമ’ ശില്പശാലയില്‍ പങ്കെടുത്തവരുടെ മുന്നില്‍ തുറന്നിട്ടു.

Reyhana

‘എംപവറിംഗ് വിമന്‍ ഇന്‍ സിനിമ’ ശില്പശാലയില്‍ സംസാരിക്കുന്ന റെയ്ഹാന

‘മുസ്ലിം അറബിക് ആഫ്രിക്കൻ രാജ്യമായ അൾജീരിയയിലാണ് ഞാൻ ജനിച്ചത്. അവിടുത്തെ സംസ്‍കാരം/പാരമ്പര്യം കലാ മേഖലയിൽ പ്രവർത്തിക്കുന്ന അല്ലെങ്കിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അനുകൂലമായിരുന്നില്ല. കേരളത്തിലും അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നറിയില്ല. ആർട്ട് സ്‌കൂളിൽ ചേർന്ന് പഠിക്കാൻ വീട്ടുകാർ എന്നെ അനുവദിച്ചില്ല. എന്‍റെ സ്വപ്നത്തിന്‍റെ പുറകെ വീട് വിട്ട് ഇറങ്ങി കുറച്ചു കാലം റോഡരുകിലും മറ്റും കിടന്നുറങ്ങി ജീവിച്ചു. ബുദ്ധിമുട്ടിയാണെങ്കിലും ആർട്ട് സ്കൂളിൽ ചേരാനുള്ള കോമ്പറ്റിഷനിൽ പങ്കെടുത്തു. അടുത്തിരുന്നവരുടെ കൈയിൽ നിന്നും പെൻസിലും പേപ്പറും വാങ്ങിയാണ് ഞാൻ പരീക്ഷ എഴുതിയത്. സ്കോളർഷിപ്പോടു കൂടി കോളേജിൽ ചേരാൻ കഴിഞ്ഞു.

അന്ന് മുതൽ കിടക്കാൻ ഇടമില്ലാത്ത അവസ്ഥ മാറി. എന്റെ അമിതാവേശം കൊണ്ടോ ഭ്രാന്തൻ ചിന്തകൾ കൊണ്ടോ സ്കൂളിൽ അന്ന് മെച്ചപ്പെട്ട പഠന സാഹചര്യങ്ങക്ക് വേണ്ടിയുള്ള സമരത്തിൽ ഞാൻ പങ്കെടുക്കുകയും അതിന്‍റെ പേരിൽ അവിടെ നിന്നും എന്നെ പുറത്താക്കുകയും ചെയ്തു. അൾജീരിയയിൽ പാർട്ടിക്കോ സർക്കാരിനോ എതിരായി സംസാരിക്കുന്നവരെ ജയിലിലിടാൻ സാധ്യതകൾ ഏറെയുള്ള സമയമാണത്.

കൂടുതല്‍ വായിക്കാം: ഒളിച്ചിരുന്ന് സിഗരറ്റ് വലിക്കുന്നവര്‍

നാടകം പഠിക്കാൻ ചേരുന്നതിനായുള്ള പരീക്ഷ എഴുതാനായി അടുത്ത ശ്രമം. പക്ഷേ ഡ്രാമാ സ്കൂളിലും സമരം നയിച്ചതിന്‍റെ പേരിൽ ഒന്നര വർഷത്തിനുള്ളിൽ ഞാന്‍ പുറത്താക്കപ്പെട്ടു. ഇതിനിടയിൽ അവിടെ ഒരു നാടകത്തിൽ അഭിനയിക്കാൻ നായികയെ അന്വേഷിക്കുന്നതായി അറിഞ്ഞു. ഒരു വർഷം കോളേജിൽ അഭിനയിക്കുകയൊക്കെ ചെയ്തതു ധൈര്യത്തില്‍ ഞാൻ ഓഡിഷനിൽ പങ്കെടുത്തു. വിളിക്കാം എന്ന് അവര്‍ പറഞ്ഞെങ്കിലും ടിവിയിലും മറ്റും അങ്ങനെ പറഞ്ഞാൽ വിളിക്കാൻ സാധ്യത ഇല്ലെന്നാണ് അര്‍ഥം. അതു കൊണ്ട് ‘അറിഞ്ഞിട്ടേ ഞാൻ പോകുന്നുള്ളൂ’ എന്ന് പറഞ്ഞു. നാടകത്തിന്‍റെ ഡയറക്ടർ ഇത് കേട്ട് കുറേ ചിരിച്ചു.

 

അങ്ങനെ ആ കമ്പനിയിൽ 14 വർഷം ഞാൻ അഭിനേതാവായി പ്രവർത്തിച്ചു. അഭിനയത്തിനോടൊപ്പം ഞാൻ നാടകങ്ങൾ എഴുതാനും തുടങ്ങി. ഒരു നാടകം സംവിധാനം ചെയ്യുകയും ചെയ്തു. ഇസ്ലാമിക ഭീകരത കൂടി വന്നിരുന്ന സമയമായിരുന്നു അത്. കലാ മേഖലയില്‍ എന്‍റെ കൂടെയുണ്ടായിരുന്ന പല സുഹൃത്തുക്കളും ഇസ്ലാം തീവ്രവാദികളാൽ കൊല്ലപ്പെട്ടു. എന്നേയും കൊല്ലാനുള്ള സാധ്യത ഉണ്ടായിരുന്നതിനാൽ പോലീസ് എന്നോട് അൾജീരിയ വിട്ടു പോകാൻ നിർദ്ദേശിച്ചു.

അങ്ങനെ 1999ൽ ഞാൻ ഫ്രാൻ‌സിൽ എത്തി. അവിടെ കുറെ കാലം ഹോട്ടലിൽ വെയ്ട്രസായി ജോലി ചെയ്തു. പക്ഷേ എന്‍റെ മനസ്സിൽ ഞാൻ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത് എന്‍റെ ജീവിതം മുന്നോട്ട് പോയാൽ ശരിയാവില്ല എന്നാണ്. അങ്ങനെ ഞാൻ വീണ്ടും എഴുതാൻ തുടങ്ങി.  ഫ്രാൻ‌സിൽ ഒറ്റപ്പെട്ട അവസ്ഥയിൽ, എന്‍റെ മനസ്സു തുറക്കാനുള്ള ഒരു വഴി കൂടിയായി എഴുത്ത്. അൾജീരിയയിൽ ഉപേക്ഷിച്ചു പോന്ന എല്ലാത്തിനെക്കുറിച്ചും ഓർത്തുള്ള വിഷമം എന്‍റെ എഴുത്തിലൂടെ ഞാൻ മറന്നു. ഒരു മാസം കൊണ്ട് ഒരു നാടകം എഴുതി തീർത്തു.

അൾജീരിയയിലുള്ള സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചു പറയാൻ ഒരുപാടുണ്ടായിരുന്നു. ഫ്രാൻ‌സിൽ എത്തിയപ്പോള്‍ അവിടെയുള്ള സ്ത്രീകളുടെ അവസ്ഥയ്ക്കും വലിയ വ്യത്യാസമില്ലെന്നു മനസിലായി.  ഒരിക്കൽ ഫ്രാൻ‌സിൽ ഒരു ഓഡിഷനിൽ പങ്കെടുക്കാൻ ചെന്നപ്പോൾ നാടകത്തിന്‍റെ സംവിധായകൻ അദ്ദേഹത്തിന്‍റെ താല്പര്യങ്ങൾക്ക് വഴങ്ങി കൊടുക്കുകയാണെങ്കിൽ അവസരം നൽകാമെന്ന് പറഞ്ഞു. ഞാൻ ദേഷ്യപ്പെട്ടു അവിടെ നിന്നും ഇറങ്ങി പൊന്നു.

ഞാന്‍ എഴുതിയ നാടകം പല കമ്പനികൾക്കും അയച്ചു കൊടുത്തു. അറിയപ്പെടാത്ത ഒരാളാണ് സംവിധായിക എന്നത് കൊണ്ട് കൊണ്ട് ആരും മുന്നോട്ട് വന്നില്ല. 12 കഥാപാത്രങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് സാമ്പത്തികവും കൂടുതലായിരുന്നു. ആ സമയത്തുള്ള ഒരു മത്സരത്തിന് ഞാൻ തിരക്കഥ അയച്ചു കൊടുത്തു. അതിൽ എന്നെ വിജയിയായി തിരഞ്ഞെടുത്തപ്പോൾ ഒരുപാട് കമ്പനികൾ ഇങ്ങോട്ട് വന്നു നാടകം ചെയ്യാമെന്ന് പറയുകയായിരുന്നു. മത്സരത്തിൽ വിജയിച്ചവർക്ക് നിർമ്മാണത്തിനുള്ള തുകയായിരുന്നു സമ്മാനം.

അങ്ങനെ നാടകം പൂർത്തിയായി. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പ്രദർശിപ്പിച്ചു. ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം നാട്ടിൽ ഒഴികെ. ഞാൻ പ്രവർത്തിച്ചിരുന്ന അൾജീരിയയിലെ നാടക കമ്പനിയുടെ മേളയിൽ വിളിക്കുമെന്ന് ഞാൻ ഏറേ പ്രതീക്ഷിച്ചു, പക്ഷേ ഉണ്ടായില്ല. പാരിസിലെ ഒരു പ്രദർശനത്തിന്‍റെ അവസാനം എന്നെ ഫ്രഞ്ച് സംവിധായകൻ കോസ്റ്റ ഗാവ്രാസും അദ്ദേഹത്തിന്‍റെ ഭാര്യയും വന്നു കണ്ടു. നാടകത്തിലെ ഏതെങ്കിലും അഭിനേത്രികളെ സിനിമയിലേക്ക് വിളിക്കാനാവും എന്ന് കരുതിയ എന്നോട് ഈ നാടകം സിനിമയാക്കിയാൽ കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് സംവിധാനം ചെയ്യാനാവും എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ ഞാൻ സംവിധാനം ചെയ്യാൻ ആണ് അവർ ആവശ്യപ്പെട്ടത്. എനിക്ക് അതിനെക്കുറിച്ചു ഒന്നും അറിയില്ല, പേടിയാണ് എന്ന് പറഞ്ഞപ്പോൾ മിഷേൽ ഗാവ്രാസ് എന്നോട് പറഞ്ഞു നമുക്ക് ടെക്‌നിക് പഠിക്കാൻ കഴിയും, നിങ്ങൾക്ക് കഴിവുണ്ട് എന്ന്.

ഞാൻ ഒരിക്കലും സിനിമയെ പറ്റി ചിന്തിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോളാണ് ഇത്തരം ഒരു അവസരം അവരെനിക്ക് തന്നത്. ഞാൻ വളരെ സന്തോഷവതിയാണ്. കാരണം നാടകത്തെക്കാൾ സ്വാധീനം സിനിമയ്ക്കുണ്ട്. ലോകം മുഴവൻ അത് എത്തും. അതിനു തെളിവാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. ഒരുപാട് ചലച്ചിത്ര മേളകളിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഈ ചിത്രം സ്ത്രീകളെ കുറിച്ചാണ്, പക്ഷേ പുരുഷന്മാർക്കും കൂടിയുള്ളതാണ്.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ