കേരളത്തിലെ മികച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളായ ശ്രീരാം വെങ്കിട്ടരാമന് ഐഎഎസ് പോലെത്തന്നെ പ്രിയങ്കരമാണ് സിനിമയും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിദ്യാഭ്യാസകാലം തൊട്ടു ഐഎഫ്എഫ്കെയില് പങ്കെടുക്കുന്നുണ്ട്. ഇപ്പോള്‍ കുറച്ചു കാലമായി ജോലി തിരക്ക് കാരണം മേളയുടെ എല്ലാ ദിവസങ്ങളിലും പങ്കെടുക്കാന്‍ കഴിയാറില്ല എങ്കിലും തിരഞ്ഞെടുത്ത ചിത്രങ്ങള്‍ കാണാന്‍ എങ്ങനെയെങ്കിലും സമയമുണ്ടാക്കി എത്താന്‍ ശ്രമിക്കും എന്നാണ് ശ്രീരാം പറയുന്നത്.
ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഇപ്പോള്‍ നോര്‍വേയിലാണ് താനുള്ളത്. അധികം വൈകാതെ എത്തിച്ചേരാന്‍ സാധിക്കും എന്നാണ് താന്‍ കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേളയില്‍ ശ്രീരാം കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ഇവയൊക്കെയാണ്.
മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ പ്രശാന്ത് വിജയ് സംവിധാനം ചെയ്ത അതിശയങ്ങളുടെ വേനലാണ് ശ്രീരാം തിരഞ്ഞെടുത്ത ഏക മലയാള ചിത്രം. അദൃശ്യനാകാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ഈ ചിത്രം പ്രശാന്ത് വിജയുടെ കന്നി സംരംഭമാണ്. അദൃശ്യതയുടെ പല തലങ്ങള്‍ അന്വേഷിക്കുന്ന ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു മികച്ച നിരൂപണങ്ങള്‍ നേടിയതാണ്.
കൂടുതല്‍ വായിക്കാം: എന്റെ മുറിയിലെ സുവര്‍ണ്ണ ചകോരം, പ്രശാന്ത് വിജയ് അഭിമുഖം
ലോക സിനിമാ വിഭാഗത്തിലെ ‘ഇന്‍ സിറിയ’, ‘നവംബര്‍’, ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍’, ‘ദി യംഗ് കാള്‍ മാക്സ്’ എന്നിവയാണ് അദ്ദേഹം കാണാന്‍ തിരഞ്ഞെടുത്ത മറ്റു ചിത്രങ്ങള്‍. ഫിലിപ്പ് വാന്‍ ല്യൂ സംവിധാനം ചെയ്ത ഫ്രഞ്ച് – ബെല്‍ജിയം – ലബനീസ് ചിത്രമാണ് ‘ഇന്‍ സിറിയ’. ഒരു ചെറിയ വീട്ടില്‍ തിങ്ങിക്കൂടിയ ആളുകളുടെ വീക്ഷണത്തില്‍ അനാവരണം ചെയ്യപ്പെടുന്ന ദമാസ്കസ് നഗരത്തിലെ യുദ്ധമാണ് സിനിമയുടെ ഇതിവൃത്തം. ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ‘പനോരമ ഓഡിയന്‍സ്’ പുരസ്കാരം നേടിയ ചിത്രമാണ് ‘ഇന്‍ സിറിയ’.
രൈനെര് സാര്നെറ്റ് സംവിധാനം ചെയ്ത എസ്തോനിയ -നെതെര്‍ലാന്‍ഡ്സ് – പോളണ്ട് ചിത്രമാണ് നവംബര്‍. അന്ദ്രുസ് കിവിറാക്കിന്റെ ‘രേഹെപപ്പ്’ എന്ന നോവലിനെ ആധാരമാക്കിയ ചിത്രം ഒരു എസ്തോണിയന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലെ പ്രണയകഥയാണ്.
ഇല്ടികോ എന്യെദി സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രമാണ് ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍’. എല്ലാ രാത്രികളിലും ഒരേ സ്വപ്നം കാണുന്ന രണ്ടു പേര്, അതിന്റെ യാദൃശ്ചികതയെക്കുറിച്ച് അത്ഭുതപ്പെടുന്നു, സ്വപ്നം പകല്‍ വെളിച്ചത്തില്‍ യാഥാര്ത്യമാക്കാന് ഇറങ്ങിത്തിരിക്കുന്നു. ഓസ്കാറിലേക്ക് ഹംഗറി നാമനിര്‍ദേശം ചെയ്ത ചിത്രമാണു ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍’
ലോക സിനിമാ വിഭാഗത്തിലാണ് ‘ദ യങ് കാള്‍ മാര്‍ക്സ് ‘ പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ക്സിന്റെ ജീവിതത്തില്‍ ഫ്രഡറിക് ഏംഗല്‍സുമായുള്ള കൂടിക്കാഴ്ച മുതല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചന വരെയുള്ള യൗവ്വന കാലമാണ് ചിത്രത്തിന്റെ പ്രമേയം. ഹൈതിയന്‍ ചലച്ചിത്രകാരന് റൗൾ പെക്കാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
കൂടുതല്‍ വായിക്കാം: അഭയാർത്ഥി ജീവിതവും യുവാവായ മാർക്സും കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ
പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പിലെ അധ്വാനവര്‍ഗം നേരിട്ട നരകയാതനകള്‍ക്കാണ് റൗള്‍ പെക്ക് അഭ്ര കാഴ്ചയൊരുക്കുന്നത്. ദാരിദ്ര്യവും മുതലാളി വര്‍ഗ്ഗ ചൂഷണവും ഇരകളാക്കിയ തൊഴിലാളികളുടെ ജീവിതം 1842 മുതല്‍ 1847 വരെയുള്ള മാര്‍ക്സിന്റെ ജീവിതകഥയ്ക്ക് സമാന്തരമായി സംവിധായകന് അനാവരണം ചെയ്യുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തെ ഓഗസ്റ്റ് ഡയലും നായികയെ വിക്കി ക്രിബ്സും അവതരിപ്പിക്കുന്നു.
ദേവികുളം സബ്കളക്ടര്‍ ആയിരുന്ന ശ്രീരാം വെങ്കിട്ടരാമന് ഇപ്പോള്‍ എമ്പ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ആണ്.