ഗായികയും അഭിനേത്രിയുമായ രശ്മി സതീഷ് മേളയില്‍ സജീവമായി സിനിമ കാണുന്നുണ്ട്. എല്ലാതരം സിനിമകളും ആസ്വദിക്കുന്നു എന്ന് പറയുമ്പോഴും ഏറെ ഇഷ്ടപ്പെട്ട അഞ്ചു ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ രശ്മിയുടെ നാവില്‍ തുമ്പില്‍ വന്നത് ഈ സിനിമകളുടെ പേരുകളാണ്. സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ശബ്ദലേഖനം പഠിച്ച രശ്മി ഇപ്പോള്‍ സംഗീത – പിന്നണി ഗാന രംഗത്താണ് കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. രശ്മിയുടെ ‘മൈ ഫൈവ്’ ഇതൊക്കെയാണ് – ‘ദി സ്ക്വെർ’, ‘ലവ്ലെസ്സ്’, ‘റീഡൌട്ടബില്’, ദി യംഗ് കാള്‍ മാക്സ്’, ‘ഏദന്‍’.
റൂബന്‍ ഒസ്ത്ലുന്ദ് സംവിധാനം ചെയ്ത സ്വീഡിഷ്- ജര്‍മന്‍ – ഫ്രഞ്ച് – ഡെന്മാര്ക്ക് ചലച്ചിത്രമാണ് ‘ദി സ്ക്വെർ’. ഒരു ആര്‍ട്ട് മ്യൂസിയം ക്യൂരെറ്ററും വിവാഹമോചിതനുമായ ക്രിസ്ത്യന്റെ കഥയാണിത്. ‘ദി സ്ക്വെർ’ എന്ന് പേരുള്ള ഒരു ഷോ നടത്താന്‍ അയാള്‍ പദ്ധതിയിടുന്നു. അതിനിടെ അയാളുടെ ഫോണ്‍ കളവു പോകുന്നു. അതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയില്‍ ‘പാം ദിയോര്‍’ പുരസ്കാരമുള്ടെ ധാരാളം പുരസ്കാരം നേടിയ ചിത്രമാണിത്.
വിഖ്യാത റഷ്യന്‍ ചലച്ചിത്രകാരന് ആന്ദ്രെ വ്യാഗിന്സേവ്, സംവിധാനം ചെയ്ത റഷ്യ – ഫ്രാന്‍സ് – ബെല്‍ജിയം – ജര്‍മ്മനി – ‘റിലേഷന്ഷിപ് ഡ്രാമ’യാണ് ‘ലവ്ലെസ്സ്’. വഴക്കും വീട് വില്ക്കലുമായി അവര്‍ ഒരുമിച്ചല്ലാത്ത ഒരു ജീവിതത്തിനായി തയ്യാറെടുക്കുകയാണ്. ഇതിനിടയില്‍ പന്ത്രണ്ടു വയസ്സുകാരന് മകന് ഒറ്റപ്പെടുന്നു. ഒരു നാള് അവനെ കാനാതെയാകുന്നു. കാന്‍ ചലച്ചിത്രമേളയില്‍ ജൂറി പുരസ്കാരം ലഭിച്ച ഈ ചിത്രം റഷ്യയുടെ ഓസ്കാര്‍ നോമിനേഷന് കൂടിയാണ്.
മൈക്കേല്‍ ഹസനവിസിയസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് ‘റീഡോട്ടബിള്’. ‘ആര്‍ട്ടിസ്റ്റ്’ എന്ന തന്റെ പൂര്‍വ്വ ചിത്രം പോലെതന്നെ സിനിമയ്ക്കുള്ള തന്റെ ‘ട്രിബ്യൂട്ട്’ ആയിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. മ്യൂണിക്, ടോരോന്ടോ, കാന്‍, ലണ്ടന്‍ തുടങ്ങിയ മേളകളില്‍ ചിത്രം കളിച്ചിട്ടുണ്ട്.
ലോക സിനിമാ വിഭാഗത്തിലാണ് ‘ദ യങ് കാള്‍ മാര്‍ക്സ് ‘ പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ക്സിന്റെ ജീവിതത്തില്‍ ഫ്രഡറിക് ഏംഗല്‍സുമായുള്ള കൂടിക്കാഴ്ച മുതല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചന വരെയുള്ള യൗവ്വന കാലമാണ് ചിത്രത്തിന്റെ പ്രമേയം. ഹൈതിയന്‍ ചലച്ചിത്രകാരന് റൗൾ പെക്കാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
കൂടുതല്‍ വായിക്കാം: മേളയില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍, ശ്രീരാം വെങ്കിട്ടരാമന്
പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പിലെ അധ്വാനവര്‍ഗം നേരിട്ട നരകയാതനകള്‍ക്കാണ് റൗള്‍ പെക്ക് അഭ്ര കാഴ്ചയൊരുക്കുന്നത്. ദാരിദ്ര്യവും മുതലാളി വര്‍ഗ്ഗ ചൂഷണവും ഇരകളാക്കിയ തൊഴിലാളികളുടെ ജീവിതം 1842 മുതല്‍ 1847 വരെയുള്ള മാര്‍ക്സിന്റെ ജീവിതകഥയ്ക്ക് സമാന്തരമായി സംവിധായകന് അനാവരണം ചെയ്യുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തെ ഓഗസ്റ്റ് ഡയലും നായികയെ വിക്കി ക്രിബ്സും അവതരിപ്പിക്കുന്നു.
സഞ്ജു സുരേന്ദ്രന് സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘ഏദന്‍’. എസ് ഹരീഷിന്റെ നാല് കഥകളെ കോര്‍ത്തിണക്കി കോട്ടയത്തിനൊരു ട്രിബ്യൂട്ട് എന്ന രീതിയിലാണ് ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഐ എഫ് എഫ് കെയില്‍ നടക്കുന്നത്.