കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ എട്ടാം തീയതി ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്ലാതെ തുടക്കമാകും. ‘ഓഖി’ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ‘ദി ഇന്‍സള്‍ട്ട്’ എന്ന ഉദ്ഘാടന ചിത്രത്തിന്‍റെ പ്രദര്‍ശനത്തോടെ നിശാഗന്ധിയില്‍ മേളയുടെ ഇരുപത്തിരണ്ടാം പതിപ്പിന് തിരശീല ഉയരും. ഡിസംബര്‍ 8 മുതല്‍ 15 വരെയുള്ള തീയതികളിലാണ് മേള.

65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് 15 തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കുക. 10,000 ഡെലിഗേറ്റുകള്‍ക്കായി 465 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ടാഗോര്‍ തിയേറ്ററാണ് മേളയുടെ മുഖ്യ വേദി. ഇത്തവണത്തെ മേളയുടെ പ്രത്യേകതകളെക്കുറിച്ചും, സിനിമയ്ക്കെതിരെയുള്ള കടന്നു കയറ്റങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മേളയുടെ ഡയറക്ടറും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍.

മേളയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ബീനാ പോളിനൊപ്പം

‘മേളയുടെ പ്രധാന ആകർഷണം നല്ല സിനിമ തന്നെയാണ്. അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പ്രമേയങ്ങളും, അധികമാരും ആരും കണ്ടിട്ടില്ലാത്ത സിനിമകളും കൊണ്ടുവരാൻ പരമാവധി ശ്രമിക്കാറുണ്ട്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളാണ് മേളയുടെ ഹൈലൈറ്റ്.

ഇന്ത്യൻ പ്രീമിയറും ഏഷ്യൻ പ്രീമിയറുമായ ചില സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ വേറെ മേളകളില്‍ കാണിച്ചിട്ടില്ലാത്ത അഞ്ചോ ആറോ സിനിമകൾ ഉണ്ട്. ഓപ്പണിങ് സിനിമ തന്നെ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കുകയാണ്. വ്യത്യസ്തമായ പാക്കേജുകള്‍. ‘ഐഡന്റിറ്റി ആൻഡ് സ്‌പേസ്’, ‘അവള്‍ക്കൊപ്പം’, തുടങ്ങിയ വിഷയങ്ങള്‍ തന്നെ സമകാലിക കേരളത്തില്‍ വളരെ പ്രസക്തമാണ്.

സിനിമ കാണല്‍ മാത്രമല്ല മേള, സിനിമയ്ക്കപ്പുറത്തേക്ക് നീളുന്ന ചര്‍ച്ചകള്‍, എടുക്കുന്ന നിലപാടുകള്‍ എന്നിവയും കൂടിയാണ്.

സിനിമ സെന്‍സര്‍ഷിപ്‌ പോലുള്ള പ്രശ്നങ്ങളില്‍ കൂടി കടന്നു പോവുകയാണ് രാജ്യം. ഇത്തരം കാര്യങ്ങളില്‍ എല്ലാ കാലത്തും പുരോഗമനപരമായ നിലപാടുകള്‍ എടുത്തിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇത്തവണത്തെ ഫെസ്റ്റിവല്‍ മുന്നോട്ടു വയ്ക്കുന്ന ഒരു രാഷ്ട്രീയ നിലപാട് എന്താണ്?

ഐഎഫ്എഫ്കെയ്ക്കും ചലച്ചിത്ര അക്കാദമിക്കും ഒരു കാഴ്ചപ്പാടുണ്ട്, മുന്‍ കാലങ്ങളിലെ കാഴ്ചപ്പാടുകളുടെ തുടര്‍ച്ച തന്നെയാണ് അത്. സിനിമ എന്നുള്ളത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനപ്പുറം, ഒരു രാഷ്ട്രീയ പ്രവർത്തനവും കൂടിയാണെന്ന് വിശ്വസിക്കുന്നതാണ് അതില്‍ പ്രധാനം. ചലച്ചിത്ര അക്കാദമി ഉണ്ടാവുന്നത് തന്നെ എല്ലാതരം സിനിമകളെയും പ്രോത്സാഹിപ്പിക്കണം, പല തരത്തിലുള്ള ആവിഷ്കരണങ്ങള്‍ ഉണ്ടാകണം എന്നൊരു ഉദ്ദേശ്യവുമായാണ്. അപ്പോൾ അതിന് എതിരെ ആര് നിന്നിട്ടുണ്ടെങ്കിലും പ്രതിരോധിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. അതിപ്പോൾ ഭരണകൂടമായാലും കേന്ദ്ര സർക്കാരായാലും സെൻസർ ബോർഡായാലും വ്യക്തികളായാലും സംഘടനകളായാലും…, അങ്ങനെ ആര് ചെയ്താലും, നമ്മുടെ സ്വതന്ത്രമായ ചലച്ചിത്രാവിഷ്കാരത്തിന് ആര് വിഘ്നം നിന്നാലും അവരെ പ്രതിരോധിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് തന്നെയാണ് മേളയുടെയും നിലപാട്.

ഇരുപത്തിരണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പത്രസമ്മേളനത്തില്‍ ബീനാ പോള്‍, ഷാജി, മഹേഷ്‌ പഞ്ചു എന്നിവര്‍ക്കൊപ്പം

സിനിമയ്ക്കെതിരെയുള്ള രാഷ്ട്രീയ – മത ശക്തികളുടെ ഇടപെടൽ നേരിട്ടിട്ടുള്ള ആളാണ്‌ താങ്കൾ . പത്മാവതി, സെക്സി ദുര്‍ഗ തുടങ്ങിയ വിഷയങ്ങളെ എങ്ങനെ കാണുന്നു?

സങ്കുചിതമായ താല്പര്യങ്ങൾക്ക് വേണ്ടിയാണ് ഈ സിനിമകളെ എതിർക്കുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്. സിനിമയെ ആക്രമിക്കുന്നതിലൂടെ പെട്ടെന്ന് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ഒരു ഉദ്ദേശ്യമുണ്ട്, മത സംഘടനകളായാലും മറ്റ് സാമുദായിക-രാഷ്ട്രീയ സംഘടനകളായാലും ഒക്കെ തന്നെ. ചില അജണ്ട മുൻനിർത്തിയായിരിക്കാം അല്ലെങ്കിൽ ചില കാര്യങ്ങൾ മറയ്ക്കാൻ വേണ്ടി ആയിരിക്കും ഇതിനെ ഉപയോഗിക്കുന്നത്. ഇവിടെയും പത്മാവതി ഇത്രയും വിവാദമായതിന്‍റെ പുറകിൽ ഗുജറാത്ത് തിരഞ്ഞെടുപ്പാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഭരണത്തിന്‍റെ വീഴ്ചകൾ മറയ്ക്കാനായി കിട്ടിയ ഒരു വഴിയാണ് പത്മാവതിയിലൂടെ വർഗ്ഗീയത ഉപയോഗപ്പെടുത്തുക എന്നത്. അത് ആഞ്ഞടിക്കുകയും ചെയ്തു. സെൻസര്‍ ചെയ്യാത്ത, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു സിനിമയുടെ പേരിൽ ഇത്രയും വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. മുൻകാലങ്ങളിൽ ഒന്നും ഇത്രയും വലിയൊരു വിവാദം ഉണ്ടായിട്ടില്ല.

എസ് ദുർഗ്ഗയെ സംബന്ധിച്ചിടത്തോളം അതിന്‍റെ പുറകിലും രാഷ്ട്രീയം ഉണ്ടായിരിക്കാം എന്ന് വേണം കരുതാന്‍. സിനിമ കാണാത്തതുകൊണ്ട് എനിക്കത് ആധികാരികമായി പറയാൻ പറ്റില്ല. ഈ പേര് ഇട്ടതു കൊണ്ട് മതവികാരം വ്രണപ്പെടുമെന്ന് പറയുന്നതും അതിന്‍റെ ഭാഗമായി തന്നെയായിരിക്കാം. അതെല്ലാം കൂടി കൂട്ടി വായിക്കേണ്ടി വരും. കഴിഞ്ഞ തവണയും ചലച്ചിത്ര മേളയിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇത്തവണയും അത്തരം വിവാദങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ നമ്മുടെ നിലപാട് ശക്തമാണെന്നതിൽ ഒരു മാറ്റവുമില്ല. ഇത്തരം കാര്യങ്ങൾക്കെതിരെ, അത് കേന്ദ്ര സർക്കാരായാലും ശക്തമായി നിലകൊള്ളുക എന്നതാണ് നമ്മുടെ തീരുമാനം. മേള നല്ല രീതിയിൽ നടക്കാനായുള്ള എല്ലാ ഏർപ്പാടുകളും ചെയ്യുന്നുണ്ട്.

സെൻസർ ബോർഡ് എന്നത് ഇന്ത്യയിൽ നിലവിലുള്ള ഒരു യാഥാര്‍ത്ഥ്യമായതു കൊണ്ട് നമ്മൾ അതിനെ വെല്ലുവിളിച്ചിട്ട് കാര്യമില്ല. ഇവിടെ ഒരു സിനിമ കാണിക്കണമെങ്കിൽ ഒന്നുകിൽ സെൻസർ ബോർഡിന്‍റെ  സർട്ടിഫിക്കറ്റ് വേണം അതല്ലെങ്കിൽ ഐ ആൻഡ് ബി മിനിസ്ട്രിയുടെ സെൻസർ എക്സംഷൻ വേണം. ഐഎഫ്എഫ്കെയിൽ സിനിമ പ്രദർശിപ്പിക്കുന്നതിനുള്ള മാനദണ്ഡം അതാണ്. അതിനെ ലംഘിക്കാൻ നമുക്ക് പറ്റില്ല. ഇന്ത്യന്‍ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്‌ എന്നുള്ള മാനദണ്ഡം നില നില്‍ക്കുമ്പോൾ എസ് ദുര്‍ഗ്ഗയെ ആ നിയമത്തില്‍ നിന്നും ഒഴിവാക്കാന്‍ പറ്റില്ലല്ലോ.

എസ് ദുര്‍ഗ, ന്യൂഡ്‌

സെക്സി ദുര്‍ഗ മേളയിൽ കാണിക്കും എന്ന് പറഞ്ഞു. അത് പോലെ ന്യൂഡും. ഇതിനു രണ്ടിനും വേണ്ട clearances കേന്ദ്രത്തില്‍ നിന്നും കിട്ടിയോ?

രണ്ടിനും ഐ ആൻഡ് ബി മിനിസ്ട്രിയിൽ നിന്നും ക്ലിയറൻസ് കിട്ടിയിട്ടില്ല. എസ് ദുര്‍ഗ്ഗ നേരത്തെ സെന്‍സര്‍ ചെയ്തത് റദ്ദാക്കിയിട്ട് വീണ്ടും സെന്‍സര്‍ ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ രണ്ടാമത് സെന്‍സര്‍ ചെയ്തിട്ട് വീണ്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമേ മേളയില്‍ കാണിക്കാന്‍ കഴിയുള്ളൂ. ന്യൂഡും അത് തന്നെയാണ് അവസ്ഥ. സെന്‍സര്‍ ചെയ്യുന്നു എന്നാണ് അവര്‍ പറഞ്ഞത്. ഒരു തീയതി ഞങ്ങൾ അറിയിച്ചിട്ടുണ്ട്, അതിനുള്ളിൽ സർട്ടിഫിക്കറ്റ് കിട്ടിയാൽ ഇവിടെ പ്രദർശിപ്പിക്കും. ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ നിവർത്തിയില്ല.

ഇതുമായി ബന്ധപ്പെട്ടു സമയ ബന്ധിതമായി എന്തെങ്കിലും നിയമ നടപടികള്‍ക്ക് പോകുന്നുണ്ടോ?

ഐഡിഎസ്എഫ്കെയുടെ ഭാഗമായി മാത്രമാണ് ഞങ്ങൾക്ക് അങ്ങനെ കോടതിയിൽ പോകേണ്ടി വന്നത്. പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട സിനിമ എല്ലാ നടപടികളും കഴിഞ്ഞതിന് ശേഷമാണ് ഐ ആൻഡ് ബി മിനിസ്ട്രി നിരോധിച്ചത്. അപ്പോൾ ചിത്രം പ്രദർശിപ്പിക്കണമെന്നത് അക്കാദമിയുടെ ഉത്തരവാദിത്വമായി മാറി. അതുകൊണ്ടാണ് നേരിട്ട് കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ‘കാ ബോഡിസ്കേപ്’ എന്ന ചിത്രത്തിന്‍റെ കേസില്‍ അക്കാദമി കക്ഷി ചേര്‍ന്നിട്ടില്ല. സെന്‍സർ ചെയ്യാത്ത സിനിമയായത് കൊണ്ട് എക്സെംഷൻ കിട്ടാനായി ഐ ആൻഡ് ബി മിനിസ്ട്രിക്ക് കത്തയച്ചു. പക്ഷേ ‘കാ ബോഡിസ്കേപ്’ ന് മാത്രം എക്സെംഷൻ നിഷേധിച്ചു. ആ വിവരം ഞങ്ങള്‍ നിര്‍മ്മാതാവിനെ അറിയിച്ചു കൊണ്ട് കത്തയച്ചു. ആ കത്തുമായി അവര്‍ കോടതിയില്‍ പോയി, ഐഎഫ്എഫ്കെയില്‍ മാത്രം പ്രദര്‍ശിപ്പിക്കാനായി എക്സെംഷൻ നേടിയെടുത്തു. സര്‍ക്കാരിന്‍റെ ഭാഗമായുള്ള സ്ഥാപനമായത് കൊണ്ട് അക്കാദമിക്ക് നേരിട്ട് കോടതിയിൽ പോകാനാകില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ