പങ്കജ് തിയേറ്ററില്‍ പുലിമുരുകന്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു ദിവസമാണ് പിന്നെയും നാട്ടിലേയ്ക്കെത്തിയത്. ഒറ്റനോട്ടത്തിലൊരു കൊള്ള സങ്കേതം പോലെ ദുരൂഹമായൊരു നില്‍പ്പാണ് ആ സിനിമാ കൊട്ടക. മുന്‍പ് അതിലേ പോകുമ്പോൾ പേടിയായിരുന്നു; ഗേറ്റിനുള്ളിലേയ്ക്ക്, മതിലിലേയ്ക്ക് ഒക്കെ നോക്കാന്‍. സിനിമ നിരോധിക്കപ്പെട്ട തലമുറയായിരുന്നു ഞാനൊക്കെ. പോസ്റ്ററിലേക്ക് പോലും നോക്കരുതെന്നും പാപമാണെന്നും പറുദീസ നഷ്ടമാകുമെന്നുമുള്ള പേടിയില്‍ ആറാട്ടുവഴിക്കും ശവക്കോട്ടപ്പാലത്തിനുമിടയില്‍ ഞങ്ങള്‍ കണ്ണുകളിറുക്കിയടച്ചു പോന്നു.

കുട്ടിക്കാലത്തൊന്നും സിനിമ ഒരു പ്രലോഭനമേ ആയിരുന്നില്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോ ഈശ്വരിയക്കയുടെ വീടിന്റെ ജനലില്‍ തൂങ്ങി നിന്ന് സിനിമ കണ്ടൊരു കുട്ടിയെ എനിക്കിപ്പഴുമോര്‍മ്മയുണ്ട്. കണ്ണുകളിലേക്ക് നോക്കി കറുത്തമ്മയും പരീക്കുട്ടിയും അപ്രത്യക്ഷരാകുമ്പോള്‍ പെറ്റിക്കോട്ടുടുപ്പിട്ട പെണ്‍കുട്ടിയുടെ കാല്‍മുട്ടിന് താഴെ അക്കേഷ്യമരത്തിന്റെ ഇളം കമ്പ് ആഞ്ഞ് പതിച്ചു. കേറിപ്പോടീ വീട്ടിലേക്ക്… ആ മുറിവ് അവിടെ കിടന്നു. ജേണലിസം പഠിക്കാനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറി. പ്രസ്‌ക്ലബ്ബിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്‍റെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ വച്ച് ഡയറക്ടറായിരുന്ന എന്‍ ആര്‍ എസ് ബാബു സാറിന്റെ ചോദ്യം, അപ്പനോട്, അതേ.. കുട്ടിക്ക് സിനിമ കാണേണ്ടി വരും, സിനിമ എടുക്കേണ്ടിയും വരും. സമ്മതമാണോ?എനിക്ക് ഉള്ളില്‍ ചിരി പൊട്ടി. ക്രിസ്ത്യന്‍ പുരോഹിതനായിരുന്ന അപ്പന്‍ മെല്ലെ തലതാഴ്ത്തി. അല്ലേലും അപ്പന്‍ തോറ്റുപോയതെല്ലാം എന്നോടുള്ള സ്‌നേഹത്തിന്റെ പുറത്തായിരുന്നു.

iffk ,memories ,reenu mathew, films

അങ്ങനെയിരിക്കെ… തിയേറ്ററിലാദ്യമായി പോയി കണ്ട സിനിമ “ശിക്കാറാ”യിരുന്നു. ക്യാമറ ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരിക്കൊപ്പം പുറത്തേക്ക് ചാടുമ്പോ തിയേറ്ററിലേക്കാണെന്ന് അവളൊരു സൂചനയും തന്നില്ല. ശ്രീകുമാര്‍ തിയേറ്ററിന്റെ ഗേറ്റ് കടക്കുമ്പോള്‍ മരണമണി മുഴങ്ങുന്നത് പോലെ ഹൃദയമിങ്ങനെ പടപടപടാന്ന്. ഉള്ളിലാകെ അരണ്ട വെളിച്ചമായിരുന്നു. സീറ്റിലെത്തുമ്പോ ക്ലാസിലെ പകുതി കുട്ടികളുമുണ്ട്. സിനിമ തുടങ്ങി.. നാലുപാട് നിന്നും ശബ്ദം. സീറ്റില്‍ നിന്ന് എഴുന്നേറ്റ ഞാന്‍ ഉറക്കെ അലറി, “ആ സൗണ്ടൊന്ന് കുറയ്ക്കോ”. ചുറ്റിലുമിരുന്നവര്‍ ഞെട്ടി, കൂട്ടുകാരി നാണംകെട്ടു. “എടീ അരമണിക്കൂര്‍.. എന്നിട്ടും പറ്റീലേ നമുക്ക് പോകാം. നീ കണ്ണടച്ചിരുന്നോളൂട്ടോ”. പയ്യെ രസം പിടിച്ചു. പിന്നീടിങ്ങോട്ടേക്കൊരുമാതിരി പടവൊന്നും മുടങ്ങീല.

ശിശിര ജോണ്‍, നിന്നെ അന്ന് വട്ടം കറക്കിയെങ്കിലും ആ പെൺകുട്ടി പിന്നീട് ഒരുപാട് സിനിമകള്‍ കണ്ടു. സോ കോള്‍ഡ് ക്ലാസിക്കുകള്‍ മുതല്‍, ചവറ് എന്ന് നാട്ടുകാര് പറഞ്ഞത് വരെ. ചലച്ചിത്ര മേളകളില്‍ ദിവസേന നാലും അഞ്ചും സിനിമകള്‍ കണ്ടു, ഒടുക്കം കണ്ണൊക്കെ വേദനയായി പനി പിടിച്ച് കിടന്നു. നിലത്ത് ഇടി പിടിച്ചിരുന്ന്, ദീപനും, അഗ്വിറെ ദ് റാത്ത് ഓഫ് ഗോഡും, അങ്ങനെ ഒരുപാട് സിനിമകള്‍ കണ്ടു. ജോണറുകള്‍ മാറീം മറിഞ്ഞും വന്നു. ഐസന്‍സ്റ്റീനും, ചാപ്ലിനും ടോം ട്വിക്വറ(Tom Tykwer) , പൊളാന്‍സ്‌കിയും, മജീദ് മജീദിയും, നോറ എഫ്രോണും കുറസോവയും, മൊഹ്‌സീൻ മക്‌ബൽബഫുമെല്ലാം അപ്രാപ്യമായ ലോകങ്ങളിലേയ്ക്ക് കൈ പിടിച്ചു കൂട്ടിക്കൊണ്ടുപോയി. സിനിമ ഭാഷകളെ ഭേദിക്കുന്നതെങ്ങനെയെന്ന് അനുഭവിപ്പിച്ചു. ലോകമെങ്ങും മനുഷ്യന്റെ അടിസ്ഥാന വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ഒരേ നിറവും മണവും രുചിയുമാണെന്ന് തുറന്ന് കാട്ടി.

iffk ,memories ,reenu mathew, films

അടഞ്ഞു കിടന്ന പറുദീസകളിലേയ്ക്കുള്ള വാതിലുകളായിരുന്നു എനിക്ക് സിനിമകള്‍, ഇന്നും. ചരിത്രവും വര്‍ത്തമാനവും ഭൂമിശാസ്ത്രങ്ങളും തിയേറ്ററിലെ ഇരുളിലും വെളിച്ചത്തിലുമൂടെ സംവദിച്ചു. വിലക്കപ്പെട്ട കനിയുടെ മധുരം നുണഞ്ഞ് കാഴ്ചകളുടെ ഭൂതത്താന്‍ കോട്ടകളില്‍ ഞാനുഴന്ന് നടന്നു. സൗഭാഗ്യങ്ങളായിരുന്നു ഓരോ ചലച്ചിത്ര മേളകളും. ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ ഞാനവിടുത്തുകാരിയായി, മെക്‌സിക്കനായി, കലിപ്‌സോയ്ക്കും സാംബയ്ക്കുമൊപ്പം ചുവട് വച്ചു, കിമോണയണിഞ്ഞ ജാപ്പനീസ് പെണ്‍കുട്ടിയായി, മുസ്താംഗിലെ പെണ്‍കുട്ടികള്‍ എന്റെ സഹോദരിമാരായി, സെയില്‍സ്മാനിലെ സ്ത്രീ അടുത്ത മുറിയില്‍ താമസിക്കുന്നവളായി, തിരിച്ചിറങ്ങുമ്പോള്‍ ബംഗാളി സിനിമയിലെ ട്രാമിലൂടെയെന്ന പോലെ ഒഴുകി നീങ്ങി.. ഹോമേജില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകളിലൊന്നെങ്കിലും കണ്ട്, അത് സങ്കട സിനിമയാണേല്‍ തിയേറ്ററിലിരുന്ന് ശബ്ദമില്ലാതെ കരഞ്ഞു. ഒടുവിലീ സിനിമാക്കഥകളുടെ കൊച്ചുഭാണ്ഡം ഇറക്കി വയ്ക്കുമ്പോള്‍.. നോക്കൂ മെല്ലെ വളരെ സാവധാനത്തില്‍ ചിറകുകള്‍ മുളച്ച് ഞാനൊരു വാഴ്ത്തപ്പെട്ട പാപിയായി മാറുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ