scorecardresearch

കോട്ടയത്തിന് തൃശൂരിന്‍റെ സമ്മാനം: 'ഏദന്‍' സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍

എസ് ഹരീഷിന്‍റെ മൂന്ന് കഥകളെ കോര്‍ത്തിണക്കി സംവിധാനം ചെയ്ത 'ഏദന്‍' കോട്ടയം നഗരത്തിന് തന്‍റെ 'ട്രിബ്യൂട്ട്' ആണെന്ന് സഞ്ജു സുരേന്ദ്രന്‍

എസ് ഹരീഷിന്‍റെ മൂന്ന് കഥകളെ കോര്‍ത്തിണക്കി സംവിധാനം ചെയ്ത 'ഏദന്‍' കോട്ടയം നഗരത്തിന് തന്‍റെ 'ട്രിബ്യൂട്ട്' ആണെന്ന് സഞ്ജു സുരേന്ദ്രന്‍

author-image
Madhavi Madhupal
അപ്‌ഡേറ്റ് ചെയ്‌തു
New Update
കോട്ടയത്തിന് തൃശൂരിന്‍റെ സമ്മാനം: 'ഏദന്‍' സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മുടങ്ങാതെ പങ്കെടുത്തിരുന്ന ഒരു ചെറുപ്പക്കാരന്‍. സിനിമയുടെ ഭ്രമം അയാളെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വരെ എത്തിച്ചു. മടങ്ങി വന്ന അയാള്‍ക്ക്‌ 2009 ലെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ 'സിഗ്നേച്ചര്‍ ഫിലിം' ചെയ്യാന്‍ അവസരം ലഭിച്ചു. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം, അയാളുടെ പ്രഥമ ചലച്ചിത്രം മേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്‌ട്ര ചിത്രങ്ങള്‍ക്കൊപ്പം 'സുവര്‍ണ്ണ ചകോര'ത്തിനായി മത്സരിക്കുന്ന രണ്ടു മലയാള ചിത്രങ്ങളില്‍ ഒന്നായി സഞ്ജു സുരേന്ദ്രന്‍റെ ഏദന്‍.

Advertisment

സിനിമയിലേക്ക് എത്തിയ വഴികളെക്കുറിച്ചും, തന്‍റെ ഡോകുമെന്ററി - ഹ്രസ്വ ചിത്ര പരീക്ഷണങ്ങളെക്കുറിച്ചും, ഗുരു മണി കൌളില്‍ നിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ചും, ഏദനെക്കുറിച്ചുമെല്ലാം വിവരിക്കുകയാണ് സഞ്ജു ഈ അഭിമുഖത്തില്‍.

"തൃശൂർ ശ്രീ കേരള വര്‍മ കോളേജിലെ പഠനകാലത്താണ് സിനിമയോടുള്ള ഒരു ആഭിമുഖ്യം ശക്തിപെടുന്നത്. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾ ധാരാളമുള്ള സ്ഥലമാണ് തൃശൂർ. നവചിത്ര ഫിലിം സൊസൈറ്റിയൊക്കെ മാസത്തിൽ ഒരു തവണ വച്ച് സിനിമ പ്രദർശനങ്ങൾ സഘടിപ്പിക്കുമായിരുന്നു. കൂടാതെ ഐ ഷണ്മുഖദാസ് (നവചിത്രയുടെ രക്ഷാധികാരി) സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ലോകസിനിമയൊക്കെ കാണാനുള്ള അവസരം കിട്ടിയിരുന്നു. ഒപ്പം തന്നെ കോളേജിലും ക്യാമ്പസ് ഫിലിം ക്ലബ്ബുകളുണ്ടായിരുന്നു. ക്യാമ്പസ് സിനിമകളുടെ തുടക്കം കുറിച്ചത് ശ്രീ കേരള വര്‍മ കോളേജായിരുന്നു. വിദ്യാർഥികൾ അവരുടേതായ കുറേ ഷോർട്ട് ഫിലിമുകൾ എടുക്കുകയും ഒക്കെ ചെയ്തിരുന്നു. കവിയായ പ്രൊഫ വി ജി തമ്പി ഞങ്ങളുടെ കോളേജിൽ 'തരിശുനിലം' എന്നൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതിൽ ഞാൻ സഹകലാസംവിധായകനായി പ്രവർത്തിച്ചിരുന്നു. സിനിമയുടെ ഷൂട്ടിംഗ് രീതികൾ അടുത്ത് നിന്ന് മനസ്സിലാക്കാൻ അത് സഹായിച്ചു.

സന്തോഷേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന കെ സി സന്തോഷ്‌ കുമാർ പല വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററികൾ ക്യാമ്പസുകളിൽ പ്രദർശിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. സിനിമയിലൂടെ രാഷ്ട്രീയം ചർച്ച ചെയ്യാനും അതിലൂടെ പല വിഷയങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ ഒരു ബോധം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹം നടത്തിയത്.

Advertisment

അങ്ങനെ വ്യത്യസ്ത തരത്തിലുള്ള ആളുകളേയും സിനിമകളേയും പരിചയപ്പെടാൻ കഴിഞ്ഞു. അതുപോലെ തന്നെ സി ശരത് ചന്ദ്രൻ എന്ന ഡോക്യുമെന്ററി സംവിധായകനെ പരിചയപ്പെടാനും കഴിഞ്ഞു. അദ്ദേഹവും കാമ്പസുകളിൽ സിനിമകൾ കാണിക്കുമായിരുന്നു. അത്തരത്തിൽ സിനിമയെ കൂടുതൽ അറിയാനും അതിനോടുള്ള അഭിരുചി വ്യക്തമായി തിരിച്ചറിയാനും സഹായിക്കുന്ന ഒരു അന്തരീക്ഷമായിരുന്നു കോളേജിൽ ഉണ്ടായിരുന്നത്.

ആദ്യത്തെ സിനിമാ ഉദ്യമം?

കോളേജ് കഴിഞ്ഞ ഉടനെ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. സന്തോഷേട്ടൻ ആയിരുന്നു അതിന്‍റെ ഛായഗ്രഹണം. സുഹൃത്തുക്കൾ ഒക്കെ ചേർന്ന് ഒരു ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ഒരു ചെറിയ ചിത്രം. അപ്പോൾ ഞാൻ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേരാനായി എൻട്രൻസ് എഴുതിയിരുന്നു. ആദ്യത്തെ ശ്രമത്തിൽ പരിചയക്കുറവ് മൂലം ഇന്റര്‍വ്യു കടന്നു കിട്ടിയില്ല. ഒരു വർഷത്തിന് ശേഷം കല്ലേന്‍ പൊക്കുടനെ കുറിച്ച് ഞാനൊരു ഡോക്യുമെന്ററി ചെയ്തു. അദ്ദേഹം എഴുതിയ 'കണ്ടൽ കാടുകൾക്കിടയിൽ എന്‍റെ ജീവിതം' എന്ന പുസ്തകം വായിക്കാനിടയായി. ആ പുസ്‌തകം വല്ലാതെ ആകർഷിച്ചു, കാരണം അതിൽ എനിക്കൊരു സിനിമ കാണാമായിരുന്നു. അത് ഒരു ഡോക്യുമെന്ററിയായി എടുത്താൽ ആസ്വാദ്യകരമായിരിക്കുമെന്ന തോന്നലിന്‍റെ മേൽ ഞാൻ കണ്ണൂരിൽ അദ്ദേഹത്തെ ചെന്ന് കണ്ടു സംസാരിച്ചു. സി ശരത് ചന്ദ്രൻ ആയിരുന്നു ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചത്. ഒരു വ്യക്തി എന്ന നിലയിൽ കല്ലേന്‍ പൊക്കുടനെ മനസ്സിലാക്കിയതും രസകരമായ ഒരു ഡോക്യുമെന്ററി ചെയ്തതും നല്ലൊരു അനുഭവം ആയിരുന്നു.

publive-image ഐ എഫ് എഫ് കെ വേദിയില്‍ കൂട്ടുകാര്‍ക്കൊപ്പം
സഞ്ജു സുരേന്ദ്രന്‍

എഫ് റ്റി ഐ ഐയിലെ പഠനം...

ഡോക്യുമെന്ററിക്കു ശേഷം എഫ് റ്റി ഐ ഐയിലെക്ക് എൻട്രൻസ് എഴുതി, രണ്ടാമത്തെ തവണ ഇന്റർവ്യൂവിന് അവസരം കിട്ടി. ഇത്തവണ കുറച്ചുകൂടി തയ്യാറായിരുന്നു. ഇന്റർവ്യൂ പാനലിന് ഡോക്യുമെന്ററി ഇഷ്ടപ്പെടുകയും അതിനെക്കുറിച്ച് അരമണിക്കൂർ സംസാരിക്കുകയും ചെയ്തു. എഫ് റ്റി ഐ ഐയിലെക്കുള്ള പാസ്പോർട്ട് ആയിരുന്നു ആ ഡോക്യുമെന്ററി. അങ്ങനെ സംവിധാനം പഠിക്കാൻ എഫ് റ്റി ഐ ഐയിൽ ചേർന്നു. 3, 4 വർഷം സംവിധാനവും മറ്റ് കോഴ്‌സുകളുമായി അവിടെ ചെലവഴിച്ചു.

എഫ് റ്റി ഐ ഐ വളരെ രസകരമായ ഒരിടമാണ്. സിനിമ ഉണ്ടാക്കുന്നതിനു ആവശ്യമായ ഒരു വേദി അവിടെ കിട്ടിയിട്ടുണ്ട്. നല്ലൊരു ലൈബ്രറി, ഫിലിം ആർക്കൈവ്, ദിവസേന പ്രദർശനങ്ങൾ, സിനിമയെ കുറിച്ചുള്ള സജീവമായ ചർച്ചകൾ ഒക്കെ ഉണ്ടായിരുന്നു.

സിനിമ പ്രവർത്തനം എന്ന് പറയുന്നത് ഒരു പ്രയാണമാണ്. ഓരോ പ്രോജക്റ്റിലും പുതിയ കാര്യങ്ങൾ നമ്മൾ പരീക്ഷിക്കും. ചിലതു വിജയിക്കും മറ്റ് ചിലത് പരാജയമായിരിക്കും. പരാജയം രസകരമായ ഒരു സംഭവമാണ്. അത് മുന്നോട്ട് പോകാനും പുതിയത് പരീക്ഷിക്കാനുമുള്ള ഒരു പ്രചോദനമാണ്.

രണ്ടാം വർഷ ഡിപ്ലോമ ഫിലിം ഇത്തരത്തിൽ ഒരു പരാജയമായിരുന്നു. മാസ്റ്റർ വർക്ക്ഷോപ്പുകൾ ഒക്കെ പങ്കെടുത്തതിന്‍റെ പുറത്ത് സിനിമയെ കുറിച്ച് എല്ലാം മനസ്സിലാക്കി എന്നൊരു ധാരണയോട് കൂടി ചെയ്തതിന്‍റെ പ്രശ്നമായിരുന്നു. ഞങ്ങൾ വിചാരിച്ച പോലെയായിരുന്നില്ല ഒന്നും നടന്നത്. സാങ്കേതികമായ കാര്യങ്ങൾ പലതും ആദ്യമായി ചെയ്യുകയായിരുന്നു. ഈ പരാജയത്തിന്‍റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടത്‌ കൊണ്ട് അടുത്ത പ്രൊജക്റ്റ് മുതൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

മണി കൗൾ എന്ന ഗുരു...

ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർക്ക് പുറമെ സിനിമ മേഖലയിലെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ധർ, സംവിധായകർ എന്നിവരൊക്കെ ക്ലാസ്സെടുക്കാൻ വരുമായിരുന്നു. അങ്ങനെ മൂന്നാം വർഷം ആണ് മണി കൗളിന്‍റെ മാസ്‌റ്റർ വർക്ക്ഷോപ് നടന്നത്. നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ഇന്ത്യയിലേക്കും ഇൻസ്റ്റിറ്റ്യൂട്ടിലേക്കുമുള്ള അദ്ദേഹത്തിന്‍റെ തിരിച്ചു വരവായിരുന്നു അത്. ഒരു മാസം നീണ്ട വർക്ക്ഷോപ് ഞങ്ങളുടെ കണ്ണ് തുറപ്പിച്ചു. അന്നുവരെ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് ഒരു പുതിയ വീക്ഷണം തന്നെ അദ്ദേഹം നൽകി. അദൃശ്യമായതിനെ കണ്ടെത്തുവാൻ അദ്ദേഹം ഞങ്ങളെ പ്രേരിപ്പിച്ചു.

ഒരു ഗംഭീര സംഭാഷണചതുരന്‍ ആയിരുന്നു, വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കും. സംഗീതത്തിൽ നിന്നും തുടങ്ങി ചിത്രകല, സിനിമ, ഭാരതീയവും പാശ്ചാത്യവുമായ തത്വശാസ്‌ത്രങ്ങൾ അങ്ങനെ പലതും പറഞ്ഞും പറയാതെയും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. കലയില്‍ അസാധാരണ രീതികൾ കണ്ടെത്തുവാൻ പ്രചോദനം പകര്‍ന്നു.

കൂടുതല്‍ വായിക്കാം: സംഗീതമാകുന്ന സിനിമ, മണി കൗളിനെക്കുറിച്ച് സഞ്ജു സുരേന്ദ്രന്‍ എഴുതിയ കുറിപ്പ്

സന്തോഷ് ശിവനുമായുള്ള കൂട്ടുകെട്ട്...

എഫ് റ്റി ഐ ഐയെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യുന്നതിന്‍റെ ഭാഗമായി സന്തോഷ് ശിവനെ ഇന്റർവ്യൂ ചെയ്യാൻ പോയിരുന്നു. അദ്ദേഹം വളരെ സൗഹൃദഭാവത്തിലാണ് ഞങ്ങളോട് പെരുമാറിയത്. അദ്ദേഹത്തിന്‍റെ സ്ക്രിപ്റ്റ് എനിക്ക് വായിക്കാൻ തന്നിരുന്നു. അതിനെക്കുറിച്ചുള്ള എന്‍റെ അഭിപ്രായം ഞാൻ എഴുതി അറിയിച്ചതിനെ തുടർന്ന് ഞങ്ങൾ തമ്മിൽ സൗഹാര്‍ദ്ദം ഉടലെടുക്കുകയും ചെയ്തു. പിന്നീടദ്ദേഹത്തിന്‍റെ ‘തഹാൻ’(2008) എന്ന ഹിന്ദി സിനിമയിൽ സഹസംവിധായകനായും ഞാൻ പ്രവർത്തിക്കാന്‍ അവസരം ലഭിച്ചു.

publive-image

ദേശീയ പുരസ്‌കാരത്തിന് അർഹനാക്കിയ 'കപില'യെക്കുറിച്ച്...

മണി കൗൾ ഒരിക്കൽ പറഞ്ഞിരുന്നു നിങ്ങളുടെ സിനിമ കൂടിയാട്ടമോ നങ്ങ്യാർക്കൂത്തോ പോലെയായിരിക്കണം. ദൃശ്യവും ശബ്ദവും ഉപയോഗിച്ചു വേണം സിനിമയുടെ അനുഭൂതി പകരാൻ. സംഭാഷണം അപ്രധാനമാണ്. അതെന്നെ വല്ലാതെ ആകർഷിച്ചു.  അങ്ങനെ ഞാൻ കൂടിയാട്ടത്തിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി.

ഒരിക്കൽ കപില വേണുവിന്‍റെ 'ശൂർപണഖാങ്കം' കാണാൻ ഇടയാവുകയും ആ അവതരണം എന്‍റെ മനസ്സിൽ തട്ടുകയും ചെയ്തു. മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന തരത്തിലുള്ള മായികമായ അവതരണം.

അതിനു ശേഷം കപിലയെ കുറിച്ച് ഒരു സിനിമ ചെയ്യണമെന്ന് തോന്നി. എന്നാൽ സംഭാഷണത്തിൽ കേന്ദ്രീകരിച്ചു കൊണ്ടാവരുത് എന്നുണ്ടായിരുന്നു. കൂടിയാട്ടത്തിന്‍റെ സത്ത ഉൾക്കൊള്ളുന്ന രീതിയിൽ ഇന്റർവ്യൂ ഒഴിവാക്കി ചെയ്യണമെന്നുളത് കൊണ്ട് കുറച്ച് സമയമെടുത്തു ചെയ്തു തീർക്കാൻ.

ഏദൻ എന്ന സിനിമയിൽ എത്തിയതെങ്ങനെ?

എഫ് റ്റി ഐ ഐയിലെ പഠനത്തിന് ശേഷം ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളും ഒക്കെ ചെയ്തു. അതിൽ പ്രധാനം 'ഗുണ്ടർട്ട്' (2012) എന്ന ഡോക്യുമെന്ററിയും,'ഗരാസ്'(2015) എന്ന ഷോർട്ട് ഫിലിമുമാണ്. പല തലങ്ങളിലൂടെ ഗുണ്ടർട്ടിന്‍റെ കഥ പറയുകയാണ് ഡോക്യുമെന്ററിയിലൂടെ. വി എം ദേവദാസിന്‍റെ ചെറുകഥയെ ആസ്പദമാക്കി എഫ് റ്റി ഐ ഐയിലെ വിദ്യാർത്ഥികളുമായി ചേർന്ന് ചെയ്ത ചിത്രമാണ് ഗരാസ്. 2008ൽ തൃശൂരിലെ വിബ്‌ജിയോർ ചലച്ചിത്ര മേളയുടേയും 2009ൽ പതിനാലാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടേയും സിഗ്നേച്ചർ ഫിലിമുകൾ ചെയ്യാനുള്ള അവസരവുമുണ്ടായി. പിന്നീട് കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്സിൽ പഠിപ്പിച്ചുകൊണ്ടിരുന്ന സമയത്തു സുഹൃത്തായ രേഖ രാജ് എസ് ഹരീഷിന്‍റെ കഥകൾ വായിക്കാൻ പറയുകയുണ്ടായി.

കൂടുതല്‍ വായിക്കാം: എസ് ഹരീഷ് എഴുതുന്നു, ഏദനിലേക്കുള്ള വഴി 

വായിച്ചു തുടങ്ങിയപ്പോൾ ഇന്ന് മലയാളത്തിലുള്ള ചെറുകഥാകൃത്തുക്കളിൽ ഏറ്റവും മികച്ച ഒരാളായി തോന്നി. സാധാരണക്കാരായ ആളുകളെ ഉപയോഗിച്ച് ഒരു തരം മന്ത്രികമായ പരിവർത്തനത്തിലൂടെ കഥ മെനഞ്ഞെടുക്കുകയാണ് ഹരീഷ് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ 'നിര്യാതരായി' എന്ന കഥയും കഥാപാത്രങ്ങളും ഇഷ്ടമായി. അതൊരു സിനിമയാക്കി ചെയ്യണമെന്നുണ്ടായിരുന്നു. അതിനോട് ചേർച്ചയുള്ള മറ്റു രണ്ടു കഥകൾ കൂടി കോർത്ത് ഒരു മുഴു നീള സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഹരീഷിനും അതൊരു നല്ല ആശയമായി തോന്നി. അങ്ങനെയാണ് ഏദൻ സംഭവിച്ചത്. കോട്ടയത്തിന് ഒരു 'ട്രിബ്യൂട്ട്' കൂടിയാണ് ഈ ചിത്രം.

publive-image 'ഏദനി'ലെ രംഗത്തില്‍ നിന്ന്

കുടുംബം

തൃശൂർ ആണ് വീട്. അച്ഛനും അനിയനും ഡോക്ടർമാരാണ്. ഒരു പ്രൊഫഷണൽ കുടുംബം. എന്നാലും ഞാൻ സ്വീകരിച്ച വ്യത്യസ്തമായ ഈ മേഖലയിൽ വളരെ അധികം പിന്തുണ അച്ഛന്‍റേയും അമ്മയുടേയും ഭാഗത്തു നിന്നും കിട്ടിയിട്ടുണ്ട്. ഈ ഒരു യാത്രയിൽ എന്‍റെ കുടുംബത്തിൽ നിന്നും ലഭിച്ച ആത്മാർത്ഥമായ പിന്തുണയ്ക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കും.

അടുത്ത സിനിമ...

നാലഞ്ച് സ്ക്രിപ്റ്റുകൾ എഴുതിയിരുന്നു. അതിൽ ഒരെണ്ണം എൻഎഫ് ഡി സി അംഗീകരിക്കുകയും ചെയ്തതാണ്. പക്ഷേ ഷൂട്ടിംഗ് തുടങ്ങാനായുള്ള സ്ഥിതീകരണത്തിന് വേണ്ടി കാത്ത് നിന്ന്‍ ഏകദേശം 3 വർഷമായി അതിന്‍റെ അനക്കം ഒന്നുമില്ല. ഇത് കൂടാതെ സി അയ്യപ്പന്‍റെ കഥയെ ആസ്‌പദമാക്കി ഒരു സ്ക്രിപ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. രേഖ രാജ് ആണ് അതിന്‍റെ സ്ക്രിപ്റ്റ് എഴുതുന്നത്. അതായിരിക്കും അടുത്ത ചിത്രം. ഏദന്‍റെ റിലീസിന് ശേഷം ഇതിന്‍റെ ജോലി തുടങ്ങാനാണ് ഇപ്പോഴുള്ള തീരുമാനം.

Kerala Chalachithra Academy Award Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: