രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ ‘മലയാള സിനിമയുടെ മാറുന്ന ഉള്ളടക്കവും ഘടനയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംവിധായകരായ ദിലീഷ് പോത്തന്‍, മഹേഷ് നാരായണന്‍, മധുപാല്‍ എന്നിവര്‍ പങ്കെടുത്തു.

സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം, സംവിധായകന്റെതു കൂടിയാണ് എന്ന് മൂന്നു പേരും അഭിപ്രായപ്പെട്ടു.

സിനിമയില്‍ കാണുന്ന സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഥാപാത്രത്തിന്റെ സ്വഭാവമാണോ സംവിധായകന്റെ രാഷ്ട്രീയമാണോ എന്ന ചോദ്യത്തിനുള്ള പ്രതികരണമായിരുന്നു അത്. സംവിധായകന്റെ രാഷ്ട്രീയം ഒരിക്കലും കഥാപാത്രത്തില്‍ കുത്തിക്കയറ്റാന്‍ ശ്രമിക്കാറില്ല. കഥാപാത്രം ജീവിക്കുന്ന പരിസരം, സാമൂഹിക ചുറ്റുപാടുകള്‍ എല്ലാം സംഭാഷണങ്ങളെ സ്വാധീനിക്കുന്ന ഘടകമാണെങ്കിലും അടിസ്ഥാനപരമായി സിനിമയിലുള്ളത് സംവിധായകന്റെ മനസാണെന്ന് മൂവരും പ്രതികരിച്ചു.

സ്ത്രീവിരുദ്ധ സംഭാഷണങ്ങളെ ആഘോഷിക്കുന്ന തലത്തിലേക്ക് സിനിമയെ എത്തിക്കണോ എന്നിടത്താണ് സംവിധായകന്റെ നിയന്ത്രണം വേണ്ടതെന്നും കാലങ്ങളായി അത്തരം സംഭാഷണങ്ങള്‍ കൈയ്യടി നേടാന്‍ വേണ്ടി ആഘോഷിക്കാറുണ്ടെന്നും മഹേഷ് നാരായണന്‍ അഭിപ്രായപ്പെട്ടു.

‘സ്ത്രീവിരുദ്ധത തിരിച്ചറിയാതെ സ്ത്രീകള്‍ തന്നെയാണ് പലപ്പോഴും ഇതിനെല്ലാം കൈയ്യടിക്കുന്നത്. ടേക്ക് ഓഫില്‍ പാര്‍വ്വതിയുടെ സമീറ എന്ന കഥാപാത്രം സുന്ദരിയല്ലാത്തതുകൊണ്ട് പാര്‍വതിയെ ഇഷ്ടമായില്ല എന്നു പറഞ്ഞ സ്ത്രീകളെ എനിക്കറിയാം. ഇത്രയും ഹെവിയായ ഒരു സിനിമ എങ്ങനെ കാണും അതു കൊണ്ട് ഞങ്ങളിത് കാണില്ലെന്ന് അവരില്‍ പലരും പറഞ്ഞിട്ടുണ്ട്.’ മഹേഷ് കൂട്ടിച്ചേര്‍ത്തു.

മലയാള മുഖ്യധാരാ ചിത്രങ്ങളില്‍ നട്ടെല്ലുള്ള ചിത്രമാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. എല്ലാവര്‍ഷവും അഞ്ചു തൊണ്ടി മുതലും അഞ്ച് അങ്കമാലി ഡയറീസും മലയാള സിനിമയില്‍ ഇറങ്ങേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമ മാറുന്നുണ്ട്. ആദ്യ കാലങ്ങളില്‍ മുഖ്യധാരാ സിനിമകളിലും നിശബ്ദതയുടെ സൗന്ദര്യം ഉപയോഗിക്കാനുള്ള സ്‌പേസ് ഉണ്ടായിരുന്നു. എന്നാല്‍ ടെലിവിഷന്റെ അതിപ്രസരം കാരണം ഇടക്കാലത്ത് അത് നഷ്ടപ്പെടുകയും, ഇപ്പോള്‍ വീണ്ടും തിരിച്ചുകിട്ടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മഹേഷിന്റെ പ്രതികാരം’ ചെയ്യുമ്പോള്‍ തന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ഒരു കൊമേഴ്‌സ്യല്‍ സിനിമയായിരുന്നെന്നും എന്നാല്‍ മറ്റൊരു തലത്തിലേക്ക് ചിത്രം സ്വീകരിക്കപ്പെട്ടതാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ പോലൊരു സിനിമയെടുക്കാനുള്ള ധൈര്യം തന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

എല്ലാവരും സ്വന്തം ജീവിതം മാത്രം ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിച്ച മനുഷ്യരും ഇവിടെ ഉണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാനാണ് താന്‍ ‘തലപ്പാവ്’ എന്ന ചിത്രം ചെയ്തതെന്ന് മധുപാല്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ