സംവിധായകനും ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സിബി മലയില്‍ മേളയില്‍ ഇത് വരെ കണ്ടതില്‍ ഇഷ്ട ചിത്രങ്ങള്‍ ധാരാളമുണ്ട്. അതില്‍ നിന്നും ഏറെ പ്രിയപ്പെട്ട അഞ്ച് എണ്ണം ഇതൊക്കെയാണ് – ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’, ‘വൈറ്റ് ബ്രിഡ്ജ്’, ‘പോമേഗ്രാനെറ്റ് ഓര്‍ച്ചഡ്’, ‘വില്ല ഡവെല്ലേര്‍സ്’, ‘സിംഫണി ഫോര്‍ അന്ന’

 

1990കളിലെ അള്‍ജീരിയയിലെ മുസ്ലീം ഭരണം വീര്‍പ്പുമുട്ടിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്ന പെണ്‍ജീവിതങ്ങളുടെ കഥയാണ് റെയ്ഹാന സംവിധാനം ചെയ്ത ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ എന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും സ്ത്രീകള്‍, അവരുടെ ആഘോഷങ്ങള്‍, ആഹ്‌ളാദങ്ങള്‍, നിരാശകള്‍, തമാശകള്‍ നിറയുന്നു. പ്രായഭേദമന്യേ സ്ത്രീകള്‍ അനുഭവിക്കുന്ന ഭയാനകമായ സാമൂഹികാവസ്ഥകളെയാണ് ചിത്രത്തിന്‍റെ ക്യാന്‍വാസ്.

കൂടുതല്‍ വായിക്കാം: ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ സംവിധായികയുടെ കഥ ഇങ്ങനെ

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങളെ പ്രേക്ഷകന് അനുഭവഭേദ്യമാക്കുകയാണ് ചിത്രം. രണ്ടു സ്ത്രീകള്‍ നടത്തുന്ന മസ്സാജ് സെന്ററില്‍ എത്തുന്ന ഒരു കൂട്ടം സ്ത്രീകളുടെ ജീവിതം ഏറ്റവും സ്ത്രീ കേന്ദ്രീകൃതമായി തന്നെ അവതരിപ്പിച്ച ചിത്രമാണ് ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’. മതപൗരോഹിത്യം എത്തരത്തിലാണ് സ്ത്രീകളെ അടിമകളാക്കുന്നത്, വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തെ ഏതെല്ലാം തരത്തിലാണ് ബാധിക്കുന്നത് എന്നീ കാര്യങ്ങളെ വളരെ കലുഷിതമായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.

അലി ഘവിതന്‍ സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമാണ് ‘വൈറ്റ് ബ്രിഡ്ജ്’. ഒരു അപകടത്തില്‍പ്പെട്ടു അംഗവൈകല്യം സംഭവിക്കുന്ന ബഹാരേ എന്ന പെണ്‍കുട്ടിയെ ഇനി മുതല്‍ സ്പെഷ്യല്‍ സ്കൂളില്‍ അയക്കാന്‍ തീരുമാനമാകുന്നു. അതില്‍ താല്പര്യമില്ലാത്ത അവള്‍ തന്‍റെ പഴയ സ്കൂളിലേക്ക് പോകാന്‍ ശ്രമിക്കുന്നു. മത്സര വിഭാഗത്തിലാണ് ഈ ചിത്രം.

‘പോമേഗ്രാനെറ്റ് ഓര്‍ച്ചഡ്’ എന്ന ചിത്രത്തില്‍, സുദീര്‍ഘമായ ഒരു കാലത്തിന് ശേഷം ഗ്രാമത്തിലെ മാതളത്തോട്ടത്താല്‍ ചുറ്റപ്പെട്ട വീട്ടിലേക്ക് തിരിച്ചെത്തുകയാണ് ഗാബില്‍. കുടുംബത്തെ റഷ്യയിലേക്ക് കൊണ്ടുപോവുകയായിരുന്നു അയാളുടെ വരവിന്‍റെ ലക്ഷ്യം. ആന്‍റണ്‍ ചെക്കോവിന്‍റെ ‘ദ ചെറി ഓര്‍ച്ചര്‍ഡി’ല്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ചിത്രം ഊന്നുന്നത് മനുഷ്യബന്ധങ്ങളുടെ ആന്തരിക സൂക്ഷ്മതകളിലാണ്. ഏറ്റവും പഴക്കമുള്ള ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായ കാര്‍ലോവി വാരിയിലും കയ്റോ ചലച്ചിത്രോത്സവത്തിലും പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതാണ് മത്സരവിഭാഗത്തിലുള്ള അസര്‍ബെയ്ജാനില്‍ നിന്നുള്ള ഈ ചിത്രം.ഇല്‍ഗാര്‍ നജാഫാണ് ചിത്രത്തിന്‍റെ സംവിധായകൻ.

 

മോനിര്‍ ഘെയ്ടി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമാണ് ‘വില്ല ഡവെല്ലേര്‍സ്’. ഇറാന്‍ ഇറാക്ക് യുദ്ധ സമയത്ത് പ്രിയപ്പെട്ടവരെ കാണാനായി ഇറാനിയന്‍ സേന വന്നു തങ്ങുന്ന ഒരു വില്ലയെ ചുറ്റിപ്പറ്റിയാണ് സിനിമ. ലോക സിനിമാ വിഭാഗത്തിലാണ് ഈ ചിത്രം.

ഏര്‍നെസ്റ്റോ ആര്‍ദിതോ, വിര്‍ന മോലിന എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്‍ടീനിയന്‍ ചിത്രമാണ് ‘സിംഫണി ഫോര്‍ അന്ന’. ഗാബി മേക് രചിച്ച നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. അന്ന എന്ന ടീനേജ്കാരിയുടെ സൗഹൃദത്തിന്റേയും പ്രണയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. മത്സര വിഭാഗത്തിലാണ് ഈ സിനിമ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ