ശീര്‍ഷകത്തിലെ രണ്ട് ചലച്ചിത്രങ്ങള്‍ക്കുമിടയില്‍ 33 വര്‍ഷത്തെ അകലമുണ്ട്. ഇവയ്ക്കിടയില്‍ പത്തോളം കഥാചിത്രങ്ങള്‍, സാര്‍ത്ഥകവും അല്ലാത്തതുമായ കുറേ ഡോക്യുമെന്ററികള്‍. മലയാള നോവല്‍സാഹിത്യത്തിന് അസ്തിവാരം പണിത അഞ്ച് മുന്‍ഗാമികളുടെ സര്‍ഗപ്രപഞ്ചം ആവിഷ്‌കരിച്ച, വ്യത്യസ്തത പുലര്‍ത്തിയ ടെലിവിഷന്‍ സീരിയല്‍. എന്നാല്‍, എന്‍റെ സിനിമാജീവിതം ആരംഭിക്കുന്നത് 1974 ലിൽ പൂര്‍ത്തിയാക്കിയ ‘അതിഥി’ യോടുകൂടിയല്ല. അതിനുമുമ്പ് തന്നെ ‘റോക്ക്’ എന്ന പുരസ്‌ക്കാരാര്‍ഹമായ ലഘുചിത്രവും മലയാള സിനിമയിലെ വഴിത്തിരിവായ ‘സ്വയംവര’ത്തിന്‍റെ രചനാ പങ്കാളിത്തവും ഇവിടെ രേഖപ്പെടുത്താവുതാണ്.

ഇപ്പോള്‍ പൂര്‍ത്തീകരിച്ച ‘സി.വി. രാമന്‍പിള്ള – വാക്കിന്‍റെ രാജശില്പി’ എന്ന ഡോക്യുമെന്ററി എന്‍റെ ചലച്ചിത്രകാലത്തിന്‍റെ ദൈര്‍ഘ്യം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. മാത്രവുമല്ല അതു വളരെ മുമ്പുതന്നെ തുടങ്ങിയിരുന്നു എന്നും പറയേണ്ടതുണ്ട്.

‘ചിത്രലേഖ’ എന്ന വലിയനേട്ടങ്ങള്‍ കൈവരിക്കുകയും പൊടുന്നനെ നിശ്ചലമാവുകയും ചെയ്ത പ്രസ്ഥാനം 1965-ല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ 1972 അവസാനം ‘സ്വയംവര’ ത്തിന്‍റെ പ്രദര്‍ശന കാലംവരെ ഞാനതിന്‍റെ ഭാഗമായിരുന്നു. കണക്ക് കൂട്ടിവരുമ്പോള്‍ അരനൂറ്റാണ്ടിലേറെക്കാലം. ഭാസ്‌കരന്‍ മാസ്റ്ററുടെ വരികള്‍ കടമെടുത്താല്‍ ‘കാലത്തിന്‍ നൂലെത്താത്ത കയം’. ഓര്‍ക്കുമ്പോള്‍ ഭയജനകം. അവിശ്വസനീയവും അത്യന്തം ആപല്‍ക്കരവുമായ ഒരു പ്രയാണം.

kp kumaran

നന്നെ ചെറുപ്പകാലത്തുതന്നെ എന്‍റെയുള്ളില്‍ എവിടെയോ ഒരു സിനിമാമോഹം മുളപൊട്ടിയിട്ടുണ്ടാവാം. കൂത്തുപറമ്പില്‍ ജീവിച്ച കാലത്തും ചില നാടകാഭിനയങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷെ സാഹിത്യമായിരുന്നു മനസ്സ് നിറയെ. കഥ, നോവല്‍ തുടങ്ങിയവ തപ്പിയെടുത്ത്, വാതില്‍പ്പടിയില്‍ വെച്ച മണ്ണെണ്ണ വിളക്കിന്‍റെ മങ്ങിയ പ്രകാശത്തില്‍ തറയില്‍ വിരിച്ച പായില്‍ ചാരിയിരുന്നു ഞാന്‍ വായിച്ചുകൂട്ടി. സിനിമ വളരെ അകലെ ആയിരുന്നു. കൂത്തുപറമ്പില്‍, മുകള്‍ഭാഗത്ത് കോടതികളും സബ് ജയിലും മറ്റൊരു ഭാഗത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടും താഴെ റോഡരികില്‍ സമ്മേളനങ്ങള്‍ നിരന്തരം നടന്നിരുന്ന മാറോളഘട്ടും കല്‍പടവുകള്‍ പാകിയ കുളവും അടുത്തായി രണ്ടുനില മാളികയുടെ മുകളില്‍ വായനശാലയും നിന്നിരുന്ന വലിയ ഒരു മൈതാനമുണ്ടായിരുന്നു.

ഒരരികിലായി മഴക്കാലം കഴിഞ്ഞാല്‍ മുഷിഞ്ഞ വെള്ളത്തുണി വലിച്ചു കെട്ടിയ ഒരു കൂടാരം ഉയരുമായിരുന്നു. ചുറ്റിലും മുള കൊണ്ട് കെട്ടിയ വേലി. മുന്‍വശത്ത് ഉയരത്തില്‍ കെട്ടിവെച്ച ‘വരുന്നൂ ചന്ദ്രലേഖ’ തുടങ്ങിയ പോസ്റ്ററുകള്‍. പക്ഷെ, ചന്ദ്രലേഖ ഒരിക്കലും അവിടെ വരികയുണ്ടായില്ല.

എന്‍റെ ആദ്യസിനിമാകാഴ്ച ഒരു ദുരന്തത്തിലവസാനിക്കുമായിരുന്ന സാഹസമായിരുന്നു. സെക്കന്റ് ഫോമില്‍ പഠിക്കുകയായിരുന്നു ഞാന്‍. ഒരേ ബഞ്ചിലിരുന്ന് പഠിക്കുന്ന രവിദാസിന്‍റെ വീട് സിനിമാ ടെന്റിനടുത്തായിരുന്നു. അവര്‍ക്ക് സിനിമ കാണാന്‍ ഫ്രീ പാസ്സുണ്ട്. രവിദാസ്, കണ്ട സിനികളുടെ കഥകള്‍ പറഞ്ഞു ഞങ്ങളെ അസൂയാലുക്കളാക്കി. എനിക്ക് സിനിമ കണ്ടേ കഴിയൂ എന്നായി. താഴെ ക്ലാസ്സുകളില്‍ത്തന്നെ പഠിത്തം നിര്‍ത്തി ജീവിതസമരത്തിലേര്‍പ്പെട്ട കുറേ സ്‌നേഹിതന്മാര്‍ ഉണ്ടായിരുന്നു എനിക്ക്. സിനിമ കാണിച്ചു തരാമെന്ന് അവരേറ്റു. രവിദാസ് എനിക്ക് പാസ്സ് തരുമെന്ന് അമ്മയോട് കള്ളം പറഞ്ഞ ഞാന്‍ വൈകുന്നേരം തന്നെ മൈതാനത്തിലേക്കോടി. കൂടാരത്തിന് കുറച്ചകലത്തായി എന്‍റെ മൂന്നു സ്‌നേഹിതന്മാര്‍ കുത്തിയിരിക്കുന്നുണ്ട്. സന്ധ്യയായി. ടിക്കെറ്റെടുക്കാന്‍ നിന്നവരെല്ലാം അകത്തു കയറി. ഉയര്‍ന്ന് കേട്ട പാട്ടും അവസാനിച്ചു. സിനിമാ തുടങ്ങിയതായി ചങ്ങാതിമാരുടെ മുഖത്തുനിന്നും ഞാന്‍ വായിച്ചറിഞ്ഞു. തമിഴ് സംഭാഷണം കേട്ടു തുടങ്ങി. നേരം ഇരുണ്ടു. ടെന്റിന് പുറത്ത് മങ്ങിയ വെളിച്ചമേയുള്ളൂ. ഒരു സ്‌നേഹിതന്‍ എഴുന്നേറ്റ് കൂടെ ചെല്ലാന്‍ ആംഗ്യം കാട്ടി. ഞാന്‍ അവനു പിന്നാലെ നടന്നു. കൂടാരത്തിന്‍റെ പിന്‍ഭാഗത്തേക്കാണ്. അവിടെ ഒരു കസേരയില്‍ ഒരാള്‍ കണ്ണടച്ചിരിക്കുന്നുണ്ടായിരുന്നു. അയാളുടെ പിറകിലായി സ്‌നേഹിതന്‍ നിലയുറപ്പിച്ചു. അവന്‍ വേലിചാടുമ്പോള്‍ പിന്നാലെ ചാടിക്കൊള്ളണമെന്ന് അടക്കിയ ശബ്ദത്തില്‍ എന്നെ അറിയിച്ചു. ചാടുന്നതിന് മുമ്പ് കാവല്‍ക്കാരന്‍ നോക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ആകെ പരിഭ്രമമായിരുന്നു എനിക്ക്. ഞാന്‍ തിരിഞ്ഞു നോക്കി. കുറച്ചകലെ മറ്റ് രണ്ട് കൂട്ടുകാരും മങ്ങിയ വെളിച്ചത്തില്‍ നില്‍ക്കുന്നുണ്ട്. എന്‍റെ കൺമുന്നില്‍ കൂട്ടുകാരന്‍ വേലി ചാടി മിന്നല്‍ വേഗത്തില്‍ കൂടാരത്തിനുള്ളില്‍ ചെന്നു കയറി. പിന്നാലെ ചാടാനാഞ്ഞ എനിക്ക് ശരീരത്തിന് വല്ലാത്ത ഭാരം തോന്നി. എനിക്ക് വേലി ചാടാനായില്ല. കാവല്‍ക്കാരന്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി. ഞാന്‍ പിന്‍വാങ്ങി. ദൂരെ മാറി നിന്ന് നോക്കുമ്പോള്‍ എന്‍റെ മറ്റു സ്‌നേഹിതന്മാരെയും കാണാനില്ല. അബോധാവസ്ഥയില്‍ ഞാന്‍ വീട്ടിലേയ്ക്ക് നടന്നു. നൈരാശ്യം അടക്കാനാവാതെ അപകര്‍ഷതയുടെ ആഴത്തില്‍ ഞാന്‍ പതിച്ചു.

രണ്ട് ദിവസം ക്ലാസ്സ് മുറിയിലിരിക്കുമ്പോഴും ആ രംഗം എന്‍റെയുള്ളില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പഠിത്തം ഉപേക്ഷിച്ച സ്‌നേഹിതന്മാരോടുള്ള ആരാധനയും അസൂയയും അടക്കാനാവാതെ ഞാന്‍ കുഴഞ്ഞു. വീണ്ടുമൊരു വൈകുന്നേരം അമ്മയുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാതെ മൈതാനത്തെത്തി. പതിവ് പോലെ നേരമിരുണ്ടു. സ്‌നേഹിതന്മാരെ അവിടെയൊന്നും കണ്ടില്ല. തിരിച്ചുപോയാലോ എന്നാലോചിച്ചു. എന്‍റെ ഭീരുത്വം സഹിക്കാനാവാതെ ഞാന്‍ തിയേറ്ററിന് ചുറ്റും കറങ്ങി. പതുക്കെ വേലിക്കടുത്തേക്ക് നീങ്ങുന്നത് ഞാനറിഞ്ഞതേയില്ല. കാവല്‍ക്കാരന്‍റെ പിറകുവശത്ത് നിന്ന് ഞാനയാളെ രണ്ടു നിമിഷം നോക്കിനിന്നു. വേലി ചാടുന്നതും ടെന്റിലേക്ക് കുതിക്കുന്നതും അബോധാവസ്ഥയിലായിരിക്കണം. മണല്‍വിരിച്ച തറയില്‍ കുത്തിയിരു് ആളുകള്‍ സിനിമ കണ്ട് രസിക്കുകയാണ്. ആള്‍ക്കാര്‍ക്കിടയില്‍ എന്നെ തിരുകിക്കയറ്റി. ചിലരൊക്കെ ചീത്ത വിളിക്കുന്നതും തള്ളിമാറ്റുന്നതുമൊന്നും ഞാനറിഞ്ഞില്ല. മുമ്പില്‍ തിളങ്ങു വെള്ളിത്തിര… നിഴല്‍രൂപങ്ങള്‍ ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും ശ്രദ്ധിക്കാനാവുന്നില്ല. പെട്ടെന്ന് ഒരു ടോര്‍ച്ചുലൈറ്റിന്‍റെ പ്രകാശം കാഴ്ചക്കാര്‍ക്കിടയില്‍ നീങ്ങുന്നത് എന്‍റെ കണ്ണില്‍പ്പട്ടു. അത് നീങ്ങി നീങ്ങി എന്‍റെ അടുത്തേക്ക് വരികയാണ്.

മങ്ങിയ വെളിച്ചത്തിലും കാവല്‍ക്കാരന്‍റെ രൂപം ഞാന്‍ തിരിച്ചരിഞ്ഞു. അടുത്ത നിമിഷത്തില്‍ പ്രകാശം എന്‍റെ മുഖത്ത് പതിച്ചു. പിന്നാലെ എന്നെ പിടിച്ചെടുക്കാന്‍ അടുത്തേക്ക് നീങ്ങിയ കൈ എന്‍റെ കൈകളില്‍ സ്പര്‍ശിച്ചില്ല. അതിനു മുമ്പ് ക്രുദ്ധമായ ശബ്ദം ഉയര്‍ന്നു കേട്ടു ‘ഉം..എന്താ…? ഈ കുട്ടി നമ്മളെ കൂടെ ഉള്ളതാ. മാറെടോ. കളി കാണാന്‍ സമ്മതിക്കൂലേ’.

ചുറ്റിലും നിന്നും ഉയര്‍ന്ന ശബ്ദങ്ങള്‍ കാവല്‍ക്കാരനെ തടഞ്ഞു. ഒരു നിമിഷം ശങ്കിച്ചുനിന്ന, അയാള്‍ തിരിഞ്ഞുനടന്നു. ആളുകള്‍ അയാളെ കൈകാര്യം ചെയ്യാനുള്ള മട്ടിലായിരുന്നു. ഞാന്‍ ആശ്വാസത്തോടെ നോക്കുമ്പോള്‍ ചുറ്റിലും എന്‍റെ വീടിനടുത്തുള്ളവര്‍. എന്നെ അറിയാവുന്നവര്‍. കാവല്‍ക്കാരനെ ആദ്യം തടഞ്ഞ ആളെ ഞാന്‍ തിരിച്ചറിഞ്ഞു. ചന്തുവേട്ടന്‍. എന്‍റെ അകന്ന ഒരു ബന്ധുവായിരുന്നു. മൂപ്പര്‍ നേരത്തേത്തന്നെ എന്നെ മനസ്സിലാക്കിയോ എന്തോ. എന്തായാലും തുടര്‍ന്ന് കണ്ട സിനിമ എന്നെ ഒട്ടും രസിപ്പിച്ചില്ല. പിന്നെ കുറേക്കാലം സിനിമ കാണാന്‍ ഞാന്‍ ആഗ്രഹിച്ചുമില്ല.  വര്‍ഷങ്ങള്‍ക്കുശേഷം ചലച്ചിത്രം ജീവിതമാര്‍ഗമായി സ്വീകരിച്ച കാലത്ത് ഞാന്‍ ചിലപ്പോഴാലാചിച്ചിട്ടുണ്ട്. ബാല്യകാലത്തുണ്ടായ ആ സംഭവത്തിന്‍റെ പുനരാവര്‍ത്തനമാണോ എന്‍റെ ഓരോ സിനിമയുമെന്ന്.

നന്നെ ചെറുപ്പത്തില്‍ തന്നെ നാടും വീടും വിട്ട് ജീവനം തേടിയെത്തിയ ഒരാളാണ് ഞാന്‍. പത്തൊമ്പതാം വയസ്സില്‍ എനിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. തൃശ്ശിവപേരൂര്‍ എന്ന വലിയ റെയില്‍ബോര്‍ഡ് കണ്ട പ്ലാറ്റ്‌ഫോമില്‍ ഞാനിറങ്ങുമ്പോള്‍ നേരം പരപരാ വെളുത്തിരുന്നു. അതൊരു ജനുവരി ഒന്നാം തീയതിയായിരുന്നു. നല്ല മഞ്ഞുകാലം. സ്റ്റേഷനിലിറങ്ങി നടന്ന് സ്വരാജ് റൗണ്ടിലെത്തിയതും വൃശ്ചിക കാറ്റിന്‍റെ പരിചിതമല്ലാത്ത സ്പര്‍ശം അനുഭവിച്ചതും ഇന്നും തെളിമയോടെ ഓര്‍ക്കുന്നു. എം.റ്റി.ഐ. എന്ന പേരിലുള്ള പോളിടെക്‌നിക്കില്‍ ഒമ്പതു മാസം ട്രെയിനിംഗായിരുന്നു നിയോഗം.

കടപ്പാട്. ഫേസ്ബുക്ക്‌

ട്രെയിനിങ് തീരുന്നതിന് മുമ്പുതന്നെ മറ്റൊരു സര്‍ക്കാര്‍ ജോലി എന്നെ തേടിയെത്തി. കേരള സര്‍ക്കാരിന്‍റെ വകുപ്പില്‍. തിരുവനന്തപുരത്ത് ആദ്യം കാല്‍കുത്തുന്നത് അങ്ങനെയാണ്. ആദ്യദര്‍ശനത്തില്‍ത്തന്നെ തിരുവനന്തപുരം എന്നെ ഒരു കാന്തംപോലെ ആകര്‍ഷിച്ചിരിക്കണം. പക്ഷെ വകുപ്പ് മേധാവി എന്നെ ആലപ്പുഴയിലെ ജില്ലാ ഓഫീസിലേക്കയച്ചു. ഒരു വര്‍ഷത്തിലധികം ഞാന്‍ ആലപ്പുഴയില്‍ കഴിഞ്ഞു.

പിന്നീട് തിരുവനന്തപുരത്തേയ്ക്ക് മാറ്റം ചോദിച്ചു വാങ്ങി. ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു പ്രവാസജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത് എന്ന് അന്ന് ഞാനറിഞ്ഞില്ല. വേരുകള്‍ കടപുഴകിയ ഒരു പറിച്ചുനടലായിരുന്നു അത്. ജീവിതത്തിനും കലാപ്രവര്‍ത്തനത്തിനും തണല്‍ വിരിച്ചുതന്ന ഈ നഗരം അനേക വര്‍ഷങ്ങള്‍ക്കുശേഷവും അന്യത്വം വിട്ടുമാറാത്ത ഒരു തടവറയുമായി.

തൃശ്ശൂരും ആലപ്പുഴയും. യൗവ്വനാരംഭത്തില്‍ ജീവിച്ച ഈ രണ്ടു നഗരങ്ങള്‍ പ്രത്യക്ഷത്തില്‍ വ്യത്യസ്തങ്ങളാണെങ്കിലും കലാഭിരുചി നിറഞ്ഞു തുളുമ്പു ഇടങ്ങളാണ്. ഇത്രയ്ക്ക് ജൈവമായ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കേരളത്തില്‍ വേറെയുണ്ടോ എന്നെനിക്ക് സംശയമുണ്ട്. ഒരു വ്യത്യസ്തത വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാം. ഒന്ന് ആഢ്യമെങ്കില്‍ മറ്റേത് ജനകീയമാണ്. ഒരിടം കാല്പനികമെങ്കില്‍ മറ്റേതു മണ്ണില്‍ ചവിട്ടി നില്‍ക്കുന്നു. ഏതായാലും ഈ രണ്ട് നഗരങ്ങള്‍ എന്‍റെ വ്യക്തിത്വത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വടക്കേ മലബാറില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ തിരുവനന്തപുരത്ത് വന്നെത്തുതിന് മുമ്പ് ഇവിടങ്ങളില്‍ ജീവിക്കാനായത് കേരളീയമായ ഒരു ബോധം മനസ്സില്‍ വേരൂന്നുതിന് സഹായകമായി. വായനാശീലത്തിന് വലിയ ഉത്തേജനം ലഭിച്ച കാലമായിരുന്നു ആലപ്പുഴയിലെ ജീവിതം. അവിടത്തെ “ആനന്ദപ്രദായിനി” വായനശാലയിൽ പീതാംബരന്‍ എന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. (പില്‍ക്കാലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിത്തീര്‍ന്ന അദ്ദേഹം ശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങള്‍ രചിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തു). ഞങ്ങള്‍ പെട്ടെന്നു സുഹൃത്തുക്കളായി. മിക്കവാറും എല്ലാ മലയാളപുസ്തകങ്ങളും അവിടെ ലഭ്യമായിരുന്നു. എന്‍റെ 21 ആം വയസ്സില്‍ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’, (ഇടപ്പള്ളി കരുണാകരമേനോന്‍റെ തര്‍ജ്ജമ) കമ്പോട് കമ്പ് വായിച്ച് കഴിഞ്ഞാണ് ഞാന്‍ തിരുവനന്തപുരത്തേയ്ക്ക് വണ്ടി കയറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook