പൊതു വിഭാഗത്തില്‍ ഇത് വരെ നല്കിയ 7000 പാസുകള്‍ക്ക് പുറമേ ആയിരം പാസുകള്‍ കൂടി നല്‍കാനുള്ള നടപടിയുടെ ഭാഗമായി ഇന്ന് ഐ എഫ് എഫ് കെ യുടെ രജിസ്ട്രേഷന് വീണ്ടും ആരംഭിച്ചു. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ആയി ആരംഭിച്ച രജിസ്ട്രേഷന് ഇരുപതു മിനിട്ടുകള്‍ക്കകം തന്നെ അവസാനിച്ചു. ആയിരം പാസുകള്‍ക്കായി ഏതാണ്ട് പതിനയ്യായിരം പേര് ആണ് രജിസ്ട്രേഷന് ശ്രമിച്ചത്.
പൊതു വിഭാഗത്തിനായുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് ഇന്നത്തോട് കൂടി അവസാനിച്ചതായി കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
നേരത്തെ പ്രൊഫൈല്‍ ഉണ്ടാക്കി 11 മണിക്ക് മുന്‍പേ ലോഗിന്‍ ചെയ്തിരുന്നവരാണ് പലരും. എങ്കിലും ആ സമയത്തെ തിക്കും തിരക്കും കാരണം സൈറ്റിന്റെ സ്പീഡ് കുറയുകയും പലര്‍ക്കും രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരികയും ചെയ്തു.
‘എന്റെ ഒരു സുഹൃത്തിന് വേണ്ടിയാണ് ഞാന്‍ ശ്രമിച്ചത്’, ജസ്ബീര്‍ നൌഷാദ് പറയുന്നു. ‘രജിസ്ട്രേഷന് കഴിഞ്ഞു പേമെന്റ് ഗേറ്റ് വേയില്‍ എത്തി രണ്ടാമത്തെ ഓപ്ഷന് തിരഞ്ഞെടുത്തു. കുറെ നേരം അവിടെ കാത്തിരുന്നു. പിന്നീടാണ് അറിഞ്ഞത്, രണ്ടാമത്തേത് സ്ലോ ആണെന്നും ആദ്യത്തേതാണ് ഇന്ന് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചത് എന്നും. അത് തിരിച്ചറിഞ്ഞപ്പോഴേക്കും ഇന്നത്തെ രജിസ്ട്രേഷന് അവസാനിച്ചിരുന്നു.’
കഴിഞ്ഞ നാലുവര്‍ഷമായി സ്ഥിരമായി രാജ്യാന്തര ചലച്ചിത്രമേളയില്‍ കാഴ്ചക്കാരനായെത്തുന്ന ആളാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് പ്രിന്‍സ് പുന്നമൂട്ടില്‍. ആദ്യത്തെ രജിസ്ട്രേഷനില്‍ പാസ് കിട്ടാതെ വന്നപ്പോള്‍ അല്‍പ്പം പരിഭ്രമിച്ചിങ്കിലും അവസാനത്തെ 1000 പേരില്‍ വരാന്‍ കഴിഞ്ഞത് ആശ്വാസമായെന്ന് അദ്ദേഹം പറയുന്നു.
രജിസ്ടര്‍ ചെയ്തവര്‍ക്കുള്ള ഡെലിഗേറ്റ് പാസ് വിതരണം നാളെ മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ ആരംഭിക്കും. രജിസ്ടര്‍ ചെയ്ത നമ്പരും ഒപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ് എന്ന് ചലച്ചിത്ര അക്കാദമി പത്രക്കുറിപ്പില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസുകള്‍ വ്യാഴാഴ്ച മുതലാണ് വിതരണം ചെയ്യുന്നത്.
ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉത്ഘാടനവും നാളെ നടക്കും. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതിക സഹായത്തിനും പ്രത്യേക കൌണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 14 കൌണ്ടറുകളാണ് ഉള്ളത്. പാസ് വാങ്ങാനായി ഡെലിഗേറ്റുകള്‍ക്ക് ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് കൂടുതല്‍ കൌണ്ടറുകള്‍ സജ്ജീകരിക്കുന്നത്. അംഗപരിമിതിയുള്ളവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൌണ്ടറുകള്‍ രാവിലെ 11 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കും. ഇത്തവണ 11000 പാസുകളാണ് വിതരണം ചെയ്യുക.