scorecardresearch
Latest News

കേരള രാജ്യാന്തര ചലച്ചിത്ര മേള: ഡെലിഗേറ്റ് പാസ് വിതരണം നാളെ മുതല്‍

സുരക്ഷാ കാരണങ്ങളാലും തീയറ്ററുകൾ മുന്നോട്ട് വച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ തീയറ്ററുകളിൽ പ്രവേശനം അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍

കേരള രാജ്യാന്തര ചലച്ചിത്ര മേള: ഡെലിഗേറ്റ് പാസ് വിതരണം നാളെ മുതല്‍

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള പാസ് വിതരണം ഡിസംബര്‍ 4 തിങ്കളാഴ്ച ആരംഭിക്കും. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ രാവിലെ 11 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നടന്‍ കുഞ്ചാക്കോ ബോബന് ആദ്യ പാസ്‌ നല്‍കും. സിനിമാ നാടക കലാകാരന്‍ അലന്‍സിയര്‍ മുഖ്യാഥിതിയാകും. ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്ലില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായെത്തി പാസ്‌ കൈപ്പറ്റാം. തിരിച്ചറിയല്‍ രേഖകളില്ലാതെ എത്തുന്നവര്‍ക്ക് പാസ്‌ നല്‍കുന്നതല്ല എന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വായിക്കാം: 1000 പുതിയ പാസുകളും ഡെലിഗേറ്റ് സെല്‍ ഉത്ഘാടനവും നാളെ ഇല്ല

കഴിഞ്ഞ ചലച്ചിത്ര മേളയെ അപേക്ഷിച്ച് ഇത്തവണ പ്രവേശനത്തിൽ നിയന്ത്രണമുണ്ടായി എന്ന വിമർശനം സ്വാഭാവികമായും വരാൻ സാധ്യതയുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറയുന്നു.

‘കഴിഞ്ഞ പ്രാവശ്യം 12 തീയറ്ററുകളിലാണ് പ്രദർശനം സംഘടിപ്പിച്ചതെങ്കിൽ ഈ പ്രാവശ്യം 15 തീയറ്ററുകളിൽ നമ്മൾ പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. എന്നാലും 8048 സീറ്റുകളാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.

സുരക്ഷാ കാരണങ്ങളാലും തീയറ്ററുകൾ മുന്നോട്ട് വച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ തീയറ്ററുകളിൽ പ്രവേശനം അനുവദിക്കാൻ സാധിക്കുകയുള്ളൂ. ഫയർ ആൻഡ് റെസ്ക്യൂ പോലീസ് വകുപ്പിൽ നിന്ന് ശക്തമായിട്ടുള്ള ചില നിയന്ത്രണങ്ങളും മുന്നറിയിപ്പും ഇതുമായി ബന്ധപ്പെട്ട് നൽകിയിട്ടുണ്ട്. തറയിൽ ഇരുന്നോ നിന്നോ കാണാൻ അനുവദിക്കുന്നതല്ല.

‘എന്തെങ്കിലുമൊരു പ്രശ്നം സംഭവിച്ചു പോയാൽ അതൊരു ദുരന്തത്തിലേക്കാണ് കലാശിക്കുക. അതുകൊണ്ട് പരമാവധി എല്ലാ പ്രേക്ഷകരും സഹകരിക്കണം. പരമാവധി 10000 പാസുകൾ മാത്രമേ നമ്മൾ വിതരണം ചെയ്തിട്ടുള്ളൂ. പൊതു വിഭാഗത്തിൽ 7000, വിദ്യാർത്ഥികൾക്കും സിനിമ ടിവി പ്രഫഷണലുകൾക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റികൾക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിട്ടുള്ളത്’.

തീയറ്ററുകളിൽ പതിവു പോലെ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും. 60 % സീറ്റുകൾ റിസർവ് ചെയ്യാം. അംഗപരിമിതിയുള്ളവരേയും 70 വയസ്സ് തികഞ്ഞവരേയും ക്യൂവിൽ നിർത്താതെ പ്രവേശനം നൽകും. ഡിസംബർ 4ന് ടാഗോർ തീയറ്ററിൽ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും പ്രവർത്തനം ആരംഭിക്കും.

 

‘കഴിഞ്ഞ പ്രാവശ്യം വളരെ ഫലപ്രദമായി ജനങ്ങളുടെ നല്ല സഹകരണത്തോട് കൂടി സംഘടിപ്പിച്ചു. ചില ന്യൂനതകൾ ശ്രദ്ധയിൽപെട്ട സമയത്ത് തന്നെ പരിഹരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. സംഘാടക മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു.’

ഇന്ത്യാ രാജ്യത്തിന് അകത്തും പുറത്തും അറിയപ്പെടുന്ന ഈ മേള, ‘ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള’ യുമായി എല്ലാ തലത്തിലും സഹകരിക്കുകയും വിജയിപ്പികയും ചെയ്യണം എന്നും മന്ത്രി പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Kerala film festival delegate cell inauguaration minister a k balan kunchako boban iffk