രാജ്യാന്തര ചലച്ചിത്ര മേളയോട് വര്‍ഷങ്ങളായി പറയുന്ന കാര്യങ്ങളൊക്കെയേ തിരക്കഥാകൃത്തും വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗവുമായ ദീദി ദാമോദരന് പറയുവാനുള്ളൂ. ദീദിക്ക് മറ്റു ചിലത് പറയാനുണ്ട്, അത് പക്ഷെ മേളയോടല്ല, മേളയ്‌ക്കെത്തിയ ഡെലിഗേറ്റുകളോടാണ്.

‘ഒരുപാട് ചലച്ചിത്രമേളകളില്‍ പങ്കെടുക്കാറുള്ള ആളാണ് ഞാന്‍. ആ മേളകളില്‍ നിന്നൊക്കെ നമ്മുടെ രാജ്യാന്തര ചലച്ചിത്രമേള ഉള്‍ക്കൊള്ളേണ്ട കുറേ കാര്യങ്ങളുണ്ട് എന്ന് തോന്നിയിട്ടുമുണ്ട്. ഇതൊക്കെ വര്‍ഷങ്ങളായി പറയുന്ന കാര്യങ്ങളാണ്. പക്ഷെ ഇത്തവണ എനിക്ക് പറയാനുള്ളത് മേളയ്‌ക്കെത്തുന്ന ഡെലിഗേറ്റുകളോടാണ്.’

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ദീദി അവിടുത്തെ കാണികളും ഇവിടുത്തെ കാണികളും തമ്മിലുള്ള വ്യത്യാസം ചൂണ്ടികാട്ടി.

മലയാളികളായ ഡെലിഗേറ്റുകള്‍ക്ക് മര്യാദയില്ല എന്നു ഞാന്‍ ഒരിക്കലും പറയില്ല. ഗോവയിലെ ചലച്ചിത്രോത്സവത്തിന് പോയപ്പോള്‍ കണ്ടതാണ് ഞാന്‍. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററിനകത്തു കയറിയാല്‍ എല്ലാവര്‍ക്കും നല്ല അച്ചടക്കമുണ്ട്. തീര്‍ത്തും അക്കാഡമിക് ആകും എല്ലാവരും. തിയേറ്ററിനു പുറത്താണ് അവര്‍ക്ക് കാര്‍ണിവല്‍.

പക്ഷെ ഇവിടെ അങ്ങനെയല്ല. സിനിമ നടക്കുമ്പോളും, ചര്‍ച്ചകളുടെ സമയത്തും കൂവി വിളിക്കുന്ന ആള്‍ക്കൂട്ടത്തെയാണ് തിയേറ്ററുകളില്‍ കാണുന്നത്. തിയേറ്ററിനകത്തും പുറത്തും ഒരുപോലെയാണവര്‍ പെരുമാറുന്നത്. അത് ഒട്ടും നല്ലൊരു പ്രവണതയല്ല. ഇങ്ങനെ കൂവി വിളിക്കാനാണെങ്കില്‍ എന്തിനാണ് സിനിമ കാണാന്‍ കയറുന്നത്. സിനിമ കാണാനും ആസ്വദിക്കാനുമെത്തുന്ന ഒരു കൂട്ടം ആളുകളും ഉണ്ടല്ലോ. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്. പ്രായമായവരും സ്ത്രീകളും കുട്ടികളും ഒക്കെ എത്തുന്നുണ്ട് മേളയ്ക്ക്. അവര്‍ക്കൊക്കെ സമാധാനത്തോടെ കംഫര്‍ട്ടബിള്‍ ആയി ഇരുന്ന് സിനിമ കാണാന്‍ സാധിക്കണം. അത് ഈ കൂവി വിളിക്കുന്നവര്‍ മനസ്സിലാക്കണം.’

‘സ്ത്രീകളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്താനും അവരുടെ സുരക്ഷ ഉറപ്പുവരുത്താനും പ്രത്യേകം സെല്ലുണ്ട് ഇവിടെ. ഡബ്ല്യൂസിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്,’ ദീദി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ