scorecardresearch
Latest News

വലിയ അവകാശവാദങ്ങളില്ലാതെ ‘അവൾക്കൊപ്പം’ നിന്നവരെ ഓര്‍ക്കാന്‍: ഡോ മീനാ ടി പിള്ള

‘അവള്‍ക്കൊപ്പം’ എന്തിന്‌, എങ്ങനെ എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഈ പാക്കേജ് വിഭാവനം ചെയ്ത ഡോ. മീന ടി പിള്ള

വലിയ അവകാശവാദങ്ങളില്ലാതെ ‘അവൾക്കൊപ്പം’ നിന്നവരെ ഓര്‍ക്കാന്‍: ഡോ മീനാ ടി പിള്ള

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിന്‍റെ കാലികവും പ്രസക്തവുമായ ചുവടുവയ്പ്പാണ് ‘അവള്‍ക്കൊപ്പം’ എന്ന് പേരിട്ടിരിക്കുന്ന സ്ത്രീ പക്ഷ മലയാള സിനിമകളുടെ വിഭാഗം. ‘അവള്‍ക്കൊപ്പം’ എന്തിന്‌, എങ്ങനെ എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഈ പാക്കേജ് വിഭാവനം ചെയ്ത ഡോ. മീന ടി പിള്ള. കേരള സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറായ മീന, ‘Women in Malayalam Cinema: Naturalising Gender Hierarchies’ എന്ന പുസ്തകവും അനേകം സിനിമാ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

‘മുതലാളിത്ത സ്വഭാവമുള്ള പുരുഷ നിയന്ത്രതമായ സമൂഹത്തിലെ സ്ത്രീവിരുദ്ധതയുടെ ഊന്നി പറയലാണ് കേരളത്തിലെ ഒട്ടു മിക്ക സിനിമകളും. സാധാരണ സ്ത്രീകൾ അനുഭവിക്കുന്ന ജീവിതത്തെ, യാഥാർത്ഥ്യത്തെ, ചെറിയ അളവില്‍ പോലും പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കാത്ത, സാധിക്കാത്ത, സിനിമകളാണ് മിക്കതും. എന്നിരുന്നാലും 90 വർഷത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും വ്യതസ്ത സ്ത്രീ ഭാവങ്ങളെകുറിച്ചും അവരുടെ സാമൂഹിക വ്യവഹാരങ്ങളെക്കുറിച്ചും അടിച്ചമർത്തലുകൾക്കെതിരെയുള്ള അവരുടെ പോരാട്ടങ്ങളെക്കുറിച്ചുമെല്ലാം സിനിമകള്‍ (തുലോം കുറവെങ്കിലും) ഉണ്ടായിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ട് സിനിമയുടെ നൂറ്റാണ്ട് കൂടിയാണ്, ചരിത്രത്തിലും മലയാളത്തിലും. സ്ത്രീ വിരുദ്ധത കലർത്താതെ അവൾക്കൊപ്പം നിന്ന ഒരു പറ്റം സംവിധായകരുണ്ടായിരുന്നു മലയാള സിനിമയ്ക്ക് സ്ത്രീ പക്ഷ ഭാഷ്യം നല്‍കാന്‍, അവരുടെ ജീവിതങ്ങളെ വരച്ചു കാട്ടാന്‍, കൂടെ നില്‍ക്കാന്‍. അങ്ങനെയൊരു നിലപാട് ഇന്നത്തെ കേരളത്തില്‍ വളരെ പ്രസക്തിയുള്ള ഒരു കാര്യമാണ് എന്ന് തോന്നുന്നു. പരസ്യമായി അവൾക്കൊപ്പം നിൽക്കാൻ മടിക്കുന്നവരെയാണ് നമ്മളിന്നു അധികവും കാണുന്നത്. അങ്ങനെയുള്ളപ്പോൾ സ്ത്രീ പക്ഷത്ത് നിലയുറപ്പിച്ച, തങ്ങളുടെ കല കൊണ്ട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച സിനിമകളെ, സംവിധായകരെ നമ്മള്‍ ഓര്‍ത്തേ പറ്റൂ. അങ്ങനെയുള്ള ഒരു ചരിത്രത്തിന്‍റെ വീണ്ടെടുപ്പ് കേരളത്തിന്‌ ഇപ്പോള്‍ ആവശ്യമാണ്‌.

ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത സിനിമകളുടെ കഥാകൃത്തുക്കൾ പുരുഷന്മാരാണ്. ‘ഫെമിനിസ്റ്റ്’ എന്ന് ചട്ടക്കൂടിനുള്ളിൽ പെടുത്താന്‍ പറ്റാത്തവരാണ്. പക്ഷേ സ്ത്രീയെ സ്ഥിരസങ്കല്പങ്ങളിൽ ഒതുക്കി നിർത്താൻ പണിപ്പെടുന്ന മുഖ്യധാരാ സിനിമാഭാഷ്യത്തിന് വിള്ളലേല്‍പ്പിച്ച, സ്ത്രീയെ പുതിയ വാതായനങ്ങളിലേക്ക് തുറന്നു വിട്ട അവരുടെ പരിശ്രമങ്ങള്‍ മലയാള സിനിമയുടെ സ്ത്രീ ചരിത്രത്തിന്‍റെ ആമുഖമായി നിലകൊള്ളുന്നവയാണ്.

പി ഭാസ്കരന്‍റെ ‘കള്ളിച്ചെല്ലമ്മ’, പി എൻ മേനോന്‍റെ ‘കുട്ട്യേടത്തി’, ഐ വി ശശിയുടെ ‘അവളുടെ രാവുകൾ’,കെ ജി ജോർജിന്‍റെ ‘ആദാമിന്‍റെ വാരിയെല്ല്;, പി പത്മരാജന്‍റെ ‘ദേശാടനക്കിളികൾ കരയാറില്ല’, ടി വി ചന്ദ്രന്‍റെ ‘ആലീസിന്‍റെ അന്വേഷണം’, ഹരിഹരന്‍റെ ‘പരിണയം’ എന്നീ ചിത്രങ്ങളാണ് ‘അവള്‍ക്കൊപ്പം’ എന്ന വിഭാഗത്തില്‍ ഉള്ളത്. കെ പി കുമാരന്‍റെ ‘രുഗ്മിണി’ ഈ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ റെട്രോസ്പെക്റ്റീവ് വിഭാഗം ഉള്ളതിനാല്‍ അവിടേക്ക് മാറ്റി.

 

സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും അവർ അനുഭവിക്കുന്ന അടിച്ചമർത്തലുകളെക്കുറിച്ചും സംസാരിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കിയ സംവിധായകരാണ് ഇവരെല്ലാം തന്നെ. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തോടുള്ള അവരുടെ താല്പര്യം ഈ ചിത്രങ്ങളിൽ വ്യക്തമാണ്. ഈ സിനിമകളില്‍ ചൂണ്ടി കാണിക്കാന്‍ പാളിച്ചകളുണ്ട്, ചിലതിന്‍റെ അവതരണത്തില്‍ നമുക്ക് ചിലപ്പോള്‍ വിയോജിപ്പുകളും ഉണ്ടായേക്കാം. എന്നാലും സമ്പ്രദായങ്ങൾക്കെതിരെ സംസാരിച്ചിരുന്ന, സ്വതന്ത്രവും ധീരയുമായ കഥാപാത്രങ്ങളാണ് ഈ ചിത്രങ്ങളിലെല്ലാം ഉള്ളത്. വ്യവസ്ഥാപിതമായ നിയമങ്ങളിൽ നിന്നും വ്യതിചലിച്ചു നടന്നിരുന്ന സ്ത്രീകളാണ് ‘കള്ളിച്ചെല്ലമ്മ’ യിലെ ചെല്ലമ്മയും, അവളുടെ രാവുകളിലെ ‘രാജി’ യും. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഒരു പക്ഷെ ആദ്യമായി, ഒരു ലൈംഗീക തൊഴിലാളിയുടെ കഥ പറയാൻ ധൈര്യപ്പെട്ട സിനിമയാണ് ‘അവളുടെ രാവുകൾ’. സ്വന്തം ശരീരമൊരു ആയുധമായി കരുതിയാണ് രാജി ജീവിതത്തോട് പ്രതികരിക്കുന്നത്. ലൈംഗീക തൊഴിലാളിനും അന്തസ്സുണ്ട് എന്ന് മലയാളിയോട് ആദ്യമായി പറഞ്ഞവളാണ്.

സ്ത്രീത്വഭാവം കൈ വിടാതെ തന്നെ പെരുമാറുന്ന ഒരു സ്ത്രീയാണ് ‘കുട്ട്യേടത്തി’ യിലെ കുട്ടി. നിറമില്ലാത്ത, പല്ലുന്തിയ, സുന്ദരിയല്ലാത്ത ഒരു നായികയെ നമുക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ട്. ഇങ്ങനെയുള്ള സ്ത്രീകളും ഇവിടെയുണ്ട്, അവരുടെ കഥയും പറയണം എന്ന് ഓർമിപ്പിച്ച ഒരു ചിത്രമാണത്. ‘ആദാമിന്‍റെ വാരിയെല്ല്’ മലയാളത്തിലെ ആദ്യത്തെ സ്ത്രീ വിമോചന ചിത്രമെന്ന് കരുതാവുന്ന ഒന്നാണ്. ഭാവിയിൽ വരാൻ പോകുന്ന സ്ത്രീ ശാക്തീകരണം മുൻകൂട്ടി കണ്ട ഒരു പ്രവചനാത്മക ചിത്രമെന്ന് പോലും പറയാം.

‘ദേശാടനക്കിളി കരയാറില്ല’, രണ്ടു സ്ത്രീകൾ തമ്മിലുള്ള ആഴത്തിലുള്ള ആത്മ ബന്ധത്തിന്‍റെ കഥ പറയുന്നു. സ്വവർഗ്ഗാനുരാഗത്തിന്‍റെ സാദ്ധ്യതകൾ നമുക്ക് മുന്നിൽ തുറന്നു പിടിച്ച ഒരു ചിത്രം. ‘ആലീസിന്‍റെ അന്വേഷണം’ ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തമായ ഒരു കഥയാണ്. ഒരു സ്ത്രീയ്ക്ക് അവൾക്ക് ആവശ്യമായ സുരക്ഷിതത്വം സ്വന്തം കുടുംബത്തിൽ നിന്നും കിട്ടുന്നുണ്ടോ എന്ന ചോദ്യമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ‘പരിണയം’, നമ്പൂതിരി സമൂഹത്തിൽ നിലനിന്നുരുന്ന സ്മാര്‍ത്തവിചാരം പോലുള്ള ആചാരങ്ങളും അവയിലൂടെ കടന്നു പോകാന്‍ വിധിക്കപ്പെട്ട സ്ത്രീ ജീവിതങ്ങളെയും നമുക്ക് കാണിച്ചു തന്നു.

 

‘രുഗ്മിണി’ ഒരു വേശ്യാലയത്തിന്‍റെ പശ്ചാത്തലത്തിലുള്ളതാണ്. ഇരയാക്കപെട്ടവര്‍ക്കും സാധാരണ ജീവിതമുണ്ട് എന്ന് കാണിച്ചു തന്ന ചിത്രം. ലൈംഗികഥ പ്രമേയമായിട്ടു കൂടി, സ്ത്രീ ശരീരത്തെയും സ്വകാര്യതയും ഇത്ര കണ്ടു മാനിച്ച ഒരു ചിത്രം വേറെ ഇല്ലെന്ന് തന്നെ പറയാം.

ഈ സിനിമകളുടെ ഒരു സൂക്ഷ്മ പരിശോധനയില്‍ ആധുനികതയുടെ അനിശ്ചിതത്വങ്ങളെ തുറന്നു സ്വീകരിക്കാൻ തയ്യാറുള്ള സ്ത്രീത്വത്തേയും, മുന്നോട്ടു പോകാന്‍ സാധിക്കാതെ പ്രതിസന്ധിയിൽ അകപ്പെട്ട പുരുഷത്വത്തേയും കാണാം. ആചാരങ്ങളും പാരമ്പര്യവും കാത്തു സൂക്ഷിക്കപ്പെടേണ്ടവരായി കരുതിയ സ്ത്രീ രൂപങ്ങളെ തച്ചുടയ്ക്കുന്ന പ്രവണതകളും ഇവയിലുണ്ട്.

സ്ത്രീ സംവിധായകരുടെ അഭാവത്തിൽ, സ്ത്രീപക്ഷ സിനിമകൾക്കായുള്ള ആഗ്രഹങ്ങൾ പോലും പ്രകടിപ്പിക്കാൻ കഴിയാതിരുന്ന കാലത്ത് ചില പുരുഷ സ്വരങ്ങൾ വ്യത്യസ്തമായ നിലപാടുകൾ അവതരിപ്പിക്കാൻ മുതിർന്നിരുന്നു എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. കാലത്തിന്‍റെ ചട്ടക്കൂടുകൾ തച്ചുടയ്ക്കാൻ പ്രാപ്തിയുള്ള നായികാ കഥാപാത്രങ്ങളെ അവര്‍ മലയാളം സിനിമയ്ക്ക് നൽകി. കാലത്തിനൊത്ത ധൈര്യവും കാലാതീതമായ ഉള്‍ക്കാഴ്ചയും , കലയോടും ജീവിതത്തോടുമുള്ള പ്രതിബദ്ധതയും ഈ സംവിധായകരെയും അവരുടെ ചിത്രങ്ങളെയും വേറിട്ട്‌ നിര്ത്തുന്നു. അവൾക്കൊപ്പം നിലകൊള്ളാൻ കാണിച്ച ധൈര്യത്തിനോടുള്ള ആദരമായാണ് ഈ പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നത്.’

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Kerala film festival curator meena t pillai talks about women film package with her iffk2017