scorecardresearch

സി പി എം ബംഗാളില്‍ ചെയ്ത പാതകത്തിന് കേരളത്തിന്‍റെ പാപപരിഹാരം: സകുറോവ് ആദ്യമായി ഇന്ത്യയില്‍

അലക്സാണ്ടർ സകുറോവിന് മാത്രമല്ല, ക്രിസ്തോഫ് സനൂസി, മാർത്താ മെസാറസ് തുടങ്ങി കമ്മ്യൂണിസ്റ്റ്‌ വിമര്‍ശകരായ ചലച്ചിത്ര പ്രതിഭകളെ വരവേറ്റ സംസ്ഥാനവും ചലച്ചിത്രമേളയും, രാഷ്ട്രീയത്തിന്‍റെ അതിർവരമ്പില്ലാത്ത മറ്റൊരു അംഗീകാരം കൂടി നല്‍കി തങ്ങളുടെ സിനിമാ സ്നേഹത്തിനു അടിവരയിടുന്നു

അലക്സാണ്ടർ സകുറോവിന് മാത്രമല്ല, ക്രിസ്തോഫ് സനൂസി, മാർത്താ മെസാറസ് തുടങ്ങി കമ്മ്യൂണിസ്റ്റ്‌ വിമര്‍ശകരായ ചലച്ചിത്ര പ്രതിഭകളെ വരവേറ്റ സംസ്ഥാനവും ചലച്ചിത്രമേളയും, രാഷ്ട്രീയത്തിന്‍റെ അതിർവരമ്പില്ലാത്ത മറ്റൊരു അംഗീകാരം കൂടി നല്‍കി തങ്ങളുടെ സിനിമാ സ്നേഹത്തിനു അടിവരയിടുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Taurus Sokurov

ബംഗാളില്‍ സി പി എമ്മിന്‍റെ എതിർപ്പിന് വിധേയനായ അലക്സാണ്ടർ സകുറോവിനെ ആദരിച്ച് പാപപരിഹാരം കാണാൻ കേരളത്തിലെ സി പി എം സർക്കാർ. പതിനാറ് വർഷം മുമ്പ് കൊൽക്കത്തയിലെ ഫിലിം ഫെസ്റ്റിവലിലാണ് സി പി എമ്മിന്‍റെ എതിർപ്പ് സകുറോവിന് നേരിടേണ്ടി വന്നത്.  ഇത് വരെ ഇന്ത്യ കണ്ടിട്ടില്ലാതിരുന്ന സകുറോവിന്‍റെ ഇന്ത്യയിലേയ്ക്കുളള ആദ്യ വരവ് സി പി എം ഭരിക്കുന്ന സംസ്ഥാനത്ത് നിന്നുമുള്ളള 'ലൈഫ് ടൈം അച്ചീവ്‌മെന്റ്' അവാർഡ് സ്വീകരിക്കാനാണെന്നുളളത് ചരിത്രത്തിന്‍റെ മധുരമായി മാറുന്നു.

Advertisment

2001ൽ ഏറെ പ്രകീർത്തിക്കപ്പെട്ട അലക്സാണ്ടർ സകുറോവിന്‍റെ 'ടോറസ്' എന്ന ചലച്ചിത്രമാണ് കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ സി പി എമ്മിന്‍റെ എതിർപ്പിന് കാരണമായത്. ബുദ്ധദേബ് ഭട്ടചാര്യ മുഖ്യമന്ത്രിയായിരിക്കെയാണ് ഈ സിനിമ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.

ലെനിന്‍റെ അവസാനകാലത്തെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രം ചരിത്രവിരുദ്ധമാണെന്നാരോപിച്ചായിരുന്നു ബിമൻ ബസുവും മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായിരുന്ന ജ്യോതിബസുവും ഈ​ ചിത്രത്തിനെതിരെ ആഞ്ഞടിച്ചതെന്ന് അക്കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സിനിമയുടെ ആദ്യ പ്രദർശനത്തിന് ശേഷമാണ് സി പി എമ്മിലെ ഒരു വിഭാഗം ഈ ചിത്രത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചത്. സി പി എമ്മുകാരും അനുഭാവികളും ഉൾപ്പടെയുളളവരാണ് ​ഈ ചിത്രം പ്രദർശനത്തിനായി തിരഞ്ഞെടുത്തത് എന്നതായിരുന്നു മറ്റൊരു വിരോധാഭാസം. ഈ വിവാദത്തെ കുറിച്ചുളള ചോദ്യത്തിന് 'ഇന്ത്യയെന്ന രാജ്യത്ത് താൻ ഇത് വരെ പോയിട്ടില്ലെന്നും ഇതേ കുറിച്ച് ഒന്നും അറിയില്ല' എന്നുമായിരുന്നു അന്ന് സകുറോവ് വിദേശ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

Advertisment

alexander Sokurov കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ 'ഇന്‍ കോണ്‍വര്‍സെഷനി'ല്‍ പങ്കെടുക്കുന്ന സകുറോവ്

മലയാളിയെ സംബന്ധിച്ച് ലെനിന്‍റെ സ്വകാര്യ ജീവിതം പറയുന്ന ചിത്രത്തിലൂടെയല്ല സകുറോവ് അടയാളപ്പെടുന്നത്. 'മദർ​​ ആൻഡ് സൺ', 'ദി റഷ്യന്‍ ആർക്ക്' എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ അദ്ദേഹം ചേക്കേറിയത്. അതുകൊണ്ട് തന്നെ ലെനിന്‍റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിറഞ്ഞ ചിത്രം കേരളത്തിലെ സിനിമാപ്രേമികളെ ബാധിച്ചതേയില്ല. 2001 ലെ ഈ വിവാദത്തിന് ശേഷവും അലക്സാണ്ടർ സകുറോവിന്‍റെ ചിത്രങ്ങൾ കേരളത്തിലെ ചലച്ചിത്രമേളകളിൽ പ്രദർശനത്തിന് വന്നിരുന്നു.

പതിനാറ് വർഷത്തിന് ശേഷം റഷ്യയിൽ നിന്നും സകുറോവ് സി പി എം ഭരിക്കുന്ന കേരളത്തിലെത്തുമ്പോള്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ കഥയും വളരെയേറെ മാറിക്കഴിഞ്ഞു. അന്ന് സകുറോവിനെതിരെ പടയൊരുക്കം നടത്തിയ പാർട്ടി ഇന്ന്​ ആ സംസ്ഥാനത്തിന്‍റെ അധികാര ഭൂപടത്തിൽ നിന്നും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥയിലായി. അതേ പാർട്ടിയുടെ മറ്റൊരു സംസ്ഥാന ഘടകം ഭരിക്കുന്ന കേരളമാകെട്ടെ, അദ്ദേഹത്തിനു 'ലൈഫ് ടൈം അച്ചീവ്‌മെന്റ്' അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞു.

അലക്സാണ്ടർ സകുറോവിന് മാത്രമല്ല, ക്രിസ്തോഫ് സനൂസി, മാർത്താ മെസാറസ് തുടങ്ങി കമ്മ്യൂണിസ്റ്റ്‌ വിമര്‍ശകരായ ചലച്ചിത്ര പ്രതിഭകളെ വരവേറ്റ സംസ്ഥാനവും ചലച്ചിത്രമേളയും, രാഷ്ട്രീയത്തിന്‍റെ അതിർവരമ്പില്ലാത്ത മറ്റൊരു അംഗീകാരം കൂടി നല്‍കി തങ്ങളുടെ സിനിമാ സ്നേഹത്തിനു അടിവരയിടുന്നു.

Cpm Film Festival Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: